For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രകൃതി പോലും നിശ്ചലമാകുന്നു, ജനിക്കുന്നെങ്കിൽ മമ്മൂട്ടിയെ പോലെ ജനിക്കണം എന്ന് തോന്നി'

  |

  എല്ലാവരും ആരാധനയോടെ നോക്കുന്ന പ്രതിഭയാണ് നടൻ മമ്മൂട്ടി. അദ്ദേഹത്തെ ഒന്ന് കാണാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും ആ​ഗ്രഹിക്കാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല. ഇന്ന് അദ്ദേഹം ഇരിക്കുന്ന മെ​ഗാസ്റ്റാറിന്റെ സിംഹാസാനം ജനിച്ചപ്പോൾ മുതൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നതല്ല. സ്വപ്രയത്നത്തിലൂടെ അദ്ദേഹം നേടിയതാണ്. നിരവദി ഉയർച്ചകളും താഴ്ചകളും അദ്ദേഹത്തിന്റെ ജീവിത്തിൽ ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ ഒരിടയ്ക്ക് തുടരെ തുടരെ പരാജയം ഏറ്റുവാങ്ങിയ സമയം പോലും ഉണ്ടായിരുന്നു. എല്ലാത്തിനേയും മറികടന്നാണ് അദ്ദേഹം ഇന്ന് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരനായി നിലകൊള്ളുന്നത്.

  Also Read: മലയാളിയെ നെഞ്ചുവിരിച്ച് നിക്കാന്‍ ശീലിപ്പിച്ച സൂപ്പർ സ്റ്റാർ; ജയനെക്കുറിച്ച് ചില അറിയാക്കഥകള്‍

  ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം ഇന്ന് കാണുന്ന നായകപദവിയിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും ഇം​ഗ്ലീഷിലുമെല്ലാം അദ്ദേഹം അഭിനയിച്ച് കഴിഞ്ഞു. ഇന്നേവരെ സംവിധാനത്തിലേക്ക് തിരിഞ്ഞിട്ടില്ല എന്നേയുള്ളൂ. സിനിമയുടെ എല്ലാ ടെക്നിക്കൽ വശങ്ങളെ കുറിച്ചും മമ്മൂട്ടിക്ക് നല്ല അവ​ഗാഹമുണ്ട്. ആ​ഗസ്റ്റിലാണ് അദ്ദേഹം സിനിമാ ജീവിതത്തിന്റെ അമ്പത് വർഷങ്ങൾ കൊണ്ടാടിയത്. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി മഹാനടന്‍ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.

  Also Read: ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച സിനിമാനടിമാര്‍

  ഒരു ഓഗസ്റ്റ് ആറാം തിയ്യതിയാണ് മമ്മൂട്ടി എന്ന നടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിൽ വെറും ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു മമ്മൂട്ടി. വിവിധ ഭാഷകളിലായി 400ലേറെ സിനിമകൾ മമ്മൂട്ടി പൂർത്തിയാക്കി കഴിഞ്ഞു. ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നിരവധി ഫിലിം ഫെയർ പുരസ്കാരങ്ങളും കേരള-കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും നേടിയ ഡോക്ടറേറ്റും മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മറ്റ് മുതൽക്കൂട്ടുകളാണ്.

  സിനിമയെന്നാൽ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. തീരാമോഹത്തോടെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് ചെല്ലാൻ പോലും മടികാണിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന് പലതവണ അദ്ദേഹത്തെ അടുത്ത് പരിചയമുള്ളവർ പറഞ്ഞിട്ടുണ്ട്. പുതുമുഖങ്ങൾക്ക് പോലും ഡേറ്റ് നൽകാനും അവരുടെ സിനിമകളെ പ്രോത്സാഹിപ്പിക്കാനും മമ്മൂട്ടി ശ്രമിക്കാറുണ്ട്. ലാല്‍ജോസ്, അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ് എന്നീ പ്രമുഖ സംവിധായകരെല്ലാം മമ്മൂട്ടി സിനിമകളിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചവരാണ്. നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നും താല്‍പര്യമുള്ള കാര്യമാണെന്നും രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് താൻ കരുതുന്നുവെന്നുമാണ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്.

  ഇപ്പോൾ യാദൃശ്ചികമായി മമ്മൂട്ടിയെ കണ്ട അനുഭവത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് കലാകാരനായ മുൻഷി രഞ്ജിത്ത്. ഏഷ്യാനെറ്റിലെ മുന്‍ഷിയിലൂടെയാണ് മുന്‍ഷി രഞ്ജിത്ത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട കലാകാരനായത്. ജയന്റെ സിനിമകൾ സ്വാധീനിച്ചാണ് അഭിനയ മോഹം ഉടലെടുത്തതെന്ന് മുൻഷി രഞ്ജിത്ത് പറഞ്ഞിട്ടുണ്ട്. വിനയന്റെ യക്ഷിയും ഞാനും സിനിമയില്‍ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്. കന്നട നടി മേ​ഘ്ന രാജാണ് ചിത്രത്തിൽ നായികയായത്. വരാനിരിക്കുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും മുൻഷി രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്. ചാൻസ് തേടി നടക്കുന്ന കാലത്ത് ഒരിക്കൽ ഒരു ലൊക്കേഷനിൽ ചെന്നപ്പോൾ മമ്മൂട്ടിയെ കാണാൻ സാധിച്ചുവെന്നും കാറിൽ രാജകീയമായി വന്നിറങ്ങുന്ന മമ്മൂട്ടിയെ കണ്ടപ്പോൾ ജനിക്കുന്നെങ്കിൽ മമ്മൂട്ടിയായി ജനിക്കണമെന്ന് അറിയാതെ ആ​ഗ്രഹിച്ചുപോയിയെന്നുമാണ് മുൻഷി രഞ്ജിത്ത് പറയുന്നത്.

  'സംവിധായകൻ കെ.മധു സാറിനെ യുഎഇയിൽ വെച്ച് ഒരിക്കൽ പരിചയപ്പെടാൻ ഇടയായി. ചാൻസ് തേടി നടക്കുന്ന കാലത്ത് ഒരിക്കൽ മധു സാറിന്റെ വീട്ടിൽ ചാൻസ് ചോദിച്ച് പോയി. അദ്ദേഹം അന്ന് മമ്മൂട്ടിയെ വെച്ച് ​ഗോഡ്മാൻ എന്ന സിനിമ സംവിധാനം ചെയ്യുകയായിരുന്നു. അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടപ്പോൾ നെയ്യാറ്റിൻകരയിലെ ലൊക്കേഷനിൽ പോയി വിനുവന്ന ആളെ കാണാൻ പറഞ്ഞയച്ചു. ഞാൻ അവിടേക്ക് പോയി അയാളെ കണ്ടു. ഞാൻ ചെല്ലുമ്പോൾ സുന്ദരന്മാരായ ഒരുപാട് പേർ എന്നെ പോലെ അവിടെ ചാൻസ് ചോദിച്ച് വന്ന് അവസരത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ അന്ന് കാണണമെങ്കിൽ തന്നെ മഷിയിട്ട് നോക്കണ്ട അവസ്ഥയാണ്. അത്ര മെലിഞ്ഞ ആളായിരുന്നു ‍ഞാൻ. ശരീര മെലിഞ്ഞിട്ടും അഭിനയിക്കണമെന്ന ആ​ഗ്രഹം വലുതായും ഉണ്ടായിരുന്നു. ഞാൻ അവിടെ അവസരത്തിനായി കാത്തുനിൽക്കുമ്പോഴാണ് സെറ്റിലേക്ക് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി ഡ്രൈവ് ചെയ്ത് വരും. കാറിൽ നിന്ന് ഇറങ്ങും. ഡോർ അടയ്ക്കില്ല. അപ്പോഴേക്കും ഡ്രൈവർ ഇറങ്ങിവന്ന് ഡോർ അടച്ച് കാർ മാറ്റി പാർക്ക് ചെയ്യും. മമ്മൂട്ടി അപ്പോൾ നെഞ്ച് വിരിച്ച് നടന്നുപോകും. ഒരു രാജകീയ പ്രൗഢിയാണ് അത് കാണാൻ തന്നെ. അദ്ദേഹം വന്നപ്പോഴേക്കും സെറ്റും പ്രകൃതിയും വരെ നിശബ്ദമായി. ആ പ്രൗഢമായ വരവ് കണ്ടപ്പോൾ ജനിക്കുന്നെങ്കിൽ മമ്മൂട്ടിയായിട്ട് ജനിക്കണമെന്ന് അന്ന് ഞാൻ മനസിൽ ചിന്തിച്ചു' മുൻഷി രഞ്ജിത്ത് പറഞ്ഞു.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  വൺ, പ്രീസ്റ്റ് എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി സിനിമകൾ. ബോബിയും സഞ്ജയും ചേർന്ന് തിരക്കഥയെഴുതിയ വൺ പൊളിറ്റിക്കൽ ഡ്രാമയായിരുന്നു. കടയ്ക്കൽ ചന്ദ്രനെന്ന മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തത്. പ്രീസ്റ്റിൽ മമ്മൂട്ടിക്കൊപ്പം നടി മഞ്ജു വാര്യരും അഭിനയിച്ചിരുന്നു. ഇനി വരാനിരിക്കുന്ന മമ്മൂട്ടി സിനിമകൾ പുഴു, ഭീഷ്മ പർവം എന്നിവയാണ്. പുഴുവിൽ നടി പാർവതി തിരുവോത്ത് ആണ് മമ്മൂട്ടിയുടെ നായിക. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് നിർമാണം. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ഭീഷ്മ പർവം അമൽ നീരദാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി സിനിമകളിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഭീഷ്മ പർവം.

  English summary
  'i want to live like mammootty sir', Artist Munshi Ranjith speaks about his experience with Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X