For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ദിവസമായിരുന്നു പ്രസാദ് പോയത്! വികാരധീനനായി സുരേഷ് പൊതുവാള്‍

  |

  അടുത്തിടെയായിരുന്നു ലൈറ്റ്മാനായ പ്രസാദ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. പ്രസാദിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് സംവിധായകനായ സുരേഷ് പൊതുവാള്‍.

  പ്രിയപ്പെട്ട പ്രസാദ്, നിന്റെ മകൾ പ്രാർത്ഥനയുടെ പിറന്നാളായിരുന്നല്ലോ തിങ്കളാഴ്ച.പിറ്റേന്ന് സന്ധ്യയ്ക്ക്,ഏതാണ്ടൊരു ആറാറര മണിക്ക്, പ്രകാശനാണ് ആ ഞെട്ടിക്കുന്ന വാർത്ത എന്നെ വിളിച്ചു പറയുന്നത്. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയെനിക്ക്. ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ വിട്ട്, വീട്ടിൽ ചെറിയൊരു സൂചന മാത്രം കൊടുത്ത്, ഞാനുടനെ നിന്റെ വീട്ടിലേക്ക് ചെന്നു. റോഡരികിലുള്ള ആ വീട്ടിലപ്പോൾ നിന്റെ അമ്മയോ,ഭാര്യയോ,കുട്ടികളോ ആരുംതന്നെ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.അതുകൊണ്ട് പിൻവശത്തുള്ള മണിയുടെ വീട്ടിലേക്ക് ഞാൻ നടന്നു.അവിടെ വല്ലാത്തൊരു പ്രഹരമേറ്റപോലെ,തികച്ചും നിസ്സഹായരായി തലയിൽ കൈവെച്ചുനിൽക്കുന്ന നിന്റെഏട്ടൻ മണിയെയും,നിന്നെപ്പോലെതന്നെ യൂണിറ്റിൽ വർക്ക്‌ചെയ്യുന്ന മണികണ്ഠനെയും ജയറാമിനെയുമെല്ലാമാണ് ഞാൻ കണ്ടത്.

  കണ്ണുനിറഞ്ഞുകൊണ്ടേ എനിക്കവിടെ കയറാൻ കഴിഞ്ഞുള്ളൂ പ്രസാദ്. സിനിമാമേഖല നിശ്ചലമായപ്പോൾ,തൊഴിലില്ലാതായിപ്പോയ നീ പലയാവർത്തി വിളിച്ച് ചോദിച്ചതുകൊണ്ടാണ് ഏഴിമലനേവൽബേസിലെ താത്ക്കാലിക ജോലിക്ക് നിന്നെ കൊണ്ടുപോയതെന്ന് മണികണ്ഠനും പിന്നെ സന്തോഷും പറഞ്ഞു. ജോലിക്കു ചെന്ന ആദ്യ ദിവസം തന്നെ,അതും വൈകീട്ട് വീട്ടിലേക്ക് തിരിച്ചുപോകാൻ നേരത്താണ് ഇങ്ങനെയൊരു അപ്രതീക്ഷിതമായ അപകടം നിനക്ക് സംഭവിച്ചതെന്നുകൂടി അവർ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി പ്രസാദ്. ഞാൻ മാത്രമല്ല,നാട് മുഴുവൻ ഞെട്ടി വിറച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.ആർക്കും തന്നെ വിശ്വസിക്കാനോ പൊരുത്തപ്പെടാനോ പറ്റാത്ത അവസ്ഥ. സുരേഷ് പൊതുവാളിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  ദുരന്തവാര്‍ത്ത

  ദുരന്തവാര്‍ത്ത

  സമനില കൈവരിക്കാൻ ശ്രമിച്ച്, ഞാനുടനെ നിന്റെ സിനിമാസ്ഥാപനമായ രജപുത്ര വിഷ്വൽ മീഡിയയുടെ രഞ്ജിത്തേട്ടനെ വിളിച്ചു. പ്രൊഡ്യൂസർ അസോസിയേഷൻപ്രസിഡന്റ് കൂടിയായ അദ്ദേഹം വഴിയാണ് നിന്റെ വിയോഗം പിന്നെ മലയാള സിനിമാലോകം ഒന്നടങ്കമറിയുന്നത്. മമ്മുക്കയും ലാലേട്ടനും പൃഥ്വിയും നിവിനും ആസിഫും ഇന്ദ്രജിത്തും ഉണ്ണിമുകുന്ദനും അജു വർഗീസും ഇർഷാദും സിദ്ധിഖേട്ടനും, മാലാപാർവ്വതിയും, സന്തോഷ്‌ കീഴാറ്റൂരും,സുബീഷും പിന്നെ സംവിധായകരായ ആഷിഖ് അബുവും അജയ് വാസുദേവും ജോണിആന്റണിയും, പ്രജേഷ്സെന്നും,നമ്മുടെ മൃദുലും രതീഷും എന്നുവേണ്ട മലയാള സിനിമാവേദി ഒന്നടങ്കം കോവിഡ് കാലത്തെ ആ ദുരന്തവാർത്ത വേദനയോടെ പങ്കുവെയ്ക്കുന്നതാണ് പിന്നെ മലയാളികൾ കണ്ടത്.

  ഓർമ്മിച്ചെടുത്തത്

  ഓർമ്മിച്ചെടുത്തത്

  നാട്ടിലെ സുഹൃത്തുക്കളെല്ലാം നിന്റെ ക്രിക്കറ്റ്‌ കമ്പവും നിനക്ക് ഹിന്ദിപ്പാട്ടുകളോടുള്ള ഇഷ്ടവുമെല്ലാം ഓർത്തും പങ്കുവെച്ചും വിതുമ്പുന്നതാണ് കണ്ടത്.ചുരുക്കത്തിൽ,സ്ത്രീപുരുഷ ഭേദമന്യേ നിന്നെയറിയാവുന്ന ജനങ്ങൾ മുഴുവൻ അങ്ങനെ വല്ലാത്ത ഒരുതരം ഓർമ്മപ്പെയ്ത്തിലായിരുന്നു പ്രസാദ്. എന്നും നല്ല വസ്ത്രം ധരിച്ച് നടന്നിരുന്ന,എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന, മിതമായി മാത്രം സംസാരിച്ചിരുന്ന നിന്നെക്കുറിച്ച് പറയാൻ അവർക്കെല്ലാം ഒരുപാട് കാര്യങ്ങളു ണ്ടായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അല്ലെങ്കിലും അതങ്ങനെയാണല്ലോ പ്രസാദ്.

  കൂടെനിന്നു

  കൂടെനിന്നു

  എന്നാൽ അതിനെല്ലാം അപ്പുറത്തുള്ള നിന്റെ മറ്റൊരു സ്വഭാവവൈശിഷ്ട്യമാണ് എന്നെയും നിന്നെയും തമ്മിലടുപ്പിച്ചതെന്ന് ഞാനിന്നും വ്യക്തമായോർക്കുന്നു.ഈ പുതിയ കാലത്ത്, മനുഷ്യരിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന അലിവും കരുണയും പ്രതിസന്ധികളിൽ കൂടെ നിൽക്കാനുള്ള സന്മനസ്സും സന്നദ്ധതയുമൊക്കെ ആവോളമുള്ളവരായിരുന്നു നീയും മണിയുമൊക്കെ.അതാണ് അടുത്ത ബന്ധുക്കളെക്കാൾ നിങ്ങളെയെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാക്കിയത്.കുടുംബദുഃഖങ്ങൾ നേരിടാൻ പലപ്പോഴും കൂടപ്പിറപ്പുകളെപ്പോലെ നിങ്ങളെന്റെ കൂടെനിന്നു.

  സ്ത്രീ ഒരു സാന്ത്വനം ചെയ്യുന്ന സമയത്ത്

  സ്ത്രീ ഒരു സാന്ത്വനം ചെയ്യുന്ന സമയത്ത്

  പൂജപ്പുരയിലെ വാടക വീട്ടിൽ നീയും ഞാനും കൃഷ്ണകുമാറുമൊക്കെ ഒരു കുടുംബം പോലെ കഴിഞ്ഞ നാളുകൾ. രഞ്ജിത്തേട്ടൻ നിർമ്മിച്ച്, അദ്ദേഹത്തിന്റെ ഭാര്യ ചിപ്പി നായികയായി അഭിനയിക്കുന്ന ' സ്ത്രീ ഒരു സാന്ത്വനം 'എന്ന മെഗാസീരിയൽ ഞാൻ എഴുതുന്ന കാലമായിരുന്നു അത്‌. അദ്ദേഹം 'രജപുത്ര' എന്ന ഔട്ട്‌ ഡോർ യൂണിറ്റ് തുടങ്ങിയ കാലം.നിന്റെ കാര്യമൊന്നു സൂചിപ്പിക്കുകയേ എനിക്ക് വേണ്ടിവന്നുള്ളൂ.രഞ്ജിത്തേട്ടൻ നിനക്കവിടെ ജോലി തന്നു.

  പരാതികളേതുമില്ലാതെ

  പരാതികളേതുമില്ലാതെ

  നല്ല കഠിനാധ്വാനവും കായികശേഷിയുമാവശ്യമുള്ള ജോലിയാണ് ഒരു ലൈറ്റ്മാന്റേത്. പക്ഷെ പരാതികളേതുമില്ലാതെ നീയാ പണിയെടുത്തു.നീയതുമായി പൊരുത്തപ്പെട്ടു.അവർക്ക് നിന്നെ ഇഷ്ടമായി, നീ അവരിലൊരാളായി.ഒരു ഏട്ടനു തുല്ല്യം നീ സ്നേഹിച്ച എനിക്കാവട്ടെ ഏറെ സന്തോഷവുമായി.വളരെ ആത്മാർത്ഥമായി ആസ്വദിച്ചുകൊണ്ടുതന്നെയാണ് സിനിമാമേഖലയിലെ ആ ജോലി നാളിതുവരെയും നീ ചെയ്തുവന്നത്.അതുകൊണ്ടാണല്ലോ, നിന്നോടൊപ്പം വർക്ക് ചെയ്ത പല താരങ്ങളും ക്യാമറാമാന്മാരും സംവിധായകരും സഹപ്രവർത്തകരുമൊക്കെ ഇന്നിപ്പോൾ പറയുന്നത്, നല്ല പയ്യനായിരുന്നു,നിന്നെ വലിയ ഇഷ്ടമായിരുന്നു എന്നൊക്കെ.

  വിവാഹത്തോടെ

  വിവാഹത്തോടെ

  വിവാഹം, ഭാര്യ, മക്കൾ, തുടങ്ങിയ പുതിയ ഘട്ടങ്ങളിലേക്ക് കടന്നതോടെയാണ്,നമ്മൾ തമ്മിലുള്ള കണ്ടുമുട്ടലുകളും കൂടിച്ചേരലുകളും കുറഞ്ഞു തുടങ്ങിയത്.എന്റെ കല്ല്യാണത്തിന് നീയും നിന്റേതിന് ഞാനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നെന്ന് ഇന്നലെക്കഴിഞ്ഞതുപോലെ ഞാനോർക്കുന്നു. സത്യത്തിൽ
  നീയും രാജേശ്വരിയും വലിയ അല്ലലില്ലാതെ ജീവിക്കുന്നതിൽ എനിക്കേറെ സന്തോഷവും തോന്നിയിരുന്നു.പിന്നെ എട്ടും രണ്ടും വയസ്സുമാത്രം പ്രായമുള്ള നിന്റെ രണ്ടു കുട്ടികൾ, പ്രാർത്ഥനയും ശ്രേയസ്സും.മക്കൾക്ക് നീ കൊടുത്ത ആ പേരുകളിൽപ്പോലുമുണ്ടായിരുന്നു,നിന്റെ ക്യാരക്ടർ,നിന്റെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ.അവയെല്ലാമാണ് പ്രസാദ്, നിന്നോടൊപ്പം വിധി ഒറ്റയടിക്ക് അപഹരിച്ചു കളഞ്ഞത്.

  കുടുംബം അനാഥമാവില്ല

  കുടുംബം അനാഥമാവില്ല

  ഒരു കാര്യം ഞാൻ ഉറപ്പ് തരുന്നു. ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമടങ്ങുന്ന നിന്റെ കുടുംബം ഒരിക്കലും അനാഥമാവില്ല. രഞ്ജിത്തേട്ടനും മലയാള സിനിമയും,അവരുടെ മുന്നോട്ടുള്ള കാര്യങ്ങളിൽ കൂടെയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ നാട്ടിലെ നിന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കളും സംഘടനകളുമൊന്നും ഇക്കാര്യത്തിൽ വെറുതെയിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. അത്തരം എല്ലാശ്രമങ്ങളുടെയും മുൻപന്തിയിൽ ഞാനുമുണ്ടാവുമെന്ന് മനസ്സു തുറന്ന് നിന്നെ അറിയിക്കട്ടെ. നിർത്തുന്നു, നീയവിടെ സമാധാനത്തോടെയിരിക്കുക.അതേ വിധികല്പന വരുന്നതോളം കാലം ഞാനിവിടെയുണ്ട്, നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്.ശാന്തമായി, സമാധാനമായി, നീ ഉറങ്ങുക, ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

  Read more about: director
  English summary
  Director Suresh Pothuval getting emotional when talks about lightman Prasad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X