For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങൾ അടയാളപ്പെടേണ്ടിയിരുന്നത് "അഥർവ"ത്തിന്റെ സംവിധായകൻ എന്ന നിലയിൽ ആയിരുന്നു. ശൈലന്റെ ഓർമ്മ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ഇന്നലെ അന്തരിച്ച ഡെന്നിസ് ജോസഫിനെ കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്ററുകളായ രാജാവിന്റെ മകൻ, ന്യൂഡൽഹി, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചൻ, സംഘം, നായർസാബ് പോലുള്ള ഒട്ടനവധി സ്ക്രിപ്റ്റുകളെക്കുറിച്ച് വാചാലമാവാനാവും കൂടുതൽ പേർക്കും ഇഷ്ടം. അത് സ്വാഭാവികമാണ്. കാരണം മോഹൻലാൽ എന്ന സൂപ്പർതാരത്തെ സൃഷ്ടിക്കുകയും മമ്മൂട്ടി എന്ന ഫീൽഡ് ഔട്ടായ സൂപ്പർ താരത്തിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കാനാവാത്ത വിധം കരുത്തുള്ള തിരിച്ചുവരവ് സമ്മാനിക്കുകയും ചെയ്ത മാന്ത്രികസ്പർശം ആ തൂലികയിൽ ഉണ്ടായിരുന്നു. ഒരു തലമുറയുടെ മലയാളം സ്‌ക്രീനിനെ അത് ഉദ്വേഗഭരിതവും ആവേശപൂരിതവുമാക്കി.

  സംവിധായകൻ എന്ന നിലയിൽ ഓർക്കുമ്പോൾ, കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് വരെ ലഭിച്ച മനു അങ്കിളിനെക്കുറിച്ചും.. മമ്മൂട്ടിയും മോഹൻലാലും സുരേഷ്‌ഗോപിയും ത്യാഗരാജനും എല്ലാം ചേരുംപടി ചേർന്ന ആ ചിത്രത്തിന്റെ ജനപ്രിയ മൂല്യം അത്രയ്ക്കുണ്ടായിരുന്നു. പക്ഷെ, ഒരു സിനിമ വിദ്യാർത്ഥി എന്ന നിലയിൽ, എന്നെ ഡെന്നിസ് ജോസഫ് എല്ലാ കാലവും ഞെട്ടിച്ചിട്ടുള്ളത് മറ്റൊരു സിനിമയുടെ ഡയറക്റ്റർ ആയതിന്റെ പേരിലാണ്. 1989ൽ റിലീസായ അർഹിക്കുന്ന രീതിയിലുള്ള വൻ വിജയം നേടിയെടുക്കാതെ പോയ "അഥർവം'.

  ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ അഥർവം ഉണ്ടാകും.. ആദ്യം കണ്ടപ്പോഴുള്ള ആ ഒരു കിടിലം മുപ്പത് കൊല്ലത്തിനിപ്പുറം ഇപ്പോൾ കണ്ടാൽ പോലും ലഭിക്കുമെന്നതും ഉറപ്പ്. 1989.. മറ്റ് സംവിധായകർ സൃഷ്ടിക്കുന്ന പണംവാരിപ്പടങ്ങളുടെ പിന്നിലെ മാന്ത്രിക സൃഷ്ടാവായി ഡെന്നിസ് ജോസഫ് സ്ക്രിപ്റ്റുകൾ കൊണ്ട് അമ്മാനമാടുന്നകാലം.. എന്നിട്ടും താൻ സംവിധാനം ചെയ്ത അഥർവത്തിന്റെ രചനയ്ക്കായി അദ്ദേഹം മറ്റൊരാളെ ആണ് ആശ്രയിച്ചത് എന്നത് കൗതുകമാണ്. ഷിബു ചക്രവർത്തിയെ ആയിരുന്നു അത്. ഡെന്നീസിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് ആയിരുന്നു ഷിബു ചക്രവർത്തി എന്നും അഥർവത്തിന്റെ മൂലകഥ ഡെന്നീസിന്റെ തന്നെ ആയിരുന്നു എന്നും കേട്ടിട്ടുണ്ട്..

  രചനാപരമായും നിർമ്മിതിപരമായും, എന്നെ സംബന്ധിച്ച്, അഥർവം ഒരു വിസ്മയമായിരുന്നു അക്കാലത്ത്.. ആരും കൈവെക്കാത്ത ഒരു ഴോണർ.. ഫോർമുലകളെ എല്ലാം തകർത്തുതരിപ്പണമാക്കി കളയുന്ന കഥാഗതി.. ഒരു ചട്ടക്കൂട്ടിലും ഒതുങ്ങാത്ത നായകൻ. ഡോൾബി അറ്റ്മോസും ഉം 4K യും സ്വപ്നത്തിൽ പോലും ഇല്ലാത്ത ഒരു കാലത്ത് വാ പൊളിപ്പിക്കുന്ന വെടിച്ചില്ല് മേക്കിംഗ്.. ഒരു സംവിധായകനും പോകാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത , ഒറ്റപ്പെട്ടതും വേറിട്ടതുമായ കാട്ടുവഴികളിലൂടെ ആയിരുന്നു അഥർവത്തിൽ ഒരു ഭ്രാന്തനെ പോലെയുള്ള ഡെന്നീസിന്റെ പ്രയാണം. അത് അന്നത്തെ ഏതൊരു സൂപ്പർഹിറ്റ് ഡയറക്ടറെയും കൊതിപ്പിക്കുന്ന വിധത്തിലുമായിരുന്നു..

  dennisjoseph

  പണ്ഡിതശ്രേഷ്ഠനായ തേവള്ളി നമ്പൂതിരിയ്ക്ക് പുള്ളുവസ്ത്രീ ആയ മാളുവിൽ ജനിച്ച അനന്തനാരായണൻ. കാരുണ്യവാനായ നമ്പൂതിരി അവനെ കൂടെ തന്നെ വളർത്തി നമ്പൂതിരി ആയി തന്നെ കർമ്മങ്ങൾ അഭ്യസിപ്പിച്ചു. പക്ഷെ ചുറ്റുമുള്ള സവർണ സമൂഹം അയാളോട് ജാതിവെറി കാണിച്ചു പൊതുസദസ്സിൽ വച്ച് ആവോളം അപമാനിച്ചു. പ്രതികാര ദാഹിയായി അവിടം വിട്ടിറങ്ങുന്ന അയാൾ മേക്കാടൻ എന്ന അഥർവവേദിയായ തന്ത്രികനിൽ നിന്ന് ക്ഷുദ്രകർമ്മങ്ങളും ദുർമന്ത്രവാദവും അഭ്യസിച്ച് കാടുകയറി സമാന്തരജീവിതം തുടങ്ങി നാടിനെ മുൾമുനയിൽ നിർത്തുകയാണ്.

  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ റോളുകൾ മാത്രം എടുത്താൽ അതിന്റെ മുൻപന്തിയിൽ അനന്തനുണ്ടാവും. അവഹേളനത്താൽ മുറിപ്പെട്ട മനസിൽ പ്രതികാരവാഞ്ഛയെ ഒരു ജീവിതചര്യപോലെ ഉമിത്തീയായ് എരിയിച്ചുകൊണ്ടു ഓരോ നിമിഷവും ജീവിക്കുന്ന അനന്തൻ. ഒരു നാടിന്റെ തന്നെ വില്ലനായി മാറുന്ന അഥർവ താന്ത്രികൻ. ഒരുഘട്ടം കഴിയുമ്പോൾ അയാൾക്ക് ഒരു സമവാക്യങ്ങളുടെയും പിന്തുണ ഇല്ലാതെ ആവുകയാണ്. ചാരുഹാസൻ, തിലകൻ, ജോസ്പ്രകാശ്, ജയഭാരതി, ഗണേഷ്‌കുമാർ, പാർവതി, സുകുമാരി ആരുടെ കഥാപാത്രങ്ങളുടെ മിഴിവിനും ഒരു മങ്ങലും പറ്റിയിട്ടില്ല. അത്രത്തോളം ആപ്റ്റ്‌ ആയിരുന്നു അവരെല്ലാം.

  ഇവരെക്കാളൊക്കെ മുന്നിൽ പറയേണ്ട പേര് സിൽക്ക് സ്മിതയുടേത് ആണ്. അവരുടെ മുഴുനീള കരിയറിൽ തന്നെ ഇത്തരമൊരു റോൾ ഉണ്ടാവില്ല. അത്രയ്ക്കും കരുത്തയായിരുന്നു "പുഴയോരത്ത് പൂത്തോണി എത്തീലാ.." പാടിയാടുമ്പോഴും താന്ത്രികന്റെ കൈക്കാരിയായ പൊന്നി എന്ന ക്യാരക്റ്ററും. സ്മിതയുടെ ഫുൾ ലെങ്ത് റോളും യോനിപൂജ പോലുള്ള അനുഷ്ഠാനക്രിയകളും ആണ് അഥർവത്തെ കുടുംബപ്രേക്ഷകരിൽ നിന്ന് അകറ്റിയത് എന്നൊരു വിലയിരുത്തൽ കേട്ടിട്ടുണ്ട്..ഹൗ സേഡ്..

  ഇളയരാജയുടെ വിലയേറിയ സാന്നിദ്ധ്യം ആയിരുന്നു അഥർവത്തിന്റെ മറ്റൊരു പ്രധാന മുതൽക്കൂട്ട്. "പുഴയോരത്ത്.." "പൂവായ് വിരിഞ്ഞു.." പോലുള്ള എവർഗ്രീൻ ഹിറ്റ്സ് ഉൾപ്പടെ എണ്ണം പറഞ്ഞ നാല് ഒഎൻവി ഗാനങ്ങൾ. സിനിമയുടെ നട്ടെല്ലുപോലെ ഇലക്ട്രിഫൈയിങ് ആയ ബാക്ക്ഗ്രൗണ്ട് സ്കോറിംഗ്. ആർ ആർ. നോ വേർഡ്‌സ്. സംഭവം അവിഹിത ബന്ധവും അതിൽ ജനിച്ച പുത്രനും താന്ത്രികവും മന്ത്രവാദവും കാടും ഹൊററും പ്രതികാരവും എല്ലാം ബ്ലെൻഡ് ചെയ്ത ഒരു ഫാന്റസി മസാല തന്നെയാണ്. പ്രേത സിനിമയിലും ബാഹുബലിയിലും പോലും ലോജിക്ക് തിരയുന്ന പാൽകുപ്പീസ് കേട്ടാൽ എടുത്ത് കിണറ്റിലിടും എന്ന ഉത്കണ്ഠയും ഉണ്ട്..

  പക്ഷെ, ഡെന്നീസ് അടയാളപ്പെടേണ്ടിയിരുന്നത് അഥർവത്തിന്റെ സംവിധായകൻ എന്ന നിലയിൽ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഏതെങ്കിലും സൃഷ്ടിക്കൊരു റീമേക്ക്‌ വരികയാണെങ്കിൽ അത് ഈ സിനിമയ്ക്ക് ആവേണ്ടിയിരുന്നു എന്നും എനിക്ക് പറയാതിരിക്കാൻ ആവില്ല. കാരണം അതിന്റെ ആഖ്യാന തന്ത്രവും മേക്കിംഗ് മികവും ബാക്കിയെല്ലാ ചേരുവകളും അത്രത്തോളം അസാധ്യമായൊരു ലെവലിൽ ആയിരുന്നു.

  DIrector and Script Writer Dennis Joseph Passed away | FilmiBeat Malayalam

  അവർണന്റെ പ്രതികാരത്തെ അടയാളപ്പെടുത്തിയിടുന്ന അഥർവത്തിന്റെ ജാതി രാഷ്ട്രീയ വായനകളൊന്നും ആരും നടത്തി കണ്ടിട്ടില്ല. അക്കാലത്തിന്റെ ഒരു 'കർണനോ' 'കള'യോ ആയി അഥർവത്തെ അടയാളപ്പെടുത്തി ഇടാം. കാലത്തിന് മുൻപേ പിറന്നു എന്നൊരു കുഴപ്പം മാത്രമേ ആ സിനിമയ്ക്ക് ഉണ്ടായിരുന്നുള്ളൂ മാറിയ കാലത്തെ എക്വിപ്പികസമ്പന്നമായ മൾട്ടിപ്ലെക്‌സ് സ്ക്രീനുകളിൽ, പ്രതിഭാ സമ്പന്നനായ ഏതെങ്കിലും യുവസംവിധായകൻ പുനർനിർമ്മിച്ച അഥർവം കാണുന്നത് വെറുതെ ഓർക്കുമ്പോൾ തന്നെ.. ആഹാ.. ഗൂസ്ബംപ്..

  English summary
  A short memoir of Malayalam scriptwriter Dennis Joseph
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X