twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീർത്തും പഴയ മട്ടിലൊരു എന്റർടൈനർ.. കൂടുതൽ പ്രതീക്ഷിക്കാത്തവർക്കുള്ളത്.. ശൈലന്റെ റിവ്യു

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

    Rating : 2.5/ 5

    Star Cast: Samantha Akkineni, Sivakarthikeyan

    Director: Ponram

    ശിവകാർത്തികേയനും സാമന്തയും ജോഡികളാകുന്ന സീമരാജ തിയേറ്ററുകളിലെത്തി. ലാൽ, സിമ്രാൻ, നെപ്പോളിയൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന സീമരാജയുടെ സംവിധാനം പൊൻ റാം ആണ്. ചിത്രത്തിന് ശൈലൻ എഴുതിയ റിവ്യു തുടർന്ന് വായിക്കാം..

    സീമരാജ

    ശിവകാർത്തികേയന്റെ വേലൈക്കാരൻ എന്ന സിനിമ സേലത്തെ ഏ ആർ ആർ എസ് എന്ന തിയേറ്ററിൽ വച്ച് കണ്ടതിന്റെ ആംബിയൻസ് മുൻപ് ഈ കോളത്തിൽ എഴുതിയിട്ടുണ്ട്. വൻ ജനക്കൂട്ടമായിരുന്നു അന്ന് തിയേറ്ററിൽ എങ്കിലും കോമ്പൗണ്ടിലോ പരിസരങ്ങളിലുമൊന്നും ഫാൻസിന്റെ വക യാതൊരു ഡെക്കറേഷനുകളോ പരാക്രമങ്ങളോ ഇല്ലാതെ സ്വസ്ഥം.. ശാന്തം.. എന്നാൽ ഇന്നലെ തിരുവനന്തപുരത്ത് കൈരളി_ശ്രീ കോമ്പ്ലക്സിൽ ശിവകാർത്തികേയന്റെ സീമരാജ കാണാൻ പോയ ഞാൻ ശരിയ്ക്കും മെരണ്ടുപോയി. മുപ്പതോളം നെടുങ്കൻ ഫ്ലെക്സുകൾ ഫാൻസ് അസോസിയേഷൻ വക റോഡ് മുതൽ തിയേറ്റർ വരെ ചുമരുകളിൽ. ചെങ്കൽചൂളയിലെ സ്റ്റേറ്റ് കമ്മറ്റിയുടെയും വലിയ ശാലയിലെ ജില്ലാ കമ്മറ്റിയുടെയും വിവിധ യൂണിറ്റുകളുടെയും എല്ലാം വേറെ വേറെ. അത്രയും ദൂരം അന്തരീക്ഷത്തിൽ പത്തോളം വരികളായി ശിവകാർത്തികേയന്റെ പടമുള്ള പ്ലാസ്റ്റിക് തോരണങ്ങൾ. കവാടത്തിൽ പടുകൂറ്റൻ കട്ടൗട്ട്. ആകെമൊത്തം ജഗ്ഗുപൊഗ്ഗു..

    ദുഷ്പേര് മാത്രം ബാക്കി

    ഒരു തമിഴ്നടന് തന്റെ മുപ്പത്തിമൂന്നാം വയസിൽ അയൽസംസ്ഥാനത്ത് ഇജ്ജാതി ഫാൻസ് കൊണ്ടാട്ടങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് നല്ല കാര്യം തന്നെ. അതും തൊട്ട ദിവസം അതേ തിയേറ്റർ കോമ്പ്ലക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന ഇവിടത്തെ മെഗാസ്റ്റാറിന്റെ സിനിമയുടെ പേരിൽ ഫാൻസ് അസോസിയേഷനുകളുടേതായി ഒറ്റ ഫ്ലെക്സും കട്ടൗട്ടും പരിസരത്തൊന്നും (ഇവിടെ മാത്രമല്ല ന്യൂവിലും ശ്രീകുമാറിലും) മഷിയിട്ട് നോക്കിയാൽ കിട്ടാനില്ല (വേറെ എവിടേലും ഉണ്ടോന്നറിയില്ല സോറി) എന്നിരിക്കെ.. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്.. താരാരാധനയുടെ പേരിൽ മലയാളികൾ കളിയാക്കുന്ന തമിഴൻ യഥാർത്ഥത്തിൽ അവിടെയാണോ അതോ ഇവിടെയോ!! തമിഴ്നാട്ടിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും ഒരിക്കലെങ്കിലും സഞ്ചരിച്ചവർക്ക് അറിയാം, സിനിമയുടെ പേരിൽ ഇവിടെ നടക്കുന്ന പരസ്യങ്ങളുടെയോ ആഘോഷങ്ങളുടെയോ മൽസരങ്ങളുടെയോ നൂറിലൊന്ന് അവിടെ കാണാൻ സാധിക്കില്ല. എന്നിട്ടും മലയാളി പതിച്ചുകൊടുത്ത ദുഷ്പേര് മാത്രം ബാക്കി

    മസാല എന്റർടൈനർ

    ഇതൊക്കെ വിട്ട് സീമരാജയിലേക്ക് വന്നാൽ അത് കണ്ടു പഴഞ്ചനായതും എന്നാൽ ആ മട്ടിലുള്ള പ്രേക്ഷകരെ രസിപ്പിക്കുന്നതുമായ ഒരു മസാല എന്റർടൈനർ ആണ്. നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തോടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച സിങ്കംപട്ടി എന്ന "സമസ്ഥാനത്തി" ന്റെയും അവിടത്തെ രാജപരമ്പരകളുടെയും കഥയാണ് സിനിമയുടെ പ്രതിപാദ്യം. ഭൂപരിഷ്കരണ ബിൽ നടപ്പിൽ വന്നതോടെ ഭൂമിയെല്ലാം പ്രജകൾക്ക് വിട്ടുകൊടുത്ത് സാദാമട്ടിലുള്ള ജീവിതമാണ് രാജകുടുംബവും നയിച്ചു പോരുന്നത്. പക്ഷെ, ജഗതി പണ്ട് പറഞ്ഞപോലെ, ക്ഷത്രിയ രക്തമായിപ്പോയില്ലേ.. അഴിമതി കണ്ടാൽ സിനിമയാകുമ്പോൾ തിളയ്ക്കാതെ രക്ഷയില്ലല്ലോ.

    മാസ് എൻട്രി

    പതിവു പോലെ, സിങ്കംപട്ടിക്ക് പോട്ടികൂടാനായി അപ്പുറത്ത് പുളിയമ്പട്ടി എന്നൊരു നട്ടുരാജ്യം സോറി നാട്ടിൻപുറമുണ്ട്. അവരുടെ ഏരിയയിൽ കേറി ക്രിക്കറ്റ് കളിച്ച ചെക്കന്മാരെ പുളിയമ്പട്ടിക്കാർ പൊക്കിയ വിവരമറിയിക്കാനായി സഹകളിക്കാർ കൊട്ടാരത്തിലേക്ക് പാഞ്ഞു ചെല്ലുമ്പോളാണ് പടം തുടങ്ങുന്നത്. ചൂലുമായി മുറ്റം തൂത്തുനിൽക്കുന്ന അമ്മ മഹാറാണിയെയും പഴയൊരു ബൈക്കിൽ ട്രാക്ക്സ്യൂട്ടുമിട്ടുവരുന്ന അപ്പൻ രാജാവായ നെപ്പോളിയനെയും നമ്മൾക്കൊപ്പം ചെക്കന്മാരും അപ്പോഴാണ് ആദ്യം കാണുന്നത് എന്നത് വൻ കോമഡിയാണ്. കുതിരകളെ പൂട്ടിയ തേരിൽ മാത്രം സഞ്ചരിക്കുന്ന മകൻ സീമരാജ എന്ന ശിവകാർത്തികേയൻ അപ്പോഴേക്ക് മാസ് എൻട്രി നടത്തി കെട്ടിയിട്ട ക്രിക്കറ്റുകാരന്മാരെ മോചിപ്പിക്കുകയും പുളിയമ്പട്ടിയെ അടപടലമാക്കുകയും ചെയ്തിരുന്നു.

    ശിവകാർത്തികേയൻ

    സീമരാജ " എന്ന ഊളപ്പേര് കേൾക്കുമ്പോൾ ഉള്ള അത്ര ബോറല്ല സിനിമ. ശിവകാർത്തികേയൻ-പൊൻ റാം കൂട്ടുകെട്ടിന്റെതായി മുൻപ് വന്ന വരുത്തപ്പെടാത ബാലിബസംഘം, രജനിമുരുഗൻ എന്നീ സിനിമകളെ വച്ചുനോക്കുമ്പോഴും ഈ മൂന്നാം വരവ് ഭേദം എന്ന് പറയാം. കാണുന്ന കാഴ്ചകൾ എല്ലാം തന്നെ ക്ലീഷേ ആണെങ്കിലും 158 മിനിറ്റ് നേരത്തിൽ (സെക്കന്റ് ഷോ ആയിട്ടും) ഉറക്കം വന്ന് തൂങ്ങിയതുമില്ല തിയേറ്ററിൽ നിന്ന് എണീറ്റോടാൻ തോന്നിയതുമില്ല. എന്റർടൈന്മെന്റ് എലമെന്റ്സ് ശ്വാസം വിടാനാകാത്ത മട്ടിൽ കുത്തിനിറച്ചിയിരിക്കുകയാണ് ഇന്നേരം മുഴുവൻ..

    കോമഡിയും പ്രണയവും

    കോമഡിയും പ്രണയവും ശിവകാർത്തികേയൻ നന്നായി സ്കോർ ചെയ്യുന്നുണ്ട്. കോമഡിക്കായുള്ള എർത്ത് പതിവുപോൽ സൂരി തന്നെയാണ്. കൊള്ളാവുന്ന കൗണ്ടറുകളിലൂടെ ഈ നടൻ വളരെയധികം മെച്ചപ്പെട്ടു വരുന്നുണ്ട്. നായികയായ സുതൻത്രസെലുവി എന്ന സാമന്ത റൂത്ത് പ്രഭു നിങ്ങളുദ്ദേശിച്ച പോൽ പുളിയമ്പട്ടി ഗ്രാമക്കാരിയും സ്കൂൾ ടീച്ചറുമാണ്. ഡി ഇമ്മാന്റെ സ്വീറ്റ് മെലഡികളിൽ നയനാന്ദമേകുംവണ്ണം ഡ്യുയറ്റ് പാടുകയെന്നത് തന്നെ നായികാധർമ്മം. നെഗറ്റീവ് റോളുകളായ കാത്താടിക്കണ്ണനും കാളീശ്വരിയുമായി ലാലും സിമ്രാനും ഹെവി . സിമ്രാന് ഡബ്ബ് ചെയ്തത് ആരാണെങ്കിലും പൊളൂഷൻ കണ്ട്രോൾ ബോർഡിന്റെ കണ്ണിൽ പെടാതെ നടക്കുന്നത് നല്ലതാവും..

    കൃഷിഭൂമി

    കൃഷിഭൂമി വ്യവസായത്തിനെന്ന പേരിൽ കൊള്ളയടിക്കപ്പെടുന്നതും ഒടുവിൽ കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വരുന്നതുമൊക്കെയാണ് പടം പറയാൻ ശ്രമിച്ചിരിക്കുന്ന രാഷ്ട്രീയം. ഉദ്ദേശശുദ്ധിയൊക്കെ കൊള്ളാം . മരത്തിനെക്കാൾ വലിയ കൊമ്പെന്നത് പോൽ രണ്ടു മണിക്കൂറെത്തുമ്പോൾ പടത്തെ എടുത്ത് അമ്മാനമാടുന്ന പതിനാലാം നൂറ്റാണ്ടിലെ ഒരു ഫ്ലാഷ്ബാക്ക് വരുന്നുണ്ട്. ബാഹുബലി,പദ്മാവതി കമ്മട്ടത്തിൽ. അതില്ലായിരുന്നെങ്കിലും പടത്തിന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലായിരുന്നെങ്കിലും മൊത്തത്തിൽ സൂപ്പർസ്റ്റാർ കളിക്കാൻ തന്നെയാണ് കാർത്തികേയന്റെ ലക്ഷ്യം എന്ന് വ്യക്തം. രജനികാന്ത് സിനിമകളുമായി കണക്റ്റ് ചെയ്യാവുന്ന ഒരുപാട് ലിങ്കുകൾ വാരിവിതറിയിട്ടുണ്ട് പടത്തിലുടനീളം. (മലയാളികൾക്കായി പുലിമുരുകൻ നിവിൻ പോളി റഫറൻസുകളുമുണ്ട്..) എന്തോ ആയിക്കോട്ടെ.. ഇറങ്ങുമ്പോൾ കാശ് പോയതായി തോന്നിയില്ല. കാരണം, ഇത്രപോലും പ്രതീക്ഷിച്ചിരുന്നില്ല.. അദന്നെ

    English summary
    Seema Raja Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X