For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെലുഗ് സിനിമയുടെ ചക്രവര്‍ത്തിയായി എന്‍ടിആറും കന്നഡയില്‍ രാജ്കുമാറും! എംസി രാജനാരായണന്‍ എഴുതുന്നു!!

  By Desk
  |

  എംസി രാജനാരായണന്‍

  ചലച്ചിത്രജാലം
  ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

  എം.ജി.ആറെ പോലെ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി ഇലക്ഷന്‍ തൂത്തുവാരി ആന്ധ്രാ മുഖ്യമന്ത്രിയായ എന്‍.ടി.ആര്‍ എന്ന എന്‍.ടി. രാമറാവുവും സമകാലികനായിരുന്ന കന്നഡ സിനിമയിലെ അതികായകന്‍ രാജ് കുമാറും തമ്മിലെ പ്രധാന സമാനത തലമുറകളുടെ അതിര്‍ വരമ്പുകള്‍ മറികടക്കുന്ന ഇരുവരുടെയും ജനസമ്മതി തന്നെ. എന്‍.ടി.ആര്‍. എന്ന മൂന്നക്ഷരത്തില്‍ എം.ജി.ആര്‍ എന്ന പോലെയൊരു മാന്ത്രിക സ്പര്‍ശമുണ്ടായിരുന്നു.

  അണികളെയും ആരാധകരെയും ആവേശം കൊള്ളിച്ച് അദ്ദേഹം സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും പടനയിച്ച് യുദ്ധം വിജയിച്ച് രാജകിരീടം സ്വന്തമാക്കി. സിനിമാ ജീവത കാലത്ത് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതിരുന്ന എന്‍.ടി.രാമറാവു തെലുഗുദേശം പാര്‍ട്ടിയുടെ എല്ലാമെല്ലാമായി കോണ്‍ഗ്രസ്സിനെ തറപറ്റിച്ചു കൊണ്ട് ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് ഒരു ചരിത്ര നിയോഗം പോലെയായിരുന്നു.

  ഡല്‍ഹി ജീവിതകാലത്ത് ഇടയ്ക്ക് ആന്ധ്രാ ഭവനില്‍ പോയി അവിടത്തെ കാന്റീനില്‍നിന്ന് താലി കഴിക്കാറുണ്ട്. വിഭവ സമൃദ്ധമായ, രുചിയുള്ള ഒന്നാന്തരം താലി. എന്‍.ടി.ആര്‍ ചീഫ് മിനസ്റ്ററായിരുന്ന കാലത്ത് ഒന്ന് രണ്ട് തവണ ആന്ധ്രാ ഭവനില്‍വെച്ച് അദ്ദേഹം സന്ദര്‍ശകര്‍ക്ക് 'ദര്‍ശനം' നല്‍കുന്നത് കാണാനിടവന്നിട്ടുണ്ട്. കാലു തൊട്ടു വണങ്ങുന്നവരെ ശിരസ്സില്‍ തൊട്ട് അനുഗ്രഹിക്കുകയും അടുത്ത് നില്‍ക്കുന്നവര്‍ക്ക് ദൈവത്തെപോലെ കൈപ്പത്തി നിവര്‍ത്തി ആശീര്‍വാദം നല്‍കുകയും ചെയ്യുന്ന എന്‍.ടി.ആര്‍. ഒരു കാഴ്ച തന്നെയായിരുന്നു. തിളങ്ങുന്ന ചന്ദന നിറമുള്ള ജുബ്ബയും തൂവെള്ള മുണ്ടും അംഗവേഷ്ടിയും തിലക കുറികളുമായി സുസ്‌മേര വദനനായി നില്‍ക്കുന്ന എന്‍.ടി.ആറിന് അമാനുഷ പരിവേഷം തന്നെ ആരാധകര്‍ നല്‍കിയിരുന്നു.

  ചീഫ് മിനിസ്റ്റര്‍ കസേരയിലിരുന്ന് ആജ്ഞാപിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് നടപ്പില്‍ വരാതായപ്പോഴും തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുവാനുള്ള കാലവിളബം കൊണ്ടും മനസ്സു മടുത്ത എന്‍.ടി.ആര്‍ പറഞ്ഞത് 'സെറ്റില്‍ എന്ത് ആവശ്യപ്പെട്ടാലും പെട്ടെന്ന് നടക്കുമായിരുന്നു ഇവിടെ എന്താണ് ഇത്ര കാലതാമസം' എന്നാണ്. 'ടിന്‍സല്‍ ടൗണിലെ രീതികളും നിയമങ്ങളും സെക്രട്ടറിയേറ്റിലും ഭരണ സിരാ കേന്ദ്രത്തിലും നടപ്പില്‍ വരുത്തുക എളുപ്പമല്ലെന്നത് അദ്ദേഹം മനസ്സിലാക്കി. സര്‍ക്കാര്‍ കാര്യം മുറപോലെയെന്നാണല്ലോ. സെറ്റില്‍ അദ്ദേഹം ചെങ്കോലില്ലാത്ത ചക്രവര്‍ത്തി തന്നെയായിരുന്നു.

  തിരുപ്പതി ദര്‍ശനത്തിന് പോകുന്നവരും തിരിച്ചു വരുന്നവരും ഹൈദരബാദിലെ എന്‍.ടി.ആര്‍ വസതിക്ക് മുന്നിലെത്തി അദ്ദേഹത്തിന്റെ ദര്‍ശന സാഫല്യം നേടാറുള്ളത് അന്നെല്ലാം ദേശീയ പത്രങ്ങളില്‍ പോലും പ്രധാന വാര്‍ത്തയായിരുന്നു. രാമനും കൃഷ്ണനും മറ്റു ദൈവങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്ന എന്‍.ടി.ആറിന് അങ്ങനെയൊരു അമാനുഷിക പരിവേഷം കൈവരികയായിരുന്നു. ഒരു ആള്‍ദൈവത്തോടെന്ന പോലെയുള്ള ഭക്തിയും സമീപനവുമായിരുന്നു ആരാധകര്‍ക്ക് എന്‍.ടി.ആറിനോട്. രാഷ്ട്രീയ പ്രവേശനം കൊണ്ട് അത് അദ്ദേഹം വോട്ടുകളായി മാറ്റുകയും ചെയ്തു.

  ജനസമ്മതിയുടെ കാര്യത്തില്‍ കന്നഡ സുപ്രീമോ രാജ്കുമാറും എന്‍.ടി.ആറിന് ഒപ്പമായിരുന്നെങ്കിലും അദ്ദേഹത്തിന്റേത് 'ഡൗണ്‍ റ്റു എര്‍ത്ത്' സമീപനമായിരുന്നു. ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങുവാനായി രാജ്കുമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ വീക്ഷിച്ചതില്‍ നിന്ന് ഗ്രഹിക്കാനായത് എളിമയുടെ രീതിയാണ്. സൂപ്പര്‍ സ്റ്റാര്‍ ഭാവഹാവാദികളൊന്നുമില്ലാതെ ഒരു സാധാരണക്കാരനെ പോലെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധേയമായിരുന്നു. എന്‍.ടി.ആര്‍ ദൈവീക വേഷങ്ങളില്‍ തിളങ്ങിയപ്പോള്‍ രാജ്കുമാര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയില്‍ സാക്ഷാത്ക്കരിച്ചത്. കന്നഡ സിനിമയിലെ ഒരു വണ്‍മാന്‍ ആര്‍മി പോലെയായിരുന്നു രാജ്കുമാര്‍ - അഭിനയതാവിനുപരി മികച്ച ഗായകനും. സിനിമയക്കു വേണ്ടിയും അല്ലാതെയും അദ്ദേഹം നിരവധി ഗാനങ്ങള്‍ ആലപിക്കുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പുറത്തിറക്കിയ പല ആല്‍ബങ്ങളും വില്‍പനയില്‍ ചരിത്രം തിരുത്തി കുറിക്കുകയും ചെയ്തു.


  പില്‍ക്കാലത്ത് രാജ്കുമാറിനെ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ തട്ടികൊണ്ടു പോയതും ഒളിവില്‍ പാര്‍പിപ്പിച്ച് വിലപേശല്‍ നടത്തി മോചിപ്പിച്ചതും സിനിമാ കഥയെ വെല്ലുന്ന രീതിയിലാണ്. അക്കാലത്ത് കന്നഡ സിനിമാ രംഗം തികച്ചും നിശ്ചലമാകുകയും ചെയ്തു. നിര്‍മ്മാണവും പ്രദര്‍ശനവും ഒന്നും നടന്നിരുന്നില്ല. രാജ്കുമാര്‍ രാഷ്ട്രീയത്തിലിറങ്ങിയിരുന്നെങ്കില്‍ അദ്ദേഹവും എന്‍.ടി.ആറിനെപോലെ ചീഫ് മിനിസ്റ്റര്‍ പദവി അലങ്കരിക്കുമായിരുന്നു. കാരണം അത്ര വിപുലമായിരുന്നു അദ്ദേഹത്തിന്റെ ജനസമ്മതി. കന്നഡ ജനതയുടെ ആവേശമായിരുന്നു രാജ്കുമാര്‍ എന്നും. പക്ഷെ അദ്ദേഹം രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് നീങ്ങിയില്ല. സിനിമാ രംഗത്തെ പ്രവര്‍ത്തനം കൊണ്ടും അതില്‍നിന്നു ലഭിക്കുന്ന സ്‌നേഹദരങ്ങള്‍ കൊണ്ടും അദ്ദേഹം സംതൃപ്തനായിരുന്നു.

  സിനിമാ രംഗത്ത് പ്രഭാവം അസ്തമിക്കാതെ, മക്കളിലൂടെയും ആശ്രിതരിലൂടെയും അസാന്നിധ്യത്തിലും സാന്നിധ്യമാകുന്ന രണ്ട് മഹാരഥന്മാരാണ് എന്‍.ടി.ആറും രാജ്കുമാറും. അവരുടെ ചിത്രങ്ങള്‍ക്കും ഇന്നും ടി.വിയിലും സ്‌ക്രീനിലും വലിയ വരവേല്‍പ്പുതന്നെയാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇവര്‍ക്ക് സമശീര്‍ഷരായി മറ്റാരെയും കാണാനാകില്ല.

  കാമുകിക്ക് പ്രായം കുറഞ്ഞ് പോയി! സൂപ്പര്‍ താരത്തെ അപ്പൂപ്പനാക്കി വിമര്‍ശകര്‍, ശേഷം സംഭവിച്ചതിങ്ങനെയും

  English summary
  MC Rajanaryanan saying about NTR and Raj Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X