For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ്; ഒരു കാമുകന്റെ മനോവ്യഥയായി ഇത് കാണരുത്, സനല്‍ കുമാര്‍ ശശീധരന്‍

  |

  മലയാള സിനിമയിലെ താരങ്ങളുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നടി മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടി കാണിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍ എത്തിയിരിക്കുകയാണ്. മഞ്ജു ചിലരുടെ തടങ്കലില്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തുകളിലൂടെ സനല്‍ പറഞ്ഞത്. എന്നാല്‍ അതാരും ശ്രദ്ധിക്കാത്തതിനാല്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനും മെയില്‍ അയച്ചിരിക്കുകയാണ്. വിശദമായി വായിക്കാം..

  സനല്‍ കുമാര്‍ ശശീധരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം..

  'മഞ്ജു വാര്യരുടെ ജീവന്‍ അപായത്തിലാണെന്നും അവര്‍ ചിലരുടെ തടങ്കലില്‍ ആണ് എന്നും സൂചിപ്പിച്ച് ഞാന്‍ പോസ്റ്റ് എഴുതിയിട്ട് നാല് ദിവസമായി. ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. മഞ്ജു വാര്യരോ ഞാന്‍ പേര് പറഞ്ഞിട്ടുള്ള ആരെങ്കിലുമോ സംസാരിച്ചിട്ടില്ല.

  പകരം എന്റെ ഒപ്പമുണ്ടായിരുന്ന ഒരാളെക്കൊണ്ട് പച്ചക്കള്ളം ഒരു പോസ്റ്റായി ഇട്ടു. അതിന് വ്യാപകമായി പ്രചാരണം നല്‍കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അവരെക്കുറിച്ച് അപവാദകഥകള്‍ സീരീസായി ഇറക്കി. ഞാന്‍ ഉന്നയിച്ച ഗൗരവമുള്ള വിഷയം മൗനത്തില്‍ മുങ്ങുകയാണ്. ഇതാണ് കേരളം. ഇത്രയേ ഉള്ളു നമ്മുടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ജാഗ്രത. ഇന്നലെ Women in Cinema Collective ലേക്ക് ഒരു ഇമെയില്‍ അയച്ചു. ഇതുവരെയും ഒരു മറുപടിയും കിട്ടിയില്ല. അവര്‍ക്ക് മെയില്‍ കിട്ടിയോ എന്നറിയില്ല. എന്തായാലും ഇവിടെ അത് കോപ്പി ചെയ്യുന്നു'.

  സുഹൃത്തുക്കളേ,


  ഞാന്‍ മലയാളത്തില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള ഒരു സിനിമ സംവിധായകനാണ്. മലയാള സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീപീഡന നയങ്ങള്‍ക്കും മാഫിയ സംഘങ്ങള്‍ക്കുമെതിരെ wcc നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊള്ളുന്നു. ശ്രദ്ധേയായ നടി ഭാവനയ്ക്ക് നേരിട്ട അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനം പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കേരളത്തിന്റെ ക്രമസമാധാന പാലനവ്യവസ്ഥ അട്ടിമറിക്കാന്‍ കൈകോര്‍ത്തിട്ടുള്ള രാക്ഷസീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാനും നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും വലിയ കൂപ്പുകൈ.

  ഈ കത്ത് ഞാന്‍ എഴുതുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതും ഞാന്‍ തുറന്ന് പറഞ്ഞിട്ടുള്ളതും എന്നാല്‍ നിങ്ങളും പൊതുസമൂഹവും ഗൗരവതരമായതെങ്കിലും എന്തുകൊണ്ടോ അവഗണിക്കുന്നതുമായ ഒരു ചൂഷണ വിഷയത്തിന്റെ പ്രാധാന്യം ഒന്നുകൂടി നിങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിനാണ്.

  മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ സ്ഥാപിത താല്പര്യക്കാരായ ഏതാനും പേരുടെ തടവറയിലാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഞാന്‍ ഏതാനും ദിവസം മുന്‍പ് എന്റെ സോഷ്യല്‍ മീഡിയകളില്‍ എഴുതിയിരുന്നു. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും അതേക്കുറിച്ച് മഞ്ജു വാര്യരോ അവരുമായി ബന്ധപ്പെട്ട മറ്റാളുകളോ പ്രതികരിച്ചു കണ്ടില്ല.

  ഞാന്‍ പേരുകളും സംഭവങ്ങളും, എന്നില്‍ സംശയം ജനിപ്പിക്കാന്‍ കാരണമായ സാഹചര്യങ്ങളും ഉള്‍പ്പെടെ കാര്യകാരണ സഹിതം എഴുതിയ കുറിപ്പ് ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം ഇല്ല എന്നതുകൊണ്ട് മാത്രം സമൂഹം (പ്രത്യേകിച്ച് സ്ത്രീസമൂഹം) ഗൗരവത്തോടെ കണ്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു.

  മഞ്ജു വാര്യരോ ഞാന്‍ പേരെടുത്ത് പറഞ്ഞ മറ്റാളുകളോ പ്രതികരിച്ചില്ല എങ്കിലും ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണെന്നും അതിനെ മൗനം കൊണ്ട് തേച്ചുമാച്ചു കളയാന്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചൂഷകരായ നീചശക്തികള്‍ ശ്രമം നടത്തുന്നു എന്നും എന്നെ ബോധ്യപ്പെടുത്തുന്ന രണ്ടു സംഭവങ്ങള്‍ എന്റെ പോസ്റ്റിനെ തുടര്‍ന്ന് ഉണ്ടായി.

  1. കഴിഞ്ഞ രണ്ടു കൊല്ലമായി കയറ്റം എന്ന ചലച്ചിത്രത്തിന്റെ നിര്‍മാണത്തെ തുടര്‍ന്ന് എനിക്കെതിരെയും എന്റെ സിനിമകള്‍ക്കെതിരെയും നടക്കുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങളെ കുറിച്ചും അതിനു പിന്നിലെ മാഫിയാ സാന്നിദ്ധ്യത്തെ കുറിച്ചും ഞാന്‍ നിരന്തരം എഴുതുന്നുണ്ട്. ദുഷ്പ്രചാരണങ്ങളുടെ ഉറവിടം കാഴ്ച-നിവ് സ്ഥാപനങ്ങളില്‍ എന്റെ ഒപ്പമുണ്ടായിരുന്നവരും എനിക്ക് വ്യക്തിപരമായി വളരെ ബന്ധമുണ്ടായിരുന്നവരും ആണെന്നും അതിലൊക്കെ ഗൂഡാലോചനകളുണ്ടെന്നും എനിക്ക് സംശയമുണ്ട്.

  എന്നാല്‍ ഇക്കാലമത്രയും അതേക്കുറിച്ചൊന്നും പ്രതികരിക്കാതിരുന്ന ആളുകള്‍ മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍ എനിക്ക് മറുപടിയുമായി മുന്നില്‍ വന്നിട്ടുണ്ട്. കയറ്റം സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്ന ദിലീപ് ദാസ് ആണ് മറുപടി പോസ്റ്റ് എഴുതിയിരിക്കുന്നത്.

  മറുപടിയെന്നോണം പറയുന്ന കാര്യങ്ങളില്‍ എനിക്കെതിരെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ കൂടാതെ മഞ്ജു വാര്യര്‍ക്ക് സത്യം അറിയാവുന്ന ഒരു പച്ചക്കള്ളവും എഴുതിയിട്ടുണ്ട്.

  കയറ്റത്തിന്റെ ഷൂട്ടിംഗിനായി മണാലിയില്‍ എത്തിയ മഞ്ജു വാര്യര്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ തിരിച്ചുപോകാന്‍ ആലോചിച്ചിരുന്നു എന്നും അവരെയും ഒപ്പമുണ്ടായിരുന്ന ബിനീഷ് ചന്ദ്രന്‍, ബിനു നായര്‍ എന്നിവരെയും ഒരൊറ്റ ടെന്റില്‍ താമസിക്കാന്‍ ഞാന്‍ കണ്‍വിന്‍സ് ചെയ്യിച്ചു എന്നുമാണത്.

  ഇക്കാര്യം കളവാണെന്ന് മാത്രമല്ല ദുരുദ്ദേശത്തോടെ ഉന്നയിച്ചിട്ടുള്ളതുമാണ്. ഈ പോസ്റ്റിന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുകയും ചില മഞ്ജു വാര്യര്‍ ഫാന്‍/വെല്‍ഫെയര്‍ പേജുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.

  ഇതും ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ്. പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ള വെല്‍ഫെയര്‍ പേജുകള്‍ ചൂഷകര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് സംശയമുണ്ട്. ഞാന്‍ ഉന്നയിച്ച ഗുരുതരമായ വിഷയം ആരും ഗൗരവത്തോടെ കാണാതിരിക്കാനുള്ള ഒരു കുല്‍സിത ശ്രമം.

  2. രണ്ടാമത്തെ കാര്യം ഞാന്‍ പോസ്റ്റിട്ടതിനു ശേഷം ക്രൈം നന്ദകുമാര്‍ എന്ന ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകന്‍ മഞ്ജു വാര്യരുടെ ഒളിച്ചോട്ടങ്ങള്‍ എന്ന പേരില്‍ അവരെ അവമതിക്കുന്ന നിരവധി വീഡിയോകള്‍ ചെയ്യുന്നു എന്നതാണ്. ഈ സമയത്ത് തന്നെ ഇത്തരം വീഡിയോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് മഞ്ജു വാര്യരെ ബ്ലാക്‌മെയില്‍ ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ആളുകള്‍ ആണ് എന്ന് ഞാന്‍ സംശയിക്കുന്നു.

  ഇത് കൂടാതെ ചുവടെ ലിങ്ക് കൊടുത്തിട്ടുള്ള വീഡിയോയില്‍ ഗുരുതരമായ ഒരു കുറ്റകൃത്യത്തിന്റെ സൂചനയുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ക്രൈം നന്ദകുമാറിന് മഞ്ജു വാര്യരെ സംബന്ധിക്കുന്ന ഒരു കാസറ്റ് എത്തിച്ചു നല്‍കി എന്നും അത് സ്വകാര്യമായ സംഗതി ആയതിനാല്‍ പുറത്ത് പറയുന്നില്ല എന്നും നന്ദകുമാര്‍ പറഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സ്വകാര്യ വീഡിയോകള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് ആജീവനാന്തം അടിമകളാക്കി വെക്കുന്ന മാഫിയാ പ്രസ്ഥാനം മലയാള സിനിമയില്‍ ഉണ്ട് എന്ന് നിങ്ങള്‍ക്കറിയാമല്ലോ.

  അതുകൊണ്ട് തന്നെ നന്ദകുമാര്‍ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യമുള്ളതും ഒരുസ്ത്രീയെ മാത്രം ബാധിക്കുന്നത് അല്ലാത്തതും ആകുന്നു. ഇത്തരത്തില്‍ എന്തെങ്കിലും ബ്ലാക്‌മെയിലിംഗ് കാരണമാണോ മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതെന്ന് എനിക്ക് സംശയം തോന്നി. എന്തുതന്നെയായാലും ഇതേക്കുറിച്ച് സിനിമയിലെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ wcc അന്വേഷിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

  Meri awaz suno audio launch | Jayasurya | Manju Warrier | Filmibeat Malayalam

  കാര്യകാരണ സഹിതവും പേരുകളും സംഭവങ്ങളും വെളിപ്പെടുത്തിക്കൊണ്ടും ഉന്നയിക്കപ്പെട്ട ഒരു ചൂഷണവിഷയം ചൂഷണത്തിന് ഇരയാകുന്ന ആളുടെ മൗനം കൊണ്ട് മാത്രം റദ്ധാകുകയില്ല എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഞാനിത് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. ഞാന്‍ മഞ്ജു വാര്യരോട് പ്രണയം പറഞ്ഞിരുന്നു എന്ന് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് ഒരു കാമുകന്റെ മനോവ്യഥയായി ഇതിനെ കാണരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

  പ്രായപൂര്‍ത്തിയായ സ്ത്രീ ആണെന്നതും മധ്യവയസ്‌കയാണെന്നതും കൊണ്ട് ബ്ലാക്‌മെയിലിംഗുകള്‍ക്ക് ഒരു സ്ത്രീ വശംവദയാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തന്റെ യശ്ശസിനെയും കുടുംബത്തിന്റെ മാന്യതയെയും തകര്‍ത്തു കളയാന്‍ പ്രാപ്തിയുള്ള ഉപകരണങ്ങള്‍ ചൂഷകന്റെ കയ്യില്‍ ഉണ്ട് എങ്കില്‍ ഏത് പ്രായത്തിലും പ്രാപ്തിയിലും ഉള്ള സ്ത്രീകള്‍ മൗനത്തോടെ ചൂഷണത്തിന് വഴങ്ങിക്കൊടുക്കും എന്ന സാമൂഹിക അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ട്.

  ആയതിനാല്‍ ഇക്കാര്യത്തില്‍ കൃത്യമായ അവധാനതയോടെ ഇടപെടല്‍ നടത്തണമെന്നും മഞ്ജുവാര്യരുടെ താല്പര്യമെന്നപോലെ സ്ത്രീസമൂഹത്തിന്റെ താല്പര്യം കൂടി മുന്‍നിര്‍ത്തി അവര്‍ക്ക് ആവശ്യമുള്ള പിന്തുണകള്‍ നല്‍കി ഇടപെടണമെന്നും അഭ്യര്‍ഥിക്കുന്നു.

  സ്‌നേഹ ബഹുമാനങ്ങളോടെ

  സനല്‍ കുമാര്‍ ശശിധരന്‍

  English summary
  Director Sanal Kumar Sasidharan Again Pens Actress Manju Warrier's Life In Trouble
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X