For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യർ ഒറ്റപ്പെട്ടു പോയപ്പോൾ പലരും പുച്ഛിച്ചു തള്ളി, ചങ്കൂറ്റത്തോടെ ജീവിച്ച് കാണിച്ചു, കുറിപ്പ് വൈറല്‍

  |

  ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാം ആയിരുന്ന മഞ്ജു വാര്യര്‍ പെട്ടെന്നാണ് സിനിമ നിര്‍ത്തി പോയത്. ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച നടി പതിനഞ്ച് വര്‍ഷങ്ങള്‍ ശേഷമാണ് തിരിച്ച് വരുന്നത്. അമ്മ കഥാപത്രമോ, സഹോദരിയുടെ വേഷമൊക്കെയാണ് തിരിച്ച് വരുന്ന നടിമാര്‍ക്ക് കിട്ടാറുള്ളത്. അവിടെയും മഞ്ജു തിളങ്ങിയത് നായിക വേഷത്തിലാണ്.

  പ്രിയപ്പെട്ട പട്ടിക്കുട്ടിയ്ക്കൊപ്പം നടക്കാനിറങ്ങി ബോളിവുഡ് സുന്ദരി, മലൈക അറോറയുടെ പുത്തൻ ഫോട്ടോസ് കാണാം

  മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കൂടി സ്വന്തമാക്കി തന്റെ വിജയഗാഥ തുടരുകയാണ്. രണ്ടാം വരവില്‍ മഞ്ജു അഭിനയിച്ച ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. പിന്നാലെ മഞ്ജുവിനെ കുറിച്ച് വലിയൊരു എഴുത്തുമായി എത്തിയിരിക്കുകയാണ് വൈശാഖ് കെ എം എന്നൊരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  പ്രചോദനത്തിന്റെ സെക്കന്റ് ഇന്നിങ്‌സിന് ഏഴ് വയസ്സ്. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോള്‍ വിവാഹം. പിന്നീട് നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവ്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയില്‍ പലരും പുച്ഛിച്ചു തള്ളിയപ്പോള്‍ ചങ്കൂറ്റത്തോടെ ജീവിക്കാന്‍ വേണ്ടിയുള്ള ഒറ്റയ്ക്കുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഒരു പെണ്ണിന് ഒറ്റയ്ക്ക് ജീവിക്കാന്‍ സാധിക്കില്ല എന്നൊക്കെ പറഞ്ഞ് താഴ്ത്തി കെട്ടാന്‍ ശ്രമിച്ചവര്‍ ഒരുപാട് ആയിരുന്നു. അവരുടെ പേര്‍സണല്‍ കാര്യങ്ങള്‍ പല തരത്തില്‍ വളച്ചൊടിച്ചും മറ്റുമൊക്കെ ദ്രോഹിക്കാന്‍ പലരും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവര് തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല ആരേയും ദ്രോഹിക്കാന്‍ വേണ്ടി ആയിരുന്നില്ല ജീവിക്കാന്‍ വേണ്ടിയായിരുന്നു അവരുടെ പോരാട്ടം.

  അതുകൊണ്ട് തന്നെ തോല്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. സിനിമയെന്ന തന്റെ തട്ടകത്തിലേക്കുള്ള തിരിച്ചു വരവ് അവരെ സംബന്ധിച്ച് അനേകം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ദിവസേന അനവധി മുഖങ്ങള്‍ വിസ്മയിപ്പിച്ച് കടന്നു പോകുന്ന അഭിനയ മേഖലയിലേക്ക് തിരിച്ചു വരുമ്പോള്‍ അവരുടെ കൗമാര - യൗവ്വന കാലത്ത് പ്രേക്ഷകര്‍ കൊടുത്തിരുന്ന പിന്തുണയും സ്‌നേഹവും തിരിച്ചു കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം. തിരിച്ചു വരവില്‍ പലര്‍ക്കും കാലിടറിയ അനുഭവങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞു നിന്നപ്പോഴും അവര് പേടിച്ചില്ല. തന്റെ കഴിവില്‍ ഉള്ള വിശ്വാസം തന്നെ ആയിരുന്നിരിക്കണം ആ ധൈര്യത്തിന് കാരണം.

  പതിനഞ്ച് വര്‍ഷം കൊണ്ട് എല്ലാ അര്‍ത്ഥത്തിലും സിനിമ ഒരുപാട് മാറിയിരുന്ന സമയം ആയിരുന്നു അത്. എല്ലാം പ്രതികൂലമായ സാഹചര്യങ്ങള്‍ മാത്രം. എന്നിട്ടും കാലിടറാതെ അവര് ധൈര്യത്തോടെ മുന്നോട്ട് നീങ്ങി. അങ്ങനെ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുപാട് കടമ്പകളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് 2014 മെയ് 16ന് സിനിമയിലേക്കുള്ള അവരുടെ തിരിച്ചു വരവ് സംഭവിച്ചു. അവരെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരുന്ന കുടുംബ പ്രേക്ഷകര്‍ അവരെ കൈവിട്ടില്ലെന്ന് മാത്രമല്ല അവരുടെ തിരിച്ചു വരവ് ആഘോഷമാക്കി. തിരിച്ചു വരവിലെ ചിത്രമായ ഹൌ ഓള്‍ഡ് ആര്‍ യൂ വലിയ വിജയവുമായി. കിട്ടിയ പല വേഷങ്ങളും പലവിധത്തില്‍ തട്ടി തെറിപ്പിച്ചും സിനിമകള്‍ മുടക്കിയും പലരും വീണ്ടും അവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരുന്നു.

  പക്ഷേ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഫീനിക്ക്‌സ് പക്ഷിയെപ്പോലെ മുന്നിലെ തടസ്സങ്ങളെല്ലാം അവര് തട്ടി മാറ്റി പറന്നുയര്‍ന്നു. പിന്നീട് ഇങ്ങോട്ട് പതിനെട്ടോളം ചിത്രങ്ങള്‍ അവരുടേതായി പുറത്തിറങ്ങി അതില്‍ മിക്കതും സ്ത്രീപക്ഷ സിനിമകള്‍ ആയിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇറങ്ങാനിരിക്കുന്ന മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രത്തിന്റെ അടക്കം നിരവധി സിനിമകളുടെ ഭാഗമാണ് ഇന്നവര്‍. കൂടാതെ ഇന്ന് നിരവധി സ്ഥാപനങ്ങളുടേയും, സര്‍ക്കാരിന്റെയടക്കം പല സംരംഭങ്ങളുടേയും മറ്റും ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. സിനിമയിലേക്ക് തിരിച്ചു വന്നാല്‍ ഇന്ന് കേരളത്തിന്റെ അതിര്‍ത്തിയും കടന്ന് അവര് പറന്നു കൊണ്ടിരിക്കുകയാണ്.

  തമിഴില്‍ മികച്ച ടീമിനൊപ്പം അസുരന്‍ എന്ന ചിത്രത്തിലേക്ക് ശക്തമായ നായികാ വേഷത്തിലേക്ക് അവര് വിളിച്ചത് നമ്മുടെ കക്ഷിയെ തന്നെ ആയിരുന്നു. ചിത്രം വന്‍ വിജയമായി മാറി എന്ന് മാത്രമല്ല അവരുടെ പ്രകടനത്തെ അന്യനാട്ടുകാരും വാനോളം പുകഴ്ത്തി. നിരവധി അംഗീകാരങ്ങളും തേടിയെത്തി. അവര്‍ക്ക് വേണ്ടി മാത്രം പലരും ചിത്രങ്ങള്‍ ഒരുക്കുന്നു. അവരുടെ യൗവ്വന കാലത്തും അങ്ങനെ തന്നെ ആയിരുന്നല്ലോ. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മലയാളി ആഘോഷമാക്കിയ ഒരേയൊരു നായിക... ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പട്ടവും ചാര്‍ത്തി കൊടുത്തത് അവര് തന്നെ. ഇപ്പോഴും ആ സ്നേഹവും പിന്തുണയും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. മലയാളി ഒരു നായികയുടെ തിരിച്ചു വരവ് ആഘോഷമാക്കിയിട്ടുണ്ടേല്‍ അത് അവരുടെ മാത്രമാണ്.

  പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിട്ട്. ജീവിതത്തിന്റെ സെക്കന്റ് ഇന്നിങ്‌സ് ആരംഭിച്ചിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് അവര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ ബ്രാന്‍ഡ് ആണ്.. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പല സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്. ഒറ്റപ്പെട്ടു പോയവര്‍ എന്നല്ല എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്. പലരുടേയും റോള്‍ മോഡലാണ്. ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാന്‍ ശ്രമിക്കുന്നവരോടും കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോടും യാതൊരു മത്സരമോ പകയോ വെച്ചു പുലര്‍ത്താതെ അവര് അവരുടെ ജീവിതവുമായി മുന്‍പോട്ട് പോകുന്നു. സിനിമയിലൂടെ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം ആരേയും അറിയിക്കാതെ അസുഖ ബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി നീക്കി വെക്കുന്നു.

  എത്രയൊക്കെ ഉയരങ്ങളില്‍ ആയാലും അന്നും അതെ ഇന്നും അതെ താര ജാട ഒട്ടുമില്ലാതെ എല്ലാവരേയും ഒരുപോലെ കണ്ടു കൊണ്ട് പെരുമാറാന്‍ സാധിക്കുന്നു എന്നത് അവരുടെ സ്വാഭാവത്തിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ്. അവരുടെ എളിമയും നിഷ്‌കളങ്കതയും അവരെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ആരോടും ദേഷ്യപ്പെടാതെ ചിരിച്ചു കൊണ്ടുള്ള ആ പെരുമാറ്റം അവരെ ഇഷ്ടപ്പെടുന്ന പലരിലും ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ല. മികച്ച അഭിനേത്രി എന്നതിലുപരി മികച്ചൊരു വ്യക്തിത്വത്തിനുടമ കൂടെയാണ് അവര്. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും ജീവിതത്തിലെ പ്രതീക്ഷകള്‍ കൈവിടുന്ന യുവതലമുറ അവരെ കണ്ട് പഠിക്കണം.

  ജീവിതത്തില്‍ ഒറ്റപ്പെട്ട കാലത്ത് ഇതുപോലെ വിചാരിച്ച് ഇരുന്നിരുന്നേല്‍ പലര്‍ക്കും കുറ്റപ്പെടുത്താനും സഹതാപം പറയാനും മാത്രമായി ഒതുങ്ങുമായിരുന്ന ആ സ്ത്രീ അവരുടെ മുപ്പത്തിയാറാം വയസ്സില്‍ ഒറ്റയ്ക്ക് ആരംഭിച്ച യാത്ര. ആ പോരാട്ടം ഇന്ന് എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് ഓര്‍ക്കണം. കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് അവര് ഈ നിലയില്‍ എത്തിയത്. അവിടെയൊന്നും കാലിടാറാതെ അവരെ പിടിച്ചു നിര്‍ത്തിയത് അവരുടെ കഴിവില്‍ ഉള്ള ഉറച്ച വിശ്വാസവും ഒപ്പം നിശ്ചയദാര്‍ഢ്യവും മനോധൈര്യവുമാണ് എന്നെക്കൊണ്ട് പറ്റും എന്നുള്ള ആ ശുഭാപ്തി വിശ്വാസം തന്നെയാണ് ഇന്ന് കാണുന്ന നിലയില്‍ അവര് എത്താന്‍ കാരണം

  തൃശൂര്‍ ജില്ലയിലെ പുള്ള് എന്ന ചെറിയ ഗ്രാമത്തിലെ വാര്യയത്ത് നിന്നും തുടങ്ങിയ അവരുടെ യാത്ര ഇന്ന് എത്തി നില്‍ക്കുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒരാളായാണ്. ഇന്നും യുവത്വത്തിനെ പോലും അസൂയപ്പെടുത്തിക്കൊണ്ട് അവരേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഈ സ്ത്രീയ്ക്ക് പ്രായം നാല്‍പ്പത്തി മൂന്നിലേക്ക് അടുക്കുന്നു. പ്രായം വെറും അക്കങ്ങള്‍ മാത്രമാണ് എന്ന് അവര്‍ അടിവരയിട്ട് പറയാതെ പറഞ്ഞു തരുന്നു. അവരുടെ ജീവിതം ജീവിതത്തില്‍ പോരാട്ടം നടത്തുന്നവര്‍ക്ക് വലിയൊരു പാഠവും പ്രതീക്ഷയും വിശ്വാസവും അതിലെല്ലാമുപരി വലിയൊരു പ്രചോദനവുമാണ്.

  മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ മാസ്മരിക ഫോട്ടോ | FilmiBeat Malayalam

  പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സഹോദരിമാര്‍ ഓര്‍ക്കേണ്ട കണ്ട് പഠിക്കേണ്ട ഒരാളാണ് ഈ പറഞ്ഞ കക്ഷി. മികച്ച വ്യക്തിത്വം കൊണ്ടും മികവുറ്റ അഭിനയ ശൈലി കൊണ്ടും മലയാളികളുടെ മനം കവര്‍ന്ന, മലയാളികളുടെ ഒരേയൊരു ലേഡി സൂപ്പര്‍ സ്റ്റാര്‍. മഞ്ജു വാര്യര്‍. ( Manju Warrier ) ഞങ്ങളുടെ സ്വന്തം മഞ്ജു ചേച്ചി. ഏഴല്ല ഇനിയും എഴുപത് വര്‍ഷം ഇതുപോലെ ജ്വലിച്ചു നില്‍ക്കാന്‍ ചേച്ചിയ്ക്ക് സാധിക്കട്ടെ.

  English summary
  7 Years Of Comeback: A Viral Write-up About Why Manju Warrier Is An inspiration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X