twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൃണാള്‍ സെന്നിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍! ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍!!

    By Desk
    |

    എംസി രാജനാരായണന്‍

    ചലച്ചിത്രജാലം
    ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

    ഇന്ത്യന്‍ ആര്‍ട്ട് ഹൗസ് സിനിമയിലെ അതികായകനായ മൃണാള്‍ സെന്‍ 95 പൂര്‍ത്തിയാക്കിയിരിക്കുന്നു. കൊല്‍ക്കത്തയിലെ സിനിമാ ആസ്വാദകരും ആരാധകരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുമെല്ലാം ഈ അടുത്താണ് സെന്നിന്റെ 95-ാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചത്. (ക്രിക്കറ്റ് ടെര്‍മിനോളജിയില്‍ നെര്‍വസ് നൈന്റീസ്...) സത്യജിത്ത് റെയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍ സെന്‍ ലോക സിനിമയിലെ പൊളിറ്റികല്‍ ഫിലിം മേക്കേഴ്‌സിന്റെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകനാണ്. മൃണാള്‍ സെന്നിനെ വര്‍ഷങ്ങളായി പരിചയമുണ്ട്. ഒരിക്കല്‍ ഓഷ്യാന്‍ സിനിഫാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിപ്രസി ജ്യൂറി അംഗമായ അവസരത്തില്‍ ഫെസ്റ്റിവല്‍ അതിഥിയായി മൃണാള്‍ സെന്നും ഉണ്ടായിരുന്നു.

    mrinal-sen

    ഞങ്ങളെല്ലാം രണ്ടാഴ്ചയോളം താമസിച്ചത് ഡെല്‍ഹി ജന്‍പഥിലെ ഇംപീരിയല്‍ ഹോട്ടലിലായിരുന്നു. അപ്പോള്‍ പലപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ആദ്യമായി സെന്നിനെ കണ്ടത് പാലം എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു. ഞങ്ങള്‍ സംസാരിച്ചിരുന്നപ്പോള്‍ അടൂരടക്കം സിനിമാ സംവിധായകര്‍ പലരും സെന്നിനെ വിഷ് ചെയ്ത് കടന്നുപോയത് ഓര്‍ക്കുന്നു. അന്ന് ഐ.എഫ്.എഫ്.ഐയിലെ ജ്യൂറി അംഗമായാണ് സെന്‍ ഡല്‍ഹിയിലെത്തിയിരുന്നത്. ഫോണില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ ചെന്ന് കാണുകയായിരുന്നു. അന്ന് സെന്‍ ഏറെയും സംസാരിച്ചത് ഫിലിം ഫെസ്റ്റിവലിനെ കുറിച്ചാണ്. ബെര്‍ട്ട് ഹാന്‍സ്ട്രയെകുറിച്ച് അദ്ദേഹം പറഞ്ഞത് '' ഹി ഈസ് ദി ലാസ്റ്റ് വേഡ് ഇന്‍ ഡോക്യുമെന്ററി സിനിമ''എന്നാണ്.

    കല്‍ക്കത്ത 71

    സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാലപടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ''ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍തന്നെ തിരയുന്നു'' എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയവ രചനകള്‍ സൗഷ്ഠവവും ആശയ സമ്പന്നതയും രാഷ്ട്രീയ നിലപാടും ഒത്തുചേര്‍ന്നവയാണ്. ഒരിക്കല്‍ സെന്‍ പറഞ്ഞു. ''എവരി ആര്‍ട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആര്‍ട്ട്'' അതുപോലെ. ''എല്ലാ സിനിമയിലും രാഷ്ട്രിയമുണ്ട്. ചിലത് പ്രതിലോമകരമാണെന്നുമാത്രം''. സിനിമയെകുറിച്ചായാലും രാഷ്ട്രീയത്തെകുറിച്ചായാലും അഭിപ്രായം വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്. എമര്‍ജന്‍സിയെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സംവിധായകനാണ് അദ്ദേഹം.

    മൃണാള്‍ സെന്‍

    ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുങ്കിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കൈയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റെയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ പടം ചെയ്തിരുന്നു. അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന അമര്‍ ഭുവന്‍.

    ഭുവന്‍ഷോം

    മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ്. അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു. ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സെന്നിന്റെ അകലേര്‍ സന്ധനെ അദ്ദേഹത്തോടൊപ്പം അടുത്തടുത്ത വരികളിലിരുന്ന് കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. പടം തുടങ്ങുന്നതിനുമുന്‍പ് സ്റ്റേജിലെത്തിയ മൃണാള്‍ സെന്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് പറഞ്ഞത്. ''ദിസ് ഈസ് എ ഹോട്ട് ഫിലിം'' എന്നാണ്. തുടര്‍ന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ''ലാബില്‍നിന്ന് നേരെ ഇവിടെ എത്തിച്ച പ്രിന്റാണ്. അതുകൊണ്ട് അല്‍പ്പം ചൂടുണ്ടാകും''. പടം കഴിഞ്ഞശേഷം സെന്നുമായി അഭിപ്രായം പങ്കുവെയ്ക്കുവാന്‍ ബംഗാളികള്‍ക്കൊപ്പം മലയാളികളുമുണ്ടായിരുന്നു.

    അകലേര്‍

    അകലേര്‍ സന്ധനയിലെ ഒരു സീക്വന്‍സില്‍ പഴയകാലത്തെ ഫോട്ടോ കാണിച്ച് വര്‍ഷം നിര്‍ണയിക്കുവാന്‍ നടത്തുന്ന മത്സരത്തിനൊടുവില്‍ നെഗറ്റീവ് കാണിച്ച് ഏത് കാലം എന്ന് ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ''ഇന്നലെ ഇന്ന് നാളെ എന്നാണ്''. കോറസ്സ് എന്ന പടത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ചോദ്യ ചിഹ്നത്തിലേക്ക് കട്ട് ചെയ്ത് ഇവരെകൊണ്ട് എന്ത് പ്രയോജനം എന്ന് അര്‍ത്ഥമാക്കിയതിന്റെ അനുബന്ധമായി അകലേര്‍ സന്ധനയിലെ നെഗറ്റീവ് സീനും കാണാം. രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായി ലോകസിനിമയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയിലെ കാരണവരായ മൃണാള്‍ സെന്‍ ആരോഗ്യം അനുവദിച്ചാല്‍ ഇനിയും പടം ചെയ്യുമെന്ന് പറയുമ്പോള്‍ സിനിമ അദ്ദേഹത്തിന് എന്നും എത്ര ആവേശവും ആസക്തിയുമാണെന്ന് നാം തിരിച്ചറിയുന്നു...

    English summary
    MC Rajanarayanan about Mrinal Sen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X