For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഗീതു മോഹന്‍ദാസിനെ പേടിക്കേണ്ട കാര്യമെനിക്കില്ല! സ്റ്റെഫിയ്ക്ക് പിന്തുണയുമായി അയിഷ സുല്‍ത്താന

  |

  മലയാള സിനിമയിലെ നടിമാരും സംവിധായികമാരെല്ലാം ചേര്‍ന്ന് വനിതകള്‍ക്കായി ആരംഭിച്ച സംഘടനയാണ് ഡബ്ല്യൂസിസി (വുമണ്‍ ഇന്‍ സിനിമ കളക്ടീവ്). കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മുന്‍നിര നടിമാരെല്ലാം സംഘടനയുടെ ഭാഗമായി എത്തിയത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഡബ്ല്യൂസിസിയിലും ചില ഭിന്നതകള്‍ ഉണ്ടെന്ന് പുതിയ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയാണ്.

  സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യൂസിസി യില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ ഉന്നയിച്ച് ആരോപണം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്‌റ്റെഫി പറഞ്ഞത് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെ കുറിച്ചാണെന്ന് പറഞ്ഞ് അസോസിയേറ്റ് സംവിധായിക അയിഷ സുല്‍ത്താന എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് സ്റ്റെഫിയ്ക്ക് പിന്തുണ കൊടുത്തതിനൊപ്പം വനിത സംഘടനയെ കുറിച്ച് കൂടി അയിഷ പറഞ്ഞിരിക്കുന്നത്.

  അയിഷ സുല്‍ത്താനയുടെ കുറിപ്പ് വായിക്കാം

  അയിഷ സുല്‍ത്താനയുടെ കുറിപ്പ് വായിക്കാം

  എനിക്കൊരു കാര്യം പറയണം. ഞാനൊരു ലക്ഷദ്വീപ്ക്കാരി ആണെന്ന് അറിയാലോ. ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്. പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടെയിരുന്നു. ആ കുട്ടിടെ ആത്മാര്‍ത്ഥത കണ്ടിട്ടാണ് ഞാന്‍ എനിക്ക് അറിയാവുന്ന കാര്യവും, കൂട്ടത്തില്‍ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫ്രന്‍സും എടുത്ത് കൊടുത്തത്.

  ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെര്‍മിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകള്‍ തന്നെയാണ്. അവര്‍ എല്ലാരും നാട്ടിലെത്തി. പാതി രാത്രി വിളിച്ച് ഡ്രസിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാര്‍ത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ. കാരണം എനിക്ക് മനസ്സിലായി, ആ കുട്ടിയെ അവര്‍ ആ സിനിമയില്‍ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു. ഞാന്‍ അപ്പോ വിളിച്ച് ചോദിക്കാത്തത് വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചാണ്.

  ഡബ്ല്യൂസിസിയോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക്ക് സംഘടനയിലെ ആ സംവിധായകയോട് ഈ കാരണത്താല്‍ അപ്പോ ദേഷ്യം തോന്നിയെങ്കിലും (സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയില്‍ നിന്നുള്ള ഒരാള്‍ കൂലി ചോദിച്ചതിന്റെ പേരില്‍ ഒരു കുട്ടിയെ അതും ഒരു പെണ്‍കുട്ടിയെ അവരുടെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിര്‍പ്പ് തോന്നിയത്. ഇതേ സംഘടനയിലെ അംഗങ്ങള്‍ ഒരിക്കല്‍ ഇരുന്ന് പറഞ്ഞല്ലോ 'പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നില്‍ക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലേ ആണുങ്ങളോട് ഈ സംഘടന എതിര്‍പ്പ് കാണിച്ചത്.

  കൂലി ചോദിച്ചാല്‍ പിരിച്ച് വിടുന്ന സംഘടനയിലെ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങള്‍ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മില്‍ വല്ല്യ വ്യത്യസമില്ലട്ടോ. രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങ്ങള്‍ ചെയ്ത് കൊടുത്തത്. ഇനിയും സഹായങ്ങള്‍ ചെയ്യും, കാരണം ഞങ്ങള്‍ സ്‌നേഹിച്ചത് സിനിമയെയാണ്.

  അല്ലാതെ ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പ് സിനിമയില്‍ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട് അല്ലാ. (ഈ വാക്ക് അല്ലേ സ്റ്റെഫിയോട് പറഞ്ഞത്) ഗീതു മോഹന്‍ദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്. അവരിലെ സംവിധായകയെ എനിക്ക് ഇഷ്ടമാണ്. അവരുടെ നിലപാടുകളെ ഞാന്‍ ഇന്നും എതിര്‍ക്കുന്നു. ഇപ്പോള്‍ സ്റ്റെഫി പേര് പറയാന്‍ മടിച്ച ആളുടെ പേര് നിങ്ങള്‍ക്ക് പിടികിട്ടി കാണുമല്ലോ. സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല. കാരണം നയങ്ങള്‍ സത്യസന്ധമായി നടപ്പാക്കുക. സത്യത്തിന്റെ കൂടെ നില്‍ക്കുക. അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂര്‍ണമായി എടുത്ത് മാറ്റുക. നമ്മള്‍ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്‌നേഹിച്ച്, പരസ്പരം മനുഷ്യരെ സ്‌നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം.

  English summary
  Aisha Sultana About WCC And Actress Geetu Mohandas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X