India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതം തിരിച്ചു തന്നത് സംഗീതം, അതൊരു മരുന്നാണെന്ന് യുവ സംവിധായകന്‍ ഷാന്റി

  |

  ദൈവത്തിന്റെ കൈ എപ്പോഴും ചിലരിലുണ്ടാവും എന്ന് പറയുന്നത് എത്രയോ ശരിയാണ്. സംഗീതം പഠിച്ചിട്ടുപോലുമില്ലാത്ത ഷാന്റി ആന്റണി അങ്കമാലി എന്ന യുവ സംഗീത സംവിധായകന്‍ മലയാള സിനിമയില്‍ കാലുറപ്പിക്കുമ്പോള്‍ ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയണം. പിപ്പലാന്ത്രി എന്ന ചിത്രത്തിലൂടെയാണ് ഷാന്റി അഭിമുഖമാകുന്നത്. ചിത്രത്തില്‍ യേശുദാസ് ആലപിച്ച 'വാനം മേലെ കാറ്റ്' എന്ന പാട്ട് ജനശ്രദ്ധ നേടുകയാണ്. സിനിമയെ കുറിച്ചും സിനിമയെ വെല്ലുന്ന തന്റെ സംഗീത യാത്രയെ കുറിച്ചും ഷാന്റി ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

  ശസ്ത്രക്രിയ കഴിഞ്ഞു! കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സഞ്ജന ഗല്‍റാണി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

  ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനൊപ്പമുള്ള തുടക്കത്തെ എങ്ങിനെ കാണുന്നു

  ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനൊപ്പമുള്ള തുടക്കത്തെ എങ്ങിനെ കാണുന്നു

  ബെയ്‌സിക്കലി ഞാനൊരു നഴ്‌സാണ്. ദില്ലിയിലായിരുന്നു. മൂന്ന് വര്‍ഷമായി പൂര്‍ണമായും സംഗീത ലോകത്താണ്. സംഗീതം പഠിച്ചിട്ടൊന്നും തുടങ്ങിയതല്ല. കീബോഡ് വായിക്കാനറിയാമായിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളിലാണ് തുടങ്ങിയത്. ഭക്തിഗാനങ്ങളും ആല്‍ബങ്ങളുമായി ഇതുവരെ 150 ഓളം പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ കഴിഞ്ഞു. കെ എസ് ചിത്ര, എംജി ശ്രീകുമാര്‍, ഹരിഹരന്‍, ശ്രേയ, സിത്താര തുടങ്ങി ഒട്ടുമിക്ക പ്രകത്ഭ ഗായകരും എനിക്ക് വേണ്ടി പാടിയിട്ടുണ്ട്. പക്ഷെ ദാസേട്ടന്‍ പാടുന്നത് ഒരു പ്രത്യേക അനുഭവമാണല്ലോ.

  പിപ്പലാന്ത്രി എന്ന ചിത്രത്തിലെ ആ പാട്ട് ആദ്യം പാടിയത് ശ്യാം എന്ന ആളാണ്. 2016 ല്‍ റെക്കോഡ് ചെയ്ത ഈ പാട്ട് സംവിധായകന്‍ ഷോജി സെബാസ്റ്റിന്‍ ദാസേട്ടനെ കേള്‍പ്പിച്ചു. അദ്ദേഹത്തിന് പാട്ട് വളരെ അധികം ഇഷ്ടപ്പെടുകയും പാടാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ദാസേട്ടനെ പോലൊരാള്‍ ആ പാട്ട് പാടുന്നതില്‍ ശ്യാമിനും എതിര്‍പ്പില്ലായിരുന്നു.

  പാട്ടിലുടനീളം ഒരു പച്ചപ്പ് ഉണ്ടായിരുന്നു. ദൃശ്യവും ഈണവും ശരിക്കും ഇഴചേര്‍ന്നൊഴുകുന്നുണ്ടല്ലോ...

  രാജസ്ഥാനിലെ ഒരു ഗ്രാമമാണ് പിപ്പലാന്ത്രി. അതിനൊരു ചരിത്രമുണ്ട്. കുടിവെള്ളം പോലും ഇല്ലാത്ത വറ്റിവരണ്ട ഗ്രാമമായിരുന്നു പിപ്പലാന്ത്രി. അന്ന് അവിടത്തെ ഗ്രാമമുഖ്യന്‍ ഒരു ഉത്തരവിട്ടു, പെണ്‍കുട്ടികള്‍ ജനിക്കുന്ന ഓരോ മാതാപിതാക്കളും 111 ചെടികള്‍ നടണമെന്ന്. ഇന്ന് ആ ഗ്രാമം പച്ചപ്പില്‍ മുങ്ങി നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ചിത്രം. പ്രകൃതിയെയും മാതൃത്വത്തെയും പെണ്ണിനെയും ബഹുമാനിക്കുന്ന ചിത്രമാണ്. സ്റ്റുഡിയോയില്‍ നിന്നല്ല, പിപ്പലാന്ത്രിയിലെ പുല്‍ത്തകിടില്‍ ഇരുന്നാണ് ഞാന്‍ ആ പാട്ട് പാടിയത് എന്ന് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദാസേട്ടന്‍ പറഞ്ഞിട്ടുണ്ട്.

  എത്രത്തോളമുണ്ടായിരുന്നു ദാസേട്ടന്റെ പിന്തുണ

  എത്രത്തോളമുണ്ടായിരുന്നു ദാസേട്ടന്റെ പിന്തുണ

  ഇതിനെ ഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞാനും സംവിധായകനും ദാസേട്ടനെ കാണാന്‍ ചെന്നൈയിലേക്ക് പോകുമ്പോള്‍ എനിക്ക് അദ്ദേഹത്തെ പറഞ്ഞു കേട്ട പരിചയം മാത്രമേയുള്ളൂ. കുറേ തയ്യാറെടുപ്പുകളൊക്കെ നടത്തിയിട്ടാണ് ചെന്നത്. പക്ഷെ വിചാരിച്ചതു പോലയേ അല്ലായിരുന്നു ദാസേട്ടന്‍. ഒരു തുടക്കകാരനാണെന്ന സ്വീകരണമല്ല എനിക്ക് കിട്ടിയത്. സംഗീത സംവിധായകന്‍, അവിടെ പരിചയ സമ്പന്നത പ്രശ്‌നമല്ല. ഒന്നര മണിക്കൂറോളം പാട്ടിനെ കുറിച്ചും പഴയ കാല പാട്ടുകളെ കുറിച്ചുമൊക്കെ പറഞ്ഞു കഴിഞ്ഞിട്ടാണ് റെക്കോഡിങിലേക്ക് കടന്നത്.

  സംഗീതത്തോടുള്ള താത്പര്യവും സ്‌നേഹവും കൊണ്ട് മാത്രം ഈ ലോകത്ത് എത്തിയതാണ് ഞാന്‍. ദാസേട്ടനെ കൊണ്ടൊക്കെ പാടിക്കണം എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. അതൊക്കെ സംഭവിച്ചത് ദൈവാനുഗ്രഹമാണ്.

  ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ തുടങ്ങി ആല്‍ബം പാട്ടുകളിലൂടെ സിനിമയിലേക്ക്.. എങ്ങനെയായിരുന്നു ആ യാത്ര

  അതൊരു വലിയ കഥയാണ്. ഞാന്‍ ദില്ലിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന് കാന്‍സറാണെന്ന് അറിഞ്ഞ് നാട്ടിലെത്തുന്നത്. ഒരു വര്‍ഷത്തോളം തിരുവനന്തപുരം റീജണല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ഒരുപാട് പണം ചെലവായി. അച്ഛന്റെ മരണ ശേഷം വിദേശത്ത് പോയി ജോലി ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അങ്ങനെ 2014 ല്‍ ഇസ്രയലിലേക്ക് പോയി. എനിക്കവിടെ നല്ല ജോലി വാഗ്ദാനം ചെയ്തിരുന്നു. കുടുംബത്തിന്റെ ആധാരം വരെ പണയപ്പെടുത്തിയാണ് ഒന്‍പത് ലക്ഷം രൂപ കൊടുത്തത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. നഴ്‌സായി പോയ ഞാന്‍ അവിടെ ഹോട്ടല്‍ ക്ലീനിങ് ആണ് ചെയ്തത്. മനുഷ്യക്കച്ചവടമായിരുന്നു അത്. മൂന്ന് മാസം കഴിയുമ്പോഴേക്കും ഞാന്‍ അവശനായി, തിരിച്ച് നാട്ടിലെത്തുമ്പോള്‍ വെറും 68 രൂപയാണ് കൈയ്യിലുണ്ടായിരുന്നത്.

  ഇസ്രേലിലെ കഷ്ടപ്പാടിനിടയില്‍ ഞാന്‍ ചില ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതിയിരുന്നു. നാട്ടിലെത്തിയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് ഫ. സെബാസ്റ്റിന്‍ പോള്‍ ആശ്വാസവുമായി എത്തുന്നത്. എന്റെ ഭക്തിഗാനങ്ങള്‍ ആല്‍ബമാക്കാന്‍ അദ്ദേഹം സഹായിച്ചു. റിമി ടോമിയുടെ ശബ്ദത്തില്‍ അത് പുറത്തിറങ്ങി. അതിന് ശേഷം അവസരങ്ങള്‍ ഒരുപാട് വന്നു. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് പുറമെ ഹിന്ദു ഭക്തിഗാനങ്ങളും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ഓര്‍മകളില്‍ എഴുതിയ മഷിപ്പച്ചയാണ് ആദ്യത്തെ ആല്‍ബം. നജീം അര്‍ഷാദാണ് ആലപിച്ചത്. 2016 ലാണ് പിപ്പലാന്ത്രി എന്ന ചിത്രം സംഭവിച്ചത്. സിനിമ സെന്‍സറിങിന് അയച്ചിരിയ്ക്കുകയാണ്. വൈകാതെ റിലീസ് ചെയ്യും.

  പുതിയ പ്രൊജക്ടുകള്‍

  പുതിയ പ്രൊജക്ടുകള്‍

  ഒന്ന് രണ്ട് സിനിമകള്‍ വന്നിട്ടുണ്ട്. പിന്നെ ഇത് പൈസ കൊണ്ടുള്ള കളിയാണല്ലോ.. അതുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ അല്‍പം പ്രയാസമാണ്. സംഗീതത്തോടുള്ള താത്പര്യവും ആത്മാര്‍ത്ഥതയും ആവോളമുണ്ട്. സംഗീതം ഒരു മരുന്നാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സംഗീതമാണ്- ഷാന്റി പറഞ്ഞുനിര്‍ത്തി


  പണത്തിന് മീതെ പറക്കാന്ന കഴിവും ദൈവാനുഗ്രവും ഷാന്റിക്കുണ്ട്.. അതുകൊണ്ട് തന്നെ വളര്‍ന്നുവരുന്ന യുവസംഗീത സംവിധായകന് ഫില്‍മിബീറ്റ് മലയാളത്തിന്റെ എല്ലാ ആശംസകളും നേരുന്നു.

  English summary
  Exclusive interview with music director Shanty Antony Angamaly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X