Celebs » Vidya Balan » Biography
ജീവചരിത്രം
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് വിദ്യ ബാലന്‍. ഇ ടി സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി ആര്‍ ബാലന്റെയും സരസ്വതി ബാലന്റെയും മകളായി പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയില്‍ 1978 ജനുവരി 1ന് ജനനം. മുംബൈയിലെ സെന്റ് ആന്റണി ഗേള്‍സ് ഹൈസ്‌ക്കൂളിലായിരുന്നു പഠനം. ഷബാന ആസ്മി, മധുരി ദീക്ഷിത് എന്നിവരുടെ അഭിനയത്തില്‍ പ്രചോദിതയായി നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിദ്യ ആഗ്രഹിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയിജീവിതത്തിനു തുടക്കമിട്ടു. പരമ്പര വിജയമായയോടെ സീരിയല്‍ രംഗത്തുനിന്നും ഒരുപാട് അവസരങ്ങള്‍ വിദ്യയെ തേടിയെത്തി. എന്നാല്‍  വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് അഭിനയരംഗത്തേക്കു കടന്നാമതിയെന്ന് മാതാപിതാക്കള്‍ ആവശ്യപെട്ടതിനനുസരിച്ച് വിദ്യ മുംബൈയിലെ സെന്റ് സേവിയേര്‍സ് കോളേജില്‍ ചേര്‍ന്ന് സോഷ്യോളജിയില്‍ ബിരുദം നേടുകയും പിന്നീട് മുംബൈ സര്‍വ്വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്യ്തു. 2003ല്‍ പ്രദര്‍ശനത്തിനെത്തിയെ ഭലോ ദേക്കോ എന്ന ബംഗാളി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പരിണീത എന്ന സിനിമയാണ് ആദ്യത്തെ ഹിന്ദി ചിത്രം. സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹേ മുന്നാഭായി എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയമായി. ഗുരു, ഏകലവ്യ, ഹേ ബേബി, പാ, ദി ഡേര്‍ട്ടി പിക്ച്ചര്‍, കഹാനി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

കൂടെ ജോലി ചെയ്യുന്ന അഭിനേതാക്കളുമായി പ്രണയത്തിലാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുങ്കിലും ഓരോ തവണയും വിദ്യ അത് നിഷേധിച്ചിട്ടുണ്ട്. തന്റെ ശരീരഭാരത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടാണ് തന്റെ മുന്‍ ബന്ധം തകര്‍ന്നതെന്ന് 2009ല്‍ വിദ്യ പറഞ്ഞതു വിവാദമായിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപെട്ട വ്യക്തി തന്റെ കൂടെ നിന്നില്ലെങ്കില്‍ ആരും തകര്‍ന്നുപോകും. അങ്ങനെ ഒരു വ്യക്തി തുടര്‍ച്ചയായി എന്നില്‍ കുറ്റം കണ്ട് പിടിക്കാന്‍ തുടങ്ങി. ആ ബന്ധത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. ആ വ്യക്തി ആരെന്ന് വിദ്യ വെളിപ്പെടുത്തിയെങ്കിലും അത് വിദ്യയുടെ കൂടെ കിസ്മത് കണക്ഷന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന ഷാഹിദ് കപൂര്‍ ആണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷാഹിദ് ആരോപണങ്ങള്‍ നിഷേധിച്ചു. 2012ല്‍ ഒരു അഭിമുഖത്തിനിടെ താന്‍ യുടിവി മോഷന്‍ പിക്‌ച്ചേര്‍സ് എന്ന കമ്പനിയുടെ സി ഇ ഒ ആയ സിദ്ധാര്‍ത്ഥ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപെടുത്തി. 2012 ഡിസംബര്‍ 14ന് ഇരുവരും വിവാഹിതരായി

സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് വദ്യ. 2011 മാര്‍ച്ചില്‍ വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് സംഘടിപ്പിച്ച എര്‍ത്ത് അവര്‍ എന്ന പരിപാടിക്ക് വിദ്യ പ്രചാരണം നല്‍കിയിരുന്നു. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഇന്‍ നീഡ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയ്ക്കു വേണ്ടി വിദ്യ ഒരിക്കല്‍  പ്രചാരണം നടത്തുകയുണ്ടായി. 2012ല്‍ ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീശക്തിയും കുട്ടികളുടെ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനും പ്രചാരണം നടത്തി. സ്ത്രീ ശക്തിയുടെ ഉന്നമനത്തിനുവേണ്ടി നടത്തുന്ന സ്ംഭവനകള്‍ കണക്കിലെടുത്ത് 2012ല്‍ കൊല്‍ക്കത്ത ചേമ്പര്‍ ഓഫ് കൊമേര്‍സ് നല്‍കുന്ന പ്രഭ കൈതാന്‍ പുരസ്‌കാര്‍ വിദ്യയ്ക്ക് ലഭിച്ചു. ഈ പുരസ്‌ക്കാരം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് വിദ്യ. ഇന്ത്യയിലെ പൊതുശൗച്യം വര്‍ദ്ധിപ്പിക്കാനായി ഭാരതസര്‍ക്കാര്‍ നടത്തുന്ന പരിപാടികളുടെ പ്രചാരകകൂടിയാണ് വിദ്യ.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam