For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും അറിയരുത്, എനിക്ക് പൃഥ്വിരാജിനെ ഒരു മൂന്നു ദിവസത്തേക്ക് വേണം!സച്ചിയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍

  |

  അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സച്ചിയുടെ വേര്‍പാടില്‍ വിങ്ങുകയാണ് മലയാള സിനിമാലോകം. സച്ചി സംവിധാനം ചെയ്തത് രണ്ട് സിനിമയാണെങ്കിലും തിരക്കഥ ഒരുക്കിയത് പന്ത്രണ്ടോളം സിനിമകള്‍ക്കായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു സച്ചി വിട വാങ്ങിയത്.

  ഇപ്പോഴിതാ അനാര്‍ക്കലി എന്ന സിനിമയിലേക്ക് പൃഥ്വിരാജിനെ മൂന്ന് ദിവസത്തേക്ക് വേണമെന്ന ആവശ്യവുമായി ജി മാര്‍ത്താണ്ഡന്റെ അടുത്തേക്ക് സച്ചി എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സച്ചിയെ ആദ്യമായി കണ്ടത് മുതല്‍ പിന്നീടിങ്ങോട്ടുള്ള ഓരോ കാര്യവും മാര്‍ത്താണ്ഡന്‍ പങ്കുവെച്ചിരിക്കുന്നത്.

  സച്ചിയേട്ടാ... നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടത് എന്നാണെന്ന് ഓര്‍മ്മയുണ്ടോ? 'ഛോട്ടാ മുംബൈ'ക്ക് ശേഷം മണിയന്‍പിള്ള രാജു ചേട്ടന്‍ മോഹന്‍ലാല്‍ സാറിനെ വച്ച് വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് അന്‍വര്‍ റഷീദിനോട് പറഞ്ഞ്, രാജുച്ചേട്ടന്‍ തന്നെയാണ് സച്ചി-സേതു കൂട്ടുകെട്ടിനെ അന്‍വറിന് പരിചയപ്പെടുത്തിക്കൊടുത്തത്. ആ സമയത്ത് ഷാഫി സാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'ചോക്ലേറ്റ്സ്'ന്റെ തിരക്കഥാകൃത്തുക്കള്‍ നിങ്ങളായിരുന്നല്ലോ. ആദ്യസിനിമതന്നെ സൂപ്പര്‍ഹിറ്റ് കടവന്ത്രയില്‍, എഴുതാന്‍ വേണ്ടി എടുത്ത ഫ്ളാറ്റില്‍ വച്ച്, അന്‍വറിനൊപ്പം സ്റ്റോറി ഡിസ്‌കഷനു വന്ന ദിവസമാണ് നമ്മള്‍ പരിചയപ്പെടുന്നത്. ഞാനന്ന് അന്‍വറിന്റെ ചീഫ് അസോസിയേറ്റാണ്, സുഹൃത്തും. അന്ന്, കാര്യങ്ങളൊക്കെ നോക്കാന്‍ ഇന്നത്തെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് മേനോനും ഉണ്ടായിരുന്നു.

  സേതുവേട്ടന്‍ വൈകുന്നേരങ്ങളില്‍ വീട്ടില്‍ പോകുമായിരുന്നെങ്കിലും, സച്ചിയേട്ടാ, നിങ്ങള്‍ അവിടെ സ്ഥിരമായി നിന്ന ആ ദിവസങ്ങളിലാണ് നമ്മള്‍ ഏറെ അടുത്തത്. അന്ന് കഥകളും കാര്യങ്ങളുമൊക്കെയായി നമ്മള്‍ ഏറെ നേരം ചിലവഴിച്ചു. മൂന്നു മാസത്തോളം ആ ചര്‍ച്ചകള്‍ നീണ്ടെങ്കിലും, പിന്നീട് എന്തൊക്കെയോ കാരണങ്ങളാല്‍ ആ പടം നടക്കാതെ പോയി. പിന്നീട് സച്ചി-സേതു കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ജന്മം കൊണ്ടത് എല്ലാവരും കണ്ടതാണ്. നമ്മള്‍ വളരെ അടുത്തത്, ലാല്‍ സാര്‍ (സിദ്ധിഖ്-ലാല്‍) സംവിധാനം ചെയ്ത, 'അമ്മ' സംഘടനയുടെ 'സൂര്യതേജസ്സോടെ അമ്മ'യുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചാണ്. ലാല്‍ സാറിനെ സപ്പോര്‍ട്ട് ചെയ്യാനായി അദ്ദേഹം തിരഞ്ഞെടുത്ത ടീമില്‍ ഷാഫി സാറിനും, ബെന്നിച്ചേട്ടനും(ബെന്നി പി നായരമ്പലം), സച്ചിയേട്ടനും അജയ് വാസുദേവിനുമൊപ്പം ഞാനുമുണ്ടായിരുന്നല്ലോ.

  രണ്ടാഴ്ചയോളം നീണ്ട ആ റിഹേഴ്സല്‍ ക്യാമ്പിലാണ് സച്ചിയേട്ടനൊപ്പം കൂടുതല്‍ നേരം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചത്. അന്നത്തെ ആ ഹിറ്റ് ഷോയുടെ പല ഭാഗങ്ങളും എഴുതിയുണ്ടാക്കിയത് ബെന്നിച്ചേട്ടനും സച്ചിയേട്ടനും ചേര്‍ന്നായിരുന്നല്ലോ. മമ്മൂട്ടി സാറിന്റെ 'രാജമാണിക്യം' സിനിമയിലെ കഥാപാത്രം സ്‌ക്രീനിലും, അതേ സമയം സ്റ്റേജിലും വരുന്ന തരത്തിലുള്ള ഐഡിയയൊക്കെ അപാരമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ സംവിധായകനായ ശേഷം 'പാവാട'യുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത്, സച്ചിയേട്ടന്‍ ചെയ്ത 'അനാര്‍ക്കലി'യുടെ ഷൂട്ടിംഗ് കുറച്ചു ഭാഗം കൂടി തീരാനുണ്ടായിരുന്നു. ഏതാണ്ട് മൂന്നു ദിവസത്തെ വര്‍ക്ക് മാത്രമേ ബാക്കിയുള്ളയിരുന്നുവെങ്കിലും രാജുവിന് (പൃഥ്വിരാജ്) 'പാവാട'യില്‍ ജോയിന്‍ ചെയ്യേണ്ട സമയമായിരുന്നു.

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

  'പാവാട'യുടെ ഷൂട്ടിനിടയിലാണ് അനാര്‍ക്കലിയുടെ മൂന്നു ദിവസത്തെ വര്‍ക്ക് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും രാജുവിനെ എപ്പോള്‍ വിട്ടു കൊടുക്കുമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ 'ഡാ, നീ നോ ഒന്നും പറഞ്ഞേക്കരുത്, ഞാനൊരു കാര്യം പറയുകയാണ്, നമ്മള്‍ തമ്മില്‍ മാത്രം അറിഞ്ഞാല്‍ മതി, വേറെ ആരും അറിയണ്ട, എനിക്ക് രാജുവിനെ ഒരു മൂന്നു ദിവസം വേണം. നീ എനിക്ക് ആരുമറിയാതെ മൂന്നു ദിവസത്തേക്ക് രാജുവിനെ വിട്ടുതരണം...'എന്നു പറഞ്ഞ് സച്ചിയേട്ടന്റെ കാള്‍ വരുന്നത്. എന്നും ഒരു അനിയനോടെന്നപോലെ എന്നോട് പെരുമാറിയിരുന്ന സച്ചിയേട്ടന്‍ ഈ കാര്യം ആവശ്യപ്പെട്ടയുടന്‍ തന്നെ എന്റെ അസോസിയേറ്റുമായി ചര്‍ച്ച ചെയ്ത്, പ്രൊഡ്യൂസര്‍ക്ക് യാതൊരു നഷ്ടവും വരാത്ത രീതിയില്‍ വര്‍ക്ക് പ്ലാന്‍ ചെയ്ത് രാജുവിനെ മൂന്നു ദിവസത്തേക്ക് ഫ്രീയാക്കിയിട്ട് സച്ചിയേട്ടനെ വിളിച്ച് അത് പറയുകയും ചെയ്തു.

  അങ്ങനെ 'അനാര്‍ക്കലി' പൂര്‍ത്തിയായി. പിന്നീടൊരിക്കല്‍ ഞാന്‍ 'പാവാട'യിലെ കോടതി സീന്‍ ചിത്രീകരിച്ചു കൊണ്ടിരുന്നപ്പോഴാണ് സച്ചിയേട്ടന്‍ സെറ്റില്‍ വന്നതും, എന്റെ കൈയില്‍ പിടിച്ച്, ചെവിയില്‍ പ്രത്യേകം നന്ദി പറഞ്ഞതും.. (കാരണം, അത് രഹസ്യമായി ചെയ്‌തൊരു സഹായമായിരുന്നല്ലോ). ആ നിമിഷമൊന്നും മറക്കാന്‍ കഴിയുന്നില്ല. അതിനു ശേഷം, 'അയ്യപ്പനും കോശിയും' നിര്‍മ്മിച്ച ശശിയേട്ടനെയും രഞ്ജിത്ത് സാറിനെയും കാണേണ്ട ഒരാവശ്യവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ വന്നപ്പോള്‍, സച്ചിയേട്ടന്റെ സെറ്റില്‍ വരാന്‍ കഴിഞ്ഞു. ഏറെ കോരിത്തരിപ്പിച്ച പോലീസ് സ്റ്റേഷന്‍ സീനായിരുന്നു അന്ന് ഷൂട്ട് ചെയ്തത്.

  അവിടെ രാജുവും ബിജുവേട്ടനും ഉണ്ടായിരുന്നു. സച്ചിയേട്ടന്‍ വളരെ എനര്‍ജറ്റിക്കായി നിന്നു ചെയ്ത സീനുകളായിരുന്നു അത്. വളരെ മനോഹരമായൊരു ക്രാഫ്റ്റായിരുന്നല്ലോ ആ സിനിമ. അന്ന് ഞാന്‍ എന്റെ ഒരുപാട് സിനിമാ വിശേഷങ്ങള്‍ ചേട്ടനോട് പങ്കുവച്ചു. അനുഗ്രഹിച്ച്, യാത്ര പറഞ്ഞാണ് സച്ചിയേട്ടന്‍ എന്നെ തിരിച്ചയച്ചത്. പിന്നെ നമ്മള്‍ കണ്ടത് വിസ്മയ സ്റ്റുഡിയോയില്‍ സുഹൃത്ത് അജയ് വാസുദേവിന്റെ 'ഷൈലോക്ക്' ഡബ്ബിംഗ് നടക്കുന്ന സമയത്താണ്. ഞാന്‍ എല്ലാ ദിവസവും അജയ്നെ കാണാനായി സ്റ്റുഡിയോയില്‍ വരുമ്പോള്‍, മുകളിലെ സ്യൂട്ടില്‍ 'അയ്യപ്പനും കോശിയും' ഡബ്ബിംഗ് നടക്കുന്നുണ്ടായിരുന്നു.

  ഞാനന്ന് മുകളില്‍ വന്ന് കണ്‍സോളില്‍ കയറി സച്ചിയേട്ടനെ കാണുമ്പോള്‍ 'ഡാ, നീയോ... അജയ്നെ കാണാന്‍ വന്നതായിരിക്കും, അല്ലേ' എന്നു ചോദിക്കുക പതിവായിരുന്നല്ലോ. അന്നു നമ്മള്‍ എല്ലാ ദിവസവും തമ്മില്‍ കണ്ടു. അന്ന് മുകളില്‍ നിന്ന് വര്‍ക്ക് കഴിഞ്ഞു വരുമ്പോള്‍ സച്ചിയേട്ടന്റെ നടപ്പിനൊക്കെ ചെറിയ ബുദ്ധിമുട്ട് കണ്ട് ഞാന്‍ കാരണം തിരക്കുമ്പോള്‍, 'ഷൂട്ട് കഴിഞ്ഞതിന്റെ സ്‌ട്രെയിന്‍ ആണ്, ഇതൊക്കെ കഴിഞ്ഞ് ഒന്നു റെസ്റ്റ് എടുക്കണം' എന്ന് സച്ചിയേട്ടന്‍ പറയും. 'ഷൂട്ട് കഴിയുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേ സച്ചിയേട്ടാ... സാരമില്ല, ഇതൊക്കെ കഴിയുമ്പോ അതങ്ങു ശരിയാകും' എന്നു ഞാനും പറഞ്ഞു.

  'അയ്യപ്പനും കോശിയും' ആദ്യ ഷോ കണ്ടിട്ടു തന്നെ, ഏറെ ഇഷ്ടപ്പെട്ട കാര്യം അറിയിക്കാന്‍ ഞാന്‍ സച്ചിയേട്ടനെ വിളിച്ചിരുന്നു. സച്ചിയേട്ടന് ഭയങ്കര സന്തോഷമായി, ഒരുപാട് നന്ദിയൊക്കെ പറഞ്ഞിരുന്നു. സച്ചിയേട്ടാ, നമ്മള്‍ അവസാനമായി കാണുന്നത് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'സുനാമി'യുടെ പൂജയ്ക്ക് ഇടപ്പള്ളി പള്ളിയില്‍ വച്ചാണ്. അന്ന് അയ്യപ്പനും കോശിയും ഒരു വന്‍ വിജയമായി മാറിക്കഴിഞ്ഞിരുന്നു. എന്നെ ചേര്‍ത്തു പിടിച്ച്, അവിടെവച്ചും സച്ചിയേട്ടന്‍ എന്നോട് സിനിമാ വിശേഷങ്ങള്‍ അന്വേഷിച്ചു. പിന്നീട് നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല. ഒരു ഫോണ്‍ കോളിന്റെ ദൂരത്തിനപ്പുറം, ഞാന്‍ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യാന്‍ ഇന്നും സച്ചിയേട്ടന്‍ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം; ഇതെല്ലാം വായിക്കുന്നുണ്ടാകുമെന്നും...

  English summary
  G Marthandan About Friendship With Sachy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X