For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നഗരവത്കരണം ഇല്ലാതാക്കുന്ന മനുഷ്യജീവിതങ്ങളെ ഈ വാനത്തില്‍ നമുക്ക് കാണാം

  By സദീം മുഹമ്മദ്
  |

  എ വി ഫര്‍ദിസ്

  എഴുത്തുകാരന്‍
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  ചെക്കാ ചിവന്ത വാനത്തിലെ ഹാഫ് ടൈംവരെ നീണ്ടുനില്ക്കുന്ന ഗ്യാങ്സ്റ്റാര്‍ വാര്‍ കണ്ടാല്‍ ഇതിനാണോ നാം കയറിയതെന്ന സംശയത്തിലാകുന്ന പ്രേക്ഷകനെയാണ് ഹാഫ് ടൈമിന് ശേഷം പിടിച്ചിരുത്തുന്ന പ്രകടനത്തിലൂടെ മണിരത്‌നം അത്ഭുതപ്പെടുത്തുന്നത്. അടി, പിടി, കൊല, പ്രതികാരം, തോക്കുകളുടെ തീതുപ്പല്‍ തുടങ്ങി സ്ഥിരം ഗ്യാങ് സ്റ്റാര്‍ സിനിമയുടെ അതേ ട്രാക്കിലാണ് തുടക്കം മുതല്‍ ചെക്കാ ചിവന്ത വാനത്തിന്റെ സഞ്ചാരം തുടങ്ങുന്നത്.

  ചൈന്നൈ നഗരത്തിന്റെ മേല്‍ക്കാഴ്ചയിലൂടെ തുടക്കം ആദ്യം ഒന്ന് ആശ്ചര്യപ്പെടുത്തുമെങ്കിലും പിന്നീട് സ്ഥിരം പാറ്റേണില്‍ തന്നെയാണ് നീങ്ങുന്നത്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം പലപ്പോഴായി നമ്മുടെ മുന്നിലുടെ കടന്നുപോയ പ്രമേയമാണ് അധലോകനായകന്മാരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. ഇത്തരമൊരു കടന്നുപോക്ക് തന്നെയാണ് ചെക്കാ ചിവന്തിന്റേതുമെന്ന് മനസ്സിലുറപ്പിച്ചിരിക്കുമ്പോഴാണ് ഹാഫ് ടൈംമിനുശേഷം സിനിമ ഇതിനപ്പുറം പ്രമേയത്തിലെ മനുഷ്യഗന്ധിയായ തലങ്ങളിലേക്കിറങ്ങിചെല്ലുന്നത്. ഇതാണ് ഈ സിനിമയെ ഒരു സാധാരണ സിനിമയില്‍ നിന്ന് വ്യത്യസ്തമാക്കി ഒരു മണിരത്‌നം ചിത്രമാക്കി മാറ്റുന്നതും.

  കൊന്നും കൊണ്ടും കൊടുത്തുമെല്ലാം ചെന്നൈ പട്ടണത്തില്‍ തന്റേതായ സാമ്രാജ്യംതീര്‍ത്ത ഒരു അധലോക നായകനാണ് സേനാപതി (പ്രകാശ് രാജ്). ഒരു സുപ്രഭാതത്തില്‍ അമ്പലത്തില്‍പോകുന്ന സേനാപതിയെയും ഭാര്യയെയും ബോംബൈറിഞ്ഞ് കൊല്ലുവാന്‍ പോലീസിന്റെ വേഷത്തിലെത്തിയ രണ്ട് വാടകകൊലയാളികള്‍ ശ്രമിക്കുന്നു. ഇതോടുകൂടി ഇദ്ദേഹത്തിന്റെ മക്കളായ വരദരാജന്‍(അരവിന്ദ് സ്വാമി), ത്യാഗു(അരുണ്‍ വിജയ്), എത്തിരാജന്‍(ചിമ്പു) എന്നിവര്‍ മൂന്നുപേരും ഇതിലെ പ്രതികളാരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമം തുടങ്ങുകയാണ്. എന്നാല്‍ ഇതോടുകൂടി ഇവരുടെ ഉള്ളിലെ പരസ്പരമുള്ള ആശ്വരസ്യങ്ങള്‍ക്കും തുടക്കമാകുകയാണ്. ഇങ്ങനെ അടി, ഇടി, വലി എന്ന രീതിയില്‍ പോകുന്ന സിനിമക്ക് ഒരു മറ്റൊരു മാനം വരുന്നത്, രണ്ടാം പകുതിയിലാണ്.

  ആദ്യപകുതിയിലെ സംഭ്രമജനകമായ രംഗങ്ങള്‍ കണ്ടിരിക്കുന്നവരെ ആവശേംകൊള്ളിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്ക് സിനിമയുടെ സ്റ്റഫ്‌നസ് നമുക്ക് കാഴ്ചയിലൂടെ അനുഭവിപ്പിക്കുന്നത് രണ്ടാംപകുതി തന്നെയാണ്. പുറമേനിന്ന് നോക്കുമ്പോള്‍ എല്ലാ സുഖസൗകര്യങ്ങളോടുമുള്ള ഒരു കുടുംബം എന്ന് സേനാപതിയെക്കുറിച്ച് തോന്നും. എന്നാല്‍ അതിനപ്പുറത്ത് പരസ്പരം തീരെ മനസ്സിലാക്കാത്ത, അടുത്തറിയാത്ത ഒരു കൂട്ടം ആളുകളാണ് തന്റെ കുടുംബത്തില്‍ എന്ന് സേനാപതി തന്നെ മരിക്കുന്നതിന് മുന്‍പ് തിരിച്ചറിയുകയാണ്. ഇതിന് ഉദാഹരണമാണ് തങ്ങളെ ആക്രമിച്ചതാരാണെന്ന് സ്വന്തം ഭാര്യയോട് സേനാപതി തന്നെ ആശുപത്രിയില്‍ നിന്ന് തിരിച്ചുവന്നശേഷം നിനക്ക് തോന്നുന്നുണ്ടോ , നമ്മളെ ആക്രമിച്ചത് പുറമേ നിന്നാരെങ്കിലുമാണോ എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുന്നത്. നീ പ്രസവിച്ച ഒരാള്‍ തന്നെയാണ് അതിന് പിന്നിലെന്ന് അദ്ദേഹം ഭാര്യയെ ബോധ്യപ്പെടുത്തുകയാണ്.
  നഗരവത്കരണമെന്നത് എങ്ങനെ നമ്മുടെ ജനത്തെ ബാധിക്കുന്നുവെന്നുള്ള അന്വേഷണ മാണ് നിലവില്‍ വന്നതും വരാനിരിക്കുന്നതുമായ ഗ്യാങ്ങ്‌സ്‌റ്‌റാര്‍ ചലച്ചിത്രങ്ങളില്‍ നിന്ന് ഒരു വ്യത്യസ്ത ഈ സിനിമക്ക് നല്കുന്നത്.

  സിനിമയിലെ ആദ്യത്തില്‍ പറയുന്നതുപോലെ പാലവും റോഡും മറ്റ് വന്‍കിട കെട്ടിടങ്ങള്‍ പൊങ്ങിവരുന്ന നഗരത്തിന്റെ മാറ്റത്തിനോടൊപ്പം കുറ്റവാളികളും കുറ്റവാസനയും കൂടിവരുന്നത്കൂടി കൂട്ടിവായിക്കണമെന്നാണ്. ഒരു അധലോക നായകനായ അച്ഛനും മക്കള്‍ക്കുമിടയിലും അമ്മയ്ക്കും മക്കള്‍ക്കുമിടയിലുമെല്ലാം വരുന്ന ഗ്യാപ്പ് കുടുംബ ബന്ധത്തിലുണ്ടാക്കുന്ന വിള്ളല്‍ എത്രമാത്രമാണെന്നാണ് സിനിമ പിന്നീട് പറയുന്നത്. ഭൗതികമായി എല്ലാം നേടിയിട്ടും സ്വന്തം കുടുംബം നേടാന്‍ കഴിയാത്ത പ്രധാന നായകന്‍ സേനാപതി വന്‍ അപകടത്തില്‍നിന്ന് തന്റെ മനശക്തികൊണ്ട് തിരിച്ചുവരുന്നുണ്ടെങ്കിലും കുടുംബത്തെക്കുറിച്ചുള്ള ആലോചനയൂടെ മൂര്‍ധന്യത്തില്‍ ഹൃദയാഘാതം വന്ന് മരിക്കുകയാണ്. ഇങ്ങനെ സ്വന്തം ജീവിതത്തില്‍ പരാജയപ്പെട്ട ഒരു കഥാപാത്രമാണ് താനെന്ന് പ്രകാശ് രാജിന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഇതുപോലെ തന്നെയാണ് മൂന്നാമത്തെ മകന്‍ എത്തിരാജനെ കാണാനെത്തുന്ന അമ്മയോട് എത്തിപറയുന്ന ഡയലോഗുകളും. സ്വന്തം അമ്മ തന്നില്‍ നിന്ന് അകന്നുപോയി എന്നുള്ളത് എത്തി തുറന്നുപറയുന്നുണ്ട്. തന്റെ മക്കളെ കോര്‍ത്തിണക്കുവാന്‍ തന്റെ മാതൃത്വത്തിന് കഴിഞ്ഞില്ലെന്നുള്ള ദുഖംകൂടി പ്രേക്ഷകനോട് ഈ സീനിലൂടെ അമ്മയിലൂടെ മണിരത്‌നം സംവേദനം ചെയ്യുമ്പോഴാണ് ഈ ചലച്ചിത്രം വെറുമൊരു വിനോദ നേരംപോക്ക് എന്നതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നത്.

  ചെക്ക ചിവന്ത വാനം എന്ന സിനിമയില്‍ സംവിധായകന്‍ മണിരത്‌നത്തെ ഏറെ അഭിനന്ദിക്കേണ്ട ഏറ്റവും പ്രാധാനമായ കാര്യങ്ങളിലൊന്ന് ഈ ചലച്ചിത്രത്തിലെ കാസ്റ്റിംഗാണ്. അരവിന്ദ് സ്വാമി, അരുണ്‍വിജയ്, ചിമ്പു എന്നിവരെ മക്കള്‍ വേഷത്തിലേക്കും സേനാപതിയുടെ പഴയ എതിരാളിയായി കടന്നുവരുന്ന ത്യാഗരാജനുമെല്ലാം കഥാപാത്രങ്ങള്‍ക്കിണങ്ങിയ താരങ്ങളെ കണ്ടെത്തുന്നതിലെ മണിരത്‌നത്തിന്റെ കഴിവിനുള്ള ഉത്തമോദാഹരങ്ങളില്‍ ചിലതാണ്.

  ഗ്യാങ്സ്റ്റാര്‍ കഥകളില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യംപൊതുവെ കാണാറില്ലെങ്കിലും ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം തങ്ങളുടെതായ ശക്തിയുണ്ട് എന്നുള്ളത് വേറിട്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് ജ്യോതികയുടെ മൂത്ത മരുമകള്‍ ചിത്ര എന്ന കഥാപാത്രം. ശക്തമായ ബോള്‍ഡായ ഒരു ക്യാരക്‌റററിനെ ജ്യോതിക ഏറെ ഭംഗിയാക്കിയിട്ടുണ്ട്. മണിരത്‌നത്തിന്റെതായ രീതിയില്‍ വ്യത്യസ്തകൊണ്ടു വരുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും നമ്മുടെ മനസ്സില്‍ ഉയരുന്ന പ്രതീക്ഷകളെ പൂര്‍ണമായി തൃപ്തിയിലാക്കുന്ന രീതിയിലുള്ള ഒരു ചലച്ചിത്രമായി ചെക്ക ചിവന്ത വാനത്തിന് സാധിച്ചിട്ടില്ലെന്നുള്ളതും ഇവിടെ കുറിക്കാതെ വയ്യ.

  English summary
  About chekka chivanatha vaanam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X