Malayalam » Movies » Manichitrathazhu » Story

മണിച്ചിത്രത്താഴ്

സാഹിത്യ രൂപം

Horror

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

23 Dec 1993
കഥ/ സംഭവവിവരണം

1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്ത മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാള ചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. പ്രമുഖരായ സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി. റിലീസ് ചെയ്ത് 10 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഈ ചിത്രം പുനർനിർമ്മിച്ചിട്ടുണ്ട്.

പാരമ്പര്യ ചിന്താഗതിക്കാരനായ അമ്മാവന്റെ (നെടുമുടി വേണു) വാക്കിനെ അവഗണിച്ച് യുവദമ്പതികളായ ഗംഗയും (ശോഭന) നകുലനും (സുരേഷ് ഗോപി) തങ്ങളുടെ പഴയ തറവാട്ടിലേക്ക് പ്രവേശിക്കുന്നതോട്കൂടി ചില അമാനുഷിക സംഭവങ്ങൾക്ക് അവർ സാക്ഷ്യം വഹിക്കുന്നു. തറവാട്ടിലെ അല്ലി എന്ന യുവതിക്കു നേരേയും നകുലനു നേരേയും അജ്ഞാതമായ വധശ്രമങ്ങൾ ഉണ്ടാകുന്നു. വിവാഹത്തിന് ശേഷം കടുത്ത നൈരാശ്യത്തിന്റെ പിടിയിലായ നകുലന്റെ മുറപ്പെണ്ണ് ശ്രീദേവിയിലേക്കാണ് (വിനയ പ്രസാദ്) സംശയത്തിന്റെ മുന നീളുന്നത്. മനഃശാസ്ത്ര വിദഗ്ധനും നകുലന്റെ ഉറ്റ സുഹൃത്തുമായ ഡോ സണ്ണി ജോസഫിനെ (മോഹൻലാൽ) ഇതിന്റെ വസ്തുത എന്താണെന്നറിയാൻ വിളിപ്പിക്കുന്നു. ദ്വന്ദവ്യക്തിത്വം അഥവാ അപരവ്യക്തിത്വം (മൾട്ടിപ്പിൾ പർസനാലിറ്റി ഡിസോഡർ) ബാധിച്ച ഗംഗ തന്നെയാണ് ഈ ദുരൂഹതക്ക് പിന്നിലെന്ന് വൈകാതെ അദ്ദേഹം തിരിച്ചറിയുന്നു. ഗംഗയെ വേട്ടയാടിയിരുന്ന ചില പഴയകാല പ്രശ്നങ്ങളാണിതിന് കാരണമായത്. നകുലനും ഗംഗയും ഇപ്പോൾ താമസിക്കുന്ന തറവാട് ഒരുകാലത്ത് ശങ്കരൻ തമ്പി എന്ന ക്രൂരനായ ഒരു കാരണവരുടേതായിരുന്നു. തഞ്ചാവൂരിൽ നിന്നും വന്ന ഭരതനാട്യ നർത്തകി നാഗവല്ലിയെ ഇയാൾ ഇവിടെ പാർപ്പിച്ചു. എന്നാൽ നാഗവല്ലിക്ക് തൊട്ടടുത്തു താമസിക്കുന്ന രാമനാഥൻ എന്ന നർത്തകനുമായുള്ള ഇഷ്ടമറിയുന്ന കാരണവർ നാഗവല്ലിയെ വെട്ടിക്കൊല്ലുന്നു. പ്രതികാരദാഹിയായ ആത്മാവായി മാറുന്ന നാഗവല്ലിയെ ഒരു മന്ത്രവാദി തെക്കിനിയിൽ ബന്ധിച്ചു. ഒരിക്കൽ ഗംഗ തെക്കിനിയിൽ പ്രവേശിച്ച് നാഗവല്ലിയെ ബന്ധിച്ച മുറി തുറക്കുകയുണ്ടായി, ഇതേ തുടർന്ന് ചില സമയങ്ങളിൽ ഗംഗ നാഗവല്ലിയായി മാറുന്നു. ഗംഗയെ തന്റെ ഈ മാനസിക നിലയിൽ നിന്ന് മോചിപ്പിക്കുന്നതാണ് കഥയുടെ അന്ത്യം.

 

 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam