For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടി ദാമോദരന്റെ ഇഷ്ട നടനും മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു ക്യാപ്റ്റന്‍ രാജു!

  By Desk
  |

  എ വി ഫര്‍ദിസ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

  കാര്യം നിസ്സാരമായിരുന്നെങ്കിലും ക്യാപ്റ്റന്‍ രാജുവിനെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു സ്വയം കാറോടിച്ച് അദ്ദേഹം നേരിട്ട് കോഴിക്കോട് മാതൃഭൂമിയിലെത്തിയത്. എന്തായാലും വേണ്ടില്ല എനിക്ക് എഴുതിയ ആളെ കണ്ടേ തീരൂ. ന്താണിത് എഴുതി വെച്ചിരിക്കുന്നത്. ദേഷ്യത്തോടൊപ്പം വലിയ ബഹളം വെച്ചായിരുന്നു രാജുവിന്റെ പ്രതികരണങ്ങള്‍. ഉന്നതന്മാരില്‍ പലരും വന്ന് വിഷയത്തില്‍ ഇടപെട്ടതോടു കൂടി ആള് തണുത്തു. ക്യാപ്റ്റന്‍ രാജുവിനെക്കുറിച്ച് മാതൃഭൂമിയിലെ ക്ലാസിഫൈഡ് പേജിലെ ചിരിമരുന്ന് എന്ന ഹാസ്യ കോളത്തില്‍ എന്തോ ഒരു കുറിപ്പ് വന്നതായിരുന്നു വിഷയം. വലിയ പ്രശ്‌നമില്ലാത്ത വെറും നിര്‍ദോഷമായ എന്തോ ഒരു തമാശയായിരുന്നു. എന്നാല്‍ ഉള്ളില്‍ വെക്കാതെ എല്ലാം തുറന്നു പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നതിനാല്‍, പെട്ടെന്ന് ദേഷ്യം പിടിക്കുക സ്വാഭാവികം. അങ്ങനെ ഒരു ദേഷ്യത്തിലാണ് കുറിപ്പ് കണ്ടപാടെ മാതൃഭൂമിയുടെ ഓഫീസിലേക്ക് നേരെ വന്നത്.

  captain-raju

  ക്യാപ്റ്റന്‍ രാജുവിന്റെ കോഴിക്കോട്ടേക്കുള്ള സഞ്ചാരങ്ങള്‍ക്ക് ആദ്യകാലങ്ങളിലെ പ്രധാന കാരണം, തിരക്കഥാകൃത്ത് ടി. ദാമോദരന്‍ എന്ന വ്യക്തിയോടുള്ള അടുപ്പം തന്നെയായിരുന്നു. ദാമോദരന്‍ മാഷിന് ക്യാപ്റ്റനോടും ക്യാപ്റ്റന് ദാമോദരന്‍മാഷിനോടും ഒരു പ്രത്യേക വാത്സല്യവും ഇഷ്ടവുമുണ്ടായിരുന്നു. ഇതു തന്നെയാണ് ക്യാപ്റ്റന്‍ രാജു എന്ന അഭിനേതാവിന് മലയാള സിനിമയില്‍ ബ്രേക്കിംഗ് നല്‍കി എന്നു പറയാവുന്ന ഒരു കഥാപാത്രം ആദ്യമായി ദാമോദരന്‍ മാഷിന്റെ തൂലികയില്‍ നിന്ന് തന്നെ പിറന്നു വീഴുവാന്‍ കാരണമായതും. മമ്മൂട്ടി എന്ന നടന്റെ കരിയറില്‍ ഇന്‍സ്‌പെക്ടര്‍ ബലറാം എത്രത്തോളം സ്വാധീനവും മുന്നേറ്റവും നടത്തിയോ സമാനമായ മുന്നേറ്റം ആവനാഴിയിലെ സത്യരാജ് എന്ന കഥാപാത്രത്തിലൂടെ ക്യാപ്റ്റന്‍ രാജുവിനും മലയാള സിനിമാ ലോകത്തുണ്ടായിട്ടുണ്ട്. അദ്വൈതം വരെയുള്ള ദാമോദരന്‍ മാഷിന്റെ തൂലികയില്‍ നിന്നു പിറന്ന ചലച്ചിത്രങ്ങളിലെല്ലാം അപ്രധാനമല്ലാത്ത ഒരു കഥാപാത്രം ക്യാപ്റ്റന്‍ രാജുവിനായി അദ്ദേഹം കരുതിവെച്ചിരുന്നു. ദാമോദരന്‍ മാഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തോടും ഈയൊരു ഇഷ്ടം അകലമില്ലാതെ ക്യാപ്ടന്‍ രാജു സൂക്ഷിച്ചിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി.വി ഗംഗാധരനോടും അദ്ദേഹത്തിനുണ്ടായിരന്നത് ഇങ്ങനെ സഹോദര സ്‌നേഹതുല്യമായ ബന്ധമായിരുന്നു. മാതൃഭൂമിയില്‍ തമാശകുറിപ്പ് കണ്ട് ദേഷ്യപ്പെട്ട് വന്നതെല്ലാം അദ്ദേഹത്തിന്റെ ശുദ്ധ മനസ്സില്‍ നിന്നുള്ള പ്രതികരണങ്ങളാണെന്നാണ് പി.വി ഗംഗാധരന്‍ പറയുന്നത്.

  മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണം കോഴിക്കോട്ടുകാരനായ കെ.പി ഉമ്മറിനാണെങ്കിലും ഉമ്മറിനു ശേഷം അകാരസൗഷ്ടവം കൊണ്ടും മറ്റും മലയാള പ്രേക്ഷകരുടെ മനം കീഴടക്കിയ വില്ലനായിരുന്നു ക്യാപ്റ്റന്‍ രാജു. തന്റെ തലയെടുപ്പ് കൊണ്ട് എന്നും ഷൂട്ടിംഗ് സെറ്റുകളിലടക്കം ക്യാപ്റ്റനായി തന്നെ ജീവിക്കുകയായിരുന്നു രാജു എന്ന രാജു ദാനിയല്‍. പല സിനിമകളിലും ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് ഒരു ക്രൂരകഥാപാത്രമായി കയറിയിട്ടില്ലായിരുന്നു. ഇതുകൊണ്ടു തന്നെയാണ് പില്ക്കാലത്ത് വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി നടന്നപ്പോള്‍ ജനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഇദ്ദേഹത്തെ മറ്റു കഥാപാത്രങ്ങളായും സ്വീകരിച്ചത്.
  വില്ലന്‍ വേഷങ്ങളുടെയും മറുപുറം കണ്ട നടന്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍ രാജു. ആവനാഴിയില്‍ സത്യരാജ് എന്ന അന്നത്തെ ശക്തനായ വില്ലനെ അതിന്റെ എല്ലാ ഭീകരതയോടും കൂടി അവതരിപ്പിച്ചപ്പോഴും, ഇതിന് നേരെ വിപരീതമായി ആക്ഷേപഹാസ്യത്തോടെ അവതരിപ്പിച്ചതാണ് നാടോടിക്കാറ്റിലെ മിസ്റ്റര്‍ പവനാഴി എന്ന വില്ലനായ വാടകക്കൊലയാളി. ശരിക്കും സത്യരാജ് എന്ന കഥാപാത്രത്തെയായിരുന്നു മിസ്റ്റര്‍ പവനാഴി കളിയാക്കിവിടുന്നത്. ഇതാണ് ഇന്നും മലയാളികളുടെ കാഴ്ചയില്‍ മായ്ക്കാത്ത കാഴ്ചയായി നില്ക്കുന്നത്.

  captain-raju

  ഒരു നടന്‍ എന്ന നിലക്ക് നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്നത് ഗൗരവത്തിലുള്ള വില്ലനെയും തമാശയിലുള്ള വില്ലനെയും ഒരേ ലാഘവത്തോടെ കൈകാര്യം ചെയ്യുവാനുള്ള രാജുവിലെ അഭിനേതാവിന്റെ കഴിവിനെയാണ്. സത്യരാജ് (ആവനാഴി), നിക്കോളാസ് (ഓഗസ്റ്റ് 1) എന്നീ ശക്തമായ വില്ലന്‍മാരിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ക്യാപ്ടന്‍ തന്നെയാണ് മിസ്റ്റര്‍ പവനാഴി( നാടോടിക്കാറ്റ്) കരുനന്‍ ചന്ദനക്കവല അഥവാ സി.ഐ.ഡി കരംചന്ദ് (സി.ഐ.ഡി മൂസ) എന്നീ തമാശ നിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിച്ചത്. ഇതുകൊണ്ടു തന്നെയാണ് നാടോടിക്കാറ്റ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വില്ലന്‍ വേഷത്തില്‍ അന്നത്തെ തമിഴ് നടന്‍മാരെയൊന്നും പരിഗണിക്കാതെ ക്യാപറ്റന്‍ രാജുവിനെ തന്നെ സംവിധായകന്‍ തെരഞ്ഞെടുത്തത്. കടമേ കനിയം കട്ടുപാടൂ എന്ന തമിഴ് റീമേക്കില്‍ സത്യരാജ്, ഗീത, ജീവിത എന്നിവരോടൊപ്പമാണ് ക്യാപ്റ്റന്‍ അന്ന് വേഷമിട്ടത്.

  അഞ്ഞൂറിലധികം ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം ഇദ്ദേഹം തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകളില്‍ കൂടി അിറയിച്ചെങ്കിലും നേരത്തെ സൂചിപ്പിച്ച ക്രൂരരായ വില്ലന്മാരായ സത്യരാജ്, നിക്കോളാസ്, ആക്ഷേപഹാസ്യത്തിന്റെ മകുടോദാഹരണങ്ങളായ മിസ്റ്റര്‍ പവനാഴി, സി.ഐ കരംചന്ദ് എന്നിവയോടൊപ്പം ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടനും പഴശ്ശിരാജയിലെ മാഞ്ചേരിയില്‍ ഉണ്ണിമൂത്ത എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ തന്നെയായിരിക്കും മലയാള സിനിമാ ചരിത്രത്തില്‍ രാജു എന്നും ക്യാപ്ടനായി തലയുയര്‍ത്തി നിൽക്കുക.

  English summary
  AV Fardis artcle about Actor Captain Raju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X