For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ഞൂറാനും ആനപ്പാറയിലെ അച്ചമ്മയും തമ്മിലുള്ള ആ കുടിപ്പകയുടെ കഥ! ഗോഡ് ഫാദറിനെ കുറിച്ചുള്ള കുറിപ്പ്

  |

  കേരളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കണക്കെടുത്താല്‍ ഗോഡ് ഫാദറും അതിലുണ്ടാവും. അഞ്ഞൂറാനും ആനപ്പാറയിലെ അച്ചമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥ പറഞ്ഞ സിനിമ മലയാളികളുടെ മനസില്‍ എന്നും മായാതെ നില്‍ക്കുന്നതാണ്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1991 ലായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

  വര്‍ഷങ്ങള്‍ക്കിപ്പുറം ഗോഡ്ഫാദറിന്റെ കഥ പറഞ്ഞ് കൊണ്ട് നാരായണന്‍ നമ്പു എന്നൊരു പ്രേക്ഷകന്‍ സിനിമാ ഗ്രൂപ്പിലൂടെ പങ്കുവെച്ചൊരു കുറിപ്പ് വൈറലാവുകയാണ്. സിനിമയുടെ ഇതിവൃത്തമായ സംഭവം മൂന്ന് സംഭാഷണങ്ങളിലൂടെ പറഞ്ഞ് തന്ന സംവിധായകന്മാര്‍ക്ക് കൈയടി നല്‍കി കൊണ്ടാണ് എഴുത്ത് ഒരുക്കിയിരിക്കുന്നത്.

  ഗോഡ്ഫാദര്‍ : ആ കുടിപ്പകയുടെ കഥ...

  ഗോഡ്ഫാദര്‍ : ആ കുടിപ്പകയുടെ കഥ...

  ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വര്‍ഷങ്ങള്‍ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991 ല്‍ സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍. എന്തുകൊണ്ട് ആനപ്പാറ കുടുംബവും അഞ്ഞൂറാന്റെ കുടുംബവും ശത്രുതയില്‍ ആയി? സിനിമയില്‍ പറയാതെ പറയുന്ന പല കാര്യങ്ങളും ഉണ്ട്. ആദ്യം അഞ്ഞൂറാന്റെ സംഭാഷണത്തിലൂടെയും, പിന്നെ ആനപാറയിലെ വീരഭദ്രന്റെ വാക്കുകളിലൂടെയും, അവസാനം ബലരാമന്റെ സംഭാഷണത്തിലൂടെയും ആ കഥ വിവിധ ഘട്ടങ്ങളില്‍ ആയി സിദ്ദിഖ് ലാല്‍ വിശദീകരിക്കുന്നുണ്ട്. ആ സംഭാഷണങ്ങള്‍ സിനിമയില്‍ ഉണ്ടാക്കിയ ഇംപാക്റ്റ് വളരെ വളരെ വലുതാണ്. ആ കുടിപ്പകയുടെ തീവ്രത എത്രെതോളം ആണെന്ന് ആ സംഭാഷണങ്ങളില്‍ നിന്നും, അത് പറയുന്നവരില്‍ നിന്നും വ്യക്തമാക്കി തരികയാണ് സംവിധായകന്‍.

  അഞ്ഞൂറാന്റെ (എന്‍. എന്‍. പിള്ള ) വാക്കുകളിലൂടെ :

  അഞ്ഞൂറാന്റെ (എന്‍. എന്‍. പിള്ള ) വാക്കുകളിലൂടെ :

  കൊല്ലം തുളസി വക്കീല്‍ : ' ഇനി ഇങ്ങനെ വാശി പിടിക്കണോ? കൊല്ലം പത്തിരുപതായില്ലേ അതൊക്കെ കഴിഞ്ഞിട്ട്? ഇനിയെങ്കിലും അതൊക്കെ അവസാനിപ്പിച്ചുടെ? പഴയതൊക്കെ മറന്നൂടെ? '

  അഞ്ഞൂറാന്‍ : ' മറക്കണോ..? കഴിഞ്ഞതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കണ്ടേ? എന്റെ ലക്ഷ്മി.. ഈ വീടിന്റെ മഹാലക്ഷ്മി. എന്റെ കണ്‍മുമ്പിലാ വെട്ട് കൊണ്ട് വീണത്. ഈ കൈകളില്‍ കിടന്നാ അവസാനം അവള്‍ പിടഞ്ഞു പിടഞ്ഞു മരിച്ചത്. അത് ഞാന്‍ മറക്കണോ? പിന്നെ ഞാന്‍ പതിനാലു കൊല്ലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരിങ്കല്ലുടച്ചത് മറക്കണോ? മറക്കണോ? മറക്കണോന്ന്. ഇതൊന്നും ഈ അഞ്ഞൂറാന്‍ മറക്കുകേലെടോ.. മറക്കുകേല.. ആ തള്ളേം മക്കളേം നശിപ്പിച്ചേ ഈ അഞ്ഞൂറാന്റെ ശവം ചാമ്പലാവൂ.... (്അതിനൊപ്പം എപിക് ബിജിഎം )'

  ആനപ്പാറയിലെ വീരഭദ്രന്റെ (സിദ്ദിഖ് ) വാക്കുകളിലൂടെ :

  ആനപ്പാറയിലെ വീരഭദ്രന്റെ (സിദ്ദിഖ് ) വാക്കുകളിലൂടെ :

  'ഇനി ഇപ്പോ നിന്നെക്കൊണ്ട് പ്രതികാരം ചെയ്യിക്കാഞ്ഞിട്ടാണ് നിന്റെ അച്ഛമ്മക്ക്. ഇപ്പൊ പ്രതികാരം ചെയ്യാന്‍ നടക്കുന്ന നീ പോലും ആ വീട്ടില്‍ ജനിക്കേണ്ട പെണ്ണായിരുന്നു. അഞ്ഞൂറാന്റെ മൂത്തമകന്‍ ബലരാമന്റെ കല്യാണപെണ്ണായിരുന്നു നിന്റെ അമ്മ. അന്ന് ആ കല്യാണം മുടക്കാന്‍ നിന്റെ അച്ഛമ്മ ചെയ്തത് എന്താണെന്നറിയുമോ? മുഹൂര്‍ത്തത്തിന്റെ തൊട്ട് മുന്‍പ് നിന്റെ അമ്മയെ പന്തലീന്ന് വിളിച്ചിറക്കി കൊണ്ട് വന്നു നിന്റച്ഛനെകൊണ്ട് ഈ അച്ഛമ്മ താലി കെട്ടിച്ചു. അന്ന് നിന്റെ അമ്മയ്ക്ക് വേണ്ടിയിട്ടുള്ള ലഹളയില്‍ അഞ്ഞൂറാന് അഞ്ഞൂറാന്റെ ഭാര്യയെ നഷ്ടപെട്ടപ്പോ ഞങ്ങള്‍ക്ക് നഷ്ടപെട്ടത് ഞങ്ങടെ അച്ഛനെയാ. പെരുവഴിയില്‍ കിടന്ന് അഞ്ഞൂറാന്റെ ഭാര്യേടെ ജീവന്‍ പിടഞ്ഞു പിടഞ്ഞു ഇറങ്ങുമ്പോ ഞങ്ങടെ അച്ഛനെ തുണ്ടം തുണ്ടം ആക്കുകയായിരുന്നു അഞ്ഞൂറാന്‍. '

  'പ്രായം ആയില്ലെങ്കിലും പ്രായം കഴിഞ്ഞാലും ഇനി ഈ ജന്മത്തില്‍ എനിക്കൊരു കല്യാണം വേണ്ട. ഒരിക്കല്‍ ഒരുങ്ങികെട്ടി ഇറങ്ങിയവനാ ഞാന്‍. അന്ന് ആ കല്യാണം നടക്കാതെ പോയതില്‍ എനിക്ക് ദുഖമില്ല. അതൊരു ദുരന്തമായിട്ട് എനിക്കിന്ന് വരെ തോന്നീട്ടുമില്ല. പക്ഷെ.. അത് നടത്താന്‍ ശ്രമിച്ചപ്പോ ഉണ്ടായ ദുരന്തം ഉണ്ടല്ലോ.. അതെന്റെ മനസ്സില്‍ നിന്നൊരിക്കലും പോവില്ല. ഇപ്പൊ കല്യാണം എന്ന് കേള്‍ക്കുമ്പോ നമ്മുടെ അമ്മേടെ പൊതിഞ്ഞു കെട്ടിയ ജഡവും, കയ്യാമം വെച്ച് രണ്ടു വശത്തും പോലീസുമായി നടന്നു പോകുന്ന അച്ഛനുമാണ് മനസ്സില്‍. അതെല്ലാം മറന്നിട്ടു ഇപ്പൊ ഞാന്‍ കല്യാണം കഴിക്കണം അല്ലെ? '

  ഈ മൂന്ന് സംഭാഷണങ്ങളിലൂടെ വ്യക്തമായി ആ പകയുടെ ഭീകരത സംവിധായകന്‍ പറഞ്ഞു തരുന്നു. എന്‍. എന്‍. പിള്ള, സിദ്ദിഖ്, തിലകന്‍ : മൂന്ന് പേരും ഈ സംഭാഷങ്ങള്‍ പറയുമ്പോള്‍ ഉപയോഗിച്ചിട്ടുള്ള മോഡുലേഷന്‍ അപാരം. പ്രത്യേകിച്ചും എന്‍. എന്‍. പിള്ള. ഓരോ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോഴും നമ്മുടെ മനസ്സില്‍ അന്ന് അവിടെ നടന്നിട്ടുള്ള ഇരട്ട കൊലപാതകത്തിന്റെയും ലഹളയുടെയും ചിത്രം മനസ്സില്‍ തെളിഞ്ഞു വരും. അത് എത്ര തവണ ഈ സിനിമ കണ്ടാലും അതുപോലെ നിറയും.

  ശക്തമായ ഈ അടിത്തറ സിനിമയ്ക്ക് ഉള്ളതുകൊണ്ട് തന്നെയാണ് ഗോഡ്ഫാദര്‍ കാലത്തെ അതിജീവിച്ച സിനിമയായി ഇന്നും പ്രേക്ഷക മനസ്സില്‍ നില്‍ക്കുന്നതും, അഞ്ഞൂറാന്‍ എന്ന കഥാപാത്രം മലയാള സിനിമ ഏറ്റവും ആഘോഷിച്ച കഥാപാത്രങ്ങളില്‍ ഒന്നാകാനും കാരണം. ഗോഡ്ഫാദറിന്റെ സൃഷ്ടാക്കളായ സിദ്ദിഖ് - ലാലുമാരെ ഓര്‍ത്തു കൊണ്ട്, നിങ്ങള്‍ എല്ലാവരെയും പോലെ മറ്റൊരു ഗോഡ്ഫാദര്‍ ആരാധകന്‍

  Read more about: godfather
  English summary
  Viral Post About Movie Godfather
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X