Celebs » Rajinikanth » Biography
ജീവചരിത്രം
ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും,  ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് രജനികാന്ത്.യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. കര്‍ണ്ണാടകതമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠി കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്.റാണോജി റാവു കോണ്‍സ്റ്റബിള്‍  ആയിരുന്നു.തുടര്‍ന്ന്  കുടുംബം ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.

ഏറെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു  രജനികാന്തിന്റെ ബാല്യവും കൗമാരവും. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു വിദ്യാഭ്യാസം.അമ്മ മരിച്ചതിനാല്‍ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം അദ്ധേഹത്തെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി.വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച് രജനി സിനിമകള്‍ കാണുന്നത് പതിവുണ്ടായിരുന്നാക്കി.പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ ആഗ്രഹത്തിന് വിപരീതമായി  മദ്രാസിലേക്ക് പുറപ്പെട്ടു.എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. എന്നാല്‍  മദ്രാസില്‍ അലഞ്ഞെങ്കിലും അവസരങ്ങള്‍ ലഭിച്ചില്ല.കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തി.ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീര്‍ന്നപ്പോള്‍ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വന്നു.

എന്നാല്‍ ഒരു സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ രജനികാന്തിന്റെ സ്വഭാവം നന്നാക്കാം എന്ന ധാരണയില്‍ മൂത്ത സഹോദരന്‍ സത്യനാരായണ റാവു അദ്ധേഹത്തിന് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി.കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളില്‍ വന്നു.വെള്ളിത്തിരയില്‍ മുഖം കാണിക്കുക എന്ന മോഹം ഉള്ളില്‍ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാന്‍ സുഹൃത്തായ രാജ് ബഹാദൂര്‍ നിര്‍ബന്ധിച്ചു.1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുത്തതും രാജ് ബഹാദൂര്‍ ആയിരുന്നു. 

1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ സിനിമാരംഗത്ത് പ്രശസ്തനാക്കി. 

എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക്  ലഭിച്ചിരുന്നത്.1978ല്‍ ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന തമിഴ് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ രജനികാന്ത് അഭിനയിക്കാന്‍ തുടങ്ങി.  

1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. അക്കാലത്ത്  അദ്ധേഹം  അഭിനയം നിര്‍ത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ആ സമയത്ത്  പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍  വന്‍ ഹിറ്റായി.അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

പിന്നീട് രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. കെ. ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ മറ്റൊരു നാഴികക്കല്ലായി.അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജനിയുടെ അഭിനയജീവിതത്തിന് കരുത്തുപകര്‍ന്നത്.തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്.അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല.1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്‌റ്റോണിലും വേഷമിട്ടു.

1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി.ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയിലാണ് രജനി.2007ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.എങ്കിലും രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോളും വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി.

1995ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചു.രജനിയുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് 130 സീറ്റ്വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 1996ല്‍ കോണ്‍ഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജനി ഡി.എം.കെടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പില്‍ സൈക്കിള്‍ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പാര്‍ട്ടി പോസ്റ്ററുകളില്‍ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജനി പ്രഖ്യാപിച്ചു.1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജനി ഡി.എം.കെടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. 

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.ഐ.എ.ഡി.എം.കെബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു.2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കണ്ട് നദീബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു.2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനി ബി.ജെ.പിഎ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.2017 രജനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചു. അണ്ണാ ഡി എം കെ മന്ത്രിമാരായ വേലുമണി സെല്ലുര്‍ കെ രാജു എന്നിവര്‍ രജനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്യുകയുണ്ടായി. 

1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു.ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് മക്കള്‍.ആശ്രം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് ലത. യുവ നടന്‍ ധനുഷ് ആണ് മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.


 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more