twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യസന്ധമായി സിനിമയെ സമീപിക്കുന്ന യുവത്വം! 2017 ന്യൂജെന്‍ സംവിധായകരുടെ വര്‍ഷമായിരുന്നു..

    By Desk
    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    മലയാളത്തിലെ പുതുതലമുറാ ചലച്ചിത്രങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷമെന്ന് വേണമെങ്കില്‍ പറയാം. പുതിയ പ്രമേയങ്ങളും ആഖ്യാനത്തിലെ വ്യത്യസ്തകള്‍ കൊണ്ട് യാഥാര്‍ഥ ജീവിതത്തെ സ്‌ക്രീനില്‍ അനുഭവിപ്പിക്കുന്നതായിരുന്നു മലയാളത്തിലെ യുവതലമുറയുടെ കൈകളിലൂടെ പിറന്ന ആ സിനിമകളെല്ലാം. സമാന്തര, മുഖ്യധാരാ വേര്‍തിരിവുകളില്ലാതെ സത്യസന്ധമായി സിനിമയെ സമീപിക്കുകയായിരുന്നു ഈ ചെറുപ്പക്കാര്‍. മലയാളത്തിന്റെ പുതുതലമുറ സിനിമാക്കാരുടെ ഈ രംഗത്തുള്ള സംഭാവനകെളന്തായിരുന്നുവെന്ന പരിശോധനയാണ് സദീം മുഹമ്മദിന്റെ ഈ അവലോകനം..

    അടയാളപ്പെടുത്തുന്ന ന്യൂജെന്‍ ചലച്ചിത്രങ്ങള്‍

    അടയാളപ്പെടുത്തുന്ന ന്യൂജെന്‍ ചലച്ചിത്രങ്ങള്‍

    ഏതൊരു കലാസൃഷ്ടിയും ഏറ്റവും മികച്ചതായി മാറണമെങ്കില്‍ അതിനോട് അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്ന ആത്മാര്‍ഥത ഒരു പ്രധാന ഘടകമാണ്. നമ്മുടെ ചലച്ചിത്ര മേഖലയില്‍ ഒരു കാലം വരെ ഇത്തരം ആത്മാര്‍ഥതക്ക് പകരം പലവിധ ഉപദേശ നിര്‍ദേശങ്ങളനുസരിച്ച് തയ്യാറാക്കിയ മാനദണ്ഡങ്ങളായിരുന്നു സിനിമാ നിര്‍മാണത്തിന് ഇറങ്ങിയവരെ നയിച്ചിരുന്നത്. ഇതോടു കൂടി സിനിമ എന്നാല്‍ കച്ചവടത്തിന്നുള്ള അനേകം മാര്‍ഗങ്ങളിലൊന്നു മാത്രമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഒരു കലാരൂപം, സാമൂഹ്യ മാധ്യമം എന്നിങ്ങനെയുള്ള തലങ്ങള്‍ ചലച്ചിത്രത്തിന്നുണ്ടെന്ന് മുഖ്യധാരാ സിനിമാ ലോകത്തുള്ളവര്‍ക്ക് അറിയാതെ വരെ പോകുന്ന അവസ്ഥയിലേക്കാണ് അത് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചത്. ഇങ്ങനെ തീയേറ്ററിലേക്ക് ഓടിക്കൂടുന്ന ജനത്തിന്റെ ഇഷ്ടങ്ങളെന്നും അനിഷ്ടങ്ങളെന്നും പറഞ്ഞ് സിനിമാ ലോകത്തെ കൈ വിരലിലെണ്ണാവുന്നവര്‍ നിശ്ചയിച്ച അനേകം മാനഭണ്ഡങ്ങളില്‍ കിടന്നു കറങ്ങുന്ന പമ്പരം മാത്രമായി മാറി മുഖ്യധാരാ മലയാള സിനിമ.

    സൂപ്പര്‍, മെഗാ സ്റ്റാര്‍

    പക്ഷേ ഈ രീതിയല്‍ ഉള്ള എല്ലാ ഇക്കേഷനുകളനുസരിച്ചുള്ള ചേരുവകളോടെ തട്ടിക്കൂട്ടിയ സൂപ്പര്‍, മെഗാ സ്റ്റാര്‍ സിനിമകള്‍ പോലും പിന്നീട് തീയേറ്ററുകളുടെ നാലയലത്തു കൂടെ താരാരാധകര്‍ പോലും എത്തി നോക്കാതെ പൊട്ടിവീഴുവാന്‍ തുടങ്ങി. എന്നാലപ്പോഴും വിതരണക്കാരടക്കമുള്ളവര്‍ പുതിയ തലമുറയുടെ നവ മലയാള സിനിമകളോട് വലിയ താല്‍പര്യം പുലര്‍ത്തിയിരുന്നില്ല. എങ്കിലും നിലവിലുള്ള ചലച്ചിത്ര രീതികളില്‍ മാറ്റം എന്നുള്ളതിനോട് ഒരനുകൂല നിലപാട് സ്വീകരിക്കുന്ന സമീപനത്തിലേക്കെങ്കിലുമെത്തി. സിനിമാറ്റിക്കാകുയെന്ന പ്രയോഗത്തിന്ന് യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയെന്നതായിരുന്നു മുഖ്യധാരാ സിനിമാലോകത്തിന്റെ രീതി. അങ്ങനെയാണ് രാഷ്ട്രീയക്കാരനും കോടതിയും മാധ്യമങ്ങളും പോലീസുമെല്ലാം നമ്മുടെ പരിസരത്തുളളതിനപ്പുറം തിരക്കഥാകൃത്തും സംവിധായകനുമെല്ലാം സൃഷ്ടിക്കുന്ന ഉട്ടോപ്പിയന്‍ മാതൃകകള്‍ മാത്രമായി മാറിയത്.

    എങ്കിലും ഇടക്കാലത്ത് സിനിമ ഉപരിപ്ലവമായാണോ മലയാളിയുടെ ജീവിതത്തെ ചിത്രീകരിക്കുന്നതെന്ന ചോദ്യത്തെ അഭിമുഖീകരിക്കുവാന്‍ മുഖ്യധാരാ സിനിമാ ലോകം തയ്യാറായി. നല്ല പ്രമേയവുമായി വന്നിരുന്ന സിനിമക്ക് വേണ്ടി എല്ലാ വിധ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായി മുന്‍പ് ഒരു മെഗാസ്റ്റാര്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് സൗജന്യമായി അഭിനയിക്കുക മാത്രമല്ല അതിന്റെ നിര്‍മാണ ചുമതലയടക്കം നിര്‍വഹിക്കുവാന്‍ തയ്യാറായി പുതുതലമുറയിലെ നായകന്മാരും തയ്യാറാകുന്ന കാഴ്ചയാണ് പിന്നിടങ്ങോട് കണ്ടത്.

     ദിലീഷ് പോത്തന്‍

    ഇങ്ങനെ ജീവിതത്തോട് അടുത്തു നിന്ന അയഥാര്‍ത്ഥങ്ങളുടെ മേമ്പൊടിയില്ലാത്ത മലയാളിയുടെ ജീവിതം പറയുന്ന കാഴ്ചകള്‍ തീയേറ്ററുകളില്‍ നിന്ന് തന്നെ കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന തലത്തില്‍ വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു. ഇതോടെ നിലവിലുള്ള പ്രൊഡക്ഷന്‍'ഹൗസുകള്‍ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം ലോ ബജറ്റ്, സബ്ജക്റ്റ് ന്യൂവേവ് സിനിമ എന്ന രീതിയിലേക്ക് കൂടുതല്‍ ആകൃഷ്ടരായി. അങ്ങനെയാണ് നമ്മുടെ ചലച്ചിത്രവും ചലച്ചിത്രലോകവും അതിന്റെ മായിക കാഴ്ചയില്‍ നിന്ന് കൂടുതല്‍ യാഥാര്‍ഥ്യ ബോധ്യത്തിലേക്ക് ഇറങ്ങി വരുവാന്‍ തുടങ്ങിയത്. ഇങ്ങനെ മലയാള മുഖ്യധാരാ സിനിമാ പ്ലാറ്റ് ഫോമില്‍ തന്നെ കാഴ്ചയുടെ പുതിയ പാന്ഥാവ് വെട്ടുന്നതില്‍ മുന്നില്‍ നടന്ന യുവ സംവിധായകരാണ് ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ തുടങ്ങി ഒരു കൂട്ടം പേര്‍.

     ഐഎഫ്എഫ്‌കെയുടെ സ്വാധീനം..

    ഐഎഫ്എഫ്‌കെയുടെ സ്വാധീനം..

    മുഖ്യധാരാ സിനിമാ ലോകം, ഗൗരവമായി സിനിമയെ കാണുന്ന ഒരു മലയാളി സമൂഹത്തെ ഉണ്ടാക്കുന്നതില്‍ എന്തു പങ്കു വഹിച്ചുവെന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍ കാര്യമായൊന്നുമില്ല എന്നുള്ളത് തന്നെയാണ് ഈ സമീപസ്ഥത്തുള്ള ഏതാനും ഉദാഹരണങ്ങള്‍ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് പറയുവാന്‍ സാധിക്കുക. സിനിമയെ ഗൗരവമായി കാണുന്ന ഒരു സംസ്‌കാരത്തിന്ന് ഏറ്റവും വലിയ സംഭാവന നല്കിയത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള തന്നെയാണ്. ലോകമെങ്ങുമുള്ള തിരശ്ചീന ചിത്രങ്ങളുടെ വ്യതിരിക്തമായ കാഴ്ചകള്‍ക്ക് കേരളത്തിലങ്ങോളമിങ്ങോളം പ്രചാരമുണ്ടാക്കിയതും ഇത്തരം കാഴ്ചകളിലുടെ ഇടക്കാലത്ത് നിര്‍ജീവമായി പോയിരുന്ന കേരളത്തിലെ ഫിലിംസൊസൈറ്റി പ്രസ്ഥാനങ്ങളുടെ ശക്തമായ തിരിച്ചു വരവുണ്ടാക്കുന്നതിന് ആദ്യപ്രചോദനമായത് ഐഎഫ്എഫ്‌കെ തന്നെയാണ്. ഇതോടൊപ്പം ഗൗരവമുള്ള നല്ല സിനിമ നിര്‍മിക്കുവാന്‍ താല്‍പര്യമുള്ള ഒരു വിഭാഗത്തെ ഈ ഐഎഫ്എഫ്‌കെ യുടെ കാഴ്ചക്കാരില്‍ നിന്ന് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍, സുദേവന്‍, ഷെറിന്‍, സജിന്‍ ബാബു, കെആര്‍ മനോജ് തുടങ്ങിയവരടങ്ങിയ മലയാള പുതുമുഖ സംവിധായകരിലെ ഒരു നവനിര തന്നെ ഇങ്ങനെ കടന്നു വന്നവരാണ്.

     മേഖലകള്‍

    മുന്‍പ് സമാന്തര, മുഖ്യധാരാ സിനിമാ മേഖലകള്‍ തമ്മില്‍ മുന്‍പ് വ്യക്തമായ അകലവും വേര്‍തിരിവുമെല്ലാം സിനിമാലോകത്ത് സൂക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, പുതിയ കാലത്ത് ഈ വേര്‍തിരിവുകളില്ലാതായി മാറുകയും ഒന്ന് പൂര്‍ണമായി കച്ചവടം/വില്പന എന്ന ലക്ഷ്യം മാത്രം മുന്‍ നിറുത്തി നിര്‍മിക്കപ്പെടുന്ന സിനിമകളും രണ്ടാമത്തേത് നല്ല പ്രമേയം, പ്രമേയപരമായി പുതുമയില്ലെങ്കിലും മെയ്ക്കിംഗിലെ (Making) വ്യത്യസ്തത കൊണ്ട് പുതിയ അനുഭൂതി നല്കുന്നവ എന്നിങ്ങനെ രണ്ട് തലത്തില്‍ പൊതുവായിട്ട് വേര്‍തിരിക്കാവുന്ന തരത്തിലുള്ള സിനിമകളുടെ കടന്നു വരവിനാണ് സാക്ഷ്യം വഹിച്ചത്.

    ആഷിഖ് അബു


    നമ്മുടെ സിനിമാ ലോകം മുന്‍പ് മുഖ്യമായ ഊന്നല്‍ നല്കിയിരുന്ന പല വാര്‍പ്പു മാതൃകളെയുമാണ് ഇവര്‍ പൊളിച്ചു കളഞ്ഞത്. പ്രത്യേകിച്ച് പല ചലച്ചിത്രങ്ങള്‍ക്കും. ആദി മധ്യാന്ത്യ പൊരുത്തമുള്ള കഥപോലുമുള്ളവയായിരുന്നില്ല. നായകനും നായികയും ആടി പാടി തുടങ്ങുന്ന സിനിമയിലേക്ക് ആദ്യ പകുതിയുടെ അവസാനത്തോടെ കടന്നു വരുന്ന വില്ലന്‍, ഇയാളുണ്ടാക്കുന്ന വില്ലത്തരങ്ങള്‍ ഇത് മറികടക്കുന്ന നായകന്‍ ഇത്തരം പാറ്റേണില്‍ നിന്ന് പുറമേക്ക് കടക്കുന്ന സിനിമകളായിരുന്നു പിന്നീട് മലയാളി കാര്യമായി കണ്ടത്. ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, സമീര്‍ സി താഹീറിന്റെ ചാപ്പ കുരിശ് തുടങ്ങിയ ചലച്ചിത്രങ്ങളാണ് ഇത്തരമൊരു ന്യൂജെന്‍ സിനിമാ എന്ന ചര്‍ച്ച ഏറെ സജീവമാക്കിയത്. ഈ സിനിമകള്‍ തീയേറ്ററിലെ പ്രേക്ഷകരിലൂടെ പൊതു സമൂഹത്തില്‍ കൂടുതല്‍ സംസാരമായെങ്കില്‍, ഫിലിം സൊസൈറ്റികളിലൂടെയും സമാന്തര ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനങ്ങളിലൂടെയും സുദേവന്റെ സി ആര്‍ നമ്പര്‍ 87, സനല്‍ കുമാര്‍ ശശിധരന്റെ ഒരാള്‍ പൊക്കവും, കെ.ആര്‍ മനോജിന്റെ കന്യക ടാക്കീസും ഉണ്ടാക്കിയ കാഴ്ച സമാനമായിരുന്നു. അനില്‍ രാധാകൃഷ്ണ മേനോന്റെ നോര്‍ത്ത് 24 കാതവും ഇതേ അഭിപ്രായമുണ്ടാക്കിയ സിനിമകളിലൊന്നാണ്.

    മഹേഷിന്റെ പ്രതികാരം


    ഇതിനു ശേഷം ന്യൂജെന്‍ സിനിമയുടെ പ്രത്യേകതയും വ്യതിരിക്തയെയും കുറിച്ച് വീണ്ടും ഒരു സജീവ ചര്‍ച്ച ഉണ്ടാക്കിയത്. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരമായിരുന്നു. താഴെക്കിടയിലുള്ളവന്റെ/അടിച്ചമര്‍ത്തപ്പെട്ടവന്റെ അപമാനിക്കപ്പെട്ടവന്റെ പ്രതികാരം എന്നതിന് പരാജയപ്പെടുന്ന നായകന്‍ പിന്നീട് എല്ലാം ഒരുക്കിക്കൂട്ടി വന്ന് വില്ലനെ അടിച്ചമര്‍ത്തിയിടുന്ന രൗദ്രഭാവമാണ് നാം കണ്ട മുന്‍വാര്‍പ്പ് മാതൃകയെങ്കില്‍ അതിനപ്പുറം വില്ലനെ കീഴടക്കുന്നുണ്ടെങ്കിലും അപ്പോഴും നായകന്‍ ശൂരനും വീരപരാക്രമിയൊന്നുമല്ല മറിച്ച് അത്യാവശ്യം തക്കിട തരികിടകളൊക്കെയുള്ള വര്‍ത്തമാനകാല മലയാളി യുവത്വത്തിന്റെ പ്രതീകമായിരുന്നു. സംഭ്രമാജനകമായി കാര്യങ്ങളെ കാണുന്നതിലുപരി, യാഥാര്‍ഥ്യ (Realtiy) ബോധ്യത്തിലേക്ക് നമ്മുടെ മുഖ്യധാരാ പ്രേക്ഷകരെ ഇറക്കി കൊണ്ടുവരുവാന്‍ അന്നത്തെ ഏറ്റവും താരമൂല്യമുള്ള ഫഹദ് ഫാസിലിനെപ്പോലെ രാളെക്കൊണ്ട് ശ്രമിച്ചു/ സാധിച്ചുവെന്നുള്ളതാണ് ഈ ചലച്ചിത്രം നിര്‍വഹിച്ച ഏറ്റവും വലിയ കടമ.

     2017 എന്ന യുവ സിനിമാ വര്‍ഷം

    2017 എന്ന യുവ സിനിമാ വര്‍ഷം

    ഇങ്ങനെ കഴിഞ്ഞ 2017 എന്ന വര്‍ഷത്തിലെത്തുമ്പോള്‍ മലയാളത്തിലെ പുതുമുഖ സിനിമകളുടെയും സംവിധായകരുടെയും വര്‍ഷം എന്നു തന്നെ പറയാവുന്ന സമയമായിരുന്നത്. ദേശീയ തലത്തില്‍ തന്നെ മലയാളത്തിലെ നവസിനിമകളും സംവിധായകരും എത്രമാത്രം ബഹുമാനത്തോടെയാണ് അംഗീകരിക്കപ്പെട്ടത് / ശ്രദ്ധിയ്ക്കപ്പെട്ടതെന്നതിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്റെ വാക്കുകള്‍ തന്നെ നാം ഓര്‍മിച്ചെടുത്താല്‍ മതി. നമ്മുടെ സിനിമാ ലോകം തന്നെ ഉണ്ടാക്കിയ യഥാര്‍ത്ഥ്യത്തോട് ഒട്ടും നീതി പുലര്‍ത്താത്ത ചിത്രീകരണ രീതിയില്‍ നിന്ന് മാറി ചിന്തിക്കുകയും ഇതുവരെ മലയാളി കാണാത്ത ഒരനുഭൂതി നല്കുവാന്‍ സാധിച്ചുവെന്നുള്ളതുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചലച്ചിത്രം. പോലീസിനെക്കുറിച്ചും കോടതിയെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചുമെല്ലാം അയഥാര്‍ത്ഥ്യങ്ങളാണ് ഭൂരിഭാഗം മലയാള ചലച്ചിത്രങ്ങളും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചത്. പ്രത്യേകിച്ച് പോലീസിനെക്കുറിച്ചുള്ള ആദ്യത്തെ മഹാഭാരതമോ രാമായണമോ എന്ന രീതിയില്‍ വരെ കെട്ടിഘോഷിക്കപ്പെട്ട ആക്ഷന്‍ ഹീറോ ബിജൂ എന്ന ചലച്ചിത്രം ഉണ്ടാക്കിയ സംഭ്രമജനകമായ കാഴ്ചയില്‍ നിന്ന് കേരളത്തിലെ സാധാ പോലീസ് സ്‌റ്റേഷനില്‍ എത്തിയ പ്രതീതിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമുണ്ടാക്കിയത്.

    ഫഹദ്

    ഇന്ന് പോലീസിനെതിരെ ഏറ്റവുമധികം പരാതിയുയരുന്ന ഇല്ലാത്ത കേസുകള്‍ ഉണ്ടാക്കല്‍ (fabricated Cases) അഥവാ വളച്ചൊടിക്കല്‍ എങ്ങനെ നടക്കുന്നുവെന്നത് കാണിച്ചു കൊടുക്കുകയായിരുന്നു. ഫഹദ് ഫാസില്‍ എന്ന അക്ഷരാര്‍ഥത്തിലുള്ള കള്ളന്റെ മാനറിസങ്ങളാണ് തൊണ്ടി മുതലിനെ വേറിട്ടതാക്കുന്നതില്‍ മുന്നില്‍ നടന്ന മറ്റൊരു പ്രധാന ഘടകം. ഫഹദ് എന്ന നായകന്റെ ഇതിലുള്ള സംഭാവനയെയും പറയാതിരിക്കാന്‍ പറ്റില്ല. നിയതമായ ഒരു കഥയോ, നായകനോ, പ്രതിനായകനോ, വില്ലനോ ഒന്നുമില്ല ഈ ചലച്ചിത്രത്തില്‍. മറിച്ച് നായക കഥാപാത്രം തുടക്കത്തില്‍ വില്ലനാകുകയും അവസാനം നല്ലവനാകുകയുമാണ്. തുറന്നു വെക്കുന്ന ക്യാമറയിലേക്ക് നോക്കി അഭിനയിക്കുകയല്ലാതെ ജീവിക്കുവാന്‍ അഭിനേതാക്കള്‍ക്ക് സാധിക്കുമ്പോഴാണ് അത് മനോഹരമായൊരനുഭൂതിയായി കാഴ്ചക്കാരന് മാറുക. ഇത്തരമൊരു കാഴ്ചാ സുഖം പ്രേക്ഷകന് നല്‍കുവാന്‍ മറ്റു പല സിനിമകള്‍ക്കും സാധിക്കാത്തവിധത്തില്‍ സാധിച്ചുവെന്നുള്ളതാണ് തൊണ്ടിമുതലിന്റെ വിജയം.

    സുഡാനി ഫ്രം നൈജീരിയ

    സുഡാനി ഫ്രം നൈജീരിയ

    എന്നാല്‍ സുഡാനി ഫ്രം നൈജീരിയയിലൂടെ സക്കരിയ എന്ന പുതുമുഖ സംവിധായകന്‍ ഇതിന് നേരെ വിപരീതമായ രീതിയിലാണ് ക്യാമറ തിരിച്ചു വച്ചത്. ഒരു പ്രദേശത്തിന്റെ സ്പന്ദനം, ഒരു നാടിന്റെ നന്മ എന്നിവയാണ് സുഡാനിയില്‍ വരച്ചുകാട്ടപ്പെട്ടത്. ചമല്‍ക്കാരങ്ങളില്ലാതെ ഫുട്ബാളിനെ സ്‌നേഹിക്കുന്ന ഒരു ജനതയുടെ വൈകാരികത അതേ തീവ്രതയോടെ ക്യാമറക്കണ്ണുകളിലേക്ക് ആവാഹിച്ചപ്പോള്‍ അതിലെ മറ്റു ഘടകങ്ങളെക്കാള്‍ ജീവിത സ്പന്ദനത്തെ അറിയുവാന്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് കൂടി സാധിച്ചതോടെ എല്ലാ നിലക്കും ഈ സിനിമ ഒരു ഗംഭീര വിജയമാകുകയായിരുന്നു. ഇത് കൂടാതെ ഈ സിനിമയുടെ പിന്നിലുള്ള ഏറ്റവും അടിസ്ഥാനപരമായ ഘടകം. അതിന്റെ പ്രമേയത്തോട് തീര്‍ത്തും സത്യ സന്ധമായ ഒരു സമീപനം സംവിധായകനും നിര്‍മാതാക്കളും തിരക്കഥാകൃത്തുമെല്ലാം പുലര്‍ത്തിയെന്നുള്ളതുകൂടിയാണ്. സാധാരണക്കാരന്റെ വൈകാരികാനുഭവത്തിന് പ്രാദേശികതയുടെ ടച്ചോടുകൂടി രചിക്കുകയായിരുന്നു സുഡാനിയുടെ അണിയറപ്രവര്‍ത്തകര്‍.

    ഈ മ യൗ

    ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കാഴ്ചകള്‍ക്കും ഒരു വേറിട്ട ഗന്ധം ഉണ്ടാകുന്നുവെന്നുള്ളതാണ് അദ്ദേഹത്തെയും ഗൗരവമായി പഠിക്കേണ്ടതിലേക്ക് നമ്മെ കൊണ്ടു ചെന്നത്തിക്കുന്നത്. തീര്‍ത്തും പ്രാദേശികതയുടെ, അടിപിടിയുടെ കഥയിലൂടെ നഗരമാകുവാന്‍ കൊതിക്കുന്ന നമ്മുടെ സംസ്ഥാനത്തെ ഒരു പ്രദേശത്തിന്റെ പകല്‍മാന്യതയുടെ അപ്പുറമുള്ള കാഴ്ചയായിരുന്നു വേണ്ടിയിരുന്നത്. മനുഷ്യര്‍ക്കിടയിലെ പ്രത്യേകിച്ച് യുവതയുടെ മറ്റൊരു മുഖം കാണിക്കുകയായിരുന്നു അങ്കമാലി ഡയറിസീലൂടെയെങ്കില്‍ ഒരു ക്രിസ്ത്യന്‍ സഭാ വിഭാഗത്തില്‍ വന്ന ആത്മീയ ശൂന്യതയെക്കുറിച്ചുള്ള അന്വേഷണമെന്ന പ്രേക്ഷകന്‍ ഇതുവരെ അറിയാത്ത ഒരു വിഷയത്തിലേക്കുള്ള എത്തിനോട്ടമായിരുന്നു ഈ മ യൗ.

    ആഭാസം

    വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഏതാനും രാഷ്ട്രീയ പ്രശ്‌നങ്ങളെയാണ് ജുബ്രീത് നമ്രാടത്തിന്റെ ആഭാസം മുന്നോട്ടുവെച്ചത്. ആഭാസത്തിന്റെ പൂര്‍ണ രൂപം ആര്‍ഷഭാരത സംസ്‌കാരം എന്നാണെന്ന് ആരോ പറഞ്ഞതോടെ, സിനിമയുടെ യഥാര്‍ത്ഥ രാഷ്ട്രീയത്തിനപ്പുറം ഒരു കക്ഷിരാഷ്ട്രീയ സിനിമയായി ഇതിനെ കാണുവാനുള്ള ശ്രമമാണ് ഉണ്ടായത്. ഒരു ദലിതന്‍ നേരിടുന്ന ഏറ്റവും വലിയ ഭീകരതയെ വരച്ചുകാട്ടിയ ഒഴിവു ദിവസത്തെ കളിക്ക് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയും ആദ്യം പുറത്തു വന്ന ആനാവശ്യ വിവാദങ്ങള്‍ കാരണം എസ് ദുര്‍ഗ എന്ന് പേരുമാറ്റത്തിലൂടെയാണ് റിലീസായത്. എന്നാല്‍ സ്ത്രീയെ ഒരു വശത്ത് ഏറ്റവും മഹനീയ ദേവീയാ യി പൂജിക്കുന്ന സമൂഹത്തില്‍ തന്നെ അവള്‍ക്കു നേരെ അതേ സമയത്ത് നടക്കുന്ന കൈയേറ്റത്തിന്റെ അപമാനത്തിന്റെ വൈരുദ്ധ്യത്തെ അവതരിപ്പിക്കുകയായിരുന്നുവെന്നതായിരുന്നു ഈ ചിത്രത്തിന്റെ മനോഹാരിത. രാഷ്ടീയ കൊലപാതകങ്ങളുടെ മറുപുറം തേടി പോകുന്ന അജിത്കുമാറിന്റെ ഈടയും ഇത്തരുണത്തില്‍ വടക്കന്‍ മലബാറിന്റെ രാഷ്ട്രീയത്തിലേക്കുളള എത്തി നോട്ടമാകുകയായിരുന്നു

    ടേക്ക് ഓഫ്

    മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, പ്രേംശങ്കറിന്റെ രണ്ടു പേര്‍, രാഹുല്‍ നായരുടെ ഒറ്റമുറി വെളിച്ചം, ഡോണ്‍ പാലത്തറയുടെ ശവം, പ്രതാപ് ജോസഫിന്റെ രണ്ടു പേര്‍ ചുംബിക്കുമ്പോള്‍, സന്തോഷ് ബാബു സേനന്റെ മറവി, സതീഷ് നായരുടെ ആളൊരുക്കം, രജ്ഞിത്ത് ശങ്കറിന്റെ രാമന്റെ ഏദന്‍ തോട്ടം, ഡൊമിന്‍ ഡിസില്‍വയുടെ പെപ്പിന്‍ ചുവട്ടിലെ പ്രണയം, സൗബിന്‍ ഷഹീറിന്റെ പറവ എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ വ്യത്യസ്തമായ ഓടിച്ചു നോക്കല്‍ നടത്തിയവയാണെന്ന് തോന്നുന്നു. പുതിയ കാലത്തിന്റെ പുതുമുഖ പ്രമേയങ്ങളുടെ കാഴ്ചയുടെ വേറിട്ട മുഖം കാണിച്ചു തന്നവയാണ്.

    English summary
    A Detailed assement review in malayalam new gen movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X