twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്കാറിനേക്കാളും വലുതാണ് ആ ഭാര്യയുടെ വാക്കുകൾ.. തലയിൽ നിന്നിറങ്ങിപ്പോകാതെ സത്യേട്ടൻ.. ജയസൂര്യ

    By Sajitha Gopie
    |

    ബയോപികുകളോട് പൊതുവെ മലയാള സിനിമക്ക് താൽപര്യമില്ല. വിരലിലെണ്ണാവുന്ന ജീവിതങ്ങളേ മലയാളത്തിൽ സിനിമയായിട്ടുള്ളൂ. അക്കൂട്ടത്തിൽ തന്നെ സ്പോർട്സ് ബയോപിക് ഒന്ന്
    പോലുമില്ല. വിപി സത്യനെന്ന കേരളം മറന്ന് പോയ ഫുട്ബോൾ നായകന്റെ ജീവിതം സിനിമയാക്കുക എന്ന ആശയം ജയസൂര്യയെന്ന നടനിൽ ആവേശമായത് അതുകൊണ്ട് കൂടിയാണ്.

    ക്യാപ്റ്റൻ കണ്ട ആരും ഇതെന്റെ സത്യനല്ല എന്ന് ഇതേവരെ ജയസൂര്യയോട് പറഞ്ഞിട്ടില്ല. വിപി സത്യന്റെ ഭാര്യ അനിത സിനിമ കണ്ട ശേഷം പറഞ്ഞ വാക്കുകളാണ് ജയസൂര്യയ്ക്ക് ഓസ്കാറിനേക്കാൾ വലുത്. ക്യാപ്റ്റൻ സിനിമയെക്കുറിച്ചും, താൻ പോലും അറിയാതെ പോയ വിപി സത്യനെക്കുറിച്ചും ജയസൂര്യ ഫിൽമിബീറ്റിനോട്.

    ബയോപിക് ചെയ്യാമെന്ന തീരുമാനം

    ബയോപിക് ചെയ്യാമെന്ന തീരുമാനം


    വിപി സത്യനെക്കുറിച്ച് സംവിധായകൻ പ്രജേഷ് സെൻ തന്നോട് പറയുമ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു. ഒന്നോ രണ്ടോ സീനുകൾ മാത്രമാണ് പ്രജേഷ് തന്നോട് പറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ താൻ കൺവിൻസ്ഡ് ആയിരുന്നു.
    ഒരു കഥാപാത്രത്തെക്കുറിച്ച് അഭിനേതാവിൽ ആത്മവിശ്വാസം ജനിക്കുക, നമ്മളെ
    അത് കൺവിൻസ് ചെയ്യിക്കുമ്പോഴാണ്. നമ്മുടെ മനസ്സ് കൊണ്ട് ആ വ്യക്തിയെ കാണാൻ സാധിക്കുമ്പോഴാണ്.

    പ്രജേഷ് ഒരു തവണ വീട്ടിൽ വന്ന് കഥ പറഞ്ഞത് കേട്ട് സരിതയുടെ കണ്ണ് നിറഞ്ഞു. സിനിമയെക്കുറിച്ച് പ്രജേഷ് സംസാരിച്ച് വളരെ നാളുകൾക്ക് ശേഷമാണ് സിനിമയുടെ കഥ പൂർണമായും കേൾക്കുന്നത് പോലും. പ്രജേഷ് സെൻ എന്ന സംവിധായകനിൽ ആദ്യം മുതൽക്കേ ഒരു വിശ്വാസം ഉണ്ടായിരുന്നു. മലയാളത്തിൽ ഒരു ബയോപിക് വരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ടാണ്. മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപികാണ് ക്യാപ്റ്റൻ എന്നതും ഈ സിനിമ ചെയ്യാനൊരു കാരണമാണ്.

    ആശങ്കകളുണ്ടായിരുന്നോ

    ആശങ്കകളുണ്ടായിരുന്നോ

    വിപി സത്യന്റെ ജീവിതം സിനിമയായി വരുമ്പോൾ അതിന്റെ റിസൾട്ട് എന്താകും എന്ന ആശങ്ക ഇല്ലായിരുന്നു. സത്യൻ എന്ന മനുഷ്യനെ കുറിച്ച് മാത്രമാണ് ആലോചിച്ചത്. വിപി സത്യൻ എങ്ങനെയായിരിക്കും യഥാർത്ഥത്തിൽ എന്ന ചിന്തയും അലട്ടിയിരുന്നില്ല. മറിച്ച് ഇതാണ് സത്യൻ എന്ന് തന്നെ വിശ്വസിച്ച് ചെയ്യുകയായിരുന്നു. കളിക്കളത്തിന് അകത്തുള്ള വിപി സത്യനെ മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. ആ കാലഘട്ടത്തിലെ ഫുട്ബോൾ അറിയാവുന്നവർക്ക് സത്യനെ അറിയാം. പക്ഷേ ഇന്ന് ഫുട്ബോൾ ഇഷ്ടപ്പെടാത്തവർക്ക് പോലും സികെ വിനീതിനെ അറിയാം എന്നോർക്കണം. അങ്ങനെ അറിയാതെ പോയ ഒരു വ്യക്തിയെ ഈ കാലത്തിന് കൂടി പരിചയപ്പെടുത്തിക്കൊടുക്കാൻ ക്യാപ്റ്റനിലൂടെ സാധിച്ചു.

    ഏറ്റവും വലിയ അവാർഡ്

    ഏറ്റവും വലിയ അവാർഡ്

    ഈ തലമുറയിൽ ഉള്ളവർക്ക് വിപി സത്യൻ ആരെന്ന് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു സ്മാരകം കണ്ണൂരിലെ സത്യട്ടന്റെ നാട്ടിലുണ്ട്. ആ സ്മാരകം അവിടുത്തെ അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് മാത്രമല്ല, കേരളത്തിലെയും ഇന്ത്യയിലെയും ഓരോരുത്തരുടേയും മനസ്സിലിൽ ഉണ്ടാവണം എന്ന് ക്യാപ്റ്റൻ ചെയ്യുമ്പോൾ ആഗ്രഹിച്ചിരുന്നു. സത്യേട്ടന്റെ സ്മാരകത്തിന് മുന്നിലൊരു ചടങ്ങിൽ കഴിഞ്ഞ ദിവസം പങ്കെടുക്കുകയുണ്ടായി. അവിടെ വെച്ച് സത്യേട്ടന്റെ ഭാര്യ അനിത മൈക്കിലൂടെ പറഞ്ഞു, സ്ക്രീനിൽ കണ്ടത് ജയസൂര്യയെ അല്ല, എന്റെ സത്യേട്ടനെ ആണ് എന്ന്. അതാണ് തനിക്കുള്ള ഏറ്റവും വലിയ അവാർഡ്. ഒരു സ്റ്റേറ്റ് അവാർഡിനേക്കാളും ദേശീയ അവാർഡിനേക്കാളും ഓസ്കാറിനേക്കാളുമൊക്കെ വലുതാണ് ആ ഭാര്യയുടെ വാക്കുകൾ.

    ക്യാപ്റ്റനാകാനുള്ള തയ്യാറെടുപ്പ്

    ക്യാപ്റ്റനാകാനുള്ള തയ്യാറെടുപ്പ്

    വിപി സത്യനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ആദ്യം വായിച്ചത്. അദ്ദേഹത്തിന്റെ കുടുംബം, കളിജീവിതം, ഫുട്ബോളിനോടുള്ള കമ്മിറ്റ്മെന്റ് അങ്ങനെ എല്ലാത്തിനെക്കുറിച്ചും ഒരു ചിത്രം ആ പുസ്തകത്തിൽ നിന്നും കിട്ടി. പിന്നീട് സത്യേട്ടന്റെ വീട്ടിൽ പോയി ഭാര്യ അനിതയോട് സംസാരിച്ചു. ഓരോ കാര്യവും വിശദമായി ചോദിച്ച് മനസ്സിലാക്കി. വിപി സത്യന്റെ സുഹൃത്തുക്കളും സഹായിച്ചു. അതെല്ലാം വെച്ചുകൊണ്ടാണ് തന്റെ ഉള്ളിൽ സത്യേട്ടനെ ജനിപ്പിച്ചത്.

    ക്യാപ്റ്റന് വേണ്ടി 5 മാസം

    ക്യാപ്റ്റന് വേണ്ടി 5 മാസം

    സിനിമയ്ക്ക് വേണ്ടി 5 മാസമാണ് മാറ്റിവെച്ചത്. ശാരീരികമായ ചില മാററങ്ങൾ വേണ്ടി വന്നിരുന്നു. ദിവസവും രാവിലെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യുമായിരുന്നു. തിരിച്ച് വന്ന് നേരെ ജിമ്മിലേക്ക് പോകും. ഒരു അത്ലറ്റിന്റെ ശരീരം വേറെ തന്നെയാണ്. ആ മാറ്റങ്ങളൊക്കെത്തന്നെയും ഒരു ഫുട്ബോളറുടെ ശരീരത്തെ മാത്രം വിശ്വസനീയമാക്കുന്നതാണ്. ശരീരം മാത്രമല്ലല്ലോ, ഹൃദയം കൊണ്ട് സത്യനായി മാറുക എന്നതിലായിരുന്നു കാര്യം.

    കുട്ടിസത്യനായി അദ്വൈത്

    കുട്ടിസത്യനായി അദ്വൈത്

    ക്യാപ്റ്റൻ കണ്ട് കരഞ്ഞ ഒരാൾ മകൻ അദ്വൈതാണ്. അവൻ ഫുട്ബോൾ നന്നായി കളിക്കും. മകനായത് കൊണ്ട് എടാ നീ അഭിനയിക്ക് എന്നൊന്നും പറഞ്ഞിട്ടില്ല. അത്ര പെട്ടെന്നൊന്നും സമ്മതിക്കുന്ന ആളല്ല. തന്നെക്കാളും ബുദ്ധിയുള്ള പയ്യനാണ്. സത്യട്ടേന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നോ എന്നേ ചോദിച്ചുള്ളൂ. ഞാൻ ചെയ്യാം അച്ഛാ എന്ന് പറഞ്ഞു.

    പക്ഷേ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, ഇനി അച്ഛന്റെ ചെറുപ്പകാലം അഭിനയിക്കില്ലെന്ന്. താൻ ചോദിച്ചു അതെന്താടാ എന്ന്. ''എനിക്ക് ദുൽഖറിന്റെ ചെറുപ്പകാലമൊക്കെ അഭിനയിക്കേണ്ടേ'' എന്നാണവൻ പറഞ്ഞത്. അവൻ ഭയങ്കര ദുൽഖർ ഫാനാണ്. പക്ഷെ തന്നെ കഴിഞ്ഞിട്ടേ ഉള്ളൂ അവന് ദുൽഖർ. അല്ലെങ്കിലവനെ വീട്ടിൽ നിന്നും പുറത്താക്കില്ലേ..

    സത്യനെ കണ്ടവർ.. സത്യനെ മാത്രം

    സത്യനെ കണ്ടവർ.. സത്യനെ മാത്രം

    സിനിമ കണ്ട ശേഷം ഐഎം വിജയൻ ചേട്ടൻ വിളിച്ചിരുന്നു. ''ജയാ നിഴല് പോലെ കൂടെ നടന്നതാണ് ഞാൻ.. എനിക്കറിയാലോ.. എന്റെ സത്യേട്ടനെ എനിക്ക് കാണാൻ പറ്റി.. '' എന്ന് പറഞ്ഞു. ജയസൂര്യ നന്നാവണം എന്ന് പുള്ളിക്കാരന് ആഗ്രഹം ഇല്ലെങ്കിലും അങ്ങേര് നന്നാവണം എന്നാഗ്രഹം ഉണ്ടാകുമല്ലോ, അങ്ങനെ മൂപ്പര് ചെയ്യിച്ചതാണ്'' എന്ന് താൻ മറുപടി പറഞ്ഞു.

    ഇതെന്റെ സത്യനല്ല എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തിപരമായി അടുപ്പമുള്ളവർക്ക് തന്നെ ശരിക്ക് അറിയാം. കൂടെയിരുന്ന് പഠിച്ച സുഹൃത്തായ സുജീഷ് ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ''എടാ എനിക്ക് നിന്നെ കാണാൻ പറ്റുന്നില്ല, വിപി സത്യനെ അല്ലാതെ ആരെയും കാണാൻ പറ്റുന്നില്ല..'' എവിടെയും തന്നെ കണ്ടില്ലെന്ന് തന്നെയാണ് അവരും പറഞ്ഞത്. ഇതുവരെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂകളൊന്നും വന്നിട്ടില്ല എന്നതിലും സന്തോഷമുണ്ട്.

    ഉള്ളിലുള്ളവരാണ് ഓരോരുത്തരും

    ഉള്ളിലുള്ളവരാണ് ഓരോരുത്തരും

    നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആരെങ്കിലും വേണ്ടപ്പെട്ട ഒരു സാധനം തരുമ്പോൾ അത് നമ്മൾ സൂക്ഷിച്ച് വെക്കും. ഇഷ്ടത്തോടെ തരുന്ന ഒരു സാധനം, അതൊരു പേനയാണെങ്കിൽ പോലും നഷ്ടപ്പെടുത്തില്ല. താൻ ഇഷ്ടത്തോടെ ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം ഉള്ളിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വിപി സത്യനേയും. ഒന്നിനെ പോലും താൻ ഇറക്കി വിടില്ല. അവർ ഇറങ്ങിപ്പോകില്ല തന്നിൽ നിന്ന്. ഇതുവരെയുള്ള കരിയർ ബെസ്റ്റ് ഇതാകട്ടെ എന്നാണ് ഇപ്പോഴുള്ള പ്രാർത്ഥന. അടുത്തത് വരുമ്പോൾ അതാകണേ കരിയർ ബെസ്റ്റ് എന്നാണ് പ്രാർത്ഥിക്കാറുള്ളത്.

    പ്രിയപ്പെട്ട രംഗം

    പ്രിയപ്പെട്ട രംഗം

    ക്യാപ്റ്റനിൽ കുറേപ്പേർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫുട്ബോൾ വീർപ്പിക്കുന്ന സീൻ ആയിരുന്നു. ചിലർക്ക് കടപ്പുറത്ത് ഇരുന്ന് മണൽ കാലിൽ മൂടി അനിതയോട് വേറെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെടുന്ന സീനാണ്. ഇതൊന്നുമല്ല തന്റെ പ്രിയപ്പെട്ട രംഗം. ഒരു പക്ഷേ ആരും അത് ശ്രദ്ധിച്ചിട്ട് പോലുമുണ്ടാകില്ല. സന്തോഷ് ട്രോഫി മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഓരോരുത്തർക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് നടന്ന് വരുന്ന ഒരു ഷോട്ടുണ്ട്. ആ രംഗത്ത് സത്യനിൽ പൂർണമായ ഒരു ആത്മവിശ്വാസമുണ്ട്. ഞാനെത്രയോ കളി കണ്ടിരിക്കുന്നു എന്ന ഒരു ആറ്റിറ്റ്യൂഡ്. അതാണേറ്റവും പ്രിയപ്പെട്ടത്.

    English summary
    Actor Jayasurya talks about VP Sathyan and Captain Movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X