For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു! അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

  |

  നടന്‍ തിലകന്റെ മൂത്തമകന്‍ ഷാജി തിലകന്‍ അന്തരിച്ചു. ചാലക്കുടിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരന്മാരായ ഷമ്മിയ്ക്കും ഷോബിയ്ക്കും പിന്നാലെ ഷാജിയും സീരിയല്‍ രംഗത്ത് ശ്രദ്ധേനായിരുന്നു. സിനിമാ രംഗത്ത് നിന്നടക്കമുള്ളവര്‍ താരപുത്രന് ആദരാഞ്ജലി അര്‍ച്ചിരിക്കുകയാണ്. ഷാജി തിലകന്റെ വിയോഗത്തെ കുറിച്ച് തിരക്കഥാകൃത്ത് ഗണേഷ് ഓലിക്കര എഴുതിയ കുറിപ്പ് വായിക്കാം.

  ഷാജി ചേട്ടന്‍ യാത്രയായി.... ഷാജി തിലകന്‍ പതൊണ്ണൂറുകളുടെ അവസാനത്തില്‍ ശ്രീ സ്വാതി ഭാസ്‌ക്കര്‍ സംവിധാനം ചെയ്ത 'സാഗര ചരിതം' സീരിയലില്‍ ഒരു ചെറു വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ പരമ്പര പുറത്ത് വന്നില്ല. ഞാനന്ന് കൊല്ലം എസ് എന്‍ കോളജില്‍ ബിരുദത്തിനാണ്. ഷോബിയും അവിടെ പഠിക്കുന്നുണ്ട്. പോക്കറ്റ് മണിക്കായി ഞാനും ഷോബിയും കൂടി ഒരു മിമിക്‌സ് ട്രൂപ്പുണ്ടാക്കുന്നു.

  കൊല്ലം വൈഎംസിഎ യിലാണ് ഷോബിയുടെ താമസം. ഞാനും ഒപ്പം കൂടും. മാസത്തിലൊരിക്കലോ രണ്ടു മാസം കൂടുമ്പൊഴോ മകനെ കാണാന്‍ തിലകന്‍ സാര്‍ എത്തും. അങ്ങനെയാണ് ആ മഹാനടനെ ആദ്യമായി കാണുന്നത്. ഡിഗ്രി കഴിഞ്ഞ് ഷോബി അച്ഛന്റെ നാടക സമിതിയുടെ നടത്തിപ്പുകാരനായി എറണാകുളത്തേക്ക് പോയി. അപ്പോഴേക്കും ഞാന്‍ ഷമ്മി ചേട്ടന്റെ സംവിധാനത്തില്‍ തിരുവനന്തപുരത്ത് നിന്നിറങ്ങിയ മാനസി എന്ന മിമിക്‌സ് ട്രൂപ്പില്‍ അംഗമായി. എഴുത്തും റിഹേഴ്‌സലുമായി മിക്കപ്പോഴും ഷമ്മി ചേട്ടന്റെ വീട്ടില്‍ തന്നെ.

  ഷാജി ചേട്ടന്‍ ഇടയ്ക്കിടെ അനിയനെ കാണാന്‍ വരുമായിരുന്നു. എന്ത് കൊണ്ടാണെന്നറിയില്ല ഷമ്മി ചേട്ടനോടും ഷോബിയോടും തോന്നാത്ത ഒരകലം ഷാജി ചേട്ടനോട് തോന്നിയിരുന്നു. ആരോടും അധികം സംസാരിക്കാന്‍ താത്പര്യമില്ലാത്ത പ്രകൃതം. ആദ്യത്തെ അകല്‍ച്ച ക്രമേണ മാറി ഞങ്ങള്‍ കൂട്ടായി. കുറച്ച് നാള്‍ കഴിഞ്ഞ് എല്ലാവരും പലവഴി പിരിഞ്ഞു. ഷോബി അപ്പോഴേക്കും ഡബ്ബിംഗ് രംഗത്തെ ഏറ്റവും തിരക്കുള്ള ശബ്ദതാരമായി. ഞാന്‍ പരമ്പരകളുടെ തിരക്കഥാകൃത്തുമായി.

  2014 മഴവില്‍ മനോരമക്ക് വേണ്ടി എഴുതിയ 'അനിയത്തി' എന്ന പരമ്പരയിലെ പൂക്കാടന്‍ പൗലോസ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു നടനെ വേണം. ഷമ്മി ചേട്ടനായിരുന്നു എന്റെ മനസ്സില്‍. പക്ഷേ സിനിമയിലെ തിരക്ക് കാരണം ചേട്ടന് പറ്റില്ല. പലരുടെയും പേര്‍ ചര്‍ച്ചയില്‍ വന്നു. ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല. അപ്പോഴാണ് ഒരു മിന്നായം പോലെ ഷാജി ചേട്ടന്റെ കാര്യം ഓര്‍മ്മ വന്നത്. സംവിധായകന്‍ ഷൈജു സുകേഷിനോട് കാര്യം പറഞ്ഞു. ഇങ്ങനൊരാളുണ്ട്, തിലകന്‍ സാറിന്റെ മൂത്ത മകനാണ്. അഭിനയിച്ച് വല്യ പരിചയമൊന്നുമില്ല, നമുക്കൊന്നു ട്രൈ ചെയ്താലോ. ധൈര്യമായി വിളിക്ക് ചേട്ടാ നമുക്ക് നോക്കാം.

  ഷൈജു ധൈര്യം തന്നതോടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. പരിചയം പുതുക്കലിന് ശേഷം ഞാന്‍ കാര്യം അവതരിപ്പിച്ചു. പരുക്കന്‍ ശബ്ദത്തിലുള്ള പൊട്ടിച്ചിരി.' ഞാന്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള കാര്യം ഞാന്‍ പോലും മറന്നിരിക്കുകയായിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നീയത് ഓര്‍ത്തിരിക്കുന്നല്ലോ. ഞാന്‍ ഇനി അഭിനയിച്ചാല്‍ ശരിയാകുമോ ഗണേഷേ.. ജീവിക്കാന്‍ ഒരു ജോലിയുണ്ട്. അച്ഛനും അനിയന്‍മാര്‍ക്കും ഞാനായിട്ട് പേരുദോഷം കേള്‍പ്പിക്കണോ. 'ചേട്ടന്‍ എന്തായാലും വരണം നമുക്ക് നോക്കാം. ഞാന്‍ ധൈര്യം നല്കി. ഞാനും ഷൈജുവും ചാനലില്‍ ആ വേഷം തിലകന്റെ മുത്തമകന്‍ ഷാജി തിലകനെ കൊണ്ട് ചെയ്യിക്കുന്ന കാര്യം അവതരിപ്പിച്ചു.

  ചാനലിനും പൂര്‍ണ്ണ സമ്മതം. ഷൂട്ടിങ്ങ് തുടങ്ങി. അങ്ങനെ പുക്കാടന്‍ പൗലോസായി ഷാജി ചേട്ടന്‍ മുഖത്ത് ചായമണിഞ്ഞു. അഭിനയത്തിലുള്ള ആത്മവിശ്വാസക്കുറവ് ആദ്യമൊക്കെ ഷാജി ചേട്ടനിലെ നടനെ വല്ലാതെ അസ്വസ്തനാക്കി. ഷൈജുവും ഞാനും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും ഷാജി ചേട്ടന്‍ എന്നെ നോക്കും. ഞാന്‍ കൈയ്യുയര്‍ത്തി കൊള്ളാമെന്ന് കാണിക്കും.ചേട്ടന്റെ മുഖത്ത് ആശ്വാസം തെളിയും. മഴവില്‍ മനോരമ ഷാജി തിലകന് നല്ല സപ്പോര്‍ട്ടാണ് നല്കിയത്. മഹാനടന്‍ തിലകന്റെ കുടുംബത്തില്‍ നിന്ന് ഒരു നടന്‍ കൂടി എന്ന് ക്യാപ്ഷനോടെ സ്‌പെഷ്യല്‍ പ്രമോയും, മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ ഒരു ഫുള്‍പ്പേജ് റൈറ്റപ്പും വന്നു.

  അനിയത്തി പരമ്പരയില്‍ പൂക്കാടന്‍ പൗലോസിന് ശബ്ദം നല്കിയത് അനിയന്‍ ഷോബി തന്നെയായിരുന്നു. അനിയത്തി പരമ്പര ഷാജി തിലകന് ഒരു ബ്രേക്ക് ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ പ്രതീക്ഷിച്ചത് പോലൊന്നുമുണ്ടായില്ല. ആദ്യമൊക്കെ അഭിനയിക്കാന്‍ മടിച്ചു നിന്ന ഷാജിയേട്ടന്‍ പരമ്പര തീരാറായപ്പോഴേക്കും ആത്മവിശ്വാസമുള്ള നടനായി മാറി. പക്ഷേ പിന്നീട് അവസരങ്ങളൊന്നും തേടി വന്നില്ല. വേഷം കിട്ടാത്തതില്‍ എനിക്ക് നിരാശയൊന്നുമില്ല ഗണേഷേ. ജീവിക്കാന്‍ ജോലിയും ചാലക്കുടിയില്‍ ഇത്തിരി മണ്ണുമുണ്ട്. എനിക്കത് ധാരാളം മതി. പിന്നീട് എപ്പൊഴൊക്കെ തിരുവനന്തപുരത്ത് വന്നാലും ഷാജിയേട്ടന്‍ എന്നെ കാണാന്‍ വരുമായിരുന്നു.

  പിന്നീട് 2017-ല്‍ അമൃത ടി.വിയില്‍ നിലാവും നക്ഷത്രങ്ങളും എന്ന പരമ്പര തുടങ്ങുന്നു. പുറമേ പരുക്കനായ ഒരു പോലീസ് ഓഫീസറുടെ വേഷം ചെയ്യാന്‍ ഷാജിയേട്ടനെ വീണ്ടും വിളിക്കുന്നു. സന്തോഷത്തോടെ ചേട്ടന്‍ ക്ഷണം സ്വീകരിക്കുന്നു. ഒരു കണ്ടീഷന്‍.. എന്റെ കഥാപാത്രത്തിന് ഞാന്‍ തന്നെ ഡബ്ബ് ചെയ്യും.. ഡിമാന്റല്ല അപേക്ഷയാണ്. ഒരു നടന്‍ എന്ന നിലയില്‍ ആരും ആഗ്രഹിക്കുന്നതാണ് ചെയ്യുന്ന കഥാപാത്രത്തിന് സ്വന്തം ശബ്ദമെന്നുള്ളത്. ഞാന്‍ സമ്മതിച്ചു. ഡബ്ബിങ്ങ് പഠിപ്പിക്കാന്‍ ഷോബിയും സഹായിച്ചു.റിട്ടയര്‍ ആവാന്‍ കുറച്ച് നാളു കുടിയേയുള്ളൂ. അതു കഴിഞ്ഞ് ഫുള്‍ സ്വിങ്ങില്‍ ഞാന്‍ അഭിനയ രംഗത്തോട്ടിറങ്ങാന്‍ പോവ്വാടാ ഉവ്വേ.. പക്ഷേ പ്രതീക്ഷകള്‍ വീണ്ടും പാളം തെറ്റി. ആഗ്രഹിച്ചത് പോലെ ഒരു നടനായി ഷാജി ചേട്ടന് അറിയപ്പെടാന്‍ കഴിഞ്ഞില്ല.

  പല രാത്രികളിലും വിളിക്കുമായിരുന്നു.ക്രമേണ ആ വിളികളില്‍ വല്ലാത്ത ജീവിത നൈരാശ്യം പടരുന്നത് അറിഞ്ഞു. പ്രളയകെടുതിയില്‍ വീടും കൃഷിയുമൊക്കെ നശിച്ചുപോയിരുന്നു. ഒക്കെ ശരിയാവും ചേട്ടാ... ഉം ശരിയാവണം.. പക്ഷേ ഒന്നും ശരിയായില്ല... നിഷ്‌കളങ്കനായ ഒരു മനുഷ്യന് ജീവിത പരാജയങ്ങളെ അത്ര എളുപ്പത്തില്‍ ഉള്‍കൊള്ളാനാകില്ലല്ലോ. പകുതിയണിഞ്ഞ ചമയം തുടച്ച് കളഞ്ഞ് ഷാജി ചേട്ടന്‍ ജീവിത നാടകത്തിന്റെ അരങ്ങില്‍ നിന്ന് കൈവീശി നടന്നു മറയുന്നു. ഷാജി ചേട്ടാ... നിങ്ങള്‍ പരാജിതനായ ഒരു നടനായിരിക്കാം..പക്ഷേ നന്മയുള്ള ഒരു പച്ച മനുഷ്യനായിരുന്നു. ഓര്‍മ്മയില്‍ ഒരു സിഗററ്റ് മണവുമായി നിങ്ങള്‍ ഇടയ്ക്കിടക്ക് കയറിവരാതിരിക്കില്ല. യാത്രാമൊഴി.

  English summary
  Late Actor Thilakan's Son Shaji Passes Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X