For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍സ് ചേട്ടാ, ഈ സ്‌നേഹത്തിനും കരുതലിനും നന്ദി! അതൊരു വലിയ സാന്ത്വനമായിരുന്നുവെന്ന് സംവിധായകന്‍

  |

  മഴയിലും കാറ്റിലും തങ്ങളുടെ സിനിമാ സെറ്റ് തകര്‍ന്ന് വീഴുകയാണെന്നും അത് സംരക്ഷിക്കാന്‍ സഹായം വേണമെന്നും പറഞ്ഞ് സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ എഴുതിയ പോസ്റ്റ് വൈറലായിരുന്നു. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന സ്റ്റേഷന്‍ 5 സിനിമയുടെ അട്ടപ്പാടിയിലെ ലൊക്കേഷനാണ് ലോക്ഡൗണ്‍ വന്നതോടെ നശിച്ച് പോയി കൊണ്ടിരുന്നത്.

  ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിന്ന സമയത്താണ് ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നു. ബിഗ് ബജറ്റ് സിനിമ പോലുമല്ലെന്നും ചെറിയ സിനിമയാണെന്നും സംവിധായകന്‍ പറഞ്ഞു. ഒടുവില്‍ സ്‌നേഹാന്വേഷണങ്ങള്‍ നല്‍കി വിളിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍.

   പ്രശാന്ത് കാരന്തൂരിന്റെ കുറിപ്പ് വായിക്കാം

  പ്രശാന്ത് കാരന്തൂരിന്റെ കുറിപ്പ് വായിക്കാം

  ഇന്ദ്രന്‍സ് ചേട്ടാ... ഈ സ്‌നേഹത്തിനും കരുതലിനും നന്ദി. ചില ആശ്വാസ വാക്കുകള്‍, കരുതലുകള്‍, ഒപ്പമുണ്ടെന്നുള്ള മനസു തുറന്നുള്ള പറച്ചില്‍. ഇതൊക്കെ പ്രതിസന്ധി ഘട്ടങ്ങളില്‍ നമുക്ക് പകര്‍ന്നു നല്‍കുന്ന ആശ്വാസവും ഊര്‍ജവും വലുതാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന സ്റ്റേഷന്‍ 5 എന്ന ചിത്രം ലോക്ക് ഡൗണില്‍ പാതി വഴിയില്‍ നിലച്ചപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. 60 പേരടങ്ങുന്ന ചിത്രീകരണ സംഘം പല വഴികളില്‍ പിരിഞ്ഞു. പക്ഷെ സമയം നഷ്ടപ്പെടുത്തരുതെന്നു കരുതി ചിത്രീകരിച്ചത്രയും ഭാഗങ്ങളുടെ എഡിറ്റിങും സംഗീത നിര്‍വ്വഹണ ജോലികളും ഞാന്‍ തുടര്‍ന്നു. അതിനിടയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു.

  അട്ടപ്പാടിയിലെ എന്റെ സെറ്റില്‍ നിന്നായിരുന്നു അദ്ദേഹം അവസാനം തിരുവനന്തപുരത്തേക്ക് മടങ്ങിയത്. അതിനു ശേഷം അഭിനയിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ അദ്ദേഹത്തെയും കുരുക്കി. ഇന്ദ്രേട്ടന്‍ സുഖവിവരം അന്വേഷിക്കുന്നതിനൊപ്പം സിനിമയുടെ കാര്യം തിരക്കി. സ്റ്റേഷന്‍ 5 ല്‍ ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ഭാഗം പൂര്‍ത്തിയായതുമാണ്. 'ഇനി എന്നെ വെച്ച് എന്തെങ്കിലും ഷൂട്ട് ചെയ്യണമെന്നുണ്ടെങ്കില്‍ വിളിച്ചോളൂ. ഞാന്‍ വന്ന് ചെയ്തു തരാം. നിങ്ങളുടെ സിനിമയ്ക്ക് ഒരു കുറവും വരരുത്. അത് നന്നായി വരും - ഇന്ദ്രന്‍സിന്റെ വാക്കുകള്‍.

  അതൊരു വലിയ സാന്ത്വനമായിരുന്നു. നിങ്ങളെപ്പോലെ നല്ല നല്ല കൊച്ചു സിനിമകള്‍ ഒരുക്കുന്നവരുടെ കാലമാണ് വരാന്‍ പോകുന്നതെന്നും എല്ലാം നല്ലതിനെന്നു മാത്രം കരുതണമെന്നും അദ്ദേഹം സമാശ്വസിപ്പിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞായിരുന്നു ഇന്ദ്രന്‍സ് സംഭാഷണം അവസാനിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹത്തെ വിളിച്ച് സുഖ വിവരം അന്വഷിക്കാന്‍ എനിക്ക് തോന്നിയില്ലല്ലോ എന്ന കുറ്റബോധം മനസിനെ വല്ലാതെ അലട്ടി. എന്നെ പ്രത്യേകം ഓര്‍മ്മിച്ച് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞ ഇന്ദ്രേട്ടാ....

  നന്ദി വാക്കുകള്‍ ഔപചാരികം മാത്രമാവും. അതിനാല്‍ സ്‌നേഹം മാത്രം. എന്റെ സിനിമയിലെ മറ്റൊരു അഭിനേതാവായ സന്തോഷ് കീഴാറ്റൂരാണ് ആശ്വാസം പകര്‍ന്ന മറ്റൊരു വ്യക്തി. പലപ്പോഴും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്ത അദ്ദേഹം ഇന്നലെ കൂടി വിളിച്ചിരുന്നു. പെട്ടെന്ന് പടം തീര്‍ക്കണം. ഇല്ലെങ്കില്‍ സെറ്റിട്ടത് മുഴുവന്‍ നശിക്കും. കൂടുതല്‍ ആളുകളൊന്നും വേണ്ട. പരിമിതമായ ലൈറ്റുകളൊക്കെ വെച്ച് വേഗം തീര്‍ക്ക്. എന്നെ എപ്പോള്‍ വേണമെങ്കിലും വിളിച്ചാല്‍ വരാം' - സന്തോഷിന്റെ വാക്കുകള്‍.

  സ്റ്റേഷന്‍ 5 ലെ മറ്റൊരു അഭിനേതാവായ ഐ.എം വിജയനും ഷൂട്ടിങ് പാതി വഴിയില്‍ നിര്‍ത്തി മടങ്ങുമ്പോള്‍ പറഞ്ഞതും കരുതലിന്റെ വാക്കുകളായിരുന്നു. മുംബൈയില്‍ കളി കഴിഞ്ഞാണ് വിജയേട്ടന്‍ അട്ടപ്പാടിയില്‍ എത്തിയത്. ഒറ്റ ദിവസം മാത്രമേ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ എടുത്തുള്ളൂ. കൊറോണക്കാലത്തിന്റെ തുടക്ക ദിനങ്ങളായിരുന്നു അത്. നാട്ടുകാര്‍ ഇടപെട്ട് ഷൂട്ടിങ്ങ് നിര്‍ത്താന്‍ പറഞ്ഞു.

  കൂട്ടത്തില്‍ അദ്ദേഹത്തിനു നേരെയും ചില സമൂഹ ദ്രോഹികള്‍ ഭീഷണി മുഴക്കി. ' നമുക്ക് ഇപ്പോള്‍ നിര്‍ത്താം. ഞാന്‍ നിങ്ങടെ കൂടെ ഉണ്ട്. എല്ലാം ശാന്തമായാല്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ വന്ന് അഭിനയിക്കാം' - വിജയേട്ടന്‍ പറഞ്ഞു. സിനിമയിലെ നായിക പ്രിയംവദ വല്ലപ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. അവള്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട് പന്മ എന്ന കഥാപാത്രത്തില്‍.

  നായകന്‍ പ്രയാണ്‍ വിഷ്ണു കഥാപാത്രത്തിന്റെ കണ്ടി ന്വിറ്റി കാത്തു സൂക്ഷിക്കാന്‍ മുടി വെട്ടാതെയും ആഹാരം ക്രമീകരിച്ചും കഴിയുകയാണ്. അവനും ഇടക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിക്കും. അസോസിയേറ്റ് ഡയറക്ടര്‍ സുശീര്‍ ഫോര്‍ട്ട് കൊച്ചിയും ഇടക്കിടെ ആശ്വാസവാക്കുകളുമായി എത്തും. അട്ടപ്പാടിയില്‍ നിന്നും നടന്‍ പളനി സ്വാമി വിളിക്കും. എല്ലാവരെയും ഏകോപിപ്പിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സാദിഖും ഒപ്പമുണ്ട്. ഇത്തരം കുറെ നല്ല മനസിനുടമകളാണ് എന്റെ ശക്തിയും ഊര്‍ജവും.

  ആദ്യ സംവിധാന സംരംഭത്തിലെ മറക്കാനാവാത്ത സ്‌നേഹ കണങ്ങളാണ് ഇവരൊക്കെ . മലയാളത്തിലും തമിഴിലുമായി 13 ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഞാന്‍ . ഇന്ത്യന്‍ പനോരമയിലടക്കം ഇടം പിടിച്ചതായിരുന്നു എന്റെ ചിത്രങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷെ ഫീച്ചര്‍ ഫിലിം ചുവടുവെയ്പ് ആദ്യത്തേതാണ്. അതിന്റെ ശക്തി പകര്‍ന്നു തന്നത് സുഹൃത്തുക്കളായിരുന്നു. എല്ലാം ശുഭമായി തുടങ്ങി, സുഗമമായി മുന്നോട്ടു നീങ്ങുമ്പോഴാണ് ആകസ്മികമായി ലോക്ക് ഡൗണ്‍ എന്ന കോടാലി സ്വപ്നങ്ങള്‍ക്കു മേല്‍ വെട്ട് തുടങ്ങിയത്.

  എന്റെ സിനിമയില്‍ പ്രതീക്ഷകളോടെ എനിക്കൊപ്പം നില്‍ക്കുന്ന പ്രിയ മിത്രങ്ങളെ, സഹപ്രവര്‍ത്തകരെ പ്രതീക്ഷയ്‌ക്കൊത്ത് ഈ സംരംഭം നമുക്ക് ഭംഗിയായി പൂര്‍ത്തീകരിക്കാം. ഒരു കോടാലിക്കും നമ്മുടെ സ്വപ്നങ്ങളെ വെട്ടിവീഴ്ത്താന്‍ കഴിയാതിരിക്കട്ടെ. ഒറ്റക്കെട്ടായി കൈകോര്‍ത്ത് മുന്നോട്ടു നീങ്ങാം.

  സ്‌നേഹമുള്ള ഇന്ദ്രന്‍ ചേട്ടാ, സന്തോഷേ, പ്രയാണേ, പ്രിയംവദേ, തിരക്കഥാകൃത്തും ക്യാമറാമാനമായ പ്രിയ ചങ്ങാതി പ്രതാപ് നായര്‍, എഡിറ്റര്‍ മനോജ് കണ്ണോത്ത്, കലാസംവിധായകന്‍ ഉണ്ണിയേട്ടാ, ചമയക്കാരന്‍ ഷിജീ, റഫീഖ് അഹമ്മദ് ചേട്ടാ, ഹരി ലാലേ, പാട്ടുകാരി നഞ്ചമ്മ ചേച്ചീ, കണ്ണന്‍ പട്ടാമ്പി ചേട്ടാ, ജ്യോതിയേട്ടാ, ജംനാസേ, ഷിബിലേ.... ഒപ്പമുള്ള മറ്റു പ്രിയപ്പെട്ടവരേ നമുക്ക് വൈകാതെ വീണ്ടും കാണാം. ഒത്തുചേരാം, ഒരു നല്ല ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി.

  'വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹ ബന്ധങ്ങളൂഴിയില്‍' (ഒ.എന്‍.വി. ) നിങ്ങളുടെ സ്വന്തം

  പ്രശാന്ത് കാനത്തൂര്‍

  സംവിധായകൻ്റെ പോസ്റ്റ്

  English summary
  Prasanth Kanathur's Facebook Post About Indrans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X