For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജേഷ്ഠസഹോദരന്റെ വാത്സല്യമായിരുന്നു', ആദരാഞ്ജലി നൽകാൻ ആവുന്നില്ല-മോഹൻലാൽ

  |

  ഓർക്കാവുന്നത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ മലയാളികളുടെ മനസിൽ പതിപ്പിച്ചുവെച്ച നടനവിസ്മയമാണ് നെടുമുടി വേണു. യുവാവായിരിക്കെ തന്നെ വൃദ്ധന്‍റെ കഥാപാത്രം അനായാസം കൈകാര്യം ചെയ്തു. നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ അഭിനയ സപര്യ, മൂന്ന് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങൾ. രണ്ട് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ.

  Also Read: 'ചേട്ടന്റെ ആ വാക്കുകൾ അന്ന് എന്നെ വേദനിപ്പിച്ചു', തിലകനെ കുറിച്ച് നെടുമുടി വേണു പറഞ്ഞത്

  പ്രതിഭകളായ സംവിധായകര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ പിള്ളേര്‍ക്കൊപ്പവും ഇന്നും മത്സരിച്ച് അഭിനയിക്കുന്നു. അഭിനയത്തിലും സംഭാഷണങ്ങളിലും നെടുമുടി പിന്തുടരുന്ന വ്യത്യസതതയാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ക്ക് എന്നും കരുത്തേകുന്നത്. സിനിമ മേഖലയില്‍ നിന്ന് അടക്കം നിരവധിപേര്‍ ഇപ്പോൾ മഹാപ്രതിഭയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ കഴിയുകയാണ്.

  Also Read: 'ഒറ്റ രാത്രികൊണ്ട് സുഹൃത്തുക്കളായവർ ഞങ്ങൾ, അദ്ദേഹം പറയുമെന്ന് കരുതിയത് ഞാൻ പറയേണ്ടി വന്നു'-ഇന്നസെന്റ്

  സ്വഭാവിക അഭിനയശൈലിയുമായി നെടുമുടി വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി. ഭരതത്തിലെ കള്ളിയൂർ രാമനാഥൻ, തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണൻ, വന്ദനത്തിലെ പ്രൊഫസർ കുര്യൻ ഫെർണാണ്ടസ്, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയ വർമ തമ്പുരാൻ, ചിത്രത്തിലെ കൈമൾ വക്കീൽ എന്ന് തുടങ്ങി ഇപ്പോള്‍ മരക്കാരിലെ സാമൂതിരിവരെ എത്തി നില്‍ക്കുകയാണ് സിനിമാ ജീവിതം. ഇവരെയെല്ലാം അവതരിപ്പിച്ചത് ഒരാളാണോ എന്ന് നെടുമുടി സിനിമകളെ പിന്തുടര്‍ന്നവര്‍ക്കുണ്ടാകുന്ന സംശയമാണ്. 'പെര്‍ഫെക്ഷനിസ്റ്റ്' എന്ന് വിളിച്ചാല്‍ പോലും അദ്ദേഹത്തിന്റെ കാര്യത്തിൽ അത് കുറഞ്ഞുപോകും.

  ഒട്ടനവധി സിനിമകളിൽ മോഹൻലാൽ-നെടുമുടി വേണു കോമ്പിനേഷൻ മലയാളി കണ്ടിട്ടുണ്ട്. അച്ഛനും മകനുമായി, ജേഷ്ഠനും അനിയനുമായി, മുത്തച്ഛനും പേരക്കുട്ടിയുമായി അങ്ങനെ... അങ്ങനെ... നെടുമുടി വേണു എന്ന പ്രതിഭയുടെ വേർപാട് തനിക്ക് എത്ര വലിയ ആഘാതമാണെന്ന് പറഞ്ഞുവെക്കുകയാണിപ്പോൾ നടൻ മോഹൻലാൽ. ഒരു ജേഷ്ഠ സഹോദരന്റെ വാത്സല്യമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത് എന്നാണ് മോഹൻലാൽ കുറിച്ചത്. തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ വേണുചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ലെന്നും മോഹൻലാൽ കുറിച്ചു.

  'അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്ന് തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും.... ഒരു ജേഷ്ഠ സഹോദരനെപ്പോലെ... ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോട് ചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ച് സമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്... തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല....' മോഹൻലാൽ കുറിച്ചു.

  മലയാളത്തിലെ പ്രതിഭയുടെ ചേതനയറ്റ ശരീരം | FilmiBeat Malayalam

  ചിത്രം, താളവട്ടം, തേന്മാവിന്‍ കൊമ്പത്ത്, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, കാക്കക്കുയില്‍, വന്ദനം, ഒപ്പം, ദേവാസുരം, മണിചിത്രത്താഴ്, ഹരികൃഷ്ണന്‍സ്, തന്മാത്ര, ദശരഥം, അക്കരെ അക്കരെ അക്കരെ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി എണ്ണിയാൽ തീരാത്ത സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടേയും കോമ്പിനേഷൻ സീനുകൾക്ക് വലിയ ആ​രാധകവൃന്ദം തന്നെ മലയാള സിനിമയിലുണ്ട്. അഭിനയമികവ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. 73 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് വന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

  English summary
  actor mohanlal social media post about actor nedumudi venu demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X