twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വള്ളിയും പുള്ളിയുമില്ലാത്ത' ആ ചോദ്യം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു, രമ്യ കൃഷ്ണയുടെ അനുഭവം

    By Aswini
    |

    ഇത് ആ രമ്യ കൃഷ്ണയല്ല, ഇത് മലയാളത്തിന് സ്വന്തം.. ആങ്കറിങും ഒരു കലയാണ്.. ആ കലയില്‍ മമ്മൂട്ടിയുടെ 'ഗുഡ്' സര്‍ട്ടിഫിക്കറ്റ് വാങ്ങിയ രമ്യ കൃഷ്ണ അഭിനേത്രി കൂടെയാണ്. ഫാഷന്‍ ഡിസൈനിങ് കഴിഞ്ഞ് അവതാരകയായി മിനിസ്‌ക്രീനിലെത്തി.. അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്.. രമ്യ കൃഷ്ണ തന്റെ വിശേഷങ്ങള്‍ ഫില്‍മിബീറ്റുമായി പങ്കുവയ്ക്കുന്നു...

    കരഞ്ഞുകൊണ്ട് തുടക്കം

    കരഞ്ഞുകൊണ്ട് തുടക്കം

    ഫാഷന്‍ ഡിസൈനിങ് കഴിഞ്ഞ് ദുബായില്‍ ജോലിക്ക് കയറി.. പഠനം പൂര്‍ത്തിയാക്കി, ജോലിയായി ഇനി എന്തുകൊണ്ട് എന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോയിക്കൂട എന്ന് ചിന്തിച്ചപ്പോഴാണ് കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. ആങ്കറിങ് ചെയ്യണം എന്നത് എന്റെ ആഗ്രഹമായിരുന്നു. സൂര്യ ടിവിയില്‍ ഗുല്‍മാല്‍ എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. തുടക്കം തന്നെ കരഞ്ഞതുകൊണ്ടായിരിക്കും പിന്നീട് കരയേണ്ടി വന്നിട്ടേയില്ല.

    ഗുല്‍മാല്‍ എന്ന പ്രോഗ്രാമിന് ആങ്കറിങ് ചെയ്യാന്‍ വേണ്ടി എനിക്ക് കോള്‍ വന്നു. അല്പം പ്രയാസമുണ്ടാവുമെന്നും, ആളുകളെ പറ്റിക്കുന്ന പരിപാടിയാണെന്നും നേരത്തെ പറഞ്ഞിരുന്നു. പക്ഷെ പണി എനിക്ക് തന്നെയായിരിയ്ക്കും എന്ന് കരുതിയതേയില്ല. തൃപ്പൂണിത്തുറയിലാണ് സെറ്റിട്ടത്. ഒരു സെയില്‍സ് ഗേളായി അവിടെ ഒരു വീട്ടില്‍ പോകുന്നതാണ് സീന്‍. അവിടെ എത്തിയപ്പോള്‍ ടിവി പൊട്ടിത്തെറിച്ചു.. വീട്ടുകാര്‍ ദേഷ്യപ്പെട്ടു... എന്നെ മുറിയില്‍ പൂട്ടിയിട്ടു. അതിനിടയില്‍ കൂടെ വന്നയാള്‍ ഓടി രക്ഷപ്പെട്ടു. പുറത്ത് സൂര്യ ടിവിയുടെ വണ്ടിയൊന്നും കാണുന്നില്ല. വീട്ടുകാര്‍ എന്നെ തല്ലാനൊക്കെ വന്നു. നഷ്ടപരിഹാരം ചോദിച്ചു.. ആകെ ബഹളം.. അതായിരുന്നു തുടക്കം. തുടര്‍ന്ന് നാല് എപ്പിസോഡ് ഗുല്‍മാലില്‍ ചെയ്തു.

    എവിടെ നിന്നോ വഴിമാറിപ്പോയി

    എവിടെ നിന്നോ വഴിമാറിപ്പോയി

    ഗുല്‍മാലില്‍ നിന്ന് നേരെ പോയത് അമൃത ടിവിയിലെ മൂവി ബസാര്‍ എന്ന ഷോയിലേക്കാണ്. അതിന് ശേഷം ഏഷ്യനെറ്റിന്റെ നാല് പ്രോഗ്രാമുകള്‍ ചെയ്തു. കാമ്പസ് കളേഴ്‌സ് ആയിരുന്നു ആദ്യം. പിന്നീട് സൂപ്പര്‍ ഷെഫ്, താരാപഥം ചേതോഹരം, മോളിവുഡ് സെല്‍ഫി എന്നിങ്ങനെയുള്ള പരിപാടികളും.

    എവിടെ വച്ചോ വഴിമാറി.. സെലിബ്രിറ്റി ഇന്റര്‍വ്യു എടുക്കാനാണ് പിന്നെ അവസരങ്ങള്‍ വന്നത്. ഒരോണത്തിന് എനിക്കോര്‍മ്മയുണ്ട്, രണ്ട് ചാനലുകളില്‍ ഒഴികെ മറ്റ് എല്ലാ ചാനലുകളിലും എന്റെ അഭിമുഖങ്ങളുണ്ടായിരുന്നു. അവതാരകരുടെ അസോസിയേഷനായ അവതാറില്‍ അക്കാര്യം പറയുകയുണ്ടായി.. തുടര്‍ന്നിങ്ങോട്ട് ധാരാളം സ്‌റ്റേജ് ഷോകളും വന്നുകൊണ്ടിരുന്നു. ദുബായിലും മറ്റും സ്‌റ്റേജ് ഷോകള്‍ ചെയ്തു

    സിനിമയിലേക്ക് വരുന്നത്

    സിനിമയിലേക്ക് വരുന്നത്

    എല്ലാ അവതാരകരെയും പോലെ എനിക്കും അഭിനയിക്കാന്‍ മോഹമുണ്ടായിരുന്നു. അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തില്‍ നല്ലൊരു അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു. അതൊരു ആര്‍ട് ഫിലിം ആയിരുന്നു. മൂന്ന് ചിത്രങ്ങളുടെ സമാഹരമായ ആനമയില്‍ ഒട്ടകമാണ് രണ്ടാമത്തെ ചിത്രം. വികെ പ്രകാശ് സംവിധാനം ചെയ്ത റോക് സ്റ്റാറില്‍ അഞ്ജലി എന്ന നല്ലൊരു ക്യാറക്ടര്‍ റോള്‍ ചെയ്തു. ആസിഫ് അലി നായകനായി എത്തിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാണ് ഏറ്റവുമൊടുവില്‍ ചെയ്തത്. അഞ്ചാറ് ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    മറക്കാനാവാത്ത അനുഭവം മമ്മൂട്ടിക്കൊപ്പം

    മറക്കാനാവാത്ത അനുഭവം മമ്മൂട്ടിക്കൊപ്പം

    ഉട്ടോപ്യയിലെ രാജാവ്, അച്ചാ ദിന്‍ എന്നീ രണ്ട് സിനിമകളില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തോളം ഒരുമിച്ച് സെറ്റിലുണ്ടായിട്ടും, അദ്ദേഹത്തിന്റെ അടുത്ത് പോകാനും സംസാരിക്കാനും പേടിയായിരുന്നു. ആരാധനയും ബഹുമാനവുമുണ്ട്. ഒരു ഫോട്ടോ എടുക്കാന്‍ അനുമതി ചോദിക്കാന്‍ പോലും കഴിഞ്ഞില്ല.

    കഴിഞ്ഞ റംസാന് ഫഌവേഴ്‌സ് ടിവിയിലെ മുതിര്‍ന്ന ഒരു നിര്‍മാതാവിന്റെ ഫോണ്‍ കോള്‍ വന്നു.. രമ്യ, ഒരു അഭിമുഖം ചെയ്യണം എന്ന് പറഞ്ഞു.. ഓ ചെയ്യാമല്ലോ.. ആരാണ് എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി എന്ന് ഉത്തരം. പിന്നെ പേടിയായി. രമ്യ സൂക്ഷിച്ച് ചെയ്യണം.. ഒരു ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മമ്മൂക്ക ഇറങ്ങിപ്പോകും, പ്രതികരിക്കും, ദേഷ്യപ്പെടും എന്നൊക്കെ ഓരോരുത്തര് പറയാന്‍ തുടങ്ങിയപ്പോള്‍ ആകെ ടെന്‍ഷന്‍.

    പക്ഷെ എന്റെ രണ്ടാമത്തെ ചോദ്യം തന്നെ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു. കസബ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള അഭിമുഖമായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം വരലക്ഷ്മിയും നിഥിന്‍ രണ്‍ജി പണിക്കറും ഷഹീന്‍ സിദ്ദിഖും ജഗദീഷുമൊക്കെ ഉണ്ടായിരുന്നു. കസബ എന്ന ചിത്രത്തിന് വള്ളിയും പുള്ളിയും ഒന്നുമില്ല. മമ്മൂക്ക അഭിനയിച്ച അത്തരം വള്ളിയും പുള്ളിയുമില്ലാത്ത ചില ചിത്രങ്ങളുടെ പേര് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു എന്റെ ചോദ്യം. കേട്ടതും മമ്മൂക്ക നിര്‍മാതാവിനോട് ചോദിച്ചു. ഇത് നിങ്ങള്‍ പറഞ്ഞുകൊടുത്തതാണോ എന്ന്. അല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മമ്മൂക്ക വളരെ കൗതുകത്തോടെ മറുപടി പറഞ്ഞു. എന്നെ അഭിനന്ദിക്കുകയും ചെയ്തു. അതെന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണ്.

    ഭാവി പരിപാടികള്‍

    ഭാവി പരിപാടികള്‍

    ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. അതിനൊപ്പം ആങ്കറിങിലും ശ്രദ്ധിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന സ്‌റ്റേജ് ഷോകളെല്ലാം കവര്‍ ചെയ്യുന്നുണ്ട്. ജോലിക്കൊപ്പം ആങ്കറിങും മുന്നോട്ട് കൊണ്ടു പോകണം. ഫഌവേഴ്‌സ് ടിവിയുടെ ദുബായി ഷോപ്പിങ് ഫെസ്റ്റിവല്‍ ചെയ്തു. സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യണം എന്ന ആഗ്രഹമുണ്ട്. വെറുതേ വന്ന് പോവുന്ന വേഷങ്ങള്‍ വേണ്ട. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്യണം എന്നാണ് ആഗ്രഹം...

    English summary
    Interview with Remya Krishna
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X