For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണത്തിലൂടെ കരയിപ്പിച്ച താരങ്ങള്‍! 2018 ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായ പ്രതിഭകള്‍! കാണൂ!

  |

  മലയാള സിനിമയെ സംബന്ധിച്ച് മോശമല്ലാത്തൊരു വര്‍ഷമാണ് വിട പറയാനൊരുങ്ങുന്നത്. കെട്ടിലും മട്ടിലും പുതുമയും പരീക്ഷണങ്ങളുമായെത്തിയ സിനിമകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നണിയിലും മുന്നണിയിലുമായി നിരവധി പേര്‍ തുടക്കം കുറിച്ച വര്‍ഷം കൂടിയാണ് 2018. അപ്രതീക്ഷിതമായി ചില പ്രതിസന്ധികളെത്തിയിരുന്നുവെങ്കിലും അവയെ വിജയകരമായി തരണം ചെയ്യാനും കഴിഞ്ഞിരുന്നു. നേട്ടങ്ങളേറെയാണെങ്കിലും നഷ്ടങ്ങളുമുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയുടെ തന്നെ തീരാനഷ്ടമായി മാറിയ വിയോഗങ്ങളും ഇക്കാലയളവിലായിരുന്നു.

  മനോഹരമായ ഒരു വര്‍ഷം കൂടി മറയുകയാണ്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടൊരു വര്‍ഷമാണ് കഴിഞ്ഞുപോയത്. നേട്ടങ്ങള്‍ മാത്രമല്ല നഷ്ടങ്ങളുമേറെയാണ്. അത്തരത്തിലൊരു വര്‍ഷമാണ് കടന്നുപോവുന്നത്. അപ്രതീക്ഷിതമായാണ് ഓരോ വിയോഗ വാര്‍ത്തയും എത്തുന്നത്. സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങള്‍, ഇന്നും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ശൂന്യതയാണ്. സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരെയാണ് നമുക്ക് നഷ്ടമായത്. 2018 ല്‍ നമ്മെ വിട്ടുപോയ അതുല്യ പ്രതിഭകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സിദ്ധു ആര്‍ പിള്ള

  സിദ്ധു ആര്‍ പിള്ള

  മലയാളത്തിന്റെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ കന്നിച്ചിത്രമായ സെക്കന്റ് ഷോയിലെ അഭിനേതാക്കളിലൊരാളായ സിദ്ധു ആര്‍ പിള്ള അന്തരിച്ചത് ജനുവരിയിലായിരുന്നു. ഗോവയില്‍ വെച്ചായിരുന്നു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാതാവായ പികെആര്‍ പിള്ളയുടെ മകനായ സിദ്ധുവിന് 27 വയസ്സായിരുന്നു. സെക്കന്റ് ഷോയില്‍ വില്ലന്‍ വേഷത്തിലായിരുന്നു താരമെത്തിയത്. ശ്രദ്ധേയമായ വേഷമായിരുന്നു ഇത്.

  ശ്രീദേവി

  ശ്രീദേവി

  ഇന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ താരമായ ശ്രീദേവി മരിച്ചത് ഫെബ്രുവരിയിലായിരുന്നു. അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോയതായിരുന്നു താരം. മൂത്ത മകളായ ജാന്‍വി കപൂര്‍ സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുുകളിലായിരുന്നതിനാല്‍ ദുബായിലേക്ക് പോയിരുന്നില്ല. വിവാഹത്തിന് ശേഷം റിസപ്ഷന് പോവാനായി തയ്യാറെടുക്കുന്നതിനിടയിലായിരുന്നു താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ തന്നെ മരണവും സ്ഥിരീകരിക്കുകയായിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് വന്‍വിവാദങ്ങളും പ്രചരിച്ചിരുന്നു.

  കൊല്ലം അജിത്ത്

  കൊല്ലം അജിത്ത്

  വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ കൊല്ലം അജിത്തിന്റെ വിയോഗവും 2018ലായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെ തുടക്കം കുറിച്ച് പിന്നീട് എല്ലാമെല്ലാമായി മാറിയ താരമാണ് അജിത്ത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് ഈ താരം.

  കലാശാല ബാബു

  കലാശാല ബാബു

  വില്ലത്തരത്തിലൂടെയും സ്വഭാവികതയിലൂടെയും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്ന താരമായ കലാശാല ബാബുവിന്റെ വിയോഗവും ഇക്കാലയളവിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം യാത്രയായത്. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു ലഭിച്ചത്.

  വിജയന്‍ പെരിങ്ങോട്

  വിജയന്‍ പെരിങ്ങോട്

  സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ സ്ഥിരം താരമായിരുന്ന വിജയന്‍ പെരിങ്ങോട് അന്തരിച്ചത് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു. പ്രൊഡക്ഷന്‍ രംഗത്തുനിന്നും സിനിമയിലേക്കെത്തിയ അദ്ദേഹം 40 ലധികം സിനിമകളില്‍ ്ഭിനയിച്ചിരുന്നു.

  അമ്പിളി

  അമ്പിളി

  രോഹിണി, റാണി പ്തമിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കിയിരുന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റായിരുന്ന അമ്പിളി കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. ഡബ്ബിംഗ് ലോകത്തെ മികച്ച കലാകാരികളിലൊരാളായിരുന്നു അവര്‍.

  ക്യാപ്റ്റന്‍ രാജു

  ക്യാപ്റ്റന്‍ രാജു

  മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും ഇന്നും മലയാള സിനിമ കരകയറിയിട്ടില്ല. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. മിലിട്ടറിയില്‍ നിന്നും രാജി വെച്ചാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. കരിയറിലെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചൊക്കെ അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

  ബാലഭാസ്‌ക്കര്‍

  ബാലഭാസ്‌ക്കര്‍

  വയലിനിലെ മാന്ത്രിക സ്പര്‍ശത്തിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ബാലഭാസ്‌ക്കര്‍ അപകടത്തെ തുടര്‍ന്നായിരുന്നു നമ്മെ വിട്ടുപിരിഞ്ഞത്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. രണ്ടുവയസ്സുകാരിയായ മകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ബാലഭാസ്‌ക്കറിന്‍രെ അപകടത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് പല തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്.

  തമ്പി കണ്ണന്താനം

  തമ്പി കണ്ണന്താനം

  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു തമ്പി കണ്ണന്താനം അന്തരിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കരിയറിലെ എക്കാലത്തെയും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, നാടോടി, ചുക്കാന്‍, മാന്ത്രികം, ഒന്നാമന്‍ തുടങ്ങിയ സിനിമകള്‍ സമ്മാനിച്ചത് അദ്ദേഹമായിരുന്നു. മോഹന്‍ലാലിന്റെ മകനായ പ്രണവിനെ സിനിമയില്‍ ്അഭിനയിപ്പിച്ചുവെന്ന ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രണവായിരുന്നു.

  ലക്ഷ്മി കൃഷ്ണമൂര്‍ത്തി

  ലക്ഷ്മി കൃഷ്ണമൂര്‍ത്തി

  അമ്മയായും മുത്തശ്ശിയായും പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രികളിലൊരാളാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി. മൂന്ന് പതിറ്റാണ്ട് കാലത്തെ അഭിനയ ജീവിതത്തിനൊടുവിലായിരുന്നു ഈ താരം വിടവാങ്ങിയത്. ആകാശവാണിയിലൂടെയായിരുന്നു ഇവര്‍ തുടക്കം കുറിച്ചത്. പിറവി, പട്ടാഭിഷേകം, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, അനന്തഭദ്രം, വാസ്തുഹാര, തൂവല്‍ക്കൊട്ടാരം തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു ഈ താരം.

  കെടിസി അബ്ദുല്ല

  കെടിസി അബ്ദുല്ല

  കെടിസിയില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അബ്ദുല്ല സിനിമയില്‍ സജീവമായത്. മുബത്തിന്‍ കുഞ്ഞബ്ദുല്ല എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഈ താരം അന്തരിച്ചത്. അറബിക്കഥ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിലെ അബ്ദുല്ലയുടെ പ്രകടനം ശ്രദ്ധേയമാണ്.

  അംബരീഷ്

  അംബരീഷ്

  കന്നഡ സിനിമയിലെ മുടിചൂടാമന്നനായിരുന്ന അംബരീഷ് അന്തരിച്ചത് അടുത്തിടെയാണ്. മലയാളികളുടെ സ്വന്തം ക്ലാരയായ സുമലതയുടെ ഭര്‍ത്താവ് കൂടിയായ താരം മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു. റിബല്‍ ആക്ടറെന്ന് അറിയപ്പെടുന്ന താരം രാഷ്ട്രീയത്തിലും സജീവമായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായാണ് അദ്ദേഹം യാത്രയായത്.

  കരകുളം ചന്ദ്രന്‍

  കരകുളം ചന്ദ്രന്‍

  നാടകരംഗത്തുനിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് കരകുളം ചന്ദ്രന്‍. നടനായും സംവിധായകനായും തിളങ്ങിയ താരം നാളുകളായുള്ള അസുഖത്തെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. നാടകത്തിലും സിനിമയിലും മാത്രമല്ല ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

  അഭിമന്യു രമാനന്ദന്‍

  അഭിമന്യു രമാനന്ദന്‍

  മൗനം സൊല്ലും വാര്‍ത്തകള്‍ എന്ന ആല്‍ബത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തെത്തുടര്‍ന്നാണ് അന്തരിച്ചത്. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഡാകിനി, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

  English summary
  Celebrity death in 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X