twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെജി ജോര്‍ജിന്റെ സിനിമകളേയും ജീവിതത്തേയും കുറിച്ചൊരു ഡോക്യുമെന്ററി!

    By Desk
    |

    സതീഷ് പി ബാബു

    സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

    നവതിയിലെത്തി നില്‍ക്കുന്ന മലയാള സിനിമയുടെ പ്രയാണത്തില്‍ , അതിനെ നവീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സംവിധായകരില്‍ ഒരാളാണ് കെ.ജി ജോര്‍ജ് .സിനിമയുടെ വ്യാകരണങ്ങളെ സമഗ്രമായ് ആഗിരണം ചെയ്യുകയോ തിരസ്‌കരിക്കുകയോ ചെയ്തു കൊണ്ട് കാലാതിവര്‍ത്തിയും സാര്‍വ്വലൗകികവുമായ ലക്ഷണമൊത്ത ചിത്രങ്ങള്‍ ഒരുക്കി മലയാളത്തിന്റെ യശസ്സുയര്‍ത്തുന്നതില്‍ മുന്‍നിരയില്‍ നിന്ന അദ്ദേഹം , ജീവിതത്തിലെന്ന വിധം ഉപാസിക്കുന്ന കലയിലും സത്യസന്ധത വേണമെന്ന രാഷ്ട്രീയം വെച്ചു പുലര്‍ത്തുന്ന ഒരാളാണ് .അപ്പോള്‍ പിന്നെ അദ്ദേഹത്തെപ്പോലൊരാളെ അവലംബിച്ചെടുക്കുന്ന ഡോക്യുമെന്ററിയിലും ആ സത്യസന്ധത അനിവാര്യമാണ് .തീര്‍ച്ചയായും ലിജിന്‍ ജോസും ഷാഹിന കെ റഫീഖും ചേര്‍ന്ന് കെ.ജി ജോര്‍ജിനെ ആസ്പദിച്ച് തയ്യാറാക്കിയ 8 .1/2 ഇന്റര്‍ കട്ട്‌സ്: കെ ജി ജോര്‍ജ്, ജീവിതവും സിനിമയും എന്ന ഡോക്യുമെന്ററി ആ പ്രസ്താവനയെ അങ്ങേയറ്റം ആദരവോടെ വിലയിരുത്തുന്ന ഒന്നാകുന്നു.

    കെജി ജോര്‍ജ്

    രണ്ടര പതിറ്റാണ്ടിനിടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുവെങ്കിലും ജീവിതത്തിന്റെ സകല മേഖലകളിലുമുള്ളവരേയും പരിഗണിക്കുകയും സ്പര്‍ശിക്കുകയും ചെയ്തിട്ടുള്ള ചിത്രങ്ങളാണ് കെജി ജോര്‍ജിന്റേത്. കഥാപാത്രങ്ങളെ ഒരു വൈകാരിക ഭൂമിയിലിറക്കിവെച്ച് കഥപറച്ചിലിനെ സ്വഛമായൊഴുക്കി വിടുക എന്നതിനപ്പുറം കഥയിലും കഥാപാത്രങ്ങളില്‍ വിളക്കിചേര്‍ക്കുന്ന മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു പ്രത്യേകത. എല്ലാ സിനിമകളിലും ഏറിയും കുറഞ്ഞും സ്ഥാപിതമായ പാത്ര നിര്‍മിതികളിലെ സ്വഭാവ പരിണാമങ്ങള്‍ക്കപ്പുറം, നിലനില്‍ക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്ന സാമൂഹിക ചലനങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതില്‍ പോലും ജാഗരൂകനായിരുന്നു ആ പ്രതിഭ. 1975 ല്‍ സംവിധാനം ചെയ്ത 'സ്വപ്നാടന 'മായിരുന്നു ആദ്യ ചിത്രം . മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടി തന്റെ വരവറിയിച്ച അന്നുതൊട്ട് അവസാനം ചെയ്ത 'ഇലവങ്കോട് ദേശം ' (1998 ) വരെ ആകെ സംവിധാനം ചെയ്തത് 19 ചിത്രങ്ങള്‍ മാത്രമാണെന്നറിയുമ്പോഴാണ് ഓരോ ചിത്രത്തിനും അദ്ദേഹം നല്‍കുന്ന ധ്യാനത്തെ കുറിച്ച് ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി പഠിക്കേണ്ടിയിരിക്കുന്നത്.

    സത്യസന്ധത

    ദൃശ്യപരിചരണത്തിലായാലും ആഖ്യാനശൈലിയിലായാലും അതിന്റെ സൗന്ദര്യപരമായ വിന്യാസത്തിലായാലും തന്നെതന്നെ നവീകരിക്കുന്ന ഒരു സംവിധായകനെയാണ് കെ.ജി ജോര്‍ജില്‍ കാണാനാവുക. സത്യസന്ധതയെന്നത് കലയില്‍ ആവശ്യമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു., അതേ പോലെ ജീവിതത്തിലും. അദ്ദേഹത്തെ കുറിച്ചുള്ള ഈ ഡോക്യുമെന്ററി ഇത് രണ്ടിനേയും, അതായത് കലയിലും ജീവിതത്തിലും പാലിക്കേണ്ട സത്യസന്ധതയേയും, സിനിമ തിരശ്ശീലയില്‍ പൂര്‍ത്തിയാക്കപ്പെടേണ്ടതല്ലെന്ന സംവിധായകന്റെ ദൃഢനിശ്ചയത്തിനേയും പ്രേക്ഷക പങ്കാളിത്തതോടെയുള്ള ആസ്വാദത്തിലെ പുനരുത്ഥാന ത്വരയേയും പരിഗണിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു നിരീക്ഷണം.

    വേഷപകര്‍ച്ചകളിലേക്ക്

    കഥാപാത്രങ്ങളെ അതിവൈകാരിക വേഷപകര്‍ച്ചകളിലേക്ക് കയറൂരി വിടാതിരിക്കാന്‍ കെജി ജോര്‍ജ് കാണിച്ച സാമര്‍ത്ഥ്യം അഥവാ പരിശ്രമം ഈ ഡോക്യുമെന്ററിയും പിന്തുടരുന്നത് അഭിനന്ദനമര്‍ഹിക്കുന്ന ഒന്നാണ്. സിനിമയും ജീവിതവും; പ്രത്യേകിച്ച് ബാലു മഹേന്ദ്രയും ശോഭയും തമ്മിലുള്ള ബന്ധം ദൃഢമാവാന്‍ താനൊരു കാരണക്കാരനാണെന്ന് പറയുന്നതടക്കമുള്ള, ഭാഗങ്ങളില്‍ അദ്ദേഹം വിതുമ്പലിന്റെ വക്കത്തെത്തുമ്പോഴേക്കും ക്യാമറ മറ്റിടങ്ങളിലേക്ക് ശ്രദ്ധ മാറ്റി കളയുന്നുണ്ട്. അതാകട്ടെ കാഴ്ചയുടെ നൈരന്ത്യരത്തെ വിഘാതപ്പെടുത്തുന്നു എന്നതിലുപരി ,മുഖ്യധാരാ സിനിമയുടെ ഒറ്റയാനായ് പരിഗണിക്കപ്പെടുന്നയാളോടുള്ള ബഹുമാനവും ഇഷ്ടവും കൂട്ടുന്ന ഘടകമായിരുന്നെന്ന പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് ഓപ്പണ്‍ ഫോറങ്ങളില്‍, സംവിധായകരില്‍ ഒരാളായ ഷാഹിന കെ റഫീഖ് മറുപടി പറയുന്നത് കെ ജി ജോര്‍ജ് തന്റെ കഥാപാത്രങ്ങളെ അതിവൈകാരികതയിലേക്ക് തള്ളിയിടാതെ നിയന്ത്രിച്ചു നിര്‍ത്തിയ മിടുക്കുമായ് ബന്ധപ്പെടുത്തിയാണ്. ഒരു ഡോക്യുമെന്ററിയെന്ന നിലക്ക് അതിന്റെ ആധികാരികതയാണ് പ്രധാനം, വൈകാരികതയല്ല. വൈകാരികതയെ പൈങ്കിളിവത്ക്കരിക്കാത്ത ഒരു സംവിധായകനാവുമ്പോള്‍ പ്രത്യേകിച്ച് ആ പരിസരത്തെ തിരസ്‌കരിക്കേണ്ടതുണ്ട് താനും.

    19 സിനിമകളില്‍

    19 സിനിമകളില്‍ നിന്ന് ഏറ്റവും ശ്രദ്ധേയമായ 8 സിനിമകളാണ് ഈ ഡോക്യുമെന്ററി പരാമര്‍ശവിധേയമാക്കുന്നത് .മനുഷ്യന്റെ ഭ്രമകല്പനകളെയും സ്വപ്നങ്ങളേയും അപഗ്രഥിച്ചെടുത്ത സ്വപ്നാടനം ,ഒരേ വ്യക്തിയില്‍ തന്നെ ഉറങ്ങിക്കിടക്കുന്ന ഇരയേയും വേട്ടക്കാരനേയും സ്പര്‍ശിക്കുന്ന ഇരകള്‍ , സ്ത്രീകേന്ദ്രീകൃത കഥ പറഞ്ഞ ആദാമിന്റെ വാരിയെല്ല്, ഒട്ടും തിരശ്ചീനമല്ലാത്ത നാട്ടുമ്പുറ കാഴ്ചകള്‍ പറഞ്ഞ കോലങ്ങള്‍, കണ്‍മുന്നില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദിച്ചെടുത്ത ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, സര്‍ക്കസ് കൂടാരത്തിലെ കുള്ളന്മാരുടെ ജീവിതം പറഞ്ഞ മേള, കുറ്റാന്വേഷണ സ്വഭാവമുള്ള യവനിക, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ അസ്സല്‍ ആക്ഷേപഹാസ്യം ചിത്രീകരിച്ച പഞ്ചവടിപ്പാലം തുടങ്ങിയ പ്രധാന ചിത്രങ്ങളെയൊക്കെ ഈ ഡോക്യുമെന്ററി സ്പര്‍ശിക്കുന്നുണ്ട്. എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, മമ്മൂട്ടി തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പം നിരൂപകരായ സി.എസ് വെങ്കിടേശ്വരന്‍, എം ജി രാധാകൃഷ്ണന്‍, ഛായാഗ്രാഹകനും സഹപ്രവര്‍ത്തകനുമായിരുന്ന രാമചന്ദ്രബാബു, വേണു, സംവിധായകരായ ടി.വി ചന്ദ്രന്‍, ബി ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഗീതു മോഹന്‍ദാസ് തുടങ്ങി വലിയൊരു നിര തന്നെ കെ.ജി ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു .

    ഹിപ്പോക്രസ്സിയെ

    സ്വന്തം ചിത്രങ്ങളോടെന്ന പോലെ ജീവിതത്തോടും സത്യസന്ധത പുലര്‍ത്തിയ അദ്ദേഹം മലയാളിയുടെ സഹജമായ ഹിപ്പോക്രസ്സിയെ തൂത്തെറിയുന്നതും ഈ ഡോക്യുമെന്ററി കാണിച്ചു തരുന്നു. ജീവിതവും സിനിമയും പറയുന്ന ജോര്‍ജിനെ ഒരു വേളയില്‍ ഇകഴ്ത്തി ( അങ്ങനെ പാടില്ലെന്ന പൊതുബോധത്തില്‍ ) പറയുന്ന ഭാര്യ സെല്‍മയുടെ പ്രസ്താവന രസകരമാണ് .ജോര്‍ജിന് കൂട്ടുകാരും സിനിമയും സെക്‌സും മാത്രമാണ് പ്രിയമെന്ന് അവര്‍ വെട്ടിതുറന്ന് പറയുന്നുണ്ട് .ഭാര്യയെന്ന നിലക്കുള്ള യാതൊരു പരിഗണനയും തനിക്ക് തന്നില്ലെന്നതിന് പുറമേ മക്കളേയും വേണ്ട വിധം പരിഗണിച്ചിട്ടില്ലെന്ന ആ സ്ത്രീയുടെ പരാതിയെ ആണധികാരത്തിന്റെ ഒരു നോട്ടം കൊണ്ടു പോലും വിലക്കുന്നില്ലെന്നത് തന്നെ ജോര്‍ജ് വ്യക്തിസ്വാതന്ത്ര്യത്തിനോട് എത്രമാത്രം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു എന്നതിന്റെ മകുടോദാഹരണമാണ് .ഇതൊക്കെയാണെങ്കിലും മലയാള സിനിമയില്‍ ഏറ്റവും ഉള്‍ക്കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കെ.ജി ജോര്‍ജിന്റെ സിനിമയിലേതാണെന്നും ഒരു സാധാരണ പ്രേക്ഷകയെന്ന പോലെ സെല്‍മ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ കലയിലെ ജനാധിപത്യ ബോധം ഈ ഡോക്യുമെന്ററിയും പിന്തുടരുന്നത് കാണാം

    ഡോക്യുമെന്ററി

    ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ലിജിന്‍ ജോസും പ്രമുഖ എഴുത്തുകാരിയും സിനിമാപഠനത്തില്‍ പി.എച്ച് .ഡിയും നേടിയിട്ടുള്ള ഷാഹിന കെ റഫീഖും ചേര്‍ന്ന് നാല് വര്‍ഷമെടുത്താണ് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. എം ജെ രാധാകൃഷ്ണന്‍, നീല്‍ ഡി കുഞ്ഞ തുടങ്ങിയവരുടെ ഛായാഗ്രഹണ മികവും ബി അജിത് കുമാറിന്റെ കണിശമായ എഡിറ്റിംഗ് ശൈലിയും ഈ ഡോക്യുമെന്ററിയെ മികച്ച ഒരു സൃഷ്ടിയാക്കി മാറ്റുന്നു. നിര്‍മ്മാണം ഷിബു ജി സുശീലനും ലിജിന്‍ ജോസും. സഹപ്രവര്‍ത്തകരുടേയും വിദഗ്ദരുടേയും കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു എന്നതല്ലാതെ ഡോക്യുമെന്ററികളില്‍ പതിവു സാന്നിദ്ധ്യമായ കമന്ററി ഈ ചിത്രത്തിലില്ലെന്നതും ഒരു പ്രത്യേകതയാണ് .കെ .ജി ജോര്‍ജിന്റെ ഇഷ്ട ചലച്ചിത്രകാരനായ ഫെഡറിക്കോ ഫെല്ലിനിയുടെ പ്രശസ്ത ചിത്രമായ 8 1/2 ന്റെ ടൈറ്റില്‍ തന്നെ ഈ ഡോക്യുമെന്ററിക്ക് നിര്‍മ്മാതാക്കള്‍ മനപ്പൂര്‍വ്വം തെരഞ്ഞെടുക്കുകയായിരുന്നു

    ജെസി ഡാനിയേല്‍ പുരസ്‌ക്കാരം

    2016ല്‍ ജെസി ഡാനിയേല്‍ പുരസ്‌ക്കാരം നല്‍കി കേരളം ആദരിച്ച ഒരു കെ ജി ജോര്‍ജ്ജിന്റെ ജീവിതത്തേയും സിനിമകളേയും കൃത്യമായ് അഭിസംബോധന ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ചലച്ചിത്ര വിദ്യാര്‍ത്ഥികളും ആസ്വാദകരും നിര്‍ബന്ധമായ് കണ്ടിരിക്കേണ്ട ഒരു പാഠപുസ്തകമാണിത്. ഗോവയില്‍ നടന്ന ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ഈ ചിത്രം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2016ലെ അന്താരാഷ്ട ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലേയും (IDSFFK), സൈന്‍സ് ചലച്ചിത്രമേളയിലേയും മത്സരവിഭാഗത്തിന് പുറമേ കൊച്ചി ബിനാലെയിലും ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

    English summary
    The documentary of KG George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X