For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്റെ പടം വെച്ച് ആഘോഷിക്കുമ്പോള്‍ ഭയമാണ്! ദയവായി നന്മയുടെ ആള്‍രൂപമാക്കരുത്: രാജേഷ് ശര്‍മ്മ

|

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദ് എല്ലാവരുടെയും പ്രിയങ്കരനായി മാറിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തുണി ശേഖരിക്കാനായി വന്ന കുസാറ്റ് ടീമിനാണ് നൗഷാദ് തന്റെ പക്കല്‍ ഉണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നല്‍കിയിരുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ നടന്‍ രാജേഷ് ശര്‍മ്മയായിരുന്നു ഇക്കാര്യം ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഫേസ്ബുക്ക് ലൈവിന് ശേഷം നിരവധി പേരാണ് നൗഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

നൗഷാദിനെ പരിചയപ്പെടുത്തിയ രാജേഷ് ശര്‍മ്മയെ അഭിനന്ദിച്ചും പുകഴ്ത്തിയും നിരവധി പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അതേസമയം താന്‍ ഒരു നന്മമരമല്ലെന്നും തന്റെ പേരില്‍ ഇറക്കുന്ന പോസ്റ്ററുകളിലോ വാര്‍ത്തകളിലോ ഒരു ഉത്തരവാദിത്വവും ഇല്ലെന്നും രാജേഷ് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്‍ ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നത്.

ഫോട്ടോ കടപ്പാട്: രാജേഷ് ശര്‍മ്മ ഫേസ്ബുക്ക്‌

ഞാനൊരു നന്മമരമല്ല, മാതൃകാ പുരോഷത്തമനുമല്ല. എന്നോട് അത്രമേല്‍ ഇഷ്ടമുള്ളവര്‍ ഇറക്കുന്ന പോസ്റ്ററുകളിലോ വാര്‍ത്തകളിലോ

എനിക്ക് ഒരു ഉത്താരവാദിത്തവും ഇല്ല എന്ന് സ്‌നേഹത്തോടെ പറയുന്നു. ഒരേ സമയം മുള്ളും പൂവുമുള്ളൊരു ചെടിയാണ് ഞാന്‍. ഒരു സാധാരണ മനുഷ്യന്റെ ശക്തിയും ദൗര്‍ബല്യങ്ങളും നന്മതിന്മകളും നിറഞ്ഞ ഒരാള്‍.

എന്റെ പടം വച്ച് സുഹൃത്തുക്കള്‍ നല്ല വാക്കുകള്‍ പറയുകയും പ്രചോദിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ (അവരുടെ ആത്മാര്‍ത്ഥതയില്‍ തെല്ലും സംശയമില്ലെങ്കിലും) ഭയമാണെനിക്ക്. ഇതിന്റെ മറുവശമായി നാളെ എനിക്കു സംഭവിക്കുന്ന വീഴ്ച്ചകളിലോ അറിഞ്ഞു കൊണ്ടു തന്നെ ഞാന്‍ ചെയ്‌തേക്കാവുന്ന തെറ്റുകളിലോ ഇതിന്റെ നൂറിരട്ടി മൂര്‍ച്ചയുള്ള കുത്തുവാക്കുകളേയും കാണുന്നു (ഇപ്പോള്‍ത്തന്നെ അതു തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്).

ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ, സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മുടെ നന്മയും തിന്മയുമൊക്കെ ഇത്രയേറെ ആഘോഷിക്കപ്പെടാനുള്ളതാണെന്ന് മനസ്സിലാകുന്നത്. അടിസ്ഥാനപരമായി ഞാനൊരു നാടക പ്രവര്‍ത്തകനാണ്. പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെട്ടും അല്ലാതെയും ഒട്ടനവധി സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മുന്‍പും സജീവമായി ഇടപെട്ടിട്ടുണ്ട്, ചുറ്റുമുള്ള മനുഷ്യരുടെ ദു:ഖങ്ങളില്‍ കൂടെ നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

നാടകം തന്ന ഉള്‍ക്കരുത്ത് മാത്രമാണ് അന്നുമിന്നും പിന്‍ബലം. അതെന്നെ 'കുറച്ചു കൂടി മെച്ചപ്പെട്ട ഒരു മനുഷ്യനായിരിക്കൂ' എന്ന് സദാസമയവും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നതുകൊണ്ടു മാത്രം ഞാനതെന്റെ കടമയായിക്കണ്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നൗഷാദ് എന്ന വ്യക്തിയുടെ പ്രവൃത്തി ഒരു ബിംബമായി മാറിയിട്ടുണ്ടെങ്കിലും നൗഷാദിനെപ്പോലെ, ഒരു പക്ഷേ അദ്ദേഹത്തെക്കാളുപരിയായി അത്തരം കാര്യങ്ങള്‍ ചെയ്യുന്ന ഒട്ടനവധിപ്പേര്‍ ആരാലുമറിയപ്പെടാതെ നമുക്കു ചുറ്റുമുണ്ടാകും.

വളരെക്കാലമായി നൗഷാദിനെ പരിചയമുള്ളവര്‍ക്കറിയാം, അയാളെന്നും ഇങ്ങനെ തന്നെയാണെന്ന്. അത് ലോകമറിയണമെന്ന് അയാള്‍ അല്ലെങ്കില്‍ അയാളെപ്പോലുള്ളവര്‍ ഒരിക്കലും ആഗ്രഹിക്കുന്നേയില്ല. പക്ഷേ, ഒട്ടനവധിപ്പേര്‍ക്കു മുന്നില്‍ സഹായത്തിനായി കൈ നീട്ടി നിരാശരായിരുന്ന നേരത്ത് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട അത്ഭുതം തന്നെയായിരുന്നു നൗഷാദ്. ആ വീഡിയോയിലൂടെ അദ്ദേഹത്തെ പുറം ലോകമറിഞ്ഞപ്പോള്‍ പല തരം തെറ്റിദ്ധാരണകളാലും ദുഷ്പ്രചരണങ്ങളാലും മടിച്ചു നിന്ന പലരും സഹായഹസ്തവുമായി മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ട്. അതിനൊരു കാരണമാകാന്‍ കഴിഞ്ഞതിലും.

ജല്ലിക്കെട്ടിന് ശേഷമുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍! ദിലീപിനൊപ്പവും നടന്‍

നൗഷാദിനെ 'ഞാന്‍' കണ്ടെത്തിയതല്ല. അദ്ദേഹത്തെ പ്പോലെ നിരവധി മനുഷ്യര്‍ നമുക്കു ചുറ്റിലുമുണ്ട്. അവര്‍ക്ക് ജാതിയോ മതമോ കൊടിയുടെ നിറമോ പ്രത്യയശാസ്ത്രങ്ങളോ വിഷയമല്ല. ആവശ്യമുള്ള സമയത്ത് ആരും പറയാതെ തന്നെ സഹായഹസ്തവുമായി അവര്‍ മുന്നിലെത്തും. ഒരേ സമയം അവരെയോര്‍ത്ത് നമ്മള്‍ അത്ഭുതം കൂറുകയും അസൂയപ്പെടുകയും നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കി സ്വയം ലജ്ജിക്കുകയും ചെയ്യും.

കോമ, കോമഡി, കോമാളി, സെന്റി, ഒപ്പം സാമൂഹ്യവിമർശനവും; ജയം രവിയുടെ അവസ്ഥകൾ, ശൈലന്റെ റിവ്യു

ഇത്തരമവസരങ്ങളില്‍ ഇടപെടുന്ന നമ്മുടെ ജനപ്രതിനിധികളുടെയും കലക്ടര്‍മാരെപ്പോലെ 'ഗ്ലാമറുള്ള' പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയുമൊക്കെ കാര്യവും ഇതുപോലെ തന്നെ. ദുരന്തനിവാരണത്തില്‍ അവരുടെ ശ്ലാഘനീയമായ പ്രവൃത്തികള്‍ ഒരു പരിധി വരെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനുതകുമെങ്കിലും തങ്ങളുടെ ഉത്തരവാദിത്തമാണ് അവര്‍ നിര്‍വ്വഹിക്കുന്നതെന്ന് മറന്നു പോകുന്നതു കൊണ്ടാണ് നമുക്കത് ആഘോഷമായി മാറുന്നത്.

ഒരേ സമയം മനുഷ്യരെ ഉയര്‍ത്താനും തളര്‍ത്താനുമാകും വിധം സകലതും മാധ്യമീകരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് പ്രളയവും മറ്റു ദുരന്തങ്ങളുമെല്ലാം ആഘോഷിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സങ്കടകരമായ വസ്തുത. ഒരിക്കല്‍ക്കൂടി ഇത്രയും പറഞ്ഞു നിര്‍ത്തട്ടെ, ദയവായി എന്നെ നന്മയുടെ ആള്‍രൂപമാക്കരുത്. ഒന്നിച്ച് മുന്നോട്ട് നീങ്ങാം. നമ്മുടെ ആവശ്യം ആഘോഷങ്ങള്‍ക്കിടയിലല്ലല്ലൊ. രാജേഷ് ശര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Rajesh Sharma's post about kerala floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more