twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം ഇരുന്നൂറിന്റെ നിറവില്‍

    By Nirmal Balakrishnan
    |

    ജയറാമിന്റെ പുതിയ ചിത്രമായ സര്‍ സിപിക്കൊരു പ്രത്യേകതയുണ്ട്. ജയറാം നായകനാകുന്ന ഇരുന്നൂറാമത്തെ ചിത്രമാണിത്. പത്മരാജന്റെ അപരന്‍ എന്നചിത്രത്തില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ ഷാജൂണ്‍ കാര്യാലിന്റെ സര്‍ സിപിയില്‍. ഇതിനിടെ ജയവും പരാജയവുമായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതം.

    മിമിക്‌സ് പരേഡ് ചെയ്തു നടന്നിരുന്ന ജയറാമിനെ പത്മരാജനാണ് സിനിമയില്‍ കൊണ്ടുവരുന്നത്. അപരനു ശേഷം ചെറിയ ചെറിയ വേഷങ്ങള്‍. വീണ്ടും പത്മരാജന്റെ ഇന്നലെ, മൂന്നാംപക്കം എന്നീ ചിത്രങ്ങള്‍. ഭരതനൊപ്പം കേളി, മാളൂട്ടി പോലെയുള്ള ചിത്രങ്ങള്‍. പതുക്കെ പതുക്കെയായിരുന്നു ജയറാമിന്റെ വളര്‍ച്ച.

    jayaram

    മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്‍ക്കുമ്പോള്‍ മൂന്നാമതൊരു താരം മലയാളത്തില്‍ പറയാന്‍ ആരുമുണ്ടായിരുന്നില്ല. സുരേഷ്‌ഗോപി അന്നും വില്ലന്‍ വേഷത്തിലാണ്. ദിലീപ് അഭിനയം തുടങ്ങിയിട്ടില്ല. ആ മൂന്നാംസ്ഥാനക്കാരനായി ജയറാമിനു സ്ഥാനക്കയറ്റം ലഭിച്ചു. സിദ്ദീഖ് ലാല്‍ തുടങ്ങിവച്ച കോമഡി ട്രെന്‍ഡ് ഏറ്റവും ഗുണം ചെയ്തത് ജയറാമിനായിരുന്നു.

    സിദ്ദീഖ് ലാല്‍ പടത്തില്‍ ആദ്യകാലത്ത് അഭിനയിച്ചില്ലെങ്കിലും അതേപാറ്റേണിലുള്ള ചിത്രങ്ങളില്‍ ജയറാമായിരുന്നു എല്ലാവരുടെയും ഇഷ്ട ചോയ്‌സ്. അതിനിടെ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂടുവിട്ടുവന്നത് ജയറാമിനു ഗുണം ചെയ്തു. പിന്നീട് സത്യന്റെ മിക്ക ചിത്രങ്ങളിലും ജയറാം ആയിരുന്നു നായകന്‍. പൊന്‍മുട്ടയിടുന്ന തട്ടാനൊക്കെ അക്കാലത്ത് ഇറങ്ങുന്ന ചിത്രമാണ്. കമല്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനായതോടെ കമലിന്റെയും ഇഷ്ടതാരം ജയറാം ആയി. അതോടെ കുടുംബചിത്രങ്ങളുടെ നായകന്‍ എന്ന പേരു ലഭിച്ചു. കോമഡിയും സെന്റിമെന്റ്‌സുമെല്ലാം ഒരേപോലെ ചെയ്യാന്‍ സാധിച്ചതോടെ ജയറാം മമ്മൂട്ടിക്കും ലാലിനും തൊട്ടുതാഴെവരെയെത്തി.

    എന്നാല്‍ ഒരേ ശൈലിയില്‍ തന്നെയുള്ള അഭിനയം ജയറാമിനെ പ്രേക്ഷകര്‍ക്കു മടുപ്പിക്കാന്‍ തുടങ്ങി. ആക്ഷന്‍ ചിത്രങ്ങളില്‍ വിജയിക്കാന്‍ സാധിച്ചതുമില്ല. അപ്പോഴാണ് ദിലീപ് പതുക്കെ കയറിവരുന്നത്. അതു ദോഷംചെയ്തത് ജയറാമിനും. പത്മരാജനും ഭരതനും അകാലത്തില്‍ പൊലിഞ്ഞതും ദോഷമായി. പിന്നീട് ജയറാം സ്വയം അനുകരിക്കാന്‍ തുടങ്ങി. ജയവും പരാജയവും ഒന്നിച്ചു വന്നു. ജയറാമിന്റെ സ്ഥാനത്ത് ദിലീപ് കയറിയിരുന്നു.

    അന്നും ഇന്നും ജയറാമിനു കൈവിടാത്തത് കുടുംബപ്രേക്ഷകരാണ്. അടുത്തിടെ ഇറങ്ങുന്ന ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഇപ്പോഴും പ്രതീക്ഷയോടെ നോക്കുന്നത് ജയറാം ചിത്രം തന്നെയാണ്. അതുതന്നെയാണ് സര്‍ സിപി അണിയറക്കാരുടെയും പ്രതീക്ഷ. 200ല്‍ ജയറാം വീണ്ടും കരകയറുമെന്നു പ്രതീക്ഷിക്കാം.

    English summary
    Sir CP is Jayaram's 200th film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X