For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുചിത്ര മടങ്ങിവരുമോ.. അതോ മകള്‍ അരങ്ങേറ്റം കുറിയ്ക്കുമോ...??

  By Ajmal Ismail
  |

  ബാലതാരമായി സിനിമയിലെത്തി. തൊണ്ണൂറുകളില്‍ മലയാളത്തിലെ നിറസാന്നിധ്യമായിരുന്ന സുചിത്ര ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തുഷ്ട കുടുംബം നയിക്കുകയാണ്. ഭാര്യ, നല്ലൊരു അമ്മ എന്നതിനപ്പുറം ബിസിനസ് വുമണ്‍, അധ്യാപിക എന്നീ പല മേഖലകളിലും തിരക്കിലായ സുചിത്ര അല്പ സമയം ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു

  ?സിനിമയില്‍ വളരെ തിരക്കുള്ള സമയത്താണ് അഭിനയത്തോട് വിടപറഞ്ഞ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അങ്ങനെ ഒരു തീരുമാനം പെട്ടന്ന് എടുക്കാനുള്ള കാരണം

  സിനമ വിട്ട് പോകാന്‍ പ്രത്യേക പ്രേരണകളൊന്നും ഇല്ല. 12 വര്‍ഷത്തോളം വലുതും ചെറുതമായ വേഷങ്ങളില്‍, പത്ത് നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചു. കല്യാണപ്രായം എത്തിയപ്പോള്‍ വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചയച്ചു. കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്കാണ് വന്നത്. ഇവിടെ നിന്ന് പിന്നെ തിരിച്ച് അഭിനയത്തിലേക്ക് വീണ്ടും വരുന്നത് പ്രാവര്‍ത്തികമായിരുന്നില്ല. ഇപ്പോഴും അതൊക്കെതന്നെയാണ് സ്ഥിത. സിനിമ വിട്ടു നില്‍ക്കാന്‍ കാരണം അത് തന്നെയാണ്.

  suchithra-

  ?വിവാഹത്തിന് ശേഷം അഭിനയം തുടരണം എന്ന് ആരെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാവില്ലേ

  പലരും ചോദിച്ചിട്ടുണ്ട് തിരിച്ച് വരില്ലേ എന്ന്. കല്യാണ കഴിഞ്ഞിട്ട് സിനിമയില്‍ അഭിനയിക്കില്ല എന്ന് എനിക്ക് പ്രത്യേകിച്ച് വാശിയൊന്നും ഉണ്ടായിരുന്നില്ല. അത് തികച്ചും പ്രാവര്‍ത്തികമല്ലാത്തതുകൊണ്ട് അഭിനയിച്ചില്ല. ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ട് സിനിമയില്‍ വന്ന ആളല്ല. എന്നെ സംബന്ധിച്ച് വന്നതും നിര്‍ത്തിയതും ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല. സംഭവിച്ചതാണ്. തിരിച്ചുവരുമോ എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല. യെസ് ഓര്‍ നോ എന്ന ഉത്തരം ദൈവത്തിന്റെ തീരുമാനം പോലെ

  ?കുടുംബത്തെ കുറിച്ച്

  വളരെ ചെറിയൊരു കുടുംബമാണ് എന്റേത്. ഭര്‍ത്താവ് മുരളി. മകള്‍ നേഹ. പതിനൊന്ന് വയസ്സായി. ആറാം ക്ലാസില്‍ പഠിക്കുന്നു. ഭര്‍ത്താവ് ഇപ്പോള്‍ ഐടി പ്രൊഫഷണലിലാണ്. ബെയ്‌സിക്കലി പൈലറ്റാണ്. അമേരിക്കയില്‍ ടെക്‌സസ്സ് എന്ന സ്റ്റേറ്റില്‍ ഡല്ലസ് എന്ന സ്ഥലത്താണ് താമസിയ്ക്കുന്നത്.

   suchithra

  ?ടെക്‌സസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നൃത്ത വിദ്യാലയം നടത്തുന്നു. എങ്ങനെയുണ്ട് പുതിയ മേഖല

  നൃത്തവിദ്യാലയം ഏകദേശം എട്ട് വര്‍ഷത്തോളമായി ഇവിടെ നടത്തിക്കൊണ്ടുവരുന്നു. നാട്യഗ്രഹ എന്നാണ് സ്‌കൂളിന്റെ പേര്. സിനിമയില്‍ ഞാന്‍ ചെയ്തതിന്റെ നേരെ വിപരീതമായ ഒരു അനുഭവമാണ് ഇവിടെ. ഒരു നൃത്താധ്യാപിക എന്നത് ഇന്‍ട്രസ്റ്റിങാണ് അതേ സമയം വെല്ലുവിളിയുള്ളതുമാണെന്നേ ഞാന്‍ പറയുകയുള്ളൂ. അതെന്താണെന്ന് ചോദിച്ചാല്‍, എല്ലാം കൊണ്ടും നമ്മുടെ നാട്ടില്‍ ഉള്ളതിനെക്കാള്‍ വ്യത്യസ്തമായ രീതികളാണ് ഇവിടെ. നൃത്തം പഠപ്പിക്കുക എന്നാല്‍, എന്താണ് ഇന്ത്യന്‍ സംസ്‌കാരം എന്നും നമ്മള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം എന്ന ഉത്തരവാദിത്വം കൂടെ ഒരു അധ്യാപിക എന്ന നിലയില്‍ എനിക്കുണ്ട്.

  ?മകള്‍ക്ക് അഭിനയത്തില്‍ താത്പര്യമുണ്ടോ. ഭാവിയില്‍ അമ്മയുടെ വഴി പിന്തുടരുമോ

  മകള്‍ക്ക് അഭിനയ രംഗത്തേക്ക് വരാനുള്ള താത്പര്യം ഇതുവരെ കാണിച്ചു തുടങ്ങിയില്ല. അതില്‍ ഏറ്റവും വലിയ ഒരു തടസ്സമുണ്ട്. എന്റെ മകള്‍ ജനിച്ചത് ഇവിടെയാണ് (അമേരിക്ക). അവള്‍ക്ക് കേരളത്തിന്റെ സംസ്‌കാരമൊക്കെ പറഞ്ഞുകൊടുക്കുക എന്നത് വലിയൊരു ബദ്ധപ്പാടാണ്. ഒരു എന്റര്‍ടൈന്‍മെന്റ് ഫീല്‍ഡിലേക്ക് മകള്‍ വരുന്നതിനെ കുറിച്ച് എനിക്ക് വലിയ സംശയമുണ്ട്. പക്ഷെ പറയാന്‍ കഴിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്. എന്തായാലും ഇപ്പോള്‍ അങ്ങനെ ഒരു പ്ലാന്‍ ഇല്ല

  ?അന്നും ഇന്നും എന്നും സിനിമയിലെ അടുത്ത സൗഹൃദങ്ങള്‍

  സിനിമയിലെ പഴയ സുഹൃത്തുക്കളാരും ഇപ്പോള്‍ അമേരിക്കയിലില്ലല്ലോ. പിന്നെ സോഷ്യല്‍ മീഡിയയൊക്കെ ഇപ്പോള്‍ ഇത്രയും സജീവമായ സാഹചര്യത്തില്‍ അമേരിക്കയില്‍ തന്നെ വേണമെന്നില്ല, ഇന്ത്യയിലെ എന്റെ പഴയ സുഹൃത്തുക്കളുമായി ഇപ്പോഴും നല്ല ബന്ധങ്ങളുണ്ട്. പഴയതും പുതിയതുമായ എല്ലാ താരങ്ങളുമായുള്ള സൗഹൃദം വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ഇപ്പോഴും ദൃഢമായി പോകുന്നുണ്ട്. പിന്നെ നടിമാരില്‍, സുമിത, മാധു, ഗീത ചേച്ചി അവരോടൊക്കെ ഇപ്പോഴും നല്ല കോണ്ടാക്ട് ഉണ്ട്.

   suchithra

  ?അമേരിക്കയിലും നമ്മുടെ കേരളത്തിലെ നാടന്‍ രീതികള്‍ തന്നെ പിന്തുടരുന്നത് കൊണ്ടാണോ ഇപ്പോഴും മലയാള തനിമ വിട്ടുമാറാതെയുള്ള ആ പഴയ സുചിത്രയാകാന്‍ സാധിക്കുന്നത്.

  ഇതെന്റെ ഫേവറേറ്റ് ചോദ്യമാണ്. എല്ലാവരും എന്നോട് ചോദിക്കും എന്താണ് ഇതിന്റെ രഹസ്യമെന്ന്. രഹസ്യമൊന്നുമല്ല, ഞാന്‍ എന്റെ ഭര്‍ത്താവിനോട് തമാശയില്‍ പറയും നല്ല മനസ്സ്, ആരോടും വെറുപ്പും വിദ്വേഷവും, അസൂയയും കുശുമ്പും സ്ത്രീകള്‍ക്ക് ഉള്ള ഇത്തരം ദുഷ് ചിന്തകളെല്ലാം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും. നല്ല ചിന്തകള്‍. എനിക്ക് തോന്നുന്നു, ഞാന്‍ എപ്പോഴും മനസ്സുകൊണ്ട് നാട്ടില്‍ തന്നെയാണെന്ന്. ഒരു നടിയ്ക്ക് ലഭിയ്ക്കുന്ന പോസിറ്റീവ് ഫീഡ്ബാക്ക് എനിക്കിപ്പോഴും കിട്ടുന്നുണ്ട്. അതെന്നെ എപ്പോഴും സന്തോഷവതിയാക്കുന്നു. അതിന്റെ പ്രതിഫലനമായിരിക്കാം എനിക്കിപ്പോഴും മാറ്റമില്ലെന്ന് ആളുകള്‍ക്ക് തോന്നുന്നത്. അതിന്റെ ക്രഡിറ്റ് എന്നെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹം തന്നെയാണ്.

  ?സഹോദരന്‍ ദീപുകരുണാകരന്‍ ഇപ്പോള്‍ മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളിലേക്ക് ക്ഷണിക്കാറുണ്ടോ

  ദീപുന്റെ സിനിമകളിലേക്ക് ഇതുവരെ ക്ഷണങ്ങളൊന്നും വന്നിട്ടില്ല. പക്ഷെ ഇനി വന്നുകൂടായ്കയില്ല. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍, എനിക്ക് ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ദീപു എന്നെ വിളിക്കും എന്നത് വിശ്വാസമാണ്. അതൊരു നല്ല അനുഭവമായിരിക്കും. അങ്ങനെ ഒന്ന് സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു

   suchithra

  ?നര്‍ത്തകി, അമ്മ, അധ്യാപിക, പ്രമുഖ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥ... അമേരിക്കയിലെ തിരക്കേറിയ ജീവിതത്തില്‍ എല്ലാം ഒരമിച്ച് എങ്ങനെ മാനേജ് ചെയ്യുന്നു

  ഉത്തരം വളരെ സിംപിളാണ്. ടൈം മാനേജ്‌മെന്റ്. പതിനഞ്ച് വര്‍ഷം അമേരിക്കയില്‍ ജീവിച്ചതിലൂടെ ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യമാണത്. ഇവിടെ വന്നതിന് ശേഷം സമയം എങ്ങനെ ഫലപ്രധമായി ഉപയോഗിക്കണം, ജീവിതത്തില്‍ സയമത്തിന് എന്ത് മാത്രം പ്രാധാന്യമുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ വന്നു. നമ്മുടെ നിത്യ ജീവിതത്തില്‍ നാട്ടിലേത് പോലെ എല്ലാത്തിനും സഹായത്തിന് ആളില്ലാത്തത് കൊണ്ടും, വളരെ ഇന്റിപെന്റന്റായത് കൊണ്ടും നമ്മള്‍ കുറച്ചുകൂടെ കാര്യപ്രാപ്തി നേടും. എല്ലാ റോളുകളും കൃത്യമായി ചെയ്താല്‍ മാത്രമേ ആ ഒരൊഴുക്കിനനുസരിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ അങ്ങനെ നമ്മള്‍ ആയിപ്പോവുകയാണ്..

  ?ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ. ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു ഒരു തിരക്കഥ എഴുതാന്‍ പ്ലാന്‍ ഉണ്ട് എന്ന്. അത് ഉടന്‍ സംഭവിയ്ക്കുമോ

  തിരക്കഥ എഴുതാന്‍ താത്പര്യമില്ലാതെയില്ല. എഴുതുക എന്നത് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു മേഖലയാണ്. കൈകടത്താത്ത മേഖലയും കൂടെയാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഞാന്‍ നൃത്തത്തിലും, സംഘടനാപരമായ പ്രവൃത്തികളിലുമൊക്കെ കൈവച്ചിട്ടുള്ള വ്യക്തിയാണ്. ഇനിയിപ്പോള്‍ കൈ കടത്താത്തത് തിരക്കഥയും സംവിധാനവുമൊക്കെയാണ്. സംവിധാനമൊന്നും എന്റെ മേഖലയല്ല. പക്ഷെ എഴുതാന്‍ എനിക്ക് ആഗ്രഹമുണ്ട്. സ്വപ്‌നം കാണാനും സങ്കല്‍പ്പിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ആളാണ്. ഞാന്‍ ചിലപ്പോള്‍ ആലോചിയ്ക്കും എന്റെ ഈ സ്വപ്‌നങ്ങളൊക്കെ കുത്തിക്കുറിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എവിടെയെങ്കിലും ഒരു കഥ ജന്മമെടുത്തേനെ എന്ന്. അതുകൊണ്ട് സംഭവിച്ചേക്കാം. ഇല്ല എന്ന് ഞാനൊരിക്കലും പറയുന്നില്ല.

   suchithra

  ?ഓണം ആഘോഷിക്കുന്ന മലയാളികളോട് എന്താണ് പറയാനുള്ളത്

  എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍. ഞങ്ങളെ പോലുള്ള പ്രവാസി മലയാളികള്‍ക്ക് അയവിറക്കാന്‍ കഴിയുന്ന ഒരു സ്വപ്‌നം മാത്രമാണ് ഇപ്പോള്‍ ഓണം. എന്നെ സംബന്ധിച്ച് ഓണം ഒരു നൊസ്റ്റാള്‍ജിയയാണ്. കേരളത്തില്‍ ഒരു ഓണം ആഘോഷിക്കുക എന്ന് പറയുന്നത് ഒരു അനുഭവം തന്നെയാണ്. അത് മനസ്സിലാക്കി എല്ലാവരും, സന്തോഷത്തോടെ ഓണം ആഘോഷിക്കുക. ഹാപ്പി ഓണം

  English summary
  Filmibeat interview with yesterday's actress Suchitra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X