Celebs » K Jayakumar » Biography
ജീവചരിത്രം
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് കെ. ജയകുമാര്‍. പ്രശസ്ത ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര്‍ 6ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1978ല്‍ ഐ.എ.എസ്. നേടി. അസിസ്റ്റന്റ് കലക്റ്ററായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മാര്‍ച്ച് 31ന് സംസ്ഥാനത്തെ  ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. അതിന് മുന്‍പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലന്‍സ്, ദേവസ്വം, അന്തര്‍ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തിച്ചുവന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍,സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ഒക്ടോബര്‍ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബര്‍ 1നു തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു.

കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളും പരിഭാഷപെടുത്തിയിട്ടുണ്ട്. വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തതും ഇദ്ധേഹമാണ്. 80 തില്‍ പരം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ഒരു ചിത്രകാരന്‍ കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.മീരയാണു ഭാര്യ. മക്കള്‍: ആനന്ദ്, അശ്വതി. ചലച്ചിത്ര സംവിധായകരായ കെ. ശ്രീക്കുട്ടനും കെ. ഹരികുമാറും അനുജന്മാരാണ്.