For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊലപാതകിയുമായി വീട്ടിലെത്തിയ മോഹന്‍ലാല്‍!താരരാജാവിന്റെ കുസൃതികള്‍ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

|

നടനവിസ്മയം മോഹന്‍ലാലിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ ആരാധകര്‍ക്ക് നൂറ് നാവാണ്. ആരാധകര്‍ക്ക് മാത്രമല്ല ലാലിന്റെ സഹപ്രവര്‍ത്തകരും അങ്ങനെ തന്നെയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ് രസകരമായ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ മോഹന്‍ലാല്‍ ഒപ്പിക്കുന്ന ചില കുസൃതികളെ കുറിച്ചാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങളായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സത്യന്‍ അന്തിക്കാട് പറഞ്ഞത് പ്രകാരം മോഹന്‍ലാലിന് ഇങ്ങനെ ഒരു സ്വഭാവമുണ്ടോ എന്നോര്‍ത്ത് ആരാധകരും അത്ഭുതപ്പെട്ടിരിക്കുകയാണ്.

ഒരു ഗന്ധര്‍വന്റെ കുറുമ്പുകള്‍: അന്തിക്കാട് അന്ന് കുറെക്കൂടി വിശാലമായ ഗ്രാമമായിരുന്നു. വീടുകളും കെട്ടിടങ്ങളുമൊക്കെ താരതമ്യേന കുറവ്. പാടങ്ങളും നാട്ടുവഴികളും ധാരാളം. അത്തരമൊരു നാട്ടുവഴിക്കരികിലായിരുന്നു എന്റെ വീട്. കാറുകളും അത്യാവശ്യം ചെറിയ ലോറികളും പോകാവുന്ന ഇടവഴി. അവിടെനിന്ന് അല്പം മുകളിലേക്ക് കയറിയാല്‍ ചെറിയൊരു തെങ്ങിന്‍ തോപ്പ്. അതിന്റെ അറ്റത്തൊരു ഓടിട്ട വീട്. വരാന്തയിലിരുന്നാല്‍ റോഡിലൂടെ പോകുന്നവരുടെ തല കാണാം. അച്ഛന്റെ ചാരുകസേരയിലിരുന്ന് വഴി പോക്കരെ നോക്കിയിരിക്കുക എന്റെ പതിവായിരുന്നു.

ചിലര്‍ അവിടെ നിന്ന് വിളിച്ചു ചോദിക്കും. 'ഇപ്പോ പടമൊന്നുമില്ല അല്ലേ?' തിരക്കുപിടിച്ച ഷൂട്ടിങ് കഴിഞ്ഞ് അന്ന് രാവിലെ ഞാന്‍ വീട്ടിലെത്തിയിട്ടേ ഉണ്ടാകൂ. എങ്കിലും അവരെ സമാധാനിപ്പിക്കാനായി പറയും- 'ഇല്ല' അങ്ങനെ ഒരുച്ചനേരത്ത് വരാന്തയിലിരിക്കുമ്പോഴാണ് വഴിയരികില്‍ ഒരു കാര്‍ വന്നുനില്‍ക്കുന്നത്. കാറിന്റെ മുകള്‍ ഭാഗമേ കാണാന്‍ പറ്റൂ. രണ്ടുപേര്‍ ഇറങ്ങി പറമ്പിലേക്കുകയറി എന്റെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു. ഒരാള്‍ തോള്‍ അല്പം ചരിച്ചിട്ടാണ് നടക്കുന്നത്. ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍. മുറ്റത്തെത്തുമ്പോള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു, സ്റ്റൈലല്ല, അത് മോഹന്‍ലാല്‍ തന്നെയാണ്. ഒപ്പമുള്ളത് സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും ഞാന്‍ ചാടിയെഴുന്നേറ്റു.

'എന്താ ഒരു മുന്നറിയിപ്പുമില്ലാതെ? 'വരേണ്ടി വന്നു.' ലാല്‍ പറഞ്ഞു. അവര്‍ക്ക് ഇരിക്കാന്‍ കസേരയിട്ടുകൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു- 'ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ?' ഇല്ല. ഞാന്‍ മുഖം മറച്ചുപിടിച്ചിട്ടാണ് വഴി ചോദിച്ചത്. എത്ര മുഖം മറച്ചുപിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിുമല്ലോ എന്ന് ഞാന്‍ ഭയന്നു. 'നാടോടിക്കാറ്റ്' തിയേറ്ററുകളില്‍ തകര്‍ത്ത് ഓടികൊണ്ടിരിക്കുന്ന സമയമാണ്. എന്നാലും വരുന്നത് ഒന്നറിയിക്കാമായിരുന്നു.

ഒന്നിനും സമയമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരത്യാവശ്യം വന്നത്. അല്ലെങ്കിലും ഒന്ന് വിളിച്ചുപറയണമെങ്കില്‍ ഇവിടെ ഫോണൊന്നുമില്ലല്ലോ, എന്ന് കൊച്ചുമോന്‍ പറഞ്ഞു. ശരിയാണ് അന്നെന്റെ വീട്ടില്‍ ഫോണില്ല. ഇലക്ട്രിസിറ്റി തന്നെ ആയിടയ്ക്കാണ് വന്നത്. സംവിധാനം തുടങ്ങിയിട്ട് കൊല്ലം ആറായെങ്കിലും കാറും വാങ്ങിച്ചിട്ടില്ല. സിനിമകള്‍ റിലീസ് ചെയ്താല്‍ റിപ്പോര്‍ട്ട് അറിയണമെങ്കില്‍ അന്തിക്കാട്ടു നിന്ന് കെ.കെ. മേനോന്‍ ബസ്സില്‍ കയറി തൃശ്ശൂര്‍ ടൗണിലെ പോസ്റ്റോഫീസിലെത്തും. അവിടെ അന്ന് എസ്.ടി.ഡി. ബൂത്ത് ഉണ്ട്. വിളിക്കാവുന്നവരെയൊക്കെ വിളിച്ച് തിരിച്ചുപോരും. അതാണ് പതിവ്. അതിന്റെ ഒരു ശാന്തത പക്ഷേ, മനസ്സിനുണ്ടായിരുന്നു.

വീട്ടിലെത്തിക്കഴിഞ്ഞാല്‍ നിശ്ശബ്ദതയുടെ ഉത്സവമാണ്. ഫോണ്‍ വിളികളില്ല; വാട്‌സ് ആപ്പ് സന്ദേശങ്ങളില്ല. സ്വസ്ഥം! സിനിമ, ദൂരെ മറ്റേതോ ലോകത്തുനടക്കുന്ന ഒന്നാണെന്ന് തോന്നും. എന്നാലും മോഹന്‍ലാലും കൊച്ചുമോനുമൊക്കെ പെട്ടെന്ന് അന്തിക്കാട് വരാനുള്ള അത്യാവശ്യമെന്താണ്? ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു. ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിര് പറയരുത്. ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി.

അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍കാണാം. പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്. 'നടക്കില്ല' ഞാന്‍ തറപ്പിച്ചു പറഞ്ഞു. 'അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്. ലാല്‍ എന്റെ രണ്ടുകൈയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ഞാനദ്ദേഹത്തിന് വാക്കുകൊടുത്തു. അതുകൊണ്ടാണ്. രണ്ടേ രണ്ടുദിവസം. മറുപടിക്ക് വാക്കുകള്‍ കിട്ടാതെ ഞാന്‍ പതറി. എങ്കിലും പെട്ടെന്ന് കിട്ടിയ ന്യായം പറഞ്ഞു. ഇതെന്റെ തറവാടാണ്. ഇവിടെയെന്റെ ചേട്ടനും കുടുംബവുമൊക്കെയുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകും. ഞാനൊരു വീട് പണിതുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായിട്ടാണെങ്കില്‍ എനിക്കുമാത്രം തീരുമാനമെടുക്കാമായിരുന്നു. ഇവിടെ എന്തായാലും പറ്റില്ല. ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ല.

അപ്പൊ ലാലിന്റെ അടുത്ത നിര്‍ദേശം 'വീട്ടുപണിക്കാരുടെ കൂടെ നിര്‍ത്തിയാല്‍ മതി. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താല്‍ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാല്‍ മതി. സൗമ്യത വെടിയാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണംകൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല. പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്‌നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.

അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ? അപ്പോള്‍ ലാലിന്റെ കണ്ണുകളില്‍ ഒരു കള്ളച്ചിരി ഞാന്‍ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആര്‍ത്തലച്ച് ചിരിക്കാന്‍ തുടങ്ങി. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഈ കഥ പറഞ്ഞ് ലാല്‍ എന്നെ കളിയാക്കിയിരുന്നത് ഇങ്ങനെയാണ്. സാധാരണ ഇതുപോലെ അപ്രതീക്ഷിതമായി എന്തെങ്കിലും കേട്ടാല്‍ ആളുകള്‍ വിളറിവെളുത്തു എന്നൊക്കെ പറയാറില്ലേ? സത്യേട്ടന്റെ അപ്പോഴത്തെ മുഖം വിളറിവെളുപ്പായി, മഞ്ഞയായി, പിന്നെ നീലയും പച്ചയും ചുവപ്പുമൊക്കെയായി.

ആയിക്കാണണം. കാരണം ഞാനൊരു അര്‍ധബോധാവസ്ഥയിലായിരുന്നല്ലോ. മോഹന്‍ലാല്‍ വീട്ടിലെത്തിയ വാര്‍ത്ത അതിനുള്ളില്‍ അന്തിക്കാടാകെ പരന്നുകഴിഞ്ഞിരുന്നു. വീടിനുചുറ്റും വലിയൊരു ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. ചെടികളും പുതുതായി നട്ട തെങ്ങിന്‍തൈകളുമൊക്കെ ചവിട്ടിക്കൂട്ടി ഒരു പരുവമായി. ചാലക്കുടിയില്‍ ഐ.വി.ശശിയുടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് മോഹന്‍ലാല്‍. ഷൂട്ടിങ് നേരത്തെ കഴിഞ്ഞപ്പോള്‍ കൊച്ചുമോനെയും കൂട്ടി അന്തിക്കാട്ടേക്ക് ഇറങ്ങിയതാണ്. ചായ മാത്രം കൊടുത്ത് വളരെ പെട്ടെന്ന് കാറില്‍കയറ്റി ഞാന്‍ ലാലിനെ തിരിച്ചയച്ചു. ആരാധകര്‍ എന്റെ വീടിനകത്തുപോലും കയറിപ്പറ്റിയിരുന്നു.

സീന്‍ നമ്പര്‍ 2

സീന്‍ നമ്പര്‍ 2

ഇതില്‍ കഥാപാത്രമായി എന്നോടൊപ്പം ശ്രീനിവാസനുമുണ്ട്. 'പട്ടണപ്രവേശ'ത്തിന്റെ എഡിറ്റിങ് മദ്രാസില്‍ നടക്കുന്ന സമയം. ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ ഞാനും ശ്രീനിയും ഒരു മുറിയിലാണ് താമസം. ഹോട്ടലിലെ ഫോണ്‍ റിംഗ് ചെയ്തു. എടുത്തപ്പോള്‍ രവി എന്ന മലയാളിയായ ടെലിഫോണ്‍ ഓപ്പറേറ്റര്‍ പറഞ്ഞു. കവിതാലയയില്‍നിന്ന് കെ. ബാലചന്ദര്‍ വിളിക്കുന്നു. ബാലചന്ദര്‍ സാര്‍ അന്ന് തമിഴ്‌സിനിമയിലെ പുലിയാണ്. രജനീകാന്തും കമലഹാസനുമടക്കമുള്ള താരങ്ങള്‍ ആ വ്യക്തിത്വത്തിനു മുന്നില്‍ തൊഴുകൈയോടെ മാത്രമേ നില്‍ക്കാറുള്ളൂ. നൂതനമായ ആശയങ്ങള്‍ അതിമനോഹരമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രകാരന്‍. ഞങ്ങള്‍ ആരാധനയോടെ നോക്കിക്കാണുന്ന സംവിധായകന്‍.

ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാതോര്‍ത്തു. 'നീങ്ക താനെ സത്യന്‍ അന്തിക്കാട്?' 'ആമാ സര്‍', 'പുതുശാ ഏതോ മലയാളപടം എടുത്തിട്ടിര്ക്ക് എന്റ് കേള്‍വിപ്പെട്ടേന്‍. അന്ത പടത്തിനുടെ പേരെന്നാ?, 'പട്ടണപ്രവേശം'' ഞാന്‍ പറഞ്ഞു. ആ പേരില്‍ മുമ്പ് താനൊരു സിനിമയെടുത്തിട്ടുണ്ടെന്ന കാര്യം താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ശുദ്ധമായ തമിഴില്‍ അദ്ദേഹം ചോദിച്ചു. എനിക്കറിയാവുന്ന തമിഴില്‍ ഞാന്‍ മറുപടി പറഞ്ഞു. അത് തമിഴല്ലേ സാര്‍, ഇത് മലയാളമാണല്ലോ, എന്നൊക്കെ. ബാലചന്ദറിന്റെ ശബ്ദം കനത്തു. തന്റെ സിനിമയുടെ പേര് അനുവാദമില്ലാതെ അടിച്ചെടുത്ത മര്യാദകെട്ടവരാണ് ഞങ്ങളെന്ന അര്‍ഥത്തില്‍ അദ്ദേഹം ശകാരിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.

സാര്‍, എനക്ക് തമിഴ് നല്ല, തെരിയാത്. തെരിഞ്ച ആള്‍ ഇങ്കെ ഇരുക്ക്. റൈറ്റര്‍ ശ്രീനിവാസന്‍. അവര് താന്‍ പടത്ത്ക്ക് പേര് പോട്ടത്. ഫോണ്‍ ഞാന്‍ സൂത്രത്തില്‍ ശ്രീനിവാസന് കൈമാറി. തമിഴ് ഒരുവിധം നന്നായി കൈകാര്യം ചെയ്യാറുള്ള ശ്രീനിവാസന്‍ ബാലചന്ദറിന്റെ മുമ്പില്‍ പതറുന്നത് ഞാന്‍ കണ്ടു. അദ്ദേഹം ശ്രീനിവാസനോട് കഥ പറയാന്‍ ആവശ്യപ്പെട്ടു. 'അത് വന്ത്... രണ്ട് സി ഐ ഡികള്‍...' ശ്രീനിവാസന് അറിയാവുന്ന തമിഴും മറന്നുപോയോ എന്നെനിക്ക് സംശയം തോന്നി. കഥ മുഴുവന്‍പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ശ്രീനിവാസന്‍ വിയര്‍ത്തു.

പക്ഷേ, ആ വിയര്‍പ്പിനിടയിലും ശ്രീനിവാസനിലെ പോരാളി തലയുയര്‍ത്തുന്നതു ഞാന്‍ കണ്ടു. പഴയ ഒരു തമിഴ് സിനിമയുടെ പേര് മലയാളത്തിന് ഉപയോഗിച്ചതുകൊണ്ട് നിയമപരമായി ഒരു തെറ്റുമില്ലെന്ന് ശ്രീനിവാസന്‍ വാദിച്ചു. തിരിച്ചും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്രീനി അതിന്റെ ഉദാഹരണങ്ങളും നിരത്തി. രണ്ടും രണ്ട് കഥയാണ്. ഒരു കോടതിയും അതിനെ എതിര്‍ക്കില്ല. ഫോണ്‍ ഡയറക്ടര്‍ക്ക് കൊടുക്കാന്‍ ബാലചന്ദര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ ഒരു യുദ്ധത്തിന് തയ്യാറാകാന്‍ ഞാനും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

ഫോണ്‍ വാങ്ങിയ ഉടനെ ഞാന്‍ പറഞ്ഞു. ഞങ്ങളെന്തായാലും പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല സാര്‍. ആദ്യഭാഗത്തിന് 'നാടോടിക്കാറ്റ്' എന്ന് പേരിട്ടതുകൊണ്ടാണ് ഇതിന് 'പട്ടണപ്രവേശം' എന്ന് ഇട്ടത്. പോസ്റ്ററൊക്കെ അടിച്ചുകഴിഞ്ഞു. 'അപ്പടിയാ' എന്ന് ചോദിച്ച് ബാലചന്ദര്‍ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ കേള്‍ക്കുന്നത് മോഹന്‍ലാലിന്റെ സൗമ്യമായ സ്വരമാണ്. 'ഇത് ബാലചന്ദറും ഭാരതിരാജയുമൊന്നുമല്ല. മോഹന്‍ലാലാണ്. ഇതും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചെല്ലുന്ന ലൊക്കേഷനിലാകെ ലാല്‍ പ്രചരിപ്പിച്ചു. പ്രിയദര്‍ശനും നെടുമുടിവേണുവിനും ഇന്നസെന്റിനുമൊക്കെ ഞങ്ങളെ കളിയാക്കാന്‍ ഒരായുധമായി. അതു കഴിഞ്ഞും ഫോണിലൂടെ ലാല്‍ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചിട്ടുണ്ട്. ആ കുഴികളിലൊക്കെ കൃത്യമായി ഞാന്‍ വീണിട്ടുമുണ്ട്.

ഒരുദിവസം അതിരാവിലെ അന്തിക്കാട്ടെ എന്റെ ലാന്‍ഡ് ഫോണിലേക്ക് പൊള്ളാച്ചി പോലീസ്സ്‌റ്റേഷനില്‍ നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാമലിംഗം വിളിക്കുന്നു.

തമിഴും ഇത്തിരി മലയാളവും കലര്‍ന്നതാണ് ഭാഷ. പൊള്ളാച്ചി ഭാഗത്തുള്ളവര്‍ക്ക് അത്യാവശ്യം മലയാള വാക്കുകളറിയാം. ആവശ്യം ഇതാണ്- ഷോറൂമുകളില്‍ നിന്ന് വ്യാജപേരില്‍ കാറുകള്‍ മോഷ്ടിക്കുന്ന ഒരു യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷിച്ചുവന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ നാട് അന്തിക്കാടാണെന്ന് പറഞ്ഞു. അവളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനുമുന്‍പ് താങ്കളെ എനിക്കൊന്ന് കാണണം. കാരണം, അവള്‍ പറയുന്നത് സത്യന്‍ അന്തിക്കാടിന്റെ ബന്ധുവാണെന്നാണ്. ഞാന്‍ ശരിക്കും ഞെട്ടി.

പൊള്ളാച്ചിയില്‍വെച്ച് കാര്‍ മോഷണക്കേസില്‍ ഒരു യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവളുടെ കുടുംബവേരുകള്‍ അന്തിക്കാടാണെന്നും തലേദിവസത്തെ പത്രത്തില്‍ വായിച്ചതാണ്. അതേത് പെണ്ണ് എന്ന് ഞാനും ഭാര്യയും തലപുകഞ്ഞ് ആലോചിക്കുകയും ചെയ്തു. പക്ഷേ, ഒരു ക്രിസ്ത്യന്‍ പേരായിരുന്നു അവളുടെത്. ഇന്‍സ്‌പെക്ടറോട് ഞാന്‍ പറഞ്ഞു, 'എനിക്കങ്ങനെ ഒരാളെ അറിയില്ല. ഒരു ബന്ധവുമില്ല. മാത്രമല്ല, അവള്‍ മറ്റൊരു മതവിഭാഗത്തില്‍പെട്ടതാണെന്ന് പത്രത്തില്‍ വായിക്കുകയും ചെയ്തു.' പക്ഷേ, രാമലിംഗം വിടുന്നില്ല. സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു. 'നിങ്ങളെന്തായാലും ഉടനെ ഇവിടംവരെ വരണം. നിങ്ങളുമായി ബിസിനസ് ഡീല്‍ ഉണ്ടെന്നാണവള്‍ പറയുന്നത്. ഞങ്ങള്‍ക്കത് രേഖപ്പെടുത്താതിരിക്കാന്‍ പറ്റില്ല. വരാന്‍ തയ്യാറല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരും.

ഇപ്പോള്‍ ഞാന്‍ ശരിക്കും ചൂടായി. തമിഴും മലയാളവുമൊക്കെ ചേര്‍ത്ത് തിരിച്ചും കുറെ പറഞ്ഞു. അത്യാവശ്യം ഉയര്‍ന്ന ചില പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമൊക്കെ നമുക്കും അറിയാമല്ലോ. ആ വിരട്ടലില്‍ രാമലിംഗം നിശ്ശബ്ദനായി. ഒടിയന്‍ യഥാര്‍ഥരൂപം കൈക്കൊണ്ടു. ഒരു പോലീസ് ഓഫീസറോട് കുറച്ചുകൂടി മയത്തില്‍ പെരുമാറിക്കൂടെ ചേട്ടാ? ഞാന്‍ മോഹന്‍ലാലാണ്. ഞാന്‍ വീണ്ടും തലയില്‍ കൈവെച്ച് ഇരുന്നുപോയി. പത്രത്തില്‍ ആ യുവതിയെക്കുറിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ കുസൃതിയാണ്. പിന്നെ കുറെ കാലത്തേക്ക് ആര് ഫോണ്‍ ചെയ്താലും അത് ലാലല്ല എന്ന് ഉറപ്പിച്ചിട്ടേ ഞാന്‍ പ്രതികരിക്കാറുള്ളൂ.

അഥവാ ലാലാണെന്ന് ബോധ്യമായാല്‍ അതിനനുസരിച്ച രീതിയില്‍ തിരിച്ച് നാല് ഡയലോഗ് പറയാനും തീരുമാനിച്ചു. അങ്ങനെയിരിക്കേ കൃത്യമായി ഒരു ഫോണ്‍ കോള്‍. ഞാനും എന്റെ മകന്‍ അനൂപും എറണാകുളത്തു നിന്ന് കാറില്‍ വരികയാണ്. അനൂപാണ് കാറ് ഡ്രൈവ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന സമയം. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് സംശയിച്ചാണ് ഫോണെടുത്തത്.

സത്യന്‍ അന്തിക്കാടല്ലേ? അതെ. പിണറായി സഖാവിന് സംസാരിക്കാനാണ്. ഞാന്‍ ഫോണ്‍ കൊടുക്കാം. ചൂണ്ടയില്‍ കൊത്തുവീണു എന്ന് ഞാനുറപ്പിച്ചു. കക്ഷി മോഹന്‍ലാല്‍ തന്നെ. സഖാവ് പിണറായി വിജയനുമായി അന്ന് നേരിട്ടെനിക്ക് പരിചയമില്ല. ഒന്നുരണ്ട് മീറ്റിങ്ങുകളില്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്; ഔപചാരികമായി ഒന്നോരണ്ടോ വാക്കുകള്‍ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ഇങ്ങോട്ട് ഫോണ്‍ വിളിക്കാവുന്ന ഒരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. അനൂപിനോട് ഞാന്‍ പറഞ്ഞു. മോഹന്‍ലാലാണ്. ഇന്നെന്തായാലും നല്ല മറുപടി കൊടുത്തേക്കാം. അപ്പോള്‍ ഫോണില്‍ സൗമ്യമായ ശബ്ദം. ഈ വരുന്ന ഇരുപത്തഞ്ചാം തീയതി സത്യപ്രതിജ്ഞ ചെയ്യുകയാണ്. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. നിങ്ങളൊക്കെ ഉണ്ടാകണം എന്നാണാഗ്രഹം. പങ്കെടുക്കാനെത്തിയാല്‍ വലിയ സന്തോഷം.

മോഹന്‍ലാലിനുപോലും അനുകരിക്കാനാവാത്ത തനി വടക്കന്‍ ഭാഷ. അളന്ന് മുറിച്ച് ക്രമപ്പെടുത്തിയ വാക്കുകള്‍. എടാ വിജയാ, നിനക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.'' എന്നുപറയാന്‍ ഓങ്ങിയതായിരുന്നു. പകരം മര്യാദവിടാതെ തന്നെ മറുപടി പറഞ്ഞു. ഫോണ്‍ വെച്ചിട്ടും ശങ്ക മാറിയില്ല.

ലാലിന്റെ നമ്പറില്‍ വിളിച്ചു. കിതപ്പോടെയാണ് ലാല്‍ ഫോണെടുത്തത്. എന്താ കിതയ്ക്കുന്നത്? വര്‍ക്കൗട്ടിലാണ്. ട്രെഡ്മില്ലില്‍ ഓടുകയായിരുന്നു. അല്ല, ഞാന്‍ സത്യപ്രതിജ്ഞയ്ക്ക് വരുന്നുണ്ടെന്ന് പറയാന്‍ വിളിച്ചതാ.

ലാലിന് പെട്ടെന്ന് മനസ്സിലായില്ലെന്നു തോന്നി. പിണറായി വിജയന്‍ ഇപ്പൊ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്നേയും വിളിച്ചിരുന്നു. സാംസ്‌കാരികരംഗത്തുള്ള കുറെ പേരെ ക്ഷണിക്കുന്നുണ്ടെന്ന് തോന്നുന്നു. എനിക്കന്ന് പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഷൂട്ടിങ്ങുണ്ട്. പിന്നീടൊരു ദിവസം പോയി കാണാം. സത്യസന്ധമായ മറുപടി.

എന്റെ ഉള്ളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. സത്യമായും അത് സാക്ഷാല്‍ പിണറായി തന്നെ ആയിരുന്നു. ഇതാ, ഇപ്പോള്‍ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എന്റെ ഫോണ്‍ റിങ് ചെയ്യുന്നു. ചിലപ്പോള്‍ മോഹന്‍ലാല്‍തന്നെ ആയിരിക്കും. മാനാകാനും മയിലാകാനും ചിത്രശലഭമാകാനും നിമിഷാര്‍ധംപോലും വേണ്ടാത്ത ഗന്ധര്‍വന്‍. എടുത്തുനോക്കട്ടെ. ആണെങ്കില്‍ ആ കഥ പിന്നീട് പറയാം.

English summary
Sathyan Anthikad Facebook Post About Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more