For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിനിമ ചിലര്‍ക്ക് സ്വപ്നങ്ങളെ വില്‍ക്കുന്ന കലാരൂപം! മറ്റ് ചിലര്‍ക്ക് കല കൊണ്ടുള്ള സമരത്തിന്റെ ആയുധം!

By Desk
|

സതീഷ് പി ബാബു

സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

സിനിമ,സ്വപ്നങ്ങളെ വില്‍ക്കുന്ന കലാരൂപമാണ് ബഹുഭൂരിപക്ഷത്തിനെങ്കിലും അതിനെ ഒരു സമരത്തിന്റെ ടൂള്‍ ആക്കി മാറ്റുന്ന വേറെ ചിലരുണ്ട്. കലയും കലാപവും ഒരിടത്ത് സമ്മേളിക്കുകയാണെങ്കില്‍ ആ രാഷ്ട്രീയത്തിനുമുണ്ട് ഒരു സൗന്ദര്യം. മോശം കാലത്ത് മികച്ച കലാസൃഷ്ടികളുണ്ടാവണമെന്ന് നാടകാചാര്യനായ ഹബീബ് തന്‍വീര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടതും ഇതേ കാരണത്താലാണ്. ഈയിടെ പത്രത്താളുകളിലും സോഷ്യല്‍ മീഡിയകളിലും കത്തിപ്പടര്‍ന്ന; പടര്‍ന്നു കൊണ്ടിരിക്കുന്ന അശാന്തനെന്ന കലാകാരന്റെ മരണാനന്തരം നടന്ന വിവാദങ്ങളും ആദിവാസി യുവാവ് മധുവിനെ മോഷ്ടാവെന്ന് മുദ്രകുത്തി അടിച്ചു കൊന്നതിലുമൊക്കെ അന്തര്‍ലീനമായ് കിടക്കുന്ന കറുപ്പ് നിറം ദളിത് വിഷയങ്ങള്‍ നമ്മുടെ സിനിമകള്‍ തൊടാനറച്ചു നില്‍ക്കുന്നത് കാണുമ്പോഴാണ് അദ്ദേഹത്തിന്റെ വാദത്തിന് പ്രസക്തിയേറുന്നത്. ഇതിനിടയില്‍ ചില ചെറുയിലയനക്കങ്ങള്‍ സമാന്തരമെന്ന് നമ്മള്‍ എളുപ്പ പേരിട്ടു വിളിക്കുന്ന സിനിമാക്കാര്‍ സൃഷ്ടിക്കുന്നത് സ്പര്‍ശിക്കാതെ പോയാല്‍ അത് കലാസ്വാദകരോടുള്ള നീതികേടാവും. ജീവ കെ.ജെ എന്ന സംവിധായകയുടെ രണ്ട് ചിത്രങ്ങള്‍ ഇവ്വിധം പരിഗണനക്കെടുത്തേണ്ടതുണ്ട്.

ജീവയെ മലയാള സിനിമാ കാണികള്‍ വായിച്ചു തുടങ്ങുന്നത് 'ഞാവല്‍ പഴങ്ങള്‍' എന്ന ഹ്രസ്വചിത്രം മുതലാണ്. അക്കാദമിക് മേഖലയില്‍ നിന്ന് സിനിമയിലേക്കെത്തുന്നതിന് 'പാഥേര്‍ പാഞ്ചാലി 'യില്‍ അപ്പുവും ദുര്‍ഗ്ഗയും തീവണ്ടി കാണാന്‍ പോവുന്ന ദൃശ്യം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ രണ്ട് കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കികൊണ്ടായിരുന്നു ഞാവല്‍ പഴങ്ങള്‍ എന്ന ചെറുസിനിമ നിര്‍മിച്ചത്. കേരളീയരുടെ ബോധതലത്തിലെവിടെയോ അടിയുറച്ചുപോയ 'കറുപ്പ് നിറ'' വിരോധത്തെയാണ് ഈ സിനിമ വിഷയമാക്കിയത്. ഒരു വഴിപോവുമ്പോള്‍ കുറുകെ ചാടുന്ന കറുത്ത പൂച്ച അശുഭലക്ഷണമാണെന്ന പോലെ വെളുത്ത ആണിന് കറുത്ത പെണ്ണ്/ തിരിച്ചും അവലക്ഷണമാണ് കേരളത്തില്‍. അതാകട്ടെ പ്രായമുള്ളവര്‍ ഇപ്പഴും കുട്ടികളില്‍ ഇഞ്ചക്ടുചെയ്യുന്നതെങ്ങനെയെന്ന് ഈ ചിത്രം വരച്ചുകാണിക്കുന്നുണ്ട്. ചുവപ്പും വെളുപ്പും നിറങ്ങളുള്ള അലങ്കാര മത്സ്യങ്ങള്‍ക്കിടയില്‍ കറുത്ത നിറമുള്ളവ കൂടിയെത്തിയാല്‍ നല്ല ഭംഗിയുണ്ടാകുമെന്ന തിരിച്ചറിവില്‍ ആ കുട്ടികള്‍ കറുത്ത അലങ്കാര മത്സ്യം വാങ്ങി വരുന്ന വഴിക്കാണ് ഒരു കരിമ്പൂച്ച വിലങ്ങു ചാടുന്നത്. എന്തെങ്കിലും അശുഭ വാര്‍ത്തയുണ്ടാകുമെന്ന് മുത്തശ്ശി പറയുന്നത് ഓര്‍ത്തെടുക്കുന്ന കുട്ടികളെ കാത്ത് അവരുടെ അഛന്റെ കൂടെ ജോലി ചെയ്യുന്ന മാഷ് മരിച്ചു പോയി എന്ന വാര്‍ത്തയാണ് വീട്ടില്‍ എതിരേറ്റത്. സാംസ്‌ക്കാരിക വിദ്യാഭ്യാസ മൂല്യബോധ സൂചികകള്‍ക്കപ്പുറത്ത് ഇരുള്‍ വീണു കിടക്കുന്ന ഈ ഇടവഴിയാത്രകളില്‍ ശ്വാസം പിടിച്ചിരിക്കുന്ന മലയാളികളുടെ പരിഛേദത്തെ അടയാളപ്പെടുത്തുന്നതില്‍ 'ഞാവല്‍ പഴങ്ങള്‍' ഒരു പരിധി വരെ വിജയിക്കുന്നുണ്ട്. ആദ്യ ചിത്രമാണെങ്കിലും കഴിവുറ്റ ഒരു സംവിധായികയുടെ ലക്ഷണങ്ങള്‍ ജീവ ഇതില്‍ പ്രകടമാക്കുന്നതായ് കാണാം. ഡബ്ബിംഗിലെ പരിചയക്കുറവിന്റെ പ്രശ്‌നങ്ങളും കല്ലുകടികളും മാറ്റിനിര്‍ത്തിയാല്‍ നല്ല ഒരു ശ്രമം.

മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ്, കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറച്ചു കൂടി കലാത്മകമാക്കി പക്വതയോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജീവ ' റിക്ടര്‍ സ്‌കെയില്‍ 7.6 ' എന്ന തന്റെ ആദ്യ ഫീച്ചര്‍ ഫിലിമിലൂടെ നടത്തുന്നത്. ഡോക്യുമെന്റേഷനിലേക്ക് പോകാതെ പ്രചരണ ചിത്രത്തിന്റെ അസ്വാഭാവികതകയെ മാറ്റിനിര്‍ത്താന്‍ ഈ ചിത്രത്തില്‍ അവര്‍ക്കായിട്ടുണ്ട്. മുന്‍പ് നിറത്തിന്റെ രാഷ്ട്രീയമായിരുന്നെങ്കില്‍ ഇത്തവണ കുറേ കൂടി ഒരു വലിയ കാന്‍വാസിലാണ് കഥ പറയുന്നത്. അതിന്നവരുപയോഗിച്ച ടൂളുകള്‍ നടീനടന്മാര്‍ പശ്ചാത്തലം ക്യാമറ കലാസംവിധാനം എന്നിവ കഥാകഥനത്തെ ഒരു സ്വാഭാവികാനുഭവമാക്കി മാറ്റുന്നു.

വികസനമാണ് പ്രമേയം. റോഡുകളില്‍ വാഹനങ്ങള്‍ക്കടിയില്‍പ്പെട്ട് ചത്തരഞ്ഞ പൂച്ചകളോടും നായ്ക്കളോടുമൊക്കെ' എന്തിനു റോഡിലിറങ്ങി 'യെന്ന, മനുഷ്യന്റെ അഹങ്കാര അരാഷ്ട്രീയ ചോദ്യത്തെ മനുഷ്യന്‍ മനുഷ്യരിലേക്ക് തന്നെ എറിഞ്ഞു തുടങ്ങുന്നതിന്റെ രാഷ്ട്രീയമാണ് റിക്ടര്‍ സ്‌കെയില്‍ 7.6 ചര്‍ച്ചചെയ്യുന്നത് .വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അധികാരം, അരികുവത്ക്കരിക്കപ്പെട്ടവരുടെ ആവാസ വ്യവസ്ഥയെ റാഞ്ചി കൊണ്ട് പരിസ്ഥിതിയുടെ കടയ്ക്കല്‍ വെട്ടി ആത്മരതിയടയുന്നതിന്റെ നേര്‍കാഴ്ചകള്‍. 'പ്രവേശനം നിയന്ത്രിക്കപ്പെട്ട ഹൈസ്പീഡ് റോഡുകള്‍ ' ആകാശത്തോളമുയരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെല്ലാമായ് വെട്ടിയൊതുക്കപ്പെടുന്ന പാര്‍ശ്വവല്‍കൃതജന വിഭാഗത്തിന്റെ ആവാസവ്യവസ്ഥകളിലേക്കാണ് ഈ ചിത്രത്തിന്റെ ക്യാമറാ കണ്ണുകള്‍ തുറന്നിരിക്കുന്നത് .

മാനസികനില തെറ്റിയെന്ന പൊതുബോധത്തില്‍ ചങ്ങലക്കിടപ്പെട്ട ഒരഛനും (അശോക് കുമാര്‍) സമൂഹീ അപകര്‍ഷതക്കടിമപ്പെടുത്തിയ ,ഒന്നു ചിരിക്കാന്‍ പോലും അറിയാത്ത മകനും (മുരുകന്‍) തമ്മിലുള്ള മുഷിപ്പന്‍ കൊടുക്കല്‍ വാങ്ങലുകളാണ് ചിത്രത്തിന്റെ അന്തര്‍ധാര . അഛന്റെ 'അസുഖം ' മൂലം അവിവാഹിതനായ് തുടരേണ്ടി വരുന്നതിലെ അമര്‍ഷം ഓരോ വാക്കുരിയാടുമ്പോഴും മകനില്‍ പ്രകടമാവുന്നുണ്ട് .എങ്ങോട്ടെങ്കിലും ഓടിക്കളയുമെന്ന അപമാന ബോധത്തിലാണ് രാവിലെ പണിക്ക് പോവുന്നതിന് മുമ്പ് അഛനെ ചങ്ങലക്കിടാന്‍ അയാള്‍ പ്രേരിതനാകുന്നത്. നിരാശയിലും മദ്യത്തിലും മുങ്ങി ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയില്‍ പണിസ്ഥലത്ത് വെച്ച് ഒരു പരിക്കേല്‍ക്കുന്നതോടെ അയാള്‍ക്ക് വീട്ടിലിരിക്കേണ്ടി വരുന്നു .തുടര്‍ന്ന് മകന്‍ വീട്ടില്‍ ചെയ്തിരുന്ന പണികള്‍ക്ക് പുറമെ അയാളെ പരിചരിക്കാന്‍ പോലും ആ ' അസുഖക്കാരന്‍' അഛന്‍ തയ്യാറാവുകയാണ് .ചിത്രത്തിലെ നേരിട്ടുള്ള കഥപറച്ചില്‍ ഇതാണെങ്കില്‍, കണ്ണൊന്നു കൂടി തുറന്നാല്‍ വ്യക്തമാകുന്ന കാഴ്ചകളുടെ കൂട്ടിവായിക്കലാണ് റിക്ടര്‍ സ്‌കെയിലിന്റെ രാഷ്ട്രീയം .അത് വിളക്കിചേര്‍ത്ത തിരക്കഥ ( റെജി കുമാര്‍ ) യുടെ ഔന്നത്യം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നുണ്ട്

പതിവുകളെ മറികടക്കും വിധം

പതിവുകളെ മറികടക്കും വിധം

വീടിന്റെ അയല്‍കാഴ്ചകള്‍ കാണിക്കാത്ത വിധം കെട്ടിയുയര്‍ത്തിയ ഓലമറ, കുളിക്കാന്‍ കൊണ്ടുവരുന്ന വെള്ളത്തിന്റെ കുറഞ്ഞ അളവ് ,വല്ലപ്പോഴും വീട്ടിലെത്തുന്ന മുരുകന്റെ കൂട്ടുകാരുടെ പെരുമാറ്റ രീതികള്‍ ,എല്ലാ നടീനടന്‍മാരുടേയും ശരീരത്തിന്റെ രാഷ്ട്രീയം ,ഫ്‌ലാഷ്ബാക്കില്‍ ,രാത്രിയില്‍ കൂടുവെച്ചു മീന്‍ പിടിക്കാനിറങ്ങുന്ന ആളുകളെ സ്വാഗതം ചെയ്യുന്ന പ്രകൃതി ,പശ്ചാത്തല സംഗീതത്തിലെ നാടന്‍ സംഗീതോപകരണങ്ങളുടെ ഉപയോഗം ,മറയ്ക്കപ്പുറത്തെ സഹായിയായ പയ്യന്‍ തുടങ്ങി ഷോര്‍ട് ഫിലിമുകള്‍ കേരളത്തില്‍ മത്സരത്തിനിറങ്ങിയ കാലത്തെ പതിവു ക്ലീഷേകാഴ്ചകള്‍ ഈ ഫീച്ചര്‍ ചിത്രത്തിലും ആവര്‍ത്തിക്കുന്നതിലെ കല്ലുകടി ആസ്വാദനത്തിന് കല്ലുകടിയാവുന്നു എന്ന് വിധി പ്രഖ്യാപിക്കുന്നതിന്റെ തൊട്ടടുത്ത നിമിഷം നമ്മുടെ സകല മുന്‍വിധികളേയും ' സവര്‍ണ ' കാഴ്ചാ സിദ്ധാന്തങ്ങളേയും കൊഞ്ഞനം കുത്തുന്ന ഒരൊറ്റ ഹെലിക്യാം ഷോട്ടാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയത്തെ ഏറ്റവും സത്യസന്ധമായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നത് .അത് പറഞ്ഞ് കഴിഞ്ഞാല്‍ സിനിമാസ്വാദനത്തിന് സൗന്ദര്യം നഷ്ടപ്പെട്ടു പോകുമെന്നതിനാല്‍ ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല .ജീവയെന്ന സംവിധായിക മലയാള സിനിമയില്‍ തന്റെ പേരു മായ്ക്കാനാകാത്ത വിധം വരുംകാലം അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ഈ സിനിമ അടിവരയിടുന്നു, ചുരുക്കത്തില്‍

ആ അര്‍ഹതക്കുള്ള അംഗീകാരമാണ് ജീവ കെ ജെക്ക് നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിന്റെ പേരില്‍ ലഭിച്ചത്. തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചലച്ചിത്രമേളയിലാണ് മലയാളിയായ ജീവ ഈ നേട്ടം സ്വന്തമാക്കിയത്. സജിത്ത് കുമാര്‍ ,ഷാജി ബി എസ് എന്നീ ലീഡിംഗ് പ്രൊഡ്യൂസര്‍മാരെ കൂടാതെ ഏതാനും ചിലരുടെ കൂടി സഹായത്തോടെ ,ജനകീയ പങ്കാളിത്തത്തിലാണ് റിക്ടര്‍ സ്‌കെയില്‍ 7.6 നിര്‍മിച്ചിരിക്കുന്നത്

ക്രൈം നമ്പര്‍ 89 എന്ന (സുദേവന്‍ ) ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ അഭിനേതാവിനുള്ള അവാര്‍ഡ് ജേതാവായ അശോക് കുമാറാണ് അഛനായ് അഭിനയിക്കുന്നത് .ഇത്രയും അഭിനയസിദ്ധിയുള്ള ഒരു നടനെ മലയാള സിനിമ അവഗണിക്കുന്നതെന്തുകൊണ്ടാണ് എന്നു മനസ്സിലാകുന്നില്ല .സീരിയല്‍ നടീനടന്‍മാരോടുള്ള പോലെ സമാന്തരസിനിമകളിലെ അഭിനേതാക്കള്‍ക്ക് മുഖ്യധാര ,അപ്രഖ്യാപിത അയിത്തം കല്‍പ്പിക്കുന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനൊക്കില്ല .അങ്ങനെ പറയുമ്പോഴും ദിലീഷ് പോത്തനെ പോലുള്ള ചിലസംവിധായകരെങ്കിലും ഇത്തരം ചിത്രങ്ങളിലഭിനയിക്കുന്നവരെ ( സുദേവന്‍ ചിത്രങ്ങളിലെ പതിവുമുഖമായ അച്യുതാനന്ദന്‍ ഉദാഹരണം) കാസ്റ്റ് ചെയ്ത് തുടങ്ങിയത് ഈ സാഹചര്യങ്ങളില്‍ ശുഭസൂചനയാണ് .നിഷേധിയും നിരാശനുമായ മകനായ് മുരുകനും മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവെക്കുന്നത് .

ഇന്ത്യയില്‍ ആദ്യമായി നടന്ന ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റിവലില്‍ വെച്ചാണ് റിക്ടര്‍ സ്‌കെയില്‍ 7.6ന്റെ ആദ്യ പ്രദര്‍ശനം നടന്നത്. പിന്നീട് ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം ഐഫ്എഫ്‌കെയ്ക്ക് സമാന്തരമായി നടന്ന കാഴ്ച ഫെസ്റ്റിവല്‍, കോഴിക്കോട് വെച്ച് നടന്ന ഐഇഎഫ്എഫ്‌കെ, ഒറ്റപാലം ഡൈയിലെ ഫെസ്റ്റ്, നൊയിഡ ഇന്റ്‌റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലും എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിച്ചു.തിയ്യേറ്ററുകള്‍ കിട്ടാത്തതിനാല്‍ ഇത്തരം പ്രദര്‍ശന വേദികളാണ് ഈ ചിത്രത്തിന് ആശ്രയം

English summary
Richter scale 7.6 movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more