For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിനിമാകൊട്ടകയില്‍ നിന്ന് പുറത്തേക്കു കടക്കാത്ത സര്‍ക്കാര്‍: സദീം മുഹമ്മദ്

By സദീം മുഹമ്മദ്
|

സദീം മുഹമ്മദ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

തമിഴ് നാട്ടിലെ രാഷ്ട്രീയകക്ഷികളോടുള്ള തമിഴ്‌സിനിമാലോകത്തിന്റെ പ്രത്യേകിച്ച് വന്‍കിട താരങ്ങളുടെ അസംതൃപ്തി ഒരിക്കല്‍കൂടി പ്രകടമായി സ്‌ക്രീനിലെത്തുന്നുവെന്നുള്ളതാണ് സര്‍ക്കാര്‍ എന്ന ഇളയദളപതി വിജയിയുടെ പുതിയ ചലച്ചിത്രം പ്രേക്ഷകനോട് എന്തുപറയുന്നുവെന്നുള്ളതിനെക്കുറിച്ചന്വേഷിക്കുമ്പോള്‍ ആദ്യം തന്നെ കണ്ടെത്തുവാന്‍ സാധിക്കുന്നത്.

തമിഴകത്ത് സിനിമയും രാഷ്ട്രീയക്കാരനും തമ്മിലുള്ള ബന്ധത്തിന് ഇരുമ്പുമറകളൊന്നുമില്ല. ഒരു കര്‍ട്ടണോ, സ്‌ക്രീനിനോ അപ്പുറത്തോ ഇപ്പുറത്തോ എന്ന് വിശേഷിപ്പിക്കാവുന്ന ഈ സുതാര്യമായ മറ കടന്ന് തമിഴ്‌നാടിന്റെ, തമിഴ്മക്കളുടെ അടുത്തേക്ക് എത്തുവാനുള്ള ശ്രമങ്ങള്‍ക്ക് രജനികാന്തും കമലഹാസനും തുടകക്കം കുറിച്ച ഒരു സമയത്തോട് ചേര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ എന്ന സിനിമയുടെ രംഗപ്രവേശത്തെകൂടി കൂട്ടിവായിക്കേണ്ടത്.

600 കോടി മുതല്‍ മുടക്കല്ലേ എന്തെങ്കിലും ഉണ്ടാവും! 2.0 വിതരണത്തിനെത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്!

തമിഴ് കുടുംബരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ്

ജയലളിതക്കുശേഷമുള്ള തമിഴ്‌നാടിന്റെ ഇപ്പോഴത്തെ പോക്കില്‍ അസംതൃപ്തരാണ് ഭൂരിഭാഗം തമിഴ്ജനതയും. കരുണാനിധിയുടെ വിയോഗവും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഈയൊരു താല്പര്യമില്ലായ്മയെ തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള നല്ലൊരു സന്ദര്‍ഭമായി രജനിയും കമലഹാസനും കണ്ടപ്പോള്‍ ഈ അസംതൃപ്തിയെ സമര്‍ഥമായി സിനിമാതീയേറ്ററിലേക്കെത്തിക്കുവാനുള്ള വിജയ് എന്ന സൂപ്പര്‍സ്റ്റാറിനെ ഉപയോഗിച്ചുള്ള ശ്രമങ്ങളിലെ പുതിയ മുഖമാണ് സര്‍ക്കാര്‍. ഒരു ടിപ്പിക്കല്‍ തമിഴ് സിനിമാപ്രേക്ഷകനുവേണ്ട എല്ലാവിധ ചേരുവകളും സമാസമം ചേര്‍ത്തുകൊണ്ട് തന്നെ ഗവണ്‍മെന്റ് അഥവാ വര്‍ത്തമാനകാല അധികാരം കൈകാര്യം ചെയ്യുന്ന, അതിനായി പൊതുപ്രവര്‍ത്തനമെന്ന ഡയറിയും കക്ഷത്തുംവെച്ച് നടക്കുന്നവരെ കൈകാര്യം ചെയ്യുകയാണ് സര്‍ക്കാര്‍. അതിനപ്പുറം തമിഴ് കുടുംബരാഷ്ട്രീയത്തോടുള്ള എതിര്‍പ്പുകൂടിയാണ് മുരുകദാസ് ഇളയദളപതി എന്ന പോപ്പൂലാര്‍ താരത്തിലൂടെ തമിഴരുടെ മുന്നിലെത്തിക്കുന്നത്.

സുന്ദര്‍രാമസ്വാമി

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ പ്രമുഖ കമ്പനികളുടെ പേടിസ്വപ്നം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആളാണ് സുന്ദര്‍രാമസ്വാമി. അമേരിക്കയടക്കം നാലു രാഷ്ട്രങ്ങള്‍ തങ്ങളുടെ രാജ്യത്ത് കാലുകുത്തരുതെന്ന് പറഞ്ഞ ഇദ്ദേഹം. എവിടെ കാലെടുത്തുവെച്ചുവോ അവിടങ്ങളിലെല്ലാം അവിടത്തെ വന്‍കിടകുത്തകകളെയെല്ലാം കുത്തുപാളയെടുപ്പിച്ചിട്ടാണ് ഇയാള്‍ രാജ്യം വിട്ടത്. നാട്ടില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാനായി എത്തുകയാണ് ഇദ്ദേഹം. കോര്‍പറേറ്റ് കമ്പനികളെയെല്ലാം രാമസ്വാമി എന്ന സി ഇ ഒയുടെ ഇന്ത്യയിലേക്കുള്ള വരവ് ആശങ്കപ്പെടുത്തുകയാണ്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതിനപ്പുറം മറ്റൊന്നാണ് പിന്നീട് സംഭവിക്കുന്നത്. പോളിംഗ് ബൂത്തിലെത്തിയ രാമസ്വാമി തന്റെ വോട്ട് മറ്റാരോ ചെയ്തുപോയെന്നറിയുന്നു. ഇത് നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ സംവിധാനങ്ങളെക്കുറിച്ച് ഒരു വീണ്ടുവിചാരത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയാണ്. നിയമ പോരാട്ടത്തിനിറങ്ങുന്ന രാമ സ്വാമി ഇതില്‍ മുന്നോട്ടുപോകുന്നതോടുകൂടി അധികാരസ്ഥാനത്തിരിക്കുന്ന പലര്‍ക്കുമത് പ്രശ്‌നമായി മാറുന്നു. അവരില്‍ പലരുടെയും അധികാര സിംഹാസനങ്ങള്‍ക്ക് തന്നെ ഇളക്കം തട്ടുന്നു. എന്നാല്‍ ഇതെല്ലാം പുതിയൊരു കാലത്തിലേക്കുള്ള നല്ല തുടക്കമാക്കിയാണ് സുന്ദര്‍രാമ സ്വാമി മാറ്റുന്നത്.

ഉപകാരസ്മരണ വോട്ടാക്കി മാറ്റിയിരുന്ന കഥ

തെരഞ്ഞെടുപ്പ് എന്നാല്‍ കേവലം ഒരു ദിവസത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ മാത്രം തീരുന്ന പ്രക്രിയയായി കാണുന്ന അങ്ങനെ ജനങ്ങളെ വിശ്വസിപ്പിക്കുവാനും ലഘൂകരിക്കുവാനുമുള്ള തമിഴ്‌നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ഒരു രീതിയെയാണ് കണക്കിന് സര്‍ക്കാര്‍ കീറിമുറിക്കുന്നത്. എം ജി ആറിന്റെ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലേദിവസം മദ്യമടക്കം ഒഴുക്കി ആ ഉപകാരസ്മരണ വോട്ടാക്കി മാറ്റിയിരുന്ന കഥ പഴയ തമിഴകത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് വായിക്കാവുന്നതാണ്. ഇതിനെയാണ് സര്‍ക്കാര്‍ പൊളിക്കുവാന്‍ ശ്രമിക്കുന്നത്. ലാപ്പ് ടോപ്പും, ടെലിവിഷനും സൈക്കിളുമെല്ലാം നല്കി നമ്മെ വിഡ്ഢികളാക്കുകയാണ് എന്നതിലേക്ക് കണ്ടിരിക്കുന്ന തമിഴ്മക്കളുടെ ശ്രദ്ധയെ ചിലപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുപോയെക്കാം എന്നുള്ളത് തള്ളിക്കളയാന്‍ പറ്റില്ല. എന്നാല്‍ ഒരു തീയേറ്റര്‍ ആരവത്തിനപ്പുറത്തേക്ക് ഗൗരവമായ ചിന്തയായി ഇതു കാഴ്ചക്കാരനില്‍ തങ്ങിനില്ക്കുമോയെന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതാണ് തമിഴകത്തെ മുഖ്യധാരയില്‍ വരുന്ന ഇത്തരം ചലച്ചിത്രങ്ങളുടെ വലിയ പരാജയവും.

ആത്മഹത്യചെയ്ത ഒരു കുടുംബത്തിന്റെ കഥ

കടംകയറി കിടപ്പാടം വരെ നഷ്ടപ്പെട്ട് തങ്ങളുടെ പരാതി പറയുവാന്‍ കലക്ടറേറ്റിലെത്തിയപ്പോള്‍ ഉണ്ടായ ദുരാനുഭവങ്ങളാല്‍ തിരുനെല്‍വേലി കലക്ടറേറ്റില്‍ വെച്ച് ആത്മഹത്യചെയ്ത ഒരു കുടുംബത്തിന്റെ കഥ മുതല്‍ മുല്ലപ്പെരിയാര്‍ അടക്കമുള്ള വിഷയങ്ങളില്‍ തമിഴ്‌നാട്ടിലെ ഭരണകൂടങ്ങള്‍ കാണിക്കുന്ന പല കൊള്ളരുതായ്മകളെക്കുറിച്ചും സിനിമയില്‍ കുറിക്കുകൊള്ളുന്ന സീനുകളും ഡയലോഗുകളുമെല്ലാം വേണ്ടുവോളമുണ്ടായിരുന്നുവെന്നുള്ളതാണ് സിനിമയെ വലിയ വിവാദത്തിലെത്തിച്ചത്. എന്നാല്‍ പ്രതിഷേധക്കാരായ എ ഐ ഡി എം കെക്കാരുടെ ആര്‍പ്പുവിളികള്‍ക്ക് കീഴടങ്ങി ഇത്തരം സിനിമയിലുള്ള പലരംഗങ്ങളും നീക്കം ചെയ്തുവെന്നാണറിയുന്നത്. ഇതാണ് തീയേറ്ററില്‍ ആളെക്കൂട്ടലിനും സിനിമ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കോടിക്ലബ്ബില്‍ കയറിയെന്ന വാര്‍ത്തസൃഷ്ടിക്കുന്നതിനുമപ്പുറത്തുള്ള എന്തെങ്കിലും സത്യസന്ധതയാണോ സര്‍ക്കാരിന്റെ അണിയറപ്രവര്‍ത്തകരെ നയിച്ചതെന്ന ചോദ്യമുയര്‍ത്തുന്നത്.

ചലച്ചിത്രം നല്കുന്ന കാഴ്ചനുഭവം

ഒരു കല്യാണസദ്യയില്‍ പായസവും അവിയലും പുളിശ്ശേരിയുമെല്ലാം നന്നായതുകൊണ്ട് സദ്യ ഉഗ്രന്‍ എന്ന് പൂര്‍ണമായി പറയുവാന്‍ കഴിയില്ലെന്നുള്ളതുപോലെ തന്നെയാണ് സര്‍ക്കാര്‍ എന്ന ചലച്ചിത്രം നല്കുന്ന കാഴ്ചനുഭവവും. സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ശക്തമായ വിമര്‍ശനമടക്കം നടത്തി സിനിമ പുതിയലോകത്തോടും കാലത്തോടുമെല്ലാം സംവദിക്കുവാന്‍ ശ്രമിക്കുന്നുവെങ്കിലും അതിനപ്പുറം കലക്കുള്ള ആത്യന്തികലക്ഷ്യമായ സഹൃദയനെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ തക്ക നിലക്ക്, ഗൗരവമായ ഒരു ശ്രമം നടത്തുന്നില്ലെന്നുള്ളതാണ്, ഒരു മാസ് പടമല്ലേ എന്ന മറുചോദ്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ ചലച്ചിത്രത്തെക്കുറിച്ച് വിലയിരുത്തുവാന്‍ സാധിക്കുക.

English summary
Muhammed sadeem about vijay sarkar movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more