Celebs » Prithiviraj » Biography
ജീവചരിത്രം
ചലച്ചിത്രനടനാണ് പൃഥ്വിരാജ്. 1982 ഒക്ടോബര്‍ 16ന് ജനിച്ചു. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമെ  പിന്നണിഗായകനും സിനിമാ നിര്‍മ്മാതാവുമാണ് പൃഥ്വിരാജ്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക്  കടന്നുവരുന്നത്. 2009ല്‍ ഇറങ്ങിയ പുതിയമുഖം എന്ന ചിത്രത്തിലെ അഭിനയം പ്രൃത്വിയെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കി. 

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മില്‍ 2004ല്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയില്‍ തിലകന്‍, ലാലു അലക്‌സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമായിരുന്നു പൃഥ്വി.  താരത്തിന്റെ നിലപാട് അന്ന്  വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആക്കാലയളവില്‍ വിമതരെ അണിനിരത്തി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ നായകനും പൃഥ്വിയായിരുന്നു.

2006ല്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടുമ്പോള്‍ ആ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അര്‍ഹനായി. 2013 ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിലൂടെ ഈ അവാര്‍ഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.

2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു. പാരിജാതം (2005) ,മൊഴി (2007) , രാവണന്‍ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010ല്‍ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. 

2012ല്‍ അയ്യ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ച് ബോളിവുഡില്‍ അരങ്ങേറി.  റാണി മുഖര്‍ജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിന്‍ കുന്ദാള്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തില്‍ അര്‍ജുന്‍ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരുമായ് ചേര്‍ന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിര്‍മ്മാണ കമ്പനി നടത്തുന്നു.



 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam