twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാരോപദേശം കൊണ്ട് മുഷിപ്പിക്കില്ല, ചൂളമിട്ട് പായുന്ന എന്റര്‍ടെയിനര്‍ തീവണ്ടി!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    പ്രളയകാല കേരളത്തിലെ യഥാര്‍ത്ഥ സ്റ്റാര്‍ ടൊവിനോ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഒരു സാധാരണക്കാരനേപ്പോലെ ഒപ്പം നിന്ന് അധ്വാനിച്ച ടൊവിനോയെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടാടുകയായിരുന്നു. എന്നാല്‍, പ്രളയാനന്തരം തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുന്ന സിനിമ വിജയിക്കാന്‍ ഇത് മാത്രം പോരെന്ന് ഇതേ പ്രേക്ഷകര്‍ ടൊവിനോയെ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മറഡോണയുടെ വിജയത്തിന് ശേഷം തിയറ്ററിലേക്ക് എത്തുന്ന തീവണ്ടി തിയറ്ററില്‍ ചിരിയുടെ പാളമിട്ട് ചൂളമിട്ട് പായുകയാണ്.

    മുന്‍വിധികളേയും ബുദ്ധിജീവി നാട്യത്തിന് മുഖത്തണിയുന്ന അസാമാന്യ യുക്തിയുടെ കണ്ണടയും ടിക്കറ്റ് കൗണ്ടറില്‍ ഏല്‍പിച്ചിട്ടാകണം കൊട്ടകയുടെ ഇരുട്ടിലേക്ക് കാല്‍വയ്ക്കുവാന്‍. വേണ്ടി വന്നാല്‍ ഉറക്കെ ചിരിക്കാനും കൈയടിക്കാനും മടിയില്ലാത്ത മനസുമായി എത്തുന്ന പ്രേക്ഷകനെ നിരാശപ്പെടുത്താതെ മുന്നോട്ട് പോകാനാകുന്നുണ്ട് ഈ തീവണ്ടിക്ക്.

    പുകവലിയും രാഷ്ട്രീയവും

    പുകവലിയും രാഷ്ട്രീയവും

    നാട്ടിന്‍പുറത്തെ നിഷ്‌കളങ്കതയില്‍ പുകവലി പ്രമേയമാകുന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ വിടുവായത്തങ്ങളെ കണക്കില്‍ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. പുകവലിയുടെ രാഷ്ട്രീയമല്ല പുകവലിക്കൊപ്പം ഇന്നിന്റെ രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. ബിനീഷ് ദാമോദരന്‍ (ടൊവിനോ തോമസ്) എന്ന ചെയിന്‍ സ്‌മോക്കറാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു.

    ചെറുപ്പത്തില്‍ അമ്മാവന്‍ വലിച്ച് ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റിയില്‍ നിന്നും ആദ്യ പുകയെടുത്ത് തുടങ്ങുന്ന ബിനീഷ് വളര്‍ന്നതിനൊപ്പം സിഗരറ്റുമായുള്ള ബന്ധവും വളര്‍ന്നു. പിരിയാന്‍ പറ്റാത്ത വിധം സിഗരറ്റ് ബിനീഷിന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ അവന്‍ ആഗ്രഹിച്ച പലതും അവന് കൈവിട്ട്‌പോകുകയാണ്. തനിക്ക് വേണ്ടിയല്ലെങ്കിലും സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ ബിനീഷ് തീരുമാനിക്കുകയും അതിന് വേണ്ടി നടത്തുന്ന പെടാപ്പാടുകളും നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്.

    പൊളിറ്റിക്കല്‍ സറ്റയര്‍

    പൊളിറ്റിക്കല്‍ സറ്റയര്‍

    ബിനീഷിന്റെ പുകവലിക്കൊപ്പം ബിഎസ്‌സിഎല്‍ രാഷ്ട്രീയ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെ കാപട്യങ്ങളെ തുറന്ന് കാണിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണകക്ഷിയിലേക്ക് മറുകണ്ടം ചാടി മന്ത്രി കസേര ലക്ഷ്യമിടുന്ന പാര്‍ട്ടി നേതാവും ജനദ്രോഹപരമായ ബജറ്റിനെ മന്ത്രി കസേര എന്ന ഒറ്റ ലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തി ന്യായികരിക്കാന്‍ ശ്രമിക്കുന്നതും ആഫ്രിക്കയിലെ ഒരു വിമാനത്താവളത്തിലെ വൃത്തിഹീനമാക്കുന്നതിനെതിരെ കേരളത്തിലെ കൊച്ചു ഗ്രാമത്തില്‍ മനുഷ്യ ചങ്ങല നിര്‍മിക്കുന്നതും തീവണ്ടിയുടെ സഞ്ചാര വഴിയിലെ ചില രാഷ്ട്രീയ ചിന്തകള്‍ മാത്രം. പുകവലിയിലും രാഷ്ട്രീയത്തിലും പ്രേക്ഷകര്‍ക്കുള്ള രസക്കൂട്ടുകള്‍ ആവശ്യാനുസരണം ചേര്‍ക്കാനും അത് അവരിലേക്ക് എത്തിക്കാനും ഫെലിനി ടിപിക്ക് തന്റെ പ്രഥമ സംവിധാന സംരഭത്തില്‍ സാധിച്ചിട്ടുണ്ട്.

    ക്യാമറയ്ക്ക് മുന്നിലും പിന്നിലും

    ക്യാമറയ്ക്ക് മുന്നിലും പിന്നിലും

    ചെയിന്‍ സ്‌മോക്കറായി ടൊവിനോ തോമസും ശാലീന സുന്ദരിയായ നാട്ടിന്‍പുറത്തുകാരിയായി സംയുക്ത മേനോനും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. അഭിനേതാവെന്ന നിലയിലുളള ടൊവിനോയുടെ വളര്‍ച്ച ഈ ചിത്രത്തില്‍ കാണാം. സുരാജ് വെഞ്ഞാറമ്മൂടും, സൈജു കുറുപ്പും, ഷമ്മി തിലകനും, രാകേഷ് ശര്‍മ്മയും, സുരഭി ലക്ഷ്മിയും ഉള്‍പ്പെടെയുള്ള താരങ്ങളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ടൊവിനോയുടെ ബിനീഷ് എന്ന കഥാപാത്രത്തിന്റെ അമ്മാവനായി എത്തിയ സുധീഷിന്റെ പ്രകടനം പ്രത്യേകം എടുത്ത് പറയേണ്ടുതന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം സുധീഷിനെ തേടി മികച്ചൊരു കഥാപാത്രമെത്തിയിരിക്കുകയാണ്.

    വിനി വിശ്വലാലിന്റെ തിരക്കഥയില്‍ തന്റെ അരങ്ങേറ്റം മികച്ചതാക്കാന്‍ സംവിധായകന്‍ ഫെലിനിക്ക് സാധിച്ചു. ചെറിയൊരു ആശയത്തെ ഹാസ്യത്തിന്റെ രസച്ചരടില്‍ കോര്‍ത്ത് 143 മിനിറ്റുകൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ്. സംഗീത സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ അരങ്ങേറ്റം കൈലാസ് മേനോന്‍ ഗംഭീരമാക്കി. യൂടൂബില്‍ തരംഗമായി മാറിയ ഗാനങ്ങള്‍ക്കൊപ്പം പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു. ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും കാഥഗതിയേട് നീതി പുലര്‍ത്തി.

    പിടി ഒന്നയഞ്ഞ രണ്ടാം പകുതി

    പിടി ഒന്നയഞ്ഞ രണ്ടാം പകുതി

    ബിനീഷിന്റെ സിഗരറ്റ് പ്രണയത്തിന് പിന്നിലെ കഥ രസകരമായി പറഞ്ഞ ഫ്‌ളാഷ് ബാക്കും പുകവലിയുടെ തുടക്കവും ഉള്‍പ്പെടെ വളരെ രസകരമായി പ്രേക്ഷകരില്‍ ചിരി പടര്‍ത്തി മുന്നോട്ടു പോകുന്ന ഒന്നാം പകുതി. എന്നാല്‍ രണ്ടാം പകുതിക്ക് ആ താളമായിരുന്നു. വേഗം അല്പം കുറഞ്ഞ് തിരിച്ചറിവിന്റെ ഗൗരവം നിറഞ്ഞതായിരുന്നു രണ്ടാം പകുതി. പ്രവചനീയമായ കഥാ സഞ്ചാരം പ്രേക്ഷകനെ മുഷിപ്പിക്കുന്നതിന് മുന്നേ ക്ലൈമാക്‌സിലേക്ക് എത്തിക്കാന്‍ സാധിച്ചതായിരുന്നു രണ്ടാം പകുതിയിലെ സംവിധായകന്റെ വിരല്‍ സ്പര്‍ശം.

    'പുഞ്ചിരിയോടെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എത്ര പേരെ നിനക്കറിയാം', എന്ന് ചിത്രത്തിലെ ഒരു കഥാപാത്രം ചോദിക്കുന്നത് പ്രേക്ഷകരോട് ഓരോരുത്തരോടുമാണ്. ആദിയോടന്തം ഒരു പുഞ്ചിരി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും അത് അവന്റെ മുഖത്ത് അവശേഷിക്കുകയും ചെയ്യുന്നു എന്നതുതന്നെയാണ് തീവണ്ടിക്ക് ലഭിക്കുന്ന വലിയ അംഗീകാരം.

    English summary
    Theevandi is a feel good entertainer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X