For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ പിടിവാശി കാരണം ജയസൂര്യയെ നായകനാക്കി; കാവ്യ മാധവന്‍ നായികയായ സിനിമയെ കുറിച്ച് വിനയന്‍

  |

  ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റ് ആക്കി കൊണ്ടാണ് നടന്‍ ജയസൂര്യ വെള്ളിത്തിരയിലെത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യ മാധവന്റെ നായകനായിട്ടാണ് ജയസൂര്യ ആ്ദ്യം അഭിനയിക്കുന്നത്. വലിയ വിജയം നേടി കൊടുത്ത ഈ ചിത്രത്തില്‍ അഭിനയിക്കാനിരുന്നത് നടന്‍ ദിലീപ് ആയിരുന്നു.

  സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അനിഷ വിക്ടർ, മനോഹരമായ ഫോട്ടോസ് കാണാം

  തിരക്കഥാകൃത്തിനെ മാറ്റണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ദീലിപ് പകരം അന്ന് പുതുമുഖമുഖമായിരുന്ന ജയസൂര്യ നായകനായത്. കലൂര്‍ ഡെന്നീസായിരുന്നു തിരക്കഥാകൃത്ത്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇതേ കുറിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്. ഇത് വായിച്ച സംവിധായകന്‍ വിനയന്‍ അന്ന് നടന്ന സംഭവകഥകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

  മലയാള സിനിമയിലെ തലമുതിര്‍ന്ന തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ശ്രീ കലൂര്‍ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പില്‍ ആത്മകഥ എഴുതുന്ന വിവരം ഞാന്‍ ഈ ഓണ്‍ലൈന്‍ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോള്‍ എന്റെ മനസ്സും 19 വര്‍ഷം പിന്നിലുള്ള ആ ഓര്‍മ്മകളിലേക്ക് അറിയാതെ പോയി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണല്ലോ നമ്മള്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നത്. 'ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍'എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. അതിനു കാരണമായതോ?മറ്റു ചില പിടിവാശികളും.

  കല്യാണ സൗഗന്ധികം മുതല്‍ രാക്ഷസ രാജാവ് വരെ നിരവധി വിജയ ചിത്രങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ഒരു സഹോദരനെ പോലെ ഞാന്‍ സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു നടന്‍ ദിലീപ്. വളരെ ആത്മാര്‍ത്ഥതയോടെ ഞാന്‍ കണ്ടിരുന്ന ആ ബന്ധത്തില്‍ ആദ്യമായി ചെറിയൊരു അകല്‍ച്ച ഉണ്ടാകേണ്ടി വന്ന സാഹചര്യമാണ് ഡെന്നീസ് ചേട്ടന്‍ വീണ്ടും ഓര്‍മ്മയില്‍ എത്തിച്ചത്. പി കെ ആര്‍ പിള്ളച്ചേട്ടന്‍ ശിര്‍ദ്ദിസായി ക്രിയേഷന്‍സിനു വേണ്ടി നിര്‍മ്മിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ എന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കുന്നത് ഡെന്നീസ് ചേട്ടന്‍ ആയിരിക്കുമെന്ന് അഡ്വാന്‍സ് വാങ്ങുമ്പോഴേ ഞാന്‍ വാക്കു കൊടുത്തിരുന്നതാണ്.

  പിള്ളച്ചേട്ടനും ഡെന്നീസ് ചേട്ടനും കൂടി എന്റെ വീട്ടില്‍ വന്നാണ് ആ ചിത്രത്തിന് അഡ്വാന്‍സ് തന്നത്. ആകാശഗംഗയും, ഇന്‍ഡിപ്പെന്‍ഡന്‍സും, വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും, പോലെ സൂപ്പര്‍താരങ്ങള്‍ ഒന്നുമില്ലാത്ത എന്റെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്ന ആ സമയത്ത് വമ്പന്‍ സിനിമകള്‍ ധാരാളം നിര്‍മ്മിച്ച് സാമ്പത്തികമായി പാടേ തകര്‍ന്നു പോയ പി കെ ആര്‍ പിള്ളച്ചേട്ടന് ഒന്നു പിടിച്ചു നില്‍ക്കാന്‍ ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞാണ് എന്റെ അടുത്തു വരുന്നത്. 'രാക്ഷസ രാജാവ്' എന്ന എന്റെ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന സമയമായിരുന്നു അത്. അതുകഴിഞ്ഞ് തമിഴ് ചിത്രമായ 'കാശി' യുടെയും ഷൂട്ടിംഗ് തുടങ്ങേണ്ടതായിട്ടുണ്ട്.

  ഇതിനിടയില്‍ ഡെന്നീസ് ചേട്ടന്റെ നിര്‍ബന്ധം ഒന്നു കൊണ്ടു മാത്രമാണ് ആ സിനിമ ചെയ്യാന്‍ പിള്ളച്ചേട്ടനില്‍ നിന്നും ഞാന്‍ അഡ്വാര്‍സ് വാങ്ങിയത്. കലൂര്‍ ഡെന്നീസുമായി അതിനു മുന്‍പ് സിനിമ ഒന്നും ചെയ്തിട്ടില്ലങ്കിലും വളരെ നല്ല സുഹൃത് ബന്ധമായിരുന്നു ഞങ്ങള്‍ പുലര്‍ത്തിയിരുന്നത്.. ഞാനൊരു കഥ ദിലീപിനോടു പറഞ്ഞിട്ടുണ്ടന്നും ദിലീപിനെയും കാവ്യയേയും വച്ച് ആ സിനിമ വേണമെങ്കില്‍ പിള്ളച്ചേട്ടനു വേണ്ടി ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. പിള്ളച്ചേട്ടനു സന്തോഷമായി. ദിലീപിനോട് അക്കാര്യം പറയുകയും ദിലീപിന് ഒരു ലക്ഷം രുപ അഡ്വാന്‍സായി പി കെ ആര്‍ പിള്ള കൊടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ചിത്രത്തിന്‍െ തിരക്കഥ തയ്യാറാക്കുന്നത് ശ്രീ കലൂര്‍ ഡെന്നീസാണന്ന വാര്‍ത്ത ശ്രീ ദിലീപ് അറിയുന്നത്. ഒരു ദിവസം ദിലീപ് പാലാരിവട്ടത്തുള്ള എന്റെ വീട്ടില്‍ നേരിട്ടെത്തുന്നു. ഭാര്യ മഞ്ജുവും അന്ന് കൂടെ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. സംസാരമദ്ധ്യേ ദിലീപ് ഇക്കാരം എടുത്തിട്ടു. നല്ല കഥയാണന്നും പക്ഷേ തിരക്കഥ കലൂര്‍ ഡെന്നീസെഴുതിയാല്‍ ശരിയാകില്ലന്നും പറയുന്നു.

  മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാന്‍ വാക്കു കൊടുത്തു പോയി എന്നു പറഞ്ഞിട്ടും ദിലീപ് നിര്‍ബന്ധം തുടര്‍ന്നു. സത്യത്തില്‍ എനിക്ക് ഡെന്നീസ് ചേട്ടനോട് ഒരു ദേഷ്യവും ഇല്ല വിനയേട്ടാ.. എന്നാണ് ദിലീപ് പറഞ്ഞത്. പക്ഷേ ഡെന്നീസ് ചേട്ടന്റെ പങ്കാളിത്വം ഉണ്ടായാല്‍ ആ സിനിമ ഓടില്ല എന്ന ഒറ്റ പിടിവാശിയില്‍ ദിലീപ് നിന്നു. അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് ആ സമയത്തെ അദ്ദേഹം എഴുതിയ ചില സിനിമകളുടെ പരാജയമാണ്. ചില സിനിമകളുടെ പരാജയം വച്ച് മൊത്തത്തില്‍ വിലയിരുത്തരുതെന്നും, അങ്ങനെയെങ്കില്‍ ദിലീപ് അഭിനയിക്കുന്ന വേറെ ചില ചിത്രങ്ങള്‍ പരാജയപ്പെടുന്നില്ലേ? എന്നും ഞാന്‍ ചോദിച്ചു.

  മാത്രമല്ല, എന്റെ ഈ സബ്ജക്ട് തിരക്കഥയാക്കുമ്പോള്‍ ഞാന്‍ പുര്‍ണ്ണമായും കൂടെയുണ്ടാകും എന്നു പറഞ്ഞിട്ടും ദിലീപ് തന്റെ തീരുമാനത്തില്‍ നിന്നു മാറുന്നില്ല എന്നു മനസ്സിലാക്കിയ ഞാന്‍ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു. ദിലീപേ.. ഇതെന്റെ സിനിമയാണ്. ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്. പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടില്‍ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല. എന്നു മാത്രമല്ല നിര്‍മ്മാതാവു കഴിഞ്ഞാല്‍ സിനിമയുടെ ക്യാപ്റ്റന്‍ സംവിധായകനാണന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍. തിരക്കഥാകൃത്തിനെയും, ക്യാമറാമാനെയും, നായികയെയും ഒക്കെ തീരുമാനിക്കുന്നത് സംവിധായകന്റെ ചുമതലയാണ്. അല്ലാതെ നടന്റെ അല്ല.

  അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും ഡെന്നിസ് ചേട്ടനെ മാറ്റുക എന്ന ദിലീപിന്റെ ആവശ്യം ഈ സിനിമയില്‍ നടക്കില്ല. പിന്നെ ഒരു പോംവഴിയേ ഉള്ളു. വളരെ വിഷമത്തോടെ ആണങ്കിലും പറയട്ടേ. തല്‍ക്കാലം ദിലീപ് ഈ സിനിമയില്‍ നിന്നു മാറുക. നമുക്ക് അടുത്ത സിനിമ ചെയ്യാം. ദിലീപ് പൊട്ടിച്ചിരിച്ചു. പിന്നെ വിനയേട്ടന്‍ ആരെ വച്ചു ചെയ്യും. ദിലീപിന്റെ ആ ചോദ്യം പ്രസക്തമായിരുന്നു. കാരണം ഹ്യൂമറും സെന്റിമെന്‍സും നിറഞ്ഞ ആ ഊമയുടെ വേഷത്തിന് ദിലീപ് കഴിഞ്ഞേ അന്നാരുമുണ്ടായിരുന്നൊള്ളു. മാത്രമല്ല പഞ്ചാബി ഹൗസും, ഈ പറക്കും തളികയും, ഇഷ്ടവും ഒക്കെ തകര്‍ത്തോടിയ സമയം.

  പക്ഷേ ഒരു ഫിലിം മേക്കറുടെ വ്യക്തിത്വം ബലികഴിച്ചു കൊണ്ട് താരത്തിന്റെ ആജ്ഞാനുവര്‍ത്തി ആകുന്നതിലും നല്ലത് സിനിമ ചെയ്യാതിരിക്കുന്നതല്ലേ എന്നു ഞാന്‍ ചിന്തിച്ചു. പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാന്‍സ് തുക തിരിച്ചു വാങ്ങിക്കോളാന്‍ പറഞ്ഞു. അദ്ദേഹം ആ തുക തിരിച്ചു വാങ്ങി. അതിന്റെ തൊട്ടടുത്ത ദിവസം എ സി വി യില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യനെ കാണുന്നു. (അന്ന് അഞ്ചാം ക്ലാസ്സില്‍ പഠിച്ചിരുന്ന എന്റെ മകന്‍ വിഷ്ണുവാണ് അതിനു കാരണമായത്) എന്റെ കഥാപാത്രമായി ഇയാളെ മാറ്റിയാലോ എന്നു ചിന്തിക്കുന്നു.

  പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് രാജന്‍ ഫിലിപ്പിനെ വിട്ട് തൃപ്പൂണിത്തുറയില്‍ നിന്നും അയാളെ വിളിപ്പിക്കുന്നു. അങ്ങനെ ജയസൂര്യ എന്റെ മുന്നിലെത്തുന്നു. ആ സമയം ജയനെ പോലെ ധാരാളം പേര്‍ പുതുമുഖത്തെ തേടുന്നു എന്ന വിവരം അറിഞ്ഞ് എത്തിയെങ്കിലും ജയസൂര്യയെ തിരഞ്ഞെടുക്കുവാനാണ് ഞാന്‍ തയ്യാറായത്. ഞാന്‍ പറഞ്ഞ പോലെ ഒരു സീന്‍ എന്നെ അയാള്‍ അഭിനയിച്ചു കാണിച്ചു എന്നതിലുപരി അന്ന് കോട്ടയം നസീറിന്റെ ട്രൂപില്‍ മിമിക്രി ചെയ്തിരുന്ന ജയന്റെ സാമൂഹ്യ പശ്ചാത്തലവും എന്നെ സംബന്ധിച്ച് ആ സെലക്ഷനില്‍ ഒരു ഘടകം തന്നെ ആയിരുന്നു. അവസരങ്ങള്‍ ചോദിച്ച് അലയുന്ന തനിക്ക് സിനിമയില്‍ നല്ല ഒരു ഇന്‍ട്രൊഡക്ഷന്‍ കിട്ടിയാല്‍ മിമിക്രിയില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്നു പറഞ്ഞ ജയന്റെ മുന്നിലേക്ക് അന്ന് മലയാളത്തിന്റെ പ്രിയങ്കരി ആയ നായിക കാവ്യ മാധവന്റെ നായകപദവി ഞാന്‍ സമ്മാനിക്കുകയായിരുന്നു.

  ആ ചിത്രത്തിന്റെ വിജയവും അതിനു ശേഷം ജയസൂര്യ കാണിച്ച അര്‍പ്പണ ബോധവും പരിശ്രമവും ഒക്കെ ജയനെ വലിയ നിലയില്‍ എത്തിച്ചിരിക്കാം. പക്ഷേ അതിലും വലുതായി എന്റെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത്. തങ്ങളുടെ മകന്‍ സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംഷയോടും അതിലേറെ പ്രാര്‍ത്ഥനയോടും കൂടി നിറകണ്ണുകളോടെ എന്നേ വന്നു കണ്ട് ചോദിച്ച ജയസുര്യയുടെ സ്‌നേഹ നിധികളായ മാതാപിതാക്കളുടെ മുഖമാണ്. അവരുടെ പ്രാര്‍ത്ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്ന നടന്റെ ഇന്നത്തെ ഉന്നതി എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. ജയസുര്യ തന്നെ ആയിരിക്കും ആ ചിത്രത്തിലെ നായകന്‍ എന്നറിഞ്ഞ നിമിഷത്തിലെ ആ മാതാപിതാക്കളുടെ ആനന്ദക്കണ്ണീരും ഞാന്‍ കണ്ടതാണ്.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

  നമ്മള്‍ ഉയര്‍ച്ചയില്‍ എത്തുമ്പോഴൊക്കെ അതെല്ലാം നമ്മുടെ മാത്രം എന്തോ അസാമാന്യ കഴിവു കൊണ്ടാണന്നു വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. ആ വിജയത്തിന്റെ ഒക്കെ പിന്നില്‍ നമ്മള്‍ രക്ഷപെടണമേ എന്ന് ആത്മാര്‍ത്ഥമായി ചിന്തിച്ച ചിലരുടെ പ്രാര്‍ത്ഥനയും പരിശ്രമവും കൂടി ഉണ്ടായിരുന്നു എന്നോര്‍ക്കണം. അവരുടെ പ്രാര്‍ത്ഥനയുടെ ഫലത്തെ നമുക്ക് ഭാഗ്യമെന്നോ? യോഗമെന്നോ, ഗുരുത്വമെന്നോ ഒക്കെ വിളിക്കാം. അതില്ലായിരുന്നു എങ്കില്‍ നമ്മളേക്കാളേറെ കഴിവും സര്‍ഗ്ഗശേഷിയും ഉള്ള പലരും പടിക്കു പുറത്തു നില്‍ക്കുമ്പോള്‍ തനിക്ക് ഈ സോപാനത്തില്‍ കയറി ഇരിക്കാന്‍ കഴിയില്ലായിരുന്നു എന്നു ചിന്തിക്കുന്ന കലാ കാരനും മനുഷ്യനും ഒക്കെ ആയി നമ്മള്‍ മാറണം. നന്ദിയും സ്‌നേഹവും ഒക്കെ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതൊരു പ്രത്യേക സുഖമാണ്. അതിനു വേണ്ടി ചില തോല്‍വികള്‍ ഏല്‍ക്കേണ്ടി വന്നാലും. അതിലൊരു നന്മയുണ്ട്. വലിയ നന്മമരമൊന്നും ആകാന്‍ കഴിഞ്ഞില്ലങ്കിലും. തികഞ്ഞ സ്വാര്‍ത്ഥരാകാതിരിക്കാന്‍ ശ്രമിക്കുക. കലൂര്‍ ഡെന്നിസു ചേട്ടന്റെ വാക്കുകള്‍ വായിച്ച് ഇത്രയുമൊക്കെ ഓര്‍ത്തു പോയി... ക്ഷമിക്കുക.


  വിനയന്‍...

  Read more about: vinayan വിനയന്‍
  English summary
  Viral: Vinayan Opens Up Why He Replace Dileep By Jayasurya In Oomappenninu Uriyadappayyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X