twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല സിനിമ വേണ്ടാത്തവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിച്ച് ബിജു

    By Lakshmi
    |

    ദേശീയ തലത്തില്‍ വീണ്ടും നേട്ടം കൊയ്തിരിക്കുകയാണ് സിനിമയില്‍ വേറിട്ടപാതയില്‍ നടക്കുന്ന സംവിധായകനായ ഡോക്ടര്‍ ബിജു. 2005ല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ സൈറയിലൂടെതന്നെ ശ്രദ്ധനേടിയ സംവിധായകനാണ് ബിജു. സൈറ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടുകയും അന്താരാഷ്ട്രതലത്തില്‍ നടന്ന പല ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

    ഇപ്പോള്‍ അഞ്ചാമത്തെ ചിത്രമായ പേരറിയാത്തവരും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം നേടി, മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും പേരറിയാത്തവര്‍ തന്നെയാണ്.

    Dr Biju
    തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ ജീവിതത്തിലൂടെ കേരളത്തിന്റെ സമകാലിക ചരിത്രം പറയുന്ന ചിത്രമാണ് പേരറിയാത്തവര്‍. മികച്ച സന്ദേശമുള്‍ക്കൊള്ളുന്ന ചിത്രം ജീവിതമൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിയ്ക്കുന്നു.

    മികച്ച സിനിമ വേണ്ടെന്ന് പറയുന്നവര്‍ക്ക് അവ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവാത്ത തിയേറ്റര്‍ ഉടമകള്‍ക്കും അവയ്ക്ക് സാറ്റലൈറ്റ് തുകയിടാന്‍ തയ്യാറാവാത്ത ചാനലുകള്‍ക്കും വേണ്ടിയാണ് താനീ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്നാണ് ദേശീയ പുരസ്‌കാര പ്രഖ്യാപനം അറിഞ്ഞശേഷം ബിജു പ്രതികരിച്ചത്.

    സുരാജ് ഈ പുരസ്‌കാരത്തിന് തീര്‍ത്തും അര്‍ഹനാണെന്നും ബിജു വ്യക്തമാക്കി. ആര്‍ക്കൊപ്പവും അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ച പരിചയമില്ലാതെ നേരിട്ട് സംവിധായകനാവുകയും സിനിമയുടെ കാര്യങ്ങള്‍ സ്വയം പഠിച്ചെടുക്കുകയും ചെയ്തയാളാണ് ബിജു.

    ഹോമിയോപ്പതി ഡോക്ടറായ ബിജു കുമാര്‍ ദാമോദരന്‍ എന്ന ബിജു ഏറെ തടസ്സങ്ങള്‍ ഭേദിച്ചാണ് സിനിമയില്‍ സ്വന്തം മുദ്ര പതിപ്പിച്ചത്. ഡോക്ടറായതിന് ശേഷമാണ് ബിജു ചലച്ചിത്രമേഖലയിലേയ്ക്ക് തിരിഞ്ഞത്.

    തീവ്രവാദത്തെ വിഷയമാക്കിയാണ് ബിജു ആദ്യ ചിത്രമായ സൈറ സംവിധാനം ചെയ്തത്. പിന്നീട് ചെയ്ത രാമന്‍ എന്ന ചിത്രവും പല ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു.

    പിന്നീടാണ് പൃഥ്വിരാജിനെ നായകനാക്കി തീവ്രവാദത്തിന്റെ പ്രതിഫലനങ്ങളുമായി വീട്ടിലേയ്ക്കുള്ള വഴി എന്ന ചിത്രം ബിജു സംവിധാനം ചെയ്തത്. ഇതും മികച്ച മലയാളചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ഒട്ടേറെ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.

    പുരസ്‌കാരങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ ഇങ്ങനെയെല്ലാമായിരിക്കണമെന്ന പതിവ് ചട്ടക്കൂടുകളില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ബിജുവിന്റെ ചിത്രങ്ങള്‍. സാധാരണക്കാര്‍ക്ക് മനസിലാവാത്ത തരത്തിലുള്ളഅതിഭാവുകത്വങ്ങള്‍ ഒന്നും തന്നെ ബിജുവിന്റെ ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ല. ഹൃദയഹാരിയായിത്തന്നെയാണ് ബിജു കഥപറയുന്നത്.

    2012ല്‍ ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറമെന്ന ചിത്രവും പുരസ്‌കാരങ്ങളാലും അംഗീകാരങ്ങളും സമ്പന്നമായ ചിത്രമാണ്. മനോഹരമായ ഒരു ചലച്ചിത്രമായിരുന്നു ആകാശത്തിന്റെ നിറം.

    പേരറിയാത്തവര്‍ എന്ന ചിത്രത്തിന് ശേഷം പെയിന്റിങ് ലൈഫ് എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ബിജു. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ബിജുവിലെ ചലച്ചിത്രകാരന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിയ്ക്കാം.

    English summary
    Nationa Award Winning Director Dr Biju doesn't have any academic training in Film Direction, and not worked as an assistant director, he is a self taught director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X