For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൊടിനിറഞ്ഞ ഫ്‌ളോറിലേക്ക് പരാതികളൊന്നുമില്ലാതെ മീര വന്നു'! വൈറലായി പോസ്റ്റ്

  |

  റണ്‍ എന്ന തമിഴ് ചിത്രം വിജയമായ സമയത്ത് എടുത്ത മീരാ ജാസ്മിന്റെ ഫോട്ടോഷൂട്ട് അനുഭവങ്ങള്‍ പങ്കുവെച്ച് ജമേഷ് കോട്ടക്കല്‍. നമ്പര്‍ വണ്‍ നായികയായി കത്തിനില്‍ക്കുമ്പോഴും അന്നത്തെ ആ പൊടിനിറഞ്ഞ മുറിയിലേക്ക് പരാതികളൊന്നുമില്ലാതെ വന്ന് മീര ഫോട്ടോഷൂട്ട് തീര്‍ത്തുപോയതിനെക്കുറിച്ചാണ് കുറിപ്പ്. മീരയുടെ ഫോട്ടോഷൂട്ടിന് ശേഷമാണ് തന്റെ നല്ല രാശി തുടങ്ങിയതെന്നും ജമേഷ് കോട്ടക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

  'വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ഡോക്ടറും മീരാജാസ്മിനും' ; 2002 ല്‍ ഇറങ്ങിയ 'നമ്മള്‍' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ ഞാന്‍ ഒരു വേഷം ചെയ്തിരുന്നു. ഫോട്ടോഗ്രഫിയില്‍ നിന്നുണ്ടായ സിനിമാ സൗഹൃദങ്ങള്‍ തന്ന അവസരം. 'നമ്മളി'ലെ നായകരായ ജിഷ്ണുവിന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും കോളെജ് കൂട്ടുകാരില്‍ ഒരാളായി ഞാന്‍ അഭിനയിച്ചുതകര്‍ത്തു. സിനിമ കാണുമ്പോള്‍ പലപ്പോഴും എനിക്ക് എന്നെ സ്‌ക്രീനില്‍ കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കിലും നാട്ടുകാര്‍ക്കാര്‍ക്കും എന്റത്രയും കഴിവോ വിവരമോ ഉണ്ടായിരുന്നില്ല.

  എന്റെ വളരെ അടുത്ത കൂട്ടുകാരിലൊരാള്‍ പോലും ഞാനുള്ള സീനില്‍ ജിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നതല്ലാതെ എന്നെ ശ്രദ്ധിച്ചില്ല! അവന്റെ കഷ്ടകാലത്തിന് ഇക്കാര്യം ഞാന്‍ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞാല്‍ അവനെ കൈകകാര്യം ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവന്റെ ബൈക്കിന്റെ പിറകിലിരുന്നാണ് പടം കാണാന്‍ വന്നത് എന്നതിനാല്‍ വലിയ പ്രശ്‌നമുണ്ടാക്കാതെ ഞാന്‍ അടങ്ങി. എന്തായാലും 'നമ്മള്‍' കാലം കഴിഞ്ഞതോടെ അഭിനയമോഹത്തിന് ഇടിവുവരികയും ഞാന്‍ കൊച്ചിയിലേക്ക് ക്യാമറയും അനുബന്ധ സാധനങ്ങളും ഭാര്യയും കുട്ടിയുമായി ചേക്കേറുകയും ചെയ്തു.

  ഫോട്ടോഗ്രാഫി കൂടുതല്‍ സീരിയസായി ചെയ്യണമെന്ന ഉറച്ച തീരുമാനവുമായിട്ടായിരുന്നു ആ കൂടുമാറ്റം. അതിനായി ഒരു മീഡിയം ഫോര്‍മാറ്റ് ക്യാമറ പുതുതായി വാങ്ങുകയും ചെയ്തിരുന്നു. കൊച്ചിയില്‍ ഒരു വീട് വാടകക്കെടുത്തു. പിറവത്തുള്ള ഒരു ഡോക്ടറാണ് ഉടമ. താമസം തുടങ്ങിയതിന്റെ പിറ്റേദിവസം തന്നെ ഒരു ഫോട്ടോഷൂട്ടും നടത്തേണ്ടി വന്നു. ഗീതുമോഹന്‍ദാസ് ആയിരുന്നു താരം. വീടിന്റെ ഹാളിനകത്ത് ലൈറ്റ് ഒക്കെ സെറ്റ് ചെയ്ത് രാത്രിയായിരുന്നു ഷൂട്ട്.

  ഗീതു അന്നേ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അതിനാല്‍ ആദ്യത്തെ ഫോട്ടോഷൂട്ട് പരാധീനതകള്‍ക്കിടയിലും വളരെ സന്തോഷകരമായി നടന്നു. പുതിയ ക്യാമറയില്‍ നല്ല റിസല്‍ട്ട് കിട്ടി. ഗീതു നല്ല സുന്ദരിയായി സ്‌ക്രീനില്‍ റിഫ്‌ളക്ടട് ചെയ്തു. താഴെയുള്ള ഫോട്ടോ അന്നെടുത്തതാണ്. ഗീതുവിന്റെ കൈയിലുള്ള എന്റെ മകന്‍ ജിത്തുവിന് അന്ന് പ്രായം ഒരു വയസ്. അന്നത്തെ ഷൂട്ടിംഗിനിടയില്‍ ഭാര്യ ആപ്പിള്‍ ഒരെണ്ണം ചെത്തിതന്ന് കഴിച്ചത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.

  പക്ഷേ കാര്യമുണ്ടായില്ല പിറ്റേദിവസം രാവിലെ തന്നെ വീട്ടുടമസ്ഥനായ ഡോക്ടര്‍ വീട്ടിലെത്തി. നാട്ടുകാരോ ഉല്‍സാഹിച്ച് ഏഷണി കൊടുത്തതാണ്. 'വീട് താമസത്തിന് മാത്രമേ ഉപയോഗിക്കൂ എന്നാണ് കരുതിയത്. ഫോട്ടോഷൂട്ട് ബുദ്ധിമുട്ടാണ് ജമേഷ് ' എന്നായി ഡോക്ടര്‍. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുമെന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നതായിരുന്നു. എങ്കിലും തര്‍ക്കിക്കാന്‍ പോയില്ല. ഒന്നുരണ്ട് മാസത്തിനകം ബുദ്ധിമുട്ടില്ലെങ്കില്‍ മാറിത്തരണം എന്ന ഡോക്ടറുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു.

  അങ്ങനെ വീണ്ടും സ്റ്റുഡിയോക്കായി അന്വേഷണം. ഫോട്ടോഷൂട്ടുകള്‍ ആണെങ്കില്‍ ക്യൂവിലും. ടെന്‍ഷനായി നടന്ന അക്കാലത്താണ് ഒരു ബ്രോക്കര്‍ വഴി ഇപ്പോഴുള്ള ഈ ഫ്‌ളോര്‍ മുന്നില്‍ വന്ന് അവതരിക്കുന്നത്. ആദ്യം കണ്ട കാഴ്ച ഒരിക്കലും മറക്കില്ല. സിനിമയിലെ പ്രേതസീനുകള്‍ എടുക്കാന്‍ പ്രത്യേകിച്ച് സെറ്റ് ഒന്നും ഇടേണ്ട കാര്യമില്ല. പൊടിനിറഞ്ഞ് കിടക്കുന്ന ഒരിടം. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സംഭവം. എന്തായാലും എനിക്ക് എന്തോ ഒരു പ്രതീക്ഷയും ഇഷ്ടവും തോന്നി.

  അന്നത്തെ കൊച്ചിയുടെ നിലവാരം വെച്ചുനോക്കുമ്പോള്‍ വാടക തീരെ കുറവ്. അപ്പോ ഇഷ്ടം തോന്നുക സ്വാഭാവികം.ഫര്‍ണീച്ചറുകളും ക്യാമറാ എക്യുപ്‌മെന്റുകളും ലൈറ്റുകളും ഒക്കെ ഷിഫ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഉച്ചകഴിഞ്ഞു. അന്നേദിവസം വൈകുന്നേരം ആ ഫ്‌ലോറില്‍ വെച്ച് എനിക്കൊരു ഫോട്ടോഷൂട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. നായിക മീരാജാസ്മിന്‍. കുറെക്കാലം മുമ്പ് സൂത്രധാരന്റെ സെറ്റിലേക്ക് ലോഹിയേട്ടന്‍ വിളിപ്പിച്ച് പുതുമുഖ നായികയുടെ കുറച്ച് സ്റ്റില്ലുകള്‍ എടുപ്പിച്ചതാണ് മീരയുമായുള്ള ഏക ബന്ധം.

  പരക്കം പാഞ്ഞ് എന്റെ സഹായികള്‍ വിയര്‍ത്തുകുളിച്ചു. ടെന്‍ഷനിച്ച് ഞാനും. കാര്യങ്ങള്‍ എവിടെയും എത്തുന്നില്ല. താമസിയാതെ എന്റെ പകുതിമാത്രം ഒരുക്കങ്ങള്‍ കഴിഞ്ഞ, വൃത്തികേടിനുള്ള ഫിലിംഫെയര്‍ അവര്‍ഡുണ്ടെങ്കില്‍ അത് വാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന, പൊടിനിറഞ്ഞ ഫ്‌ളോറിലേക്ക് മീര നെറ്റി ചുളിക്കാതെ ചിരിച്ചുകൊണ്ട് കയറിവന്നു. വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങള്‍ പല മൂലകളിലേക്കും നീക്കിവെച്ച് ലൈറ്റുകളും ബാക്‌ഡ്രോപ്പും സെറ്റുചെയ്യുന്നത് മീരയും അമ്മയും മുഷിപ്പില്ലാതെ നോക്കിയിരുന്നു.

  അന്ന് തെന്നിന്ത്യയിലെ സുപ്പര്‍ നായികാ പട്ടത്തിലേക്ക് മീരാ ജാസ്മിന്‍ എന്ന നടി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. മാധവന്‍ നായകനായ തമിഴ് സിനിമ 'റണ്‍' തമിഴ്‌നാട്ടിലും ഒപ്പം കേരളത്തിലും തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. മീരയെ കാണാന്‍ റോഡില്‍ ആളുകള്‍ ഇരമ്പി കൂടുന്ന കാലം. അന്ന് മീരയുടെ കുസൃതിക്കണ്ണുകളിലേക്ക് മിന്നിച്ച സോഫ്റ്റ് ഫ്‌ലാഷില്‍ നിന്ന് കിട്ടിയ തെളിച്ചം ആ ഫ്‌ലോറിലാകെ നിറഞ്ഞു. പൊടിയും ചിതറിക്കിടക്കുന്ന വൃത്തിയില്ലായ്മയും എല്ലാവരും മറന്നു. രാത്രി പന്ത്രണ്ടരവരെ ഷൂട്ട് നീണ്ടുപോയി.

  'പ്രശസ്തനായ മകന് കാണാന്‍ കഴിയാതെ പോയ സ്വന്തം അമ്മയുടെ ചിത്രം'! പ്രേംനസീറിനെക്കുറിച്ച് ആലപ്പി അഷ്‌റഫ്

  അസമയത്ത് ഞങ്ങള്‍ എവിടെയോ പോയി സംഘടിപ്പിച്ച ഭക്ഷണം പരാതിയില്ലാതെ കഴിച്ച് മീരയും അമ്മയും യാത്ര പറഞ്ഞുപോയി. അതിനുശേഷം ആ ഫ്‌ളോര്‍ എന്റെ രാശിയായി. ചിത്രഭൂമിക്കായുള്ള ഷൂട്ടിനായി താരങ്ങളും പോര്‍ട്ട് ഫോളിയോകള്‍ക്കായി ഫാഷന്‍ മോഡലുകളും നിരവധി സിനിമാമോഹികളും ഇടതടവിലാതെ കയറിവന്നു. സ്റ്റുഡിയോ ഫ്‌ലോറും ഓരോ വര്‍ഷവും ആരോഗ്യം മെച്ചപ്പെടുത്തി സുന്ദരിയായി മാറിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും കാര്‍പറ്റ് വിരിച്ച പടികള്‍ ചവുട്ടി എയര്‍ഫ്രഷ്‌നര്‍ സുഗന്ധം പരത്തുന്ന ഫ്‌ളോറിലേക്ക് കയറിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആ പൊടിമണക്കുന്ന ആദ്യത്തെ ദിനം ഓര്‍ക്കും. താങ്ക്സ് മീര'. എന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒരു നോട്ടം പോലും തരാതിരുന്ന അന്നത്തെ ആ നല്ല ദിവസത്തിന്.

  മോഹന്‍ലാല്‍,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍! മാതൃദിന ആശംസകളുമായി താരങ്ങള്‍! കാണാം

  Read more about: meera jasmin
  English summary
  Jamesh kottakkal Posted About Meera Jasmine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X