കവി, ഗാനരചയിതാവ് കലാ നിരൂപകൻ എന്നീ നിലകളീൽ പ്രശസ്തനാണ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി.നാലോളം സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.ഗുരുവായൂരിലും ചൊവ്വല്ലൂർ മഹാദേവക്ഷേത്രത്തിലും കഴകക്കാരായ ചൊവ്വല്ലൂർ വാരിയത്താണ് ജനിച്ചത്.കേരളവർമ്മ കോളജിൽ പഠിച്ചു.1950-കളുടെ അവസാനം "നവജീവ"നിൽ തുടങ്ങിയ പത്രപ്രവർത്തന ജീവിതം 2004-ൽ കോഴിക്കോട് മലയാള മനോരമയിൽ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടർന്നു.ഇതിനിടയിൽ 2 വർഷം കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്നു.
ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കുംചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയെ മലയാളികൾക്ക്/സംഗീതാസ്വാദകർക്കു കൂടുതൽ പരിചയം. തരംഗിണിക്കുവേണ്ടി.ടീ.എസ്.രാധാകൃഷ്ണനുമൊത്ത് തയ്യാറാക്കിയ തുളസീതീർത്ഥം(1986)നാളിതു വരെ ഇറങ്ങിയ ഭക്തി ഗാന ആൽബങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ്. അതിലെ "ഒരു നേരമെങ്കിലും..", "അഷ്ടമിരോഹിണി .." അമ്പലപ്പുഴയിലെൻ.. തുടങ്ങിയ നിത്യ ഹരിത ഗാനങ്ങൾ ഏറ്റവും മനോഹരമാണ്.
യൂസഫലി കേച്ചേരി സംവിധാനം ചെയ്ത "മരം" എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്താണ് സിനിമാ പ്രവേശം.തുലാവർഷം (1975), എന്ന സിനിമയിലെ "സ്വപ്നാടനം ഞാൻ തുടരുന്നു" എന്ന സലീൽ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി...പക്ഷേ പലരും ഈ ഗാനത്തിന്റെ രചയിതാവ് വയലാർ ആണെന്നാണ് ഇപ്പോഴും കരുതുന്നത്.
സർഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.പ്രഭാതസന്ധ്യ ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി.കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ് സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.