For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റൈറ്റര്‍ ശിവദാസനില്‍ നിന്നും അമ്മിണിപിള്ളയുടെ അച്ഛനിലേക്ക്, ലൈഫിലെ കിടിലന്‍ ട്വിസ്റ്റിനെ കുറിച്ച്..

  |

  ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ കണ്ടവരെല്ലാം മറക്കാത്ത ഒരു കഥാപാത്രമാണ് റൈറ്റര്‍ ശിവദാസന്‍. യൂനിഫോമിടാതെ, ഇത്തിരി തന്ത്രവും കുതന്ത്രവുമായി, അങ്ങനെ 'മുങ്ങി' നടക്കുന്ന ഒരു പോലിസ് വേഷം, ഈ റോള്‍ പന്തീരടി ശിവദാസന്‍ എന്ന എഎസ്‌ഐയുടെ ജീവിതം ഇപ്പോള്‍ ശരിയ്ക്കും മാറ്റിമറിച്ചിരിക്കുകയാണ്. ഒട്ടേറെ സിനിമകള്‍, പുതിയ പുതിയ ഓഫറുകള്‍, ശരിയ്ക്കും കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. തന്മയത്വം നിറഞ്ഞ അഭിനയം കൊണ്ട് ജനപ്രിയനായ ഈ താരം ഫില്‍മിബീറ്റിനു വേണ്ടി മനസ്സ് തുറക്കുന്നു.

  shivadsn

  എങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്?


  തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ പോലിസുകാരായി അഭിനയിക്കുന്നതിന് ആളുകളെ ക്ഷണിച്ചിരുന്നു. ഇതു കണ്ട ചേച്ചിയുടെ മകന്‍ ഡോ അര്‍ജുനും ഭാര്യ നിവേദ്യയും കൂടി ഒപ്പിച്ച പണിയായിരുന്നു ഇത്. ഓഡിഷനു വിളിച്ചപ്പോഴാണ് സംഗതി ഞാനറിയുന്നതു തന്നെ. നൂറോളം പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുമോയെന്ന കാര്യം സംശയം തന്നെയായിരുന്നു. പക്ഷേ, ഡയറക്ടറുടെ കോള്‍ വന്നു.
  അഭിനയിക്കാന്‍ തുടങ്ങി. തുടക്കം അത്ര എളുപ്പമായിരുന്നില്ല. പ്രതീക്ഷിക്കാത്ത സ്ഥലത്തേക്കാണ് എന്‍ട്രി ലഭിച്ചിരിക്കുന്നത്. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. തീര്‍ച്ചയായും ദിലീഷ് പോത്തന്‍ സാറും ടീമും മികച്ച പിന്തുണയാണ് നല്‍കിയത്. ഇത്തരമൊരു സീന്‍ വന്നാല്‍ നിങ്ങള്‍ പോലിസ് സ്‌റ്റേഷനില്‍ എങ്ങനെ പെരുമാറും. അങ്ങനെ ചെയ്താല്‍ മാത്രം മതി. വളരെ അനായാസം ചെയ്യാവുന്ന രീതിയില്‍ അവര്‍ സിറ്റ്വേഷന്‍ ഉണ്ടാക്കി തന്നു. അതോടെ സംഗതി എളുപ്പമായി. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഓരോ പോലിസ്റ്റ് സ്‌റ്റേഷനിലും ഉണ്ടാകും. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

  സിനിമ റിലീസായി രണ്ടു ദിവസം കഴിഞ്ഞിട്ടാണ് കാണാന്‍ പോയത്. ആകെ ടെന്‍ഷനിലായിരുന്നു. ഭാര്യയും പറഞ്ഞു, ആളുകള്‍ കണ്ട് വിവരങ്ങളൊക്കെ അറിയട്ടെ എന്നിട്ട് നമുക്ക് പതുക്കെ കാണാന്‍ പോകാം. ആദ്യ ഷോ കഴിഞ്ഞതു മുതല്‍ ആളുകള്‍ വിളിച്ചു തുടങ്ങി. അതോടെ ഇത്തിരി സമാധാനമായി.

  shivadasn2

  പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?

  അതിനു ശേഷം ഒട്ടേറെ സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. ഈട എന്ന ചിത്രത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി, ഫ്രഞ്ച് വിപ്ലവത്തില്‍ ലാല്‍ സാറിന്റെ സുഹൃത്തും റിസോര്‍ട്ട് ഓണറുമായ മാമച്ചന്‍ മുതലാളിയായി, സുജിത് വാസുദേവിന്റെ ഓട്ടോ റിക്ഷ എന്ന ചിത്രത്തില്‍ ശാന്തേട്ടന്‍ എന്ന ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍(ഈ ചിത്രം അടുത്ത മാസം തിയേറ്ററിലെത്തും), ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി മനോജ് കാന ഒരുക്കുന്ന പടത്തില്‍, സുധീര്‍ സംവിധാനം ചെയ്യുന്ന ബെല്ലും ബ്രെയ്ക്കും.. ഇപ്പോള്‍ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ അച്ഛന്‍ വേഷത്തില്‍ അഭിനയിക്കുന്നു. ഇതിനിടെ അബുസലീം സാറിന്റെ കൂടെ ഒരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതും ഒരു അനുഗ്രഹമാണ്.

  പോലിസ് ജോലിയും അഭിനയും എങ്ങനെ മുന്നോട്ടുകൊണ്ടു പോകുന്നു?

  കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ആണ്. സര്‍ക്കാറില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിയതിനു ശേഷമാണ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ ഈ കലാജീവിതം കൊണ്ടു സാധിക്കുന്നുണ്ട്. കണ്ണൂര്‍ പോലുള്ള സ്ഥലത്ത് ജോലി ചെയ്യുന്ന ഒരു പോലിസുകാരനെ സംബന്ധിച്ചിടത്തോളം ഇത്തരം ഇടപെടലുകള്‍ ഏറെ ഗുണം ചെയ്യും. മനസ്സിലെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ഇത് ഏറെ സഹായിക്കുന്നുണ്ട്.
  ചെണ്ടയാണ് ഏറ്റവും ഇഷ്ടമുള്ള വാദ്യോപകരണം. ഈ വാദ്യോപകണത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മട്ടന്നൂരിന്റെ പഞ്ചവാദ്യ സംഘത്തില്‍ അംഗമാണ്. ഇപ്പോഴും തരം കിട്ടിയാല്‍ ചെണ്ട കൊട്ടാന്‍ ഓടും. ഇഷ്ടപ്പെടുന്നത് ചെയ്യുമ്പോഴുള്ള സന്തോഷമുണ്ടല്ലോ അത് അനുഭവിച്ചറിയുന്നത് മേളത്തില്‍ പങ്കെടുക്കുമ്പോഴാണ്.

  shivadsn

  കുടുംബം, വീട്ടില്‍ മറ്റാരെങ്കിലും കലാരംഗത്തുണ്ടോ?

  മട്ടനൂരിലാണ് ജനിച്ചത്. ഇപ്പോള്‍ കണ്ണൂര്‍ പോലിസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഭാര്യ സ്മിത കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്വദേശിനിയാണ്. മകന്‍ സാരംഗ് ബിടെക്കിനു പഠിയ്ക്കുന്നു. മകള്‍ സംയുക്ത പത്താംക്ലാസ്സിലാണ്. കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ഗ്ഗം കളിയില്‍ എ ഗ്രേഡ് നേടിയ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ടീമംഗമാണ് സംയുക്ത. ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകാനാണ് ആഗ്രഹം. മകളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. പഠനത്തെ ബാധിക്കാതെ മകള്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നതിനോട് ഇഷ്ടം മാത്രമേയുള്ളൂ.

  26 വര്‍ഷമായി സര്‍വീസിലുണ്ട്. കഴിയുന്നത്ര ജോലി ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. മറ്റു ഭാഷകളിലും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതേ സമയം ജോലിയെ ബാധിക്കുന്ന വിധത്തില്‍ തിരക്കായി കഴിഞ്ഞാല്‍ ഉചിതമായ തീരുമാനം ആ സമയത്ത് എടുക്കും. അറിയപ്പെടുന്ന ഒരു കലാകാരനാകാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. അതിനുവേണ്ടി പരിശ്രമിക്കും.

  ബാബു ആന്റണിയുടെ മാസ് കണ്ടിട്ടുണ്ടോ? നിവിനെയും ലാലേട്ടനെയും മറികടന്ന അച്ചായന് അടപടലം ട്രോളുകള്‍

  English summary
  Interview with Thondimuthalum Driksakshiyum fame P Shivadasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X