For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ശക്തി അദൃശ്യമായി മല്ലിക ചേച്ചിയുടെ കൂടെയുണ്ട്; ചേച്ചിയുടെ തൻ്റേടം സുകുമാരൻ സാറിൻ്റെതാണ്, സിദ്ധു പനക്കൽ

  |

  മലയാളത്തിന്റെ അനുഗ്രഹീത നടന്‍ സുകുമാരന്റെ ഓര്‍മ ദിനമാണ് ജൂണ്‍ പതിനാറ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ താരത്തെ കുറിച്ചുള്ള എഴുത്തുകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം പിതാവിന്റെ ഓര്‍മ്മകളുമായി എത്തിയിരുന്നു.

  ബെഡ് റൂമിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി അനുപ അഗ്നിഹോത്രി

  ഒരു കാലത്ത് സുകുമാരന്റെ കുടുംബത്തിനൊപ്പം താമസിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പറയുന്നത്. ഇന്ദ്രജിത്തിനും പൃഥ്വിരാജിനും കളികൂട്ടുകാരനായി, സുകുമാരന്‍ സാറിന് സഹായിയായി, മല്ലികച്ചേച്ചിക്കു സഹോദര തുല്യനായി കഴിഞ്ഞ നാളുകളെ പറ്റിയുള്ള സിദ്ധുവിന്റെ വാക്കുകളിങ്ങനെ...

  സിനിമ ആശയും ആവേശവും ആഗ്രഹവും സ്വപ്നവും ആയിരുന്ന കാലത്ത് ഒരു പാട് അലഞ്ഞിട്ടുണ്ട് മദ്രാസില്‍. സിനിമയില്‍ എത്തിപ്പെടാന്‍ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്പു വാതില്‍ എന്നെ പോലെയുള്ള ഒരു ദുര്‍ബലനു തള്ളി തുറക്കാവുന്നതിനും അപ്പുറത്താണ് അതിന്റെ ശക്തി എന്ന സത്യം. പ്രതീക്ഷകള്‍ക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു എവിഎം ന്റെയും വാഹിനിയുടെയും വാതില്‍ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകല്‍ സ്വപ്നവും കണ്ട് വിയര്‍ത്തു കുളിച്ചു കോടമ്പാക്കത് അലച്ചില്‍.

  മായാജാലങ്ങള്‍ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവില്‍ പകച്ചു നില്‍ക്കുന്നുഞാന്‍. നമ്പര്‍ 3, ഗജേന്ദ്ര നായിഡു സ്ട്രീറ്റ്, സാലിഗ്രാമം. എന്റെ അമായിയുടെ വീട്. ദിവാ സ്വപ്നവും കണ്ട് ഞാന്‍ അവിടെ ഇരിക്കുമ്പോള്‍, അസോസിയേറ്റ് ഡയറക്ടര്‍ K R ജോഷി ചേട്ടനും, സുകുമാരന്‍ സാറിന്റെ ഡ്രൈവര്‍ ഗോപിയും. എന്നെ തേടിയെത്തി. എന്നെ കയ്യോടെ കൊണ്ടു പോകാന്‍ വന്നിരിക്കുകയാണ് അവര്‍. പടയണിയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. ആല്‍വിന്‍ ആന്റണി നല്ല പയ്യന്‍ എന്ന രീതിയില്‍ എന്നെ സാറിനു മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഒന്നുരണ്ടു തവണ ആന്റണിയുടെ കൂടെ ഞാന്‍ സാറിന്റെ വീട്ടില്‍ പോയിട്ടുമുണ്ട്.

  പിറ്റേന്ന് രാവിലെ അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്പറിട്ട ആ ക്ഷേത്രത്തിലേക്ക് ഞാന്‍ കയറിച്ചെന്നു. ആ ദൈവത്തെ കണ്ടത് മുതല്‍ അതുവരെ സിനിമക്കു വേണ്ടി അലഞ്ഞു തിരിഞ്ഞ എന്റെ ദുരിതത്തിന് അവസാനമാവുകയായിരുന്നു. മുണ്ഡനം ചെയ്ത തലയില്‍ കുറ്റിമുടികള്‍ കിളിര്‍ത്തു വരുന്നു. തീഷ്ണമായ നോട്ടം. എന്നെ ആകെ അളക്കുന്നത് പോലെയുള്ള നോട്ടമാണത്. നോട്ടത്തിനൊടുവില്‍ ചോദിച്ചു, എന്താ പേര്? സിദ്ധാര്‍ത്ഥന്‍. നാടെവിടെ? ഗുരുവായൂര്‍. താമസം? ഇവിടെ വടപഴനിയില്‍. സിദ്ധാര്‍ത്ഥനെ എന്റെ പടത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ആക്കുകയാണ്. പ്രൊഡക്ഷന്‍ മാനേജര്‍ എന്ന് വെച്ചാല്‍ എന്താണെന്നു എനിക്കറിയില്ല എന്ന എന്റെ മറുപടി അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.

  ഞാന്‍ പറയുന്നത് പോലെ ചെയ്യാന്‍ പറ്റുമോ അടുത്ത ചോദ്യം. ചെയ്യാം എന്ന് ഞാന്‍. ന്യായവിധി, ആവനാഴി തുടങ്ങിയ സിനിമകളില്‍ സുകുമാരന്‍ സാര്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയം. ന്യായവിധിക്കു വേണ്ടിയാണ് തല മുണ്ഡനം ചെയ്തത്. തനിക്കിവിടെ താമസിച്ചു കൂടെ ഈ വീട്ടില്‍ സാര്‍ ചോദിക്കുകയാണ്. സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. ഇന്ദ്രജിത്തിനും പൃഥ്വിരാജിനും കളികൂട്ടുകാരനായി, സുകുമാരന്‍ സാറിന് സഹായിയായി, മല്ലികച്ചേച്ചിക്കു സഹോദര തുല്യനായി, 'പടയണി' യുടെ പ്രൊഡക്ഷന്‍ മാനേജരായി ആ വീട്ടില്‍ കഴിഞ്ഞ നാളുകള്‍ എന്റെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ തന്നെയായിരുന്നു.

  കുപ്പത്തൊട്ടിയില്‍ നിന്നു പറന്നുയര്‍ന്നു ഗോപുരമുകളില്‍ ചെന്നെത്തി എന്നൊക്കെ സാഹിത്യ ഭാഷയില്‍ പറയാറില്ലേ അത് പോലെ. തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരന്‍ സാര്‍. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു. കാണികള്‍ നെഞ്ചേറ്റിയ സുകുമാരന്‍ സാര്‍ സിനിമാപ്രേമികള്‍ക്ക്. തമാശക്കാരനായ, സ്‌നേഹനിധിയായ അച്ഛന്‍, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന്‍ ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സാര്‍.

  ആ അഭിനയ സാമ്രാട്ട് അകാലത്തില്‍ 49ആം വയസില്‍ പൊലിയുമ്പോള്‍. നേര്‍പാതിയുടെ തന്റെ നായകന്റെ വേര്‍പാടിന്റെ ദുഃഖം മനസിലൊതുക്കി പറക്കമുറ്റാത്ത മക്കളെ, പ്രതിസന്ധികളില്‍ തളരാതെ, ദൃഡനിശ്ചയത്തോടെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ആ അമ്മയുടെ.. മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്. ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്. ഗുരുത്വം ഉണ്ട് എന്ന് എനിക്ക് തോന്നിയത് സുകുമാരന്‍ സാര്‍ മരിച്ച ദിവസമാണ്.

  'നീ വരുവോളം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ ഒരു ഗാനചിത്രീകരണം. നാലുമണിയോടെ ആണെന്ന് തോന്നുന്നു നീ വരുവോളത്തിന്റെ നിര്‍മ്മാതാവ് കറിയാച്ചന്‍ സാര്‍ എന്നെ വിളിച്ചു. എറണാകുളത്തു നിന്ന് ഒരു ബാഡ് ന്യൂസ് ഉണ്ട്. ആ ബാഡ് ന്യൂസ് കേള്‍ക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ സ്റ്റുഡിയോയില്‍ നിന്ന് ഞാന്‍ കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി. തിരുവനന്തപുരത്തെ സിനിമാപ്രവര്‍ത്തകര്‍ അവിടെ സജ്ജീകരണങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

  ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam

  ഇരുട്ടിയപ്പോള്‍ സാറിനെയും കൊണ്ടുള്ള വാഹനം കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി. എന്നെ കണ്ടപ്പോള്‍ സാര്‍ പോയി സിദ്ധാര്‍ത്ഥ എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചേച്ചി. ചേച്ചിയുടെ ആ നോട്ടവും കരച്ചിലും മങ്ങാതെ മായാതെ ഓര്‍മ്മയുണ്ട്. എല്ലാ ദുഃഖങ്ങളും കാലം മായ്ച്ചു കളയും എന്ന് പറയാറുണ്ട്. പക്ഷെ ചില ദുഃഖങ്ങള്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കും, ബാക്കി നില്‍ക്കും എന്റെ അച്ഛന്റെ മരണം പോലെ, അമ്മയുടെ മരണം പോലെ, സുകുമാരന്‍ സാറിന്റെ മരണം പോലെ ചിലത്..

  English summary
  Sidhu Panakkal Opens Up About Mallika Sukumaran And Late Actor Sukumaran Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X