For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോത്ത് കയറ് പൊട്ടിച്ച് ഓടിത്തുടങ്ങി! തിയറ്ററുകളെ പൂരപ്പറമ്പാക്കി ജല്ലിക്കട്ട് — പ്രേക്ഷക പ്രതികരണം

  |

  രാജ്യാന്തര മേളകളില്‍ നിന്നും ഗംഭീരമെന്ന അഭിപ്രായം സ്വന്തമാക്കിയതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയറ്ററുകളിലേക്ക് എത്തി. ഈമയൗ എന്ന സിനിമയ്ക്ക് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജല്ലിക്കട്ട്. ഒരു പോത്തിനെ പ്രധാന കഥാപാത്രമായി ഒരുക്കിയിരിക്കുന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം വാനോളമായിരുന്നു.

  അങ്കമാലി ഡയറിസീലെ പെപ്പയായിട്ടെത്തിയ ആന്റണി വര്‍ഗീസ് നായകനാവുന്ന സിനിമയ്ക്ക് തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ സിനിമയെ കുറിച്ചുള്ള റിവ്യൂ നേരത്തെ വന്ന് കഴിഞ്ഞു. തിയറ്ററുകളിലേക്ക് എത്തിയ ശേഷം ജല്ലിക്കട്ടിന്റെ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

  ഫസ്റ്റ് ഷോ കഴിഞ്ഞ ഉടന്‍ സിനിമയുടെ സംവിധായകന്‍ ലിജോ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അവന്‍ പറന്നെടാ എന്നാണ് ലിജോ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. ഒപ്പം തിയറ്റര്‍ ലിസ്റ്റും പുറത്ത് വിട്ടു.

  ഒരു ഗ്രാമത്തില്‍ കശാപ്പ് ശാലയില്‍ കൊണ്ട് വന്ന പോത്ത് വിരണ്ടു ഓടുന്നതും അതിനെ ചുറ്റി പറ്റിയുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥാഗതി. പോത്ത് തന്നെയാണ് ജല്ലിക്കെട്ടിലെ താരം. പോത്ത് സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷവും പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന ഒരു ഭീതി പറഞ്ഞറിയിക്കാന്‍ പറ്റില്ല. ജല്ലിക്കട്ട് എന്നുള്ള പേരിനെ അന്വര്‍ഥമാക്കി കൊണ്ട് മനുഷ്യനും മൃഗവും തമ്മിലുള്ള ആ പോരിനെ മൃഗമായി മാറുന്നാ മനുഷ്യരെ ലിജോ ഫിലിമിലേക്ക് പകര്‍ത്തി വെക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് തലമുറകള്‍ കഴിഞ്ഞാലും വാഴ്ത്തി പാടാന്‍ ഉള്ള ഒരു സിനിമയാണ്.

  ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നും വലിയൊരു പോത്ത് കയറ് പൊട്ടിച്ചോടുന്നതും അതിന്റെ ആക്രമത്തില്‍ ഭയന്ന് ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കേണ്ട അവസ്ഥയുമാണ് ജല്ലിക്കെട്ടിലൂടെ പറയുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ഒരുക്കിയ സിനിമ ലിജോ ജോസ് സംവിധാനം ചെയ്യുമ്പോള്‍ ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹണം. ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലകൃഷ്ണന്‍, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

  ഒരു പക്ഷെ മലയാള സിനിമയില്‍ തന്നെ ഒരു നാഴിക കല്ലായേക്കാവുന്ന ചിത്രം. ഓരോ നിമിഷവും സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കുന്നു. ടൈറ്റില്‍ കാര്‍ഡ് മുതല്‍ ക്ലൈമാക്‌സ് വരെ പടം നമ്മെ പിടിച്ചിരുത്തും. എടുത്തു പറയേണ്ട മറ്റൊരു കാര്യം സിനിമയുടെ ബിജിഎം ആണ്. അത്രയും എന്‍ഗേജിങ് ആയി പടം മുന്നോട്ട് പോവുന്നതില്‍ ബിജിഎം നല്ല പങ്കു വഹിച്ചിട്ടുണ്ട്. ആണ്.

   മനീഷ് നാരായണന്റെ വാക്കുകളിലേക്ക്

  മനീഷ് നാരായണന്റെ വാക്കുകളിലേക്ക്

  കയറ് പൊട്ടിച്ചോടിയ നാല്‍ക്കാലിക്ക് പിന്നാലെ കമ്പും കയറും കമ്പിയും പന്തവുമൊക്കെയായി ഓടുന്ന ഇരുകാലികള്‍. ഇരുകാലിക്കൂട്ടത്തിലൊരാളായി കാഴ്ചക്കാരെയും ഓടിക്കുന്ന സിനിമ മുന്‍മാതൃകകള്‍ ഇല്ലാത്തൊരു ഗംഭീര വിഷ്വല്‍ എക്സ്പീരിയന്‍സ് ആണ് എനിക്ക് ജല്ലിക്കട്ട്. ഓഡിയോ വിഷ്വല്‍ മീഡിയ എന്ന നിലയില്‍ സിനിമയുടെ സാധ്യതകളെ അവിശ്വസനീയമാംവിധം ഉപയോഗിച്ചൊരു സിനിമ ലോകസിനിമയിലെ സമകാലീന മികവുകളോട് കിടപിടിക്കുന്ന ഇന്ത്യന്‍ സിനിമ. പൂര്‍ണമായും തിയറ്ററുകളില്‍ തന്നെ എക്സ്പീരിയന്‍സ് ചെയ്യേണ്ട ഒന്ന്.

  നായകന്‍ മുതല്‍ ലിജോ കഥ പറയാന്‍ മ്യൂസിക്കിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട്, ആമേന്‍ നരേറ്റീവിലും മ്യൂസിക്കലാണ്. അങ്കമാലിയില്‍ അന്നാടിന്റെ ഫോക് മ്യൂസിക്ക് താളമാക്കിയാണ് സിനിമ. ഈ മ യൗ എത്തുമ്പോള്‍ കൊച്ചാല്‍ബിയുടെ പൊട്ടിയ ക്ലാരനെറ്റിന്റെ അപതാളമായിരുന്നു ആഖ്യാനത്തിന്റെ താളം. ജല്ലിക്കട്ടില്‍ വിഷ്വലും സൗണ്ടും മ്യൂസിക്കും ചേര്‍ന്ന് സവിശേഷമായൊരു സമന്വയമാണ്. സ്വന്തം ശൈലികളില്‍ നിന്ന്, മുന്‍സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അവതരണം. ലിജോ ജോസ് പെല്ലിശേരി എന്ന കപ്പിത്താനൊപ്പം കൈകോര്‍ത്ത എല്ലാവരുടെയും സിഗ്‌നേച്ചര്‍ വര്‍ക്ക് ആണ് ജല്ലിക്കട്ട്. എസ് ഹരീഷ് എന്ന എഴുത്തുകാരന്‍ രാഷ്ട്രീയ ഉള്‍ക്കനമുള്ള, നവഭാവുകത്വമുള്ള ഗംഭീര സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ കൂടിയാണ് ഇനി ആഘോഷിക്കപ്പെടാന്‍ പോവുകയാണ്,

  സഹ രചയിതാവ് ആര്‍ ജയകുമാറും. ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകനെ മാറ്റിനിര്‍ത്തി ആലോചിക്കാനാകാത്ത സിനിമയാണ് ജല്ലിക്കട്ട്. സിംഗിള്‍ ഷോട്ടിലെ ഓട്ടങ്ങള്‍ അല്ല, അണ്‍ഫിലിമബിള്‍ എന്ന് ചിന്തിച്ച് പോകുന്ന രചനകളുടെയും ആലോചനകളുടെയും അര്‍ത്ഥപൂര്‍ണമായ ദൃശ്യാഖ്യാനങ്ങള്‍ക്കൊപ്പമാണ് ഗിരീഷ് ഗംഗാധരനെക്കുറിച്ച് ജല്ലിക്കട്ടിന് ശേഷം സംസാരിക്കേണ്ടി വരിക. ദീപുവും പ്രശാന്ത് പിള്ളയും രംഗനാഥ് രവിയും കണ്ണന്‍ ഗണപതും ഗോകുല്‍ദാസും പെട്ടെന്ന് മുന്നിലെത്തുന്ന പേരുകള്‍. പിന്നെ ആ പോത്തും പോത്തിന് പിന്നാലെ ഓടിയ ആയിരത്തിലേറെ മനുഷ്യരും.

  ചെമ്പന്‍ ഈ മ യൗവില്‍ തന്നെ ഞെട്ടിച്ചതാണ്. ജല്ലിക്കട്ടില്‍ ജാഫര്‍ ഇടുക്കിയുടെ കൂടി തകര്‍ത്തുവാരലുണ്ട്. സാബുമോനും ആന്റണിയും തുടങ്ങി പേരറിയാത്ത പല അഭിനേതാക്കള്‍ വരെ ടോര്‍ച്ച് വെട്ടത്തില്‍ ഞെട്ടിച്ച് പോകുന്നുണ്ട്. ലവന്‍മാര് രണ്ട് കാലേല്‍ ഓടുന്നുണ്ടേലും മൃഗമാ എന്ന് മോബ് ലിഞ്ചിംഗിന്റെയും ഹിംസയുടെ രാഷ്ട്രീയത്തിന്റെയും കാലത്ത് പറയുന്ന സിനിമ. ബ്ലാക്ക് ഹ്യൂമറില്‍, സറ്റയര്‍ മൂഡില്‍ സിനിമ സംവദിക്കുന്ന രാഷ്ട്രീയ അടരുകള്‍ കൂടി ചര്‍ച്ചയാവുമെന്നുറപ്പാണ്.

  നന്മകളിലും ആര്‍ദ്രതയിലുമായി എഴുത്തിലും സിനിമയിലുമായി ആഘോഷിക്കുന്ന മനുഷ്യനെ യാഥാര്‍ത്ഥ്യത്തിലേക്ക് മറിച്ചിടുന്ന സിനിമയുമാണ് എനിക്ക് ജല്ലിക്കട്ട്. എഴുത്തിലോ വാക്കിലോ ചുരുക്കിയെടുത്ത് അനുഭവപ്പെടുത്താവുന്ന സിനിമയേ അല്ല ജല്ലിക്കട്ട്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന ഫിലിമേക്കര്‍മാരില്‍ ഒന്നാംനിരയിലേക്കാണ് ലിജോ പെല്ലിശേരിയുടെ ഉയര്‍ച്ച അസാധ്യമെന്ന് ചിന്തിക്കുന്നിടത്ത് നിന്ന് സാധ്യതകളുടെ വന്‍കര കണ്ടെത്തുന്ന ഉന്മാദിയായൊരു ചലച്ചിത്രകാരന്‍. ഒന്നൂടെ കണ്ടെഴുതും വിശദമായി...

  ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബു മോന്‍, ജാഫര്‍ ഇടുക്കി എന്നീ താരങ്ങളും അവരുടെ കൂടെ വരുന്ന ഓരോ ആര്‍ട്ടിസ്റ്റുകളും അത്ഭുതപെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ ഗിരീഷ് ഓരോ ഷോട്ടും എങ്ങനെ എടുത്തു എന്നത് അത്ഭുതപ്പെടുത്തുമെന്നാണ് എല്ലാവരും പറയുന്നത്. രാത്രിയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന ഷോട്ടുകള്‍ മുതല്‍ സിനിമയുടെ അവസാന 20 മിനുട്ട് സീനുകളെല്ലാം നമ്മെ അത്ഭുതപെടുത്തുന്ന രീതിയില്‍ ആണ് ഷൂട്ട് ചെയ്തിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ജല്ലിക്കട്ട് ഒരു വിശ്വല്‍ ട്രീറ്റ് തന്നെയാണ്.

  English summary
  Jallikattu Movie Audience Response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X