For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്ത് വന്നു; നെടുമുടി വേണു തനിക്കയച്ച കത്തിനെ കുറിച്ച് മഞ്ജു വാര്യര്‍

  |

  അനശ്വര നടന്‍ നെടുമുടിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പ്രമുഖ താരങ്ങളെല്ലാം നെടുമുടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സ്വന്തം അച്ഛനെ കരുതിയ ആളെ നഷ്ടപ്പെട്ട വേദനയുമായിട്ടാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ മറ്റൊരു അച്ഛനായി ഇവിടെ ഉണ്ടാവുമെന്ന് നെടുമുടി പറഞ്ഞതിനെ കുറിച്ചാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഒപ്പം നടന്‍ റഹ്മാനും സംവിധായകന്‍ പ്രിയദര്‍ശനുമടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

  അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്ത് വന്നു. 'സങ്കടപ്പെടേണ്ട.. ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും..' വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍ വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്.

  'ദയ'യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആന്‍ഡ് ജില്‍', ഏറ്റവും ഒടുവില്‍ 'മരയ്ക്കാറും'. ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു. 'കൊടുമുടി വേണു' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസ്സ് കൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും... വേദനയോടെ വിട! എന്നുമാണ് മഞ്ജു വാര്യര്‍ പറയുന്നത്.

  ''പറന്ന് പറന്ന് പറന്ന് വേണുചേട്ടന്‍ പോയെന്ന് പറഞ്ഞാണ് നടന്‍ റഹ്മാന്‍ എത്തിയിരിക്കുന്നത്. ഞങ്ങളൊന്നിച്ച എത്രയെത്ര ചിത്രങ്ങള്‍. പപ്പേട്ടന്റെ പറന്നു പറന്നു പറന്ന് മുതല്‍ തുടങ്ങിയ സ്‌നേഹബന്ധം. സുഹൃത്തുക്കളാവാന്‍ പ്രായം തടസമല്ലെന്നതിനു വേണു ചേട്ടനോടുള്ള എന്റെ ബന്ധം തന്നെ തെളിവ്. ഒരു കുഞ്ഞനുജനോടോ മകനോടോ എന്ന പോലുള്ള വാത്സല്യത്തിനൊപ്പം കൂട്ടുകാരനോടെന്ന പോലുള്ള അടുപ്പവും. ഉയരങ്ങളില്‍, പുന്നാരം ചൊല്ലി ചൊല്ലി? ഗായത്രീദേവി, അപാരത.. ഇനിയുമെത്ര ചിത്രങ്ങള്‍. മനസ്സില്‍ മായാതെ ആ ഷൂട്ടിങ് ദിനങ്ങള്‍... പാട്ടും തമാശകളും. ഈ മഹാനടനൊപ്പം അഭിനയിക്കാന്‍ സാധിച്ചതു തന്നെ എത്ര വലിയ ഭാഗ്യം. പ്രണാമം... ഒരായിരം കണ്ണീര്‍പ്പൂക്കള്‍.. റഹ്മാന്‍ പറഞ്ഞ് നിര്‍ത്തി.

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകളുമായി സംവിധായകന്‍ പ്രിയദര്‍ശനും എത്തിയിരുന്നു. ''നഷ്ടം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്റെ പ്രിയപ്പെട്ട വേണുച്ചേട്ടന്റെ വിയോഗം. നാടകത്തില്‍ നിന്ന് വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്ന് മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എന്റെ മനസ്സില്‍ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അസൂയാവഹമായ ഭാവപ്പകര്‍ച്ച നല്‍കിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതല്‍ അടുപ്പം. ജേഷ്ഠ തുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയില്‍ ഇത്ര മാത്രം സ്‌നേഹം നിറയ്ക്കാന്‍ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട...

  English summary
  Manju Warrier Opens Up About The Letter Send By Nedumudi Venu After Her Father Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X