For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സെക്‌സി ദുര്‍ഗ്ഗ'യെ എന്തിന് പേടിക്കണം,ഇത് വെറും പേരാണ്; സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു

  By Aswini
  |

  സനല്‍ കുമാര്‍ ശശിധരന്‍ എന്ന പേര് ഇപ്പോള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്. ഹ്രസ്വചിത്രങ്ങളിലൂടെ സിനിമ എന്ന മാന്ത്രിക ലോകത്തേക്ക് കടന്നു. ആദ്യ ഫീച്ചര്‍ ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം. ഒരാള്‍പ്പൊക്കത്തിന് ശേഷം ഒഴിവു ദിവസത്തെ കളി. ഇനി സെക്‌സി ദുര്‍ഗ്ഗ. സിനിമയെ ഒരു കലയായി മാത്രം കാണുന്ന സനല്‍ കുമാര്‍ ശശിധരന്‍ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഫില്‍മിബീറ്റിനൊപ്പം

  ? പുതിയ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായോ. ഷൂട്ടിങ് എന്ന് ആരംഭിയ്ക്കും
  പൂര്‍ത്തിയായ തിരക്കഥയുമായി സിനിമ ചെയ്യുന്നതല്ല എന്റെ രീതി. അതിന്റെ ഒരു ഘടനയുമായാണ് ലൊക്കേഷനിലെത്തുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

   sanal-kumar-sasidharan

  ? സെക്‌സി ദുര്‍ഗ്ഗ എന്ന പേര് സദാചാരത്തെ പൊള്ളിക്കുന്നതാണല്ലോ
  നമ്മുടെ ഒരു പേടി കൂടെ ഈ പേരിലുണ്ട്. ഇങ്ങനെ ഒരു പേര് ഉപയോഗിക്കാമോ, എടുക്കാമോ എന്നൊക്കെയുള്ള ഇന്‍ഹിബിഷൻ . ഇതൊരു ദൈവത്തിന്റെ പേരാണ്. ഉപയോഗിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ. ഒരു സിനിമ ചെയ്യാനും അതിന് പേര് തീരുമാനിക്കാനുമുള്ള സ്വാതന്ത്യം നമുക്കുണ്ട്. ഇതൊരു സിനിമയുടെ പേരാണ്. അതിനെ അങ്ങനെ മാത്രം കണ്ടാല്‍ പോരെ.

  ? സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കുകളെ നേരിടേണ്ടി വരില്ലേ
  സത്യത്തില്‍ ഇങ്ങനെയുള്ള പേടികളാണ് നമ്മളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത്. ഈ രംഗം ഉള്ളതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റുമോ, പേരിനെ വിലക്കുമോ എന്നൊക്കെയുള്ളത് നമ്മള്‍ അനുവദിച്ചുകൊടുക്കുന്നതുകൊണ്ടാണ്. വിവേകപൂര്‍വ്വമായ സ്വാതന്ത്ര്യം നമുക്കുണ്ട്.

  ? സെക്‌സി ദുര്‍ഗ്ഗ എന്ന ചിത്രത്തെ കുറിച്ച്
  സ്ത്രീ ഒരു ഒബ്ജക്ടാണ് നമ്മുടെ സമൂഹത്തിൽ. നമ്മുടെ ചുറ്റും നടന്ന, നടക്കുന്ന ഒരുപാട് സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണ്. ആംഗ്രി ഇന്ത്യന്‍ ഗോഡ്‌സിലൊക്കെ അഭിനയിച്ച രാജശ്രീ പാണ്ഡയാണ് ദുര്‍ഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഞങ്ങളുടെ തന്നെ ഏലി ഏലി ലമ്മ സബത്താനിയിലും അവര്‍ അഭിനയിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ മിക്കവരും പുതുമുഖങ്ങളാണ്. ഒഴിവു ദിവസത്തെ കളി എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിലെ പലരും ഈ സിനിമയിലും വേഷമിടുന്നുണ്ട്.

   sanal-kumar-sasidharan

  ? മൂന്ന് ഹ്രസ്വചിത്രങ്ങള്‍ക്ക് (അതിശയ ലോകം, പരോള്‍, ഫ്രോഗ്) ശേഷം ചെയ്യുന്ന ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ഒരാള്‍പ്പൊക്കം. ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാര നേട്ടങ്ങള്‍
  അത് വളരെ സന്തോഷമുള്ള കാര്യമാണ്. സ്വതന്ത്ര്യ സിനിമകളെ കുറിച്ച് ചിന്തിക്കാനുള്ള ആത്മവിശ്വാസം. രണ്ടാമത്തെ ചിത്രത്തിലേക്ക് ലഭിയ്ക്കുന്ന ഒരു എനര്‍ജ്ജി തന്നെയാണ് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഒരാള്‍പ്പൊക്കം എനിക്ക് തന്ന നേട്ടം. മറ്റ് തലങ്ങള്‍ എന്നെ സംബന്ധിച്ച് രണ്ടാമത്തെ കാര്യമാണ്.

  ? ആദ്യ ചിത്രത്തിന് കിട്ടിയ അംഗീകാരം സമ്മര്‍ദ്ദമല്ലേ
  കാഴ്ചക്കാരനെ തൃപ്തിപ്പെടുത്താനല്ല, മറിച്ച് എന്റെ ക്രിയേറ്റീസ് സാറ്റിസ്ഫാക്ഷന് വേണ്ടിയാണ് സിനിമ എടുക്കുന്നത്‌. ഒരാള്‍പ്പൊക്കം എന്ന ചിത്രം എടുത്തപ്പോള്‍ അതിനെ അംഗീകരിക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ടായി. എന്നു കരുതി അടുത്ത ചിത്രം ആ പ്രേക്ഷകരെ സംതൃപ്തി പെടുത്താന്‍ വേണ്ടി എടുക്കാന്‍ സാധിക്കില്ലല്ലോ. അംഗീകാരങ്ങള്‍ പ്രോത്സാഹനമാണ്. അടുത്ത ചിത്രത്തെ ആദ്യത്തെക്കാള്‍ എത്രത്തോളം നന്നാക്കം, അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ എത്തിക്കാം എന്നാണ് പിന്നെ ചിന്തിക്കുന്നത്. ഞാന്‍ ആദ്യം ചെയ്തതാണ് എന്റെ ഉദാത്ത സിനിമ എന്നൊന്നും വിശ്വസിക്കുന്നില്ല. അത് ഞാന്‍ ഇനിയും ചെയ്തിട്ടില്ല. അറിയാത്തത് ചെയ്തു നോക്കുകയാണിപ്പോള്‍. തിരക്കഥ എഴുതി പൂര്‍ത്തിയാക്കാതെ ലൊക്കേഷനിലെത്തുന്നതും അതുകൊണ്ടാണ്. അറിയാത്ത കാട്ടിനുള്ളിൽ പെട്ടുപോകുമ്പോഴുള്ള ഒരു അഡ്വഞ്ചറസ് ത്രില്ലുണ്ട് . അത് ആസ്വദിക്കാനാണ് എനിക്കിഷ്ടം

  sanal-kumar-sasidharan

  ? ചലച്ചിത്രമേളകളാണ് സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന് പ്രോത്സാഹനം നല്‍കുന്നത് എന്ന് പറഞ്ഞാല്‍
  വളരെ വാസ്തവമുള്ള കാര്യമാണ്. ഒരു കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ദൂരദര്‍ശനില്‍ വരുന്ന ചാര്‍ലി ചാപ്ലിന്റെയും മറ്റുമൊക്കെ സിനിമകളാണ് ഞാന്‍ കണ്ടിട്ടുള്ളത്. അവിടെ നിന്ന് തിരുവനന്തപുരം പോലൊരു സിറ്റിയില്‍ എത്തിയപ്പോഴാണ് ഇതൊരു വലിയ പ്രപഞ്ചമാണെന്ന് തിരിച്ചറിയുന്നത്. ഇവിടെ ചലച്ചിത്ര മേളകളും, ഫിലിം സൊസൈറ്റികളുമൊക്കെയാണ് എന്റെ ചിന്തകളെ വികസിപ്പിക്കാന്‍ സഹായിച്ചത്.

  ? ആര്‍ട്ട് ഫിലിമുകള്‍ക്ക് തിയേറ്റര്‍ ലഭിയ്ക്കുന്നില്ല. കലാമൂല്യമുള്ള, ചിന്തിപ്പിയ്ക്കുന്ന മികച്ച ചിത്രങ്ങളെ നിരുത്സാഹപ്പെടുത്തുന്നതല്ലേ ഇത്തരം രീതികള്‍
  അതിന് തിയേറ്ററുകളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള തിയേറ്ററുകളില്‍ ആര്‍ട്ട് ഫിലിമുകള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതാണ്. പക്ഷെ അതൊരു വഴിപാട് പോലെയാണ് നടക്കുന്നത്. രണ്ട് ദിവസം പ്രദര്‍ശിപ്പിച്ച് എടുത്തു മാറ്റും. പിന്നെ ഇത്തരം സിനിമകള്‍ക്ക് എത്രത്തോളം കാഴ്ചക്കാരുണ്ട് എന്നതും പ്രധാനമാണ്. പൊതു ജനങ്ങള്‍ക്ക് ആര്‍ട്ട് ഫിലിം കണ്ടിരിക്കുന്നതിനോട് താത്പര്യമില്ല. കേരളത്തിലെ കണക്കെടുത്താല്‍ അത്തരം പ്രേക്ഷകരുടെ ഇരുപതിനായിരമോ അതിൽ താഴെയോ ആയിരിക്കും എന്നാണ്

  ? ഇത്തരം സാഹചര്യങ്ങളിലാണോ കാഴ്ച ചലച്ചിത്ര വേദി, സിനിമാ വണ്ടി പോലുള്ള സംരംഭം ഉണ്ടാവുന്നത്. എത്രത്തോളം ജനപിന്തുണ ലഭിയ്ക്കുന്നുണ്ട്.
  സിനിമാ വണ്ടി ഇപ്പോള്‍ രണ്ടാമത്തെ സിനിമയുമായി യാത്രയിലാണ്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ശവം' മലപ്പുറത്താണ് ഇപ്പോള്‍ കളിക്കുന്നത്. സാമ്പത്തികമായ വിജയം ഇത്തരം സിനിമകളിലൂടെ നമുക്ക് ഉണ്ടാകുന്നില്ല. അത്ര എളുപ്പമല്ല അത്. എന്നാല്‍ ഇത്തരത്തിലുള്ള സിനിമയും സിനിമാ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മപ്പെടുത്തലുകള്‍ ഇത്തരം സംരംഭത്തിലൂടെ സാധ്യമാകുന്നു. അതിന് പ്രേക്ഷകരുണ്ടാവുക എന്നത് വലിയ കാര്യമല്ലേ.

   sanal-kumar-sasidharan

  ? തകഴി, എംടി പോലുള്ള എഴുത്തുകാരുടെ പേരിലായിരുന്നു ആദ്യം സിനിമ. പിന്നീടത് സംവിധായകരിലെത്തി. ഇപ്പോള്‍ താരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ പ്രേക്ഷകരിലെത്തുന്നത്
  ഒരു കാലത്ത് കേരളത്തില്‍ നല്ല വായനക്കാര്‍ ഉണ്ടായിരുന്നു. എഴുത്തുകാരെ കുറിച്ചും കൃതികളെ കുറിച്ചുമൊക്കെ നല്ല ധാരണ ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് ലൈബ്രറികളുടെ എണ്ണമൊക്കെ വളരെ കുറഞ്ഞിരിയ്ക്കുന്നു. ഇപ്പോള്‍ എഴുത്തില്‍ പ്രശസ്തരായി നില്‍ക്കുന്ന പലരെയും പുതിയ ആള്‍ക്കാര്‍ക്ക് അറിയില്ല. ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിനെയാണ് പലര്‍ക്കും പരിചയം. എഴുത്തിനെയും എഴുത്തുകാരെയും അംഗീകരിക്കാതെ, ഫാന്‍സ് അസോസിയേഷനുള്ള ഈ കാലത്ത് താരങ്ങള്‍ തന്നെയാണ് രാജാക്കന്മാര്‍ (ചിരിക്കുന്നു)

  ? സോഷ്യല്‍ മീഡിയ സിനിമാ വ്യവസായത്തെ പോസിറ്റിവായും നെഗറ്റീവായും ബാധിക്കുന്നുണ്ട്. അതിനെ എങ്ങിനെ വിലയിരുന്നതുന്നു
  സോഷ്യല്‍മീഡിയയെ വളരെ പോസിറ്റീവായി കാണുന്ന ഒരാളാണ് ഞാന്‍. വിമര്‍ശനങ്ങള്‍ ഉണ്ടാവാം. എല്ലാ കുറവുകളും പരിഹരിച്ച ഒന്നല്ലല്ലോ വളർന്നു വരുന്ന ഒരു നവമാധ്യമമല്ലേ. സിനിമകള്‍ പരാജയപ്പെടുന്നതിന് കാരണം സോഷ്യല്‍ മീഡിയയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു സിനിമയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളാണ് പ്രധാന്യം. ഇന്നത്തെ രാഷ്ട്രീയ വ്യവസ്തകളെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. ഇപ്പോള്‍ റിലീസായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. അതിലെ സ്ത്രീവിരുദ്ധതയും, കറുപ്പിലെ വര്‍ണ വിവേചനവുമൊക്കെ ആളുകള്‍ നൂലിഴ കീറി പരിശോധിച്ചു.

  എന്നെ സംബന്ധിച്ച് എന്റെ രണ്ട് സിനിമകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് ചെയ്ത ഹ്രസ്വചിത്രങ്ങള്‍ക്ക്, അന്ന് സോഷ്യല്‍ മീഡിയ ഇതുപോലെ സജീവമായിരുന്നെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത ലഭിയ്ക്കുമായിരുന്നു എന്ന് തോന്നുന്നു.

   sanal-kumar-sasidharan

  ? എന്തുകൊണ്ട് ഒരു കൊമേര്‍ഷ്യല്‍ ചിത്രം ചെയ്തുകൂട?
  അത് എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. അതെന്റെ കുറവായി തന്നെ കാണുന്നു. നൈസര്‍ഗ്ഗികത എന്നൊന്നുണ്ടല്ലോ. സൈക്കളോടിക്കാനും വിമാനം പറത്താനും ഒരു നൈസര്‍ഗ്ഗികതയുണ്ട്. എന്തിലാണോ നൈസർഗിക വാസനയുള്ളത് അത് ചെയ്താലേ നന്നാവൂ

  സിനിമ വ്യവസായമാണെന്ന് പറയുന്നവര്‍ക്കിടയില്‍, അല്ല അത് കല മാത്രമാണ് എന്ന് പറഞ്ഞ് തന്റേതായ വഴികളിലൂടെ സഞ്ചരിയ്ക്കുന്ന സനല്‍ കുമാര്‍ ശശിധരനും സെക്‌സി ദുര്‍ഗ്ഗയ്ക്കും ഫില്‍മിബീറ്റിന്റെ എല്ലാവിധ ആശംസകളും നേരുന്നു

  English summary
  An exclusive interview with director Sanal Kumar Sasidharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X