twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ് കുമാരിയിലൂടെ അനിയത്തി ഹൃദയത്തില്‍ തൊട്ടു; ചേട്ടന് വേണ്ടി ജീവിച്ച അനിയത്തി

    |

    എത്ര വലിയ ബന്ധങ്ങള്‍ ഉണ്ടെങ്കിലും സഹോദ ബന്ധത്തിന് വല്ലാത്തൊരു ശക്തിയുണ്ട്. മൂത്തസഹോദരനും ഇളയ അനുജത്തിയും ഒക്കെയായി പല തരത്തിലുള്ള കഥകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അനിയത്തി എന്ന പേരിട്ട് കൊണ്ടു തന്നെ മലയാള സിനിമ ആ ബന്ധത്തിന്‍റെ വില നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. 1955 ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് പ്രേംനസീര്‍, മിസ് കുമാരി എന്നിവര്‍ അനിയത്തി എന്ന സിനിമയിലൂടെ നമ്മള്‍ക്ക് ആ ഊഷ്മള ബന്ധം കാട്ടിത്തന്നു.

    ഒരു ഗാന രംഗത്തിലാണ് സിനിമ തുടങ്ങുന്നത്. ആദ്യം തന്നെ ആ ഗാനരംഗവും അതിന്‍റെ വിഷ്വൈലൈസേഷനും തമ്മിലുള്ള ചേരായ്ക പ്രേക്ഷകനെ മൂക്ക് ചുളിപ്പിച്ചു. അന്ന് അത് ഫ്രെയിമിലെടുക്കാനെടുത്ത പ്രയാസം എത്രത്തോളമുണ്ടെന്നത് കണക്കിലെടുക്കുകയും വേണം. അന്നൊരു പക്ഷേ ആരും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല. അങ്ങനെയൊക്കെയാണെങ്കിലും അതിലൊരു പോസിറ്റീവ് കാണാന്‍ കഴിയുന്നത് അത്രയും ആടിയും പാടിയും സന്തോഷിച്ചിരുന്ന അമ്മിണിയുടെ ജീവിതം പിന്നീട് മാറിമറിയുമ്പോള്‍ പ്രേക്ഷകനിലേക്ക് പഴയ അമ്മിണിയെ പ്രതിഷ്ഠിക്കാന്‍ ആ ഒരു ഗാനം മതി. ആദ്യത്തെ ഗാനരംഗം ലേശം ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് ഓരോ സീനും മനസില്‍ തട്ടുന്നതായിരുന്നു.

    aniyathi

    ചേട്ടന്‍ വരുമെന്ന സന്തോഷത്തില്‍ തുള്ളിച്ചാടുന്ന അമ്മിണിയുടെ മുന്നിലേക്ക് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയില്‍ പ്രസരിപ്പില്ലാതെ വരുന്ന അപ്പുവാണ്. അപ്പുവും അമ്മിണിയും അത്രമേല്‍ സ്നേഹമുള്ള ചേട്ടനും അനിയത്തിയുമാണ്. തന്‍റെ ചേട്ടന് കാഴ്ച നഷ്ടപ്പെട്ട വിവരം സുഖമില്ലാതെ കിടക്കുന്ന അച്ഛനെ അറിയിക്കാന്‍ രണ്ടു പേരും ഇഷ്ടപ്പെടുന്നില്ല. സുഖമില്ലാതെ കിടക്കുന്ന അച്ഛന്‍റെ അടുത്ത് ചേട്ടനെ ഇരുത്തിയിട്ട് പോയാല്‍ അച്ഛന്‍ എന്തായാലും മനസിലാക്കും. അതുകൊണ്ട് തന്‍റെ പഠനം മതിയാക്കി മുഴുവന്‍ സമയവും അമ്മിണി വീട്ടിലായി. ഇടക്ക് അച്ഛന്‍ മനസിലാക്കുമെന്ന അവസ്ഥ വരുമ്പോള്‍ ചേട്ടന് വേണ്ടി അനിയത്തി ഓടിയെത്തും. രാമായണം വായിക്കാന്‍ അപ്പുവിനോട് ആവശ്യപ്പെടുന്ന ചേട്ടന് മുന്നിലും അമ്മിണിയാണ് രക്ഷക്കായി ഓടിയെത്തുന്നത്. എത്ര സംരക്ഷിച്ചിട്ടും അവസാനം രണ്ടുപേരും തമ്മിലുള്ള സംഭാഷണത്തില്‍ അച്ഛന്‍ മകന് കാഴ്ച നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നു. അതോടെ രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരിക്കുന്നു. ടി എന്‍ ഗോപിനാഥന്‍ നായര്‍ ആണ് ഇരുവരുടേയും അച്ഛനായി വേഷമിട്ടത്.

    aniyathi

    ഇതോടെ കൂടുതല്‍ ദുരിതത്തിലായി അമ്മിണിയും അപ്പുവും. വീട് വിട്ട് മറ്റൊരു സ്ഥലത്തേക്ക് ഇരുവരും മാറി. ജീവിക്കാനായി പലരുടേയും വാതിലില്‍ മുട്ടി. ഒരു വഴിയും കാണാതെ വന്നപ്പോള്‍ പൂന്തോട്ടമുണ്ടാക്കി അതില്‍ നിന്നുളള പൂക്കള്‍ പറിച്ച് പൂമാല കെട്ടാന്‍ തുടങ്ങി. അവിടുന്ന് ജീവിതം പതിയെ പച്ചപിടിച്ചു വന്നു. അതിനിടയിലാണ് പാച്ചുകുറുപ്പ് എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. നാടൊട്ടുക്ക് ആഭാസന്‍ എന്നറിയപ്പെടുന്ന അയാള്‍ അപ്പുവിനേയും അമ്മിണിയെയും അകറ്റാന്‍ ശ്രമിക്കുന്നു. അമ്മിണിയില്‍ നിന്ന് പൂ വാങ്ങിച്ചിരുന്ന പൊലീസുകാരനെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞ് അപ്പുവില്‍ വിഷം കുത്തിവെക്കുന്നു. അപ്പു അനിയത്തി സംശയിക്കുമ്പോഴും അമ്മിണി തന്‍റെ കടമ നിര്‍വഹിക്കുന്നു. കണ്ണുകാണാത്ത ചേട്ടന് കാഴ്ച നല്‍കുകയാണ് അനിയത്തിയുടെ ഏക ആഗ്രഹം. അതിന് വേണ്ടി അവളുടെ ത്യാഗങ്ങളാണ് സിനിമയിലുടനീളം ഉള്ളത്. ഒടുവില്‍ മാനഭംഗപ്പെടുത്താന്‍ വന്ന ഹോട്ടലുകാരന്‍ പാച്ചുക്കുറുപ്പിനെ കൊന്നത് അവളല്ലെങ്കിലും ആ കുറ്റത്തില്‍ ഏട്ടനെ തനിച്ചാക്കി ജയിലിലേക്ക് പോകുന്ന അനിയത്തി ആരേയും ഓര്‍മിപ്പിക്കും സഹോദര ബന്ധത്തിന്‍റെ നന്മ. എന്നാല്‍ അത് വരെ വെളിച്ചമായിരുന്ന അനിയത്തി പോയത് ജയിലിലേക്കാണെന്നറിയാതെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്ന അപ്പുവിന്‍റെ കിടക്കയിലേക്ക് കത്തിച്ച് വെച്ച വിളക്ക് മറിഞ്ഞ് തീ പിടിക്കുന്നു. എന്നാല്‍ അപ്പുവിന് എന്ത് സംഭവിച്ചു എന്ന് പൂര്‍ണമായും കാണിക്കാതെ തീ കത്തുന്നതും അപ്പുവിനെ നോക്കണമെന്ന് തന്നെ ഇഷ്ടപ്പെടുന്ന പൊലീസുകാരനോട് പറയുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുമ്പോള്‍ ബാക്കിയൊക്കെ പ്രേക്ഷകന് വിടുകയാണ് സംവിധായകന്‍.

    aniyathi

    അടുത്ത കാലത്ത് പുതിയ തലമുറക്ക് ഓര്‍മയുള്ള അന്ധനായ ചേട്ടനും അനിയത്തിമാരും ഉണ്ട്. അതേതാണെന്ന് ചോദിച്ചാല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ കൈയൊപ്പ് ചാര്‍ത്തിയ സിനിമ. ഇവിടെ നായകനേക്കാള്‍ നായികയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നസീര്‍ എന്ന അനശ്വര നടന്‍റെ ആദ്യ കാല സിനിമകളിലൊന്നാണ് അനിയത്തിയും. സാധാരണ കാണാറുള്ള നസീര്‍ മാനറിസങ്ങള്‍ ഇല്ലാതെ പൂര്‍ണമായും അപ്പുവെന്ന കഥാപാത്രത്തോട് പൂര്‍ണ നീതി പുലര്‍ത്തി അദ്ദേഹം. അനിയത്തിയായി അഭിനയിച്ച മിസ് കുമാരി അസാധ്യമായി തന്നെ മലയാളി മനസില്‍ അനിയത്തിയായി ചേക്കേറി. 1940- മുതല്‍ 1960 കാലഘട്ടം വരെ സജീവമായിരുന്നു മിസ് കുമാരി. ത്രേസ്യാമ്മ തോമസ് എന്നുപേരുള്ള അവര്‍ ജനിച്ചത് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തായിരുന്നു. വെള്ളിനക്ഷത്രം, നല്ല തങ്ക, നീലക്കുയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. ബി ആര്‍ ലക്ഷ്മണന്‍ സംഗീതം ചെയ്ത സിനിമയില്‍ ഒന്നിനൊന്ന് മികച്ച പാട്ടുകളായിരുന്നു. അന്നത്തെക്കാലത്ത് സിനിമകളില്‍ കുറഞ്ഞത് പത്ത് പാട്ടുകളെങ്കിലും കാണുമായിരുന്നു. ഇന്നത്തെപ്പോലെ കഥക്കിടയില്‍ ഒരു പാട്ട് കുത്തിക്കയറ്റുകയല്ല ചെയ്യുന്നത്. ഓരോ പാട്ടിലും കഥയുടെ അംശങ്ങള്‍ പറഞ്ഞു പോവുകയായിരുന്നു. പി ലീല, ശാന്ത പി നായര്‍, കൊച്ചിന്‍ അബ്ദുള്‍ഖാദര്‍, കമുകറ, സി എസ് രാധാ ദേവി, ശൂലമംഗലം രാജലക്ഷ്മി തുടങ്ങിയ ഗായകര്‍ പാടിയ ഗാനങ്ങള്‍ ഓരോന്നും മികച്ചതായിരുന്നു.

    ഇനി എടുത്തുപറയാനുള്ള ആ കാലഘട്ടത്തില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ടായിട്ടും സെറ്റിട്ടായിരുന്നു സിനിമ ഷൂട്ട് ചെയ്തത്. അക്കാലത്ത് സെറ്റിട്ട സിനിമകളുടെ എണ്ണം കൂടുതലായിരുന്നു. നാടക ലോകത്ത് നിന്നും മാറി സിനിമയിലേക്ക് വരുന്ന കാലമായിരുന്നു അത്. അത് ഈ സിനിമയിലും കാണാം. തീവണ്ടിയുള്‍പ്പെടെ സെറ്റിട്ടാണ് ചിത്രീകരിച്ചിരുന്നത്. ഇന്നത്തെ സാങ്കേതിക സംവിധാനങ്ങളൊന്നും ഇല്ലാതെ അന്നത്തെ അഭിനേതാക്കള്‍ എത്ര സുന്ദരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്നും നമ്മള്‍ ഇത്തരം സിനിമകളെ നമുക്കൊപ്പം കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് ഇതൊക്കെയും കാലത്തെ അതിജീവിക്കുന്നതും.

    English summary
    about aniyathi malayalam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X