For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Dileep Kumar: ഇന്ത്യയുടെ ഇതിഹാസതാരം ദിലീപ് കുമാറിനെ മുഖാമുഖം കണ്ട ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍

  By Desk
  |

  എംസി രാജനാരായണന്‍

  ചലച്ചിത്രജാലം
  ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

  സൗത്ത് ഡല്‍ഹിയിലെ പ്രധാന തിയ്യറ്ററുകളിലൊന്നായിരുന്ന 'ഉപഹാര്‍' ഇന്നില്ല. വലിയൊരു തീപിടുത്തത്തെ തുടര്‍ന്ന് അത് അടച്ച് പൂട്ടേണ്ടി വന്നു. ഷോ നടക്കുമ്പോഴാണ് ഉപഹാര്‍ തിയ്യറ്റര്‍ ഒരു തീ ഗോളമായി മാറിയത്. ആള്‍ അപായവും സംഭവിച്ചിരുന്നു. പല ഫയര്‍ എന്‍ജിനുകള്‍ എത്തി റസ്‌ക്യൂ ഓപ്പറേഷന്‍ നടത്തിയാണ് ജനങ്ങളെ പുറത്തെടുത്തത്. ഹൗസ് ഫുള്‍ ഒന്നും ആയിരുന്നില്ല എന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. കുറെ സിനിമകള്‍, കുറെ വര്‍ഷങ്ങള്‍, കുറെ അനുഭവങ്ങള്‍ അങ്ങിനെ പോകുന്നു ഉപഹാര്‍ ഓര്‍മ്മകള്‍. കൂടാതെ ഇഫി (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ഡല്‍ഹിയില്‍ വെച്ച് നടന്നകാലത്ത് ഉപഹാര്‍ ഒരു വേദിയായും മാറിയിരുന്നു. ഇവിടെ വെച്ച് കാണുകയും പരിചയപ്പെടുകയും ചെയ്ത സിനിമാ പ്രവര്‍ത്തകരും നിരവധിയാണ്.

  ഉപഹാറിന് തൊട്ടുമുന്നിലുള്ള ബില്‍ഡിങ്ങിലെ ഗംഗാ ഓട്ടോമൊബൈല്‍സിന്റ (മാരുതി ഡീലേഴ്‌സ്) ഷോറൂമില്‍ വെച്ചാണ് ഒരു നാള്‍ തീരെ അപ്രതീക്ഷിതമായി ഒരു ഇതിഹാസ താരത്തെ നേരിട്ട് കണ്ടത് - സാക്ഷാല്‍ ദിലീപ് കുമാര്‍ എന്ന ഹിന്ദിയിലെ എക്കാലത്തെയും വലിയ താരം കൂടെ അദ്ദേഹത്തിന്റെ പത്‌നിയും പോയകാല താരറാണിയുമായിരുന്ന സൈറാ ബാനുവും. കറുത്ത സ്യൂട്ടാണ് ദിലീപ് കുമാറിന്റെ വേഷം ഭാര്യ സൈറാ ബാനു വെളുത്ത സാരിയും മാച്ച് ചെയ്യുന്ന മുത്തിന്റെ വെളുത്ത മാലയും മറ്റ് ആഭരണങ്ങളുമാണ് ധരിച്ചിരുന്നത്. അതൊരു സായാഹ്നാമായിരുന്നു. ചില ഡോക്യുമെന്റുകള്‍ നല്‍കുവാനുള്ള ഗംഗാ ഓട്ടോമൊബൈല്‍സിന്റെ കത്തുമായാണ് അവിടേക്ക് കയറി ചെന്നത്. പതിവില്ലാത്ത പരിശോധനയും ചോദ്യങ്ങളുമായിരുന്നു. യൂണിഫോമിട്ട സെക്യൂരിട്ടിക്കാര്‍ കൂടാതെ മറ്റു ചിലരും കത്തു വാങ്ങി നോക്കിയ ശേഷമാണ് ചില്ലു വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിച്ചത്.

  അകത്ത് പതിവില്ലാതെ എല്ലാവരും ജാഗരൂഗരായി നില്‍ക്കുകയാണ്. സോഫയില്‍ ഇരിക്കുന്നവരെ നോക്കിയപ്പോള്‍ ശരിക്കും സ്തംഭിച്ചുപോയി. ഇതിഹാസ താരം ദിലീപ് കുമാറും സൈറാബാനുവുമാണ്. അവരുടെ അടുത്തേക്ക് നീങ്ങും തോറും ചുറ്റുകൂടി നില്‍ക്കുന്ന ജീവനക്കാര്‍ ആഗ്യം കൊണ്ട് വിലക്കി. എംഡിയെ കാത്തിരിക്കുകയാണെന്ന് റിസപ്ഷനില്‍ നിന്ന് അറിഞ്ഞു. എല്ലാവരും ചേര്‍ന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് എംഡിക്ക് വീണ്ടും ക്യാമ്പിനിലേക്ക് പോവേണ്ടി വന്നത്. വിലപ്പെട്ട നിമിഷങ്ങള്‍. സെക്യൂരിറ്റിക്കാരെ വെട്ടിച്ചുകൊണ്ട് ഇതിഹാസ താരത്തിനുമുന്നിലെത്തി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. ''ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍. അങ്ങയെ ഇവിടെ കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്''. ജീവനക്കാര്‍ നീരസത്തോടെ നോക്കിയെങ്കിലും അദ്ദേഹം ശ്രദ്ധിച്ചതോടെ അവര്‍ നിശബ്ദരായി നിന്നു. ''ഐയാം എ ജേണലിസ്റ്റ് ഫ്രം കേരള. ഐയാം യുവര്‍ ആര്‍ഡന്റ് അഡമയറര്‍''. ''ഐ ഹാവ് ബീന്‍ റ്റു കേരള. ബ്യൂട്ടിഫുള്‍ പ്ലെയ്‌സ്''.

  എംഡിയും പരിവാരങ്ങളും എത്തിയതോടെ അദ്ദേഹം എഴുന്നേറ്റ് എല്ലാവരോടുമായി യാത്ര പറഞ്ഞ് ഡോറിനടുത്തേക്ക് നീങ്ങി. അപ്പോഴേക്കും പുറത്ത് ചെറിയൊരു ആള്‍ക്കൂട്ടം. ദിലീപ് കുമാര്‍ പുറത്തെത്തിയതും 'ദിലീപ് സാബ്' എന്ന ആരവം മുഴങ്ങി. വലിയ കാര്‍ ആള്‍ക്കുട്ടത്തെ വകഞ്ഞുമാറ്റി ഡോറിനടുത്തെത്തി. ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം കാറില്‍ കയറി. കാറിനു ചുറ്റും ആരാധകര്‍ കൂടി നിന്നു. ഗംഗാ ഓട്ടോമൊബൈല്‍സിന്റെ മാനേജര്‍ ഗുപ്തയോട് ഞാന്‍ പറഞ്ഞു. ''ഇന്നിവിടെ വരാന്‍ കഴിഞ്ഞതും അദ്ദേഹത്തെ നേരില്‍ കണ്ടതും മഹാഭാഗ്യമാണ്''. '' ദിലീപ് സാഹബ് അപൂര്‍വ്വമായി ഇവിടെ വരാറുണ്ട്. എംഡിയുമായി നല്ല സൗഹൃദമാണ്''. മുബൈയില്‍ അദ്ദേഹത്തെ കാണുവാനും അഭിമുഖത്തിനുമായി പോയി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നതിന്റെ അനുഭവം അനില്‍ സാരി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയത് ഓര്‍മ്മ വന്നു.

  ദിലീപ് കുമാര്‍ എന്ന മഹാരഥനെ നേരില്‍ കാണുവാനും നാലുവാക്ക് പറയുവാനും കഴിഞ്ഞത് ഒരു ലോട്ടറി കിട്ടിയതുപോലെയായിരുന്നു. ഒരു കാലത്ത് ഹിന്ദി സിനിമയുടെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്നത് ദിലീപ് രാജ് ആനന്ദ് എന്ന ത്രിമൂര്‍ത്തികളായിരുന്നു. (ദിലീപ് കുമാര്‍, രാജ് കപൂര്‍, ദേവ് ആനന്ദ്). രാജ് കപൂറും ദേവാനന്ദും സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തപ്പോള്‍ ദിലീപ് കുമാര്‍ ഒരിക്കലും ആ വഴിക്ക് നീങ്ങിയില്ല. ഒരു അഭിനേതാവിന്റെ റോളില്‍ മാത്രമായി അദ്ദേഹം നിലയുറപ്പിച്ചു. ആദ്യകാല ചിത്രങ്ങളിലെ നിരാശാ കാമുനില്‍നിന്ന് (മുഗള്‍ ഇ ആസം, ദേവദാസ്) പില്‍ക്കാലത്തെ സ്വഭാവ നടനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ഐതിഹാസികമാണ്. ഹിറ്റ് ജോഡികളായിരുന്നു ദിലീപ് കുമാറും വൈജയന്തിമാലയും. അമിതാബ് ബച്ചന്‍ മകനായും ദിലീപ് കുമാര്‍ അച്ഛനായും അഭിനയിച്ച 'ശക്തി'യില്‍ അദ്ദേഹം ഭാര്യയോട് (രാഖി) പറയുന്ന ഒരു ഡയലോഗുണ്ട്. ''തുമാര ബേട്ടാ ഖോഗയ''. ഒരച്ഛന്റെ പ്രാണവേദന സ്ഫുരിക്കുന്ന ആ മുഖഭാവം ദിലീപിനല്ലാതെ മറ്റൊരു നടനും അത്ര ശക്തമായി പ്രകടിപ്പിക്കാനാവില്ല - ഒരു കാലത്തും...

  മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

  വിപ്ലവ സൂര്യനായി മമ്മൂക്ക വരുമ്പോള്‍, പരോള്‍ കണ്ടിറങ്ങുന്നവരുടെ ഹൃദയം നുറുങ്ങുമെന്ന് തിരക്കഥാകൃത്ത്!

  English summary
  MC Rajanaryanan saying about legend actor Dileep Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X