For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരേയും പഴിചാരുന്നില്ല!! എന്റെ ശ്രമങ്ങൾ അറിയണം... വിവാദത്തിൽ പ്രതികരിച്ച് ശ്രീകുമാർ മേനോൻ

|

മഹാഭാരതം സിനിമയിൽ നിന്ന് രണ്ടാമത്തെ നിർമ്മാതാവും പിൻമാറിയതി പ്രതികരിച്ച് സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. ചിത്രത്തിന് നേരെ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

എം.ടി സാറിന്റെ തിരക്കഥയില്‍ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ നിര്‍മ്മാതാവും പിന്‍മാറി എന്ന നിലയ്ക്ക് ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് ഒരു വാര്‍ത്താ ചാനലില്‍ അദ്ദേഹത്തിന്റെ ലൈവ് ബൈറ്റും ഒപ്പം ശ്രീ. എസ്.കെ നാരായണന്റെ ടെലിഫോണിക് ഇന്‍ര്‍വ്യൂവും കണ്ടപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് ഒരു ആവശ്യമായി തോന്നിയത് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു പ്രതികരണം ആരംഭിച്ചത്.

ശ്രീ. എസ്.കെ നാരായണന്‍ എന്ന ആള്‍ രണ്ടാമൂഴം സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തിയാണ് എന്ന് ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.കോഴിക്കോട്ടെ കുറച്ചു സുഹൃത്തുക്കള്‍ വഴിയാണ് ശ്രീ. നാരായണനെ കുറിച്ച് അറിയുന്നത്. ആദ്യം എന്നെ എന്റെ സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടു പോയത് ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ സരസ്വതിയുടേയും അദ്ദേഹത്തിന്റെ അനന്തരവന്‍ ശ്രീ. ബിജുവിന്റെയും അടുത്തേയ്ക്കാണ്. സ്വാമിയും ശ്രീ. ബിജുവുമാണ് സിംഗപ്പൂരിലും ഡല്‍ഹിയിലും ഹൈദ്രബാദിലുമായി വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണെന്നു പരിചയപ്പെടുത്തി ശ്രീ എസ്.കെ നാരായണനെ കുറിച്ച് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും അടുത്തു തന്നെ അദ്ദേഹം വര്‍ക്കലയില്‍ എത്തുമെന്നും എന്നെ അവരറിയിച്ചു. അവര്‍ പിന്നീട് എന്നെ അറിയിച്ച തിയതിയില്‍ ഞാന്‍ വര്‍ക്കല ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ച് സ്വാമിയുടേയും ശ്രീ. ബിജുവിന്റെയും സാന്നിധ്യത്തില്‍ ശ്രീ. എസ്.കെ നാരായണനെ നേരില്‍ കണ്ടു. സ്വാമിയുടെ സുഹൃത്തും ശിഷ്യനുമൊക്കെയാണ് ശ്രീ. നാരാണയണന്‍ എന്നത് ഇന്‍വെസ്റ്ററെ സംബന്ധിച്ച വിശ്വാസം എന്നില്‍ ശക്തമാക്കി.

വര്‍ക്കല ഗസ്റ്റ്ഹൗസില്‍ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും റിസര്‍ച്ച് വര്‍ക്കുകളും ഇന്‍വെസ്റ്ററെ കാണിച്ചു. അതില്‍ പരിപൂര്‍ണ്ണ സംതൃപ്തനായ അദ്ദേഹം പ്രൊജക്ട് ഏറ്റെടുക്കാന്‍ സമ്മതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ എം.ടി സാറുമായുള്ള കേസിനെ കുറിച്ച് വിശദമായി ശ്രീ. നാരായണനോട് സംസാരിച്ചിരുന്നു. എം.ടി സാറിനെ നേരില്‍ പോയി കണ്ടു സംസാരിക്കാന്‍ എന്റെ കൂടെ വരാം എന്ന് വരെ പറഞ്ഞിരുന്ന വ്യക്തിയാണ് ശ്രീ. നാരായണന്‍. ആദ്യ ദിവസം മണിക്കൂറുകള്‍ നീണ്ട മീറ്റിംഗിന് ശേഷം പിറ്റേന്ന് തന്നെ ഒരു പ്രാഥമിക ധാരണാപത്രം ഒപ്പുവെയ്ക്കാമെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഇതുപ്രകാരം മുദ്രപത്രത്തില്‍ ഒരു ധാരണാപത്രം (എഗ്രിമെന്റ് അല്ല) എഴുതി തയ്യാറാക്കി. എം.ടി സാറുമായുള്ള കേസ് ഒത്തുതീര്‍പ്പായ ശേഷം മാത്രമേ സിനിമാ നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ടു പോകൂ എന്ന വ്യക്തമായ വ്യവസ്ഥ ഉള്ളതാണ് ഞങ്ങള്‍ തമ്മില്‍ ഒപ്പിട്ട ഈ ധാരണാ പത്രം. എം.ടി സാറുമായുള്ള കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും കൃത്യമായി ബോധ്യപ്പെടുത്തിയതിനു ശേഷം തന്നെയാണ് പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ ശ്രീ. എസ്.കെ നാരായണന്‍ സമ്മതിച്ച് ധാരണാപത്രം ഒപ്പുവെച്ചത്.

മക്കളുടെ പേരിലാണ് അദ്ദേഹം എംഒയു എഴുതിയിരിക്കുന്നത്. എന്നാല്‍ അവര്‍ക്കു വേണ്ടി ഒപ്പിട്ടത് ശ്രീ. നാരായണന്‍ തന്നെയായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് താല്‍ക്കാലിക കരാറല്ലേ, ഫൈനല്‍ എഗ്രിമെന്റില്‍ തിരുത്തു വരുത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ശ്രീ. നാരായണന്റെ കൂടെയുണ്ടായിരുന്ന ആള്‍ എന്ന നിലയ്ക്കാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലുമായുള്ള ബന്ധം. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അപ്പോള്‍ കാണുന്നത്. കാഴ്ചക്കാരനായി മാത്രമാണ് ശ്രീ. ജോമോന്‍ ആ സദസില്‍ ഉണ്ടായിരുന്നത്. ഞാനും എസ്.കെ നാരായണനും കൂടി സംഭാഷണം നടത്തുന്ന രംഗം ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അവിടെ ഉണ്ടായിരുന്ന സുഹൃത്തിനെ കൊണ്ട് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകളോ, ചിത്രങ്ങളോ എം.ടി സാറുമായുള്ള ഒത്തുതീര്‍പ്പിനു ശേഷം ഫൈനല്‍ എഗ്രിമെന്റ് ഒപ്പിട്ട ശേഷം മാത്രമേ പുറത്തുവിട്ടാല്‍ മതി എന്നു ഞാനും ശ്രീ. എസ്.കെ നാരായണനും തമ്മില്‍ തീരുമാനിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഏതാനും സമയത്തിന് ഉള്ളില്‍ തന്നെ തന്റെ ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പോസ്റ്റിട്ടു. കാഴ്ചക്കാരനായി എത്തിയ ജോമോന്‍ പിറ്റേ ദിവസം പ്രാഥമിക ധാരണാ പത്രം ഞങ്ങള്‍ തമ്മില്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഫോട്ടോയും എഫ്ബിയില്‍ പോസ്റ്റിട്ട് വാര്‍ത്തയാക്കി. ആദ്യ പോസ്റ്റിട്ടപ്പോള്‍ തന്നെ ശ്രീ. എസ്.കെ നാരായണന്‍ ശ്രീ. ജോമോനെ പരസ്യമായി ശാസിച്ചിരുന്നു. ഇനി ആവര്‍ത്തിക്കില്ല എന്ന് ഞങ്ങള്‍ രണ്ടുപേരോടും വാക്കു തന്ന ശേഷവും ശ്രീ ജോമോന്‍ വീണ്ടും പോസ്റ്റിട്ടത് ഈ പ്രൊജക്ടിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്റെ സൂത്രധാരന്‍ താനാണ് എന്നു പൊതുജന മധ്യത്തില്‍ തെറ്റായ ധാരണയുണ്ടാക്കി ക്രെഡിറ്റ് എടുക്കാനുള്ള ജോമോന്റെ ശ്രമമായിരുന്നു എന്ന് ശ്രീ. നാരായണന്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. രണ്ടാമൂഴത്തിന് പുതിയ നിര്‍മ്മാതാവ് ഉണ്ടായ വിവരം ഞാന്‍ ഇതുവരെ പരസ്യപ്പെടുത്താതെ ഇരുന്നതും ഈ ധാരണ പ്രകാരമാണ്.

എംഒയു ഒപ്പുവെച്ചതിന്റെ സാക്ഷികള്‍ സ്വമി വിദ്യാനന്ദയും എന്റെ കമ്പനിയുടെ സിഎഫ്ഒ ആയ വിമല്‍ വേണുവുമാണ്. ഈ സംഭവങ്ങള്‍ക്കെല്ലാം ഏഷ്യാനെറ്റ് മുന്‍ റിപ്പോര്‍ട്ടറും എറണാകുളം പ്രസ്സ് ക്ലബ്ബ് മുന്‍ സെക്രട്ടറിയുമായിരുന്ന ഷാജി, എന്റെ സുഹൃത്തുക്കളായ ബെന്‍സിന്‍, റിയാസ്, എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സച്ചിന്‍, അദ്ദേഹത്തിന്റെ അച്ഛന്‍ ശ്യാം എന്നിവരെല്ലാം സാക്ഷികളാണ്.. എംടിയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ തനിക്ക് ഉണ്ടെന്നും അവര്‍ വഴി ഒത്തുതീര്‍പ്പിനു ശ്രമിക്കാമെന്നും ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എസ്.കെ നാരായണന്റെ സുഹൃത്ത് എന്ന നിലയ്ക്ക് അറിയിച്ചു. ഇന്‍വെസ്റ്ററുടെ താല്‍പ്പര്യത്തെ മാനിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പം തിരുവനന്തപുരത്തു നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തുകയും എം.ടി സാറിന്റെ സുഹൃത്തായ എം.എന്‍ കാരശ്ശേരി മാഷുമായി ഇതിനെപ്പറ്റി സംസാരിക്കുകയും ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. കാരശ്ശേരി മാഷ് എം.ടി സാറിന്റെ വീട്ടില്‍ പോയി നേരില്‍ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു.

ആദ്യത്തെ ഇന്‍വെസ്റ്ററായ ശ്രീ ബി. ആര്‍ ഷെട്ടിയുമായി തുടങ്ങാനിരുന്ന പ്രൊജക്ട് വൈകിയതിന്റെ ആശങ്കയിലാണ് എംടി സാര്‍ കോടതിയില്‍ പോയതും തിരക്കഥ തിരിച്ചു ചോദിച്ചതും. അതേസമയം, എംടി സാര്‍ കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് ശ്രീ.ബി.ആര്‍ ഷെട്ടി പിന്‍മാറിയതെന്നതും മറ്റൊരു വാസ്തവമാണ്. നിലവില്‍ പുതിയ ഇന്‍വെസ്റ്ററെ കണ്ടെത്താന്‍ സാധിച്ചതും അദ്ദേഹവുമായി ഒരു ധാരണാ പത്രം ഒപ്പുവെച്ചതും എം.ടി സാറിനെ ബോധ്യപ്പെടുത്തി, സാറിന്റെ അനുഗ്രഹാശിസ്സുകളോടെ സിനിമ യാഥാര്‍ത്ഥ്യമാക്കാം എന്ന പ്രതീക്ഷയിലാണ് ശ്രീ. നാരായണനും ഞാനും മുന്നോട്ടു പോയത്. ശ്രീ. നാരായണന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ സിനിമയുടെ മൊത്തം ബജറ്റും ആര്‍ട്ടിസ്റ്റിനും ടെക്നീഷ്യന്‍സിനും കൊടുക്കേണ്ട അഡ്വാന്‍സും അടങ്ങിയ ഒരു എക്സ്പെന്‍സസ് ലിസ്റ്റ് അദ്ദേഹത്തിനു കൈമാറിയത്. എന്റെ ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച് ശ്രീ. നാരായണനുമായി കോയമ്പത്തൂരില്‍ വെച്ച് ദീര്‍ഘമായ ചര്‍ച്ചയും നടത്തിയിരുന്നു.

ഷൂട്ടിംഗിന് ശേഷം മഹാഭാരതം മ്യൂസിയം സ്ഥാപിക്കാനുള്ള ആശയം ഉള്‍ക്കൊണ്ട് കോയമ്പത്തൂര്‍ - പാലക്കാട് ബൈപ്പാസില്‍ 300 ഏക്കര്‍ സ്ഥലം എന്റെ സുഹൃത്തുക്കള്‍ വഴി കണ്ടെത്തി. സ്ഥല ഉടമകളുമായി പ്രാഥമിക ചര്‍ച്ച നടത്തി, അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥലം വാങ്ങാമെന്നു പറഞ്ഞു പോയ എസ്.കെ നാരായണനെ പിന്നെ ഞാന്‍ കണ്ടിട്ടേയില്ല. അദ്ദേഹം കോയമ്പത്തൂരില്‍ ഇതിനായി താമസിച്ച ലെ മെറിഡിയന്‍ ഹോട്ടല്‍ ബില്ലും യാത്ര ചെലവുമെല്ലാം വഹിച്ചത് ഞാനാണ്. ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലും ഇദ്ദേഹത്തിന്റെ കൂടെ ഒരു സഹായി ആയി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ താമസ ചെലവുകളും യാത്രാ ചെലവുകളും ഒക്കെ ഞാന്‍ തന്നെയാണ് വഹിച്ചത്. ആ വഴിക്കു തന്നെ എനിക്ക് രണ്ടു ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഈ പൈസ എസ്.കെ നാരായണന്‍ റീഇമ്പേഴ്‌സ് ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കിലും മൂന്ന്, നാല് റിമൈന്‍ഡര്‍ മെസ്സേജുകള്‍ സ്വാഭാവിക നടപടി ക്രമമെന്ന നിലയില്‍ അയച്ചിട്ടും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് എന്റെ ഓഫീസിലെ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്. ഒന്നു രണ്ടു ഫോളോ അപ്പുകള്‍ക്കു ശേഷം എന്റെ ഫോണുകള്‍ തന്നെ അറ്റന്റ് ചെയ്യാതെ വന്നപ്പോള്‍ കാശിന്റെ കാര്യമടക്കം വിട്ടേക്കാന്‍ എന്റെ ഓഫീസിനെ ഞാന്‍ അറിയിക്കുകയാണുണ്ടായത്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ല. അന്ന് കോയമ്പത്തൂരില്‍ വെച്ച് പിരിഞ്ഞതിനു ശേഷം ഞാന്‍ ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കണ്ടിട്ടേയില്ല. ഇതാണ് സത്യമെന്നിരിക്കെ ഇത്തരത്തില്‍ നിരുത്തരവാദപരമായ ഫേസ്ബുക്ക് പോസ്റ്റിടുകയും അഭിമുഖം നല്‍കുകയും ചെയ്ത ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഉദ്ദേശശുദ്ധയില്‍ എനിക്ക് സംശയമുണ്ട് എന്നുമാത്രമല്ല, ഈ പ്രൊജക്ട് നടക്കരുത് എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കൊപ്പം അദ്ദേഹവും കരുവായോ എന്നു ഞാന്‍ സംശയിക്കുന്നു.

എന്നെ വേദനിപ്പിക്കുന്ന സത്യം എന്തെന്നാല്‍, ആദ്യം 1000 കോടി രൂപ മുടക്കി ശ്രീ. ബി.ആര്‍ ഷെട്ടി എന്ന വ്യവസായ പ്രമുഖന്‍ ഈ സിനിമ എടുക്കാന്‍ അബുദാബിയില്‍ വെച്ച് മാധ്യമ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് എന്ന പ്രമുഖ അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ദ്ധ കമ്പനിയെ കൊണ്ടു ഡീറ്റെയ്ല്‍ഡ് പഠനം നടത്തുകയും വിജയ സാധ്യത ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ശ്രീ. ബി. ആര്‍ എഷട്ടി തീരുമാനിച്ചത്. ഫൈനല്‍ എഗ്രിമെന്റിന് ഒരാഴ്ചയ്ക്കു മുന്‍പു മാത്രമാണ് കോഴിക്കോട് കോടതിയില്‍ വ്യവഹാരം ആരംഭിക്കുന്നതും തുടര്‍ന്ന് ശ്രീ. ബി.ആര്‍ ഷെട്ടി പിന്മാറുകയും ചെയ്തത്. ഇപ്പോഴിതാ, 1000 കോടി തന്നെ മുടക്കാമെന്ന ധാരണയില്‍ വന്ന രണ്ടാമത്തെ നിര്‍മ്മാതാവും പിന്‍മാറിയിരിക്കുന്നു. അതിന്റെ അര്‍ത്ഥം, ഒരു വിധത്തിലും നിരാശനാകാതെ ആ പ്രൊജക്ട് നടപ്പാക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന എന്റെ കഠിന ശ്രമങ്ങളെ വിഫലമാക്കുന്നതാണ് വ്യവഹാരം എന്നുള്ളതാണ്. അതാവട്ടെ എം.ടി സാറിനെ കുറേ പേര്‍ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി എം.ടി സാര്‍ ചേംബറിന് ഒരു കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ച് എനിക്ക് ചേംബര്‍ ഓഫീസില്‍ ഹാജരാകാനുള്ള അറിയിപ്പു ലഭിച്ചു. ഇതേത്തുടര്‍ന്ന് ചേംബര്‍ പ്രസിഡന്റ് ശ്രീ സാഗാ അപ്പച്ചന്‍ ഉള്‍പ്പെടുന്ന ഒരു കമ്മറ്റിക്കു മുന്‍പില്‍ ഞാന്‍ ഇതുവരെ ഈ സിനിമയുടെ സാക്ഷാത്കാരത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തികളെല്ലാം തെളിവുസഹിതം ബോധ്യപ്പെടുത്തി. ഇതിനായി നടത്തിയ ഗവേഷണങ്ങളും അതിനായി ഞാന്‍ വ്യക്തിപരമായി മുടക്കിയ തുകയും നിര്‍മ്മാതാവിനെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളും ചേംബര്‍ ഭരണസമിതിക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടു. മലയാള സിനിമയുടെ അഭിമാനമാകാന്‍ പോകുന്ന പ്രൊജക്ടാണ് ഇതെന്ന് ഭാരവാഹികള്‍ എന്നോടു തന്നെ പറഞ്ഞു. ഈ പ്രൊജക്ടിനായി നടത്തിയ എല്ലാ ശ്രമങ്ങളേയും അവര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് എങ്ങനെയും ഈ പ്രൊജക്ട് മുന്നോട്ട് പോകണമെന്ന അവരുടെ ആഗ്രഹം എം.ടി സാറിനെ അറിയിക്കുകയും ചെയ്തിരുന്നു. ഫിലിം ചേംബര്‍ എം.ടി സാറിനെ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. മകള്‍ അശ്വതിയാണ് എം.ടി സാറിനു പകരം എത്തിയത്. പ്രൊജക്ട് മുന്നോട്ടു പോകണമെന്ന ഒത്തുതീര്‍പ്പു സംബന്ധിച്ച ഫിലിംചേംബറിന്റെ തീരുമാനത്തിന് മറുപടി പറയാമെന്നു പറഞ്ഞ് അശ്വതി മടങ്ങി. മറുപടി പറയാമെന്നറിയിച്ച ദിവസം കഴിഞ്ഞിട്ടും തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് ശ്രീ സാഗാ അപ്പച്ചന്‍ അശ്വതിയെ വിളിച്ചു. ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന് അശ്വതിയാണ് അറിയിച്ചത്. ഈ ശ്രമങ്ങളെല്ലാം ശ്രീ. നാരായണനെ യഥാസമയം ഞാന്‍ അറിയിച്ചിട്ടുള്ളതാണ്. തുടര്‍ച്ചയായും കഠിനമായും ഞാന്‍ രണ്ടാമൂഴത്തിനായി ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതാണ്.

ഇടിയെങ്കിൽ ഇടി മോഹൻലാലിന്റേത് തന്നെ! ലാലേട്ടന്റെ ആ സംഘട്ടന രംഗങ്ങളെ കുറിച്ച് ജോജു

രണ്ടു നിര്‍മ്മാതാക്കളുടെ പിന്‍മാറ്റം പ്രൊഫഷണലായും വ്യക്തിപരമായും എന്നെ നിരാശനാക്കുകയും എനിക്ക് വലിയ നഷ്ടം വരുത്തുകയും ചെയ്തിരിക്കുന്നു. എന്റെ അഞ്ച് കൊല്ലത്തെ അദ്ധ്വാനവും ഈ പ്രൊജക്ടിനായി തിരക്കഥയ്ക്കും ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രാഥമിക ഘട്ടത്തിനുമായി മുടക്കിയ 15 കോടിയോളം (ഞാന്‍ ഐ.ടിയില്‍ ഫയല്‍ ചെയ്ത ബാലന്‍സ് ഷീറ്റില്‍ ഈ തുക കാണിച്ചിട്ടുണ്ട്) രൂപയും മുടങ്ങി കിടക്കുകയാണ്. ഇത് എന്നെ വലിയ സാമ്പത്തിക പ്രയാസത്തില്‍ കൊണ്ടെത്തിച്ചു. പൊതുജന മധ്യത്തില്‍ ആരെയെങ്കിലും ഇകഴ്ത്തിക്കാട്ടാനോ കുറ്റപ്പെടുത്താനോ അല്ല ഞാനിത് പറയുന്നത്. രണ്ടാമൂഴം യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തുന്ന എന്റെ ശ്രമങ്ങളെ അറിയിക്കാന്‍ മാത്രമാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഞാന്‍ ആരെയും പഴിചാരുന്നില്ല. ശ്രീ. ബി.ആര്‍ ഷെട്ടി പോയപ്പോഴാണ് ശ്രീ. എസ്.കെ നാരായണന് ഇന്‍വെസ്റ്ററാകാന്‍ അവസരമുണ്ടായത്. ഇപ്പോള്‍ എസ്.കെ നാരായണനും പിന്‍മാറിയിരിക്കുന്നു- അതിനര്‍ത്ഥം ഞാന്‍ ശ്രമങ്ങള്‍ തുടരരുത് എന്നല്ലല്ലോ .

രാധയായി അണിഞ്ഞൊരുങ്ങി ഭാവന!! ജന്മാഷ്ടമി ദിനത്തിൽ കുട്ടി കണ്ണന്മാരോടൊപ്പം നടി....

പ്രിയ... ശ്രീ ജോമോന്‍പുത്തന്‍ പുരയ്ക്കല്‍, മാഞ്ചിയം തട്ടിപ്പിലെ ഏറ്റവും വലിയ ഇരയാണ് ഞാന്‍. എച്ച്‌വൈഎസ് എന്ന കമ്പനി തട്ടിപ്പ് നടത്തുകയും ഉടമ ജയിലിലാവുകയും ചെയ്തപ്പോള്‍ എനിക്ക് പരസ്യ ഇനത്തില്‍ കോടികളുടെ ബാധ്യതയാണ് ഉണ്ടായത്. ആ കമ്പനിക്കു വേണ്ടി പരസ്യം ചെയ്ത ഇനത്തില്‍ എനിക്കു കിട്ടാതായ കോടികള്‍ ഞാന്‍ സ്വന്തം പറമ്പും വീടും വിറ്റാണ് വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കൊടുത്ത് തീര്‍ത്തത്. മാഞ്ചിയം ഇടപാടില്‍ ഞാന്‍ പ്രതിയല്ല, വാദിയാണ്. വ്യക്തിഗത നിക്ഷേപകര്‍ക്ക് 10000 രൂപ വീതമാണ് നഷ്ടപ്പെട്ടതെങ്കില്‍ എനിക്ക് ഒറ്റയടിക്ക് കോടികളും എന്റെ വ്യക്തിപരമായ എല്ലാ സ്വത്തുകളുമാണ് നഷ്ടപ്പെട്ടത്. വ്യവഹാരം നന്നായി അറിയാവുന്ന താങ്കള്‍ക്ക് പാലക്കാട്ടെ കോടതിയില്‍ തിരക്കിയാല്‍ ഈ വസ്തുതകളെല്ലാം അറിയാവുന്നതാണല്ലോ... അല്ലെങ്കില്‍ എനിക്ക് കിട്ടാത്ത പണം ഞാന്‍ വീടും പറമ്പും വിറ്റ് കൊടുത്തു തീര്‍ത്തതിന്റെ കണക്ക് കേരളത്തിലെ പ്രമുഖ മാധ്യമ ഉടമകളോട് തിരക്കിയാലും താങ്കള്‍ക്ക് മനസിലാകുന്നതാണ്. കഷ്ടം... ശ്രീ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മറ്റെന്ത് പറയാന്‍... താങ്കളെ ദൈവം രക്ഷിക്കട്ടെ!

രണ്ടാമൂഴത്തിന്റെ സിനിമാ സാക്ഷാത്കാരത്തിനായി ഞാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തികളില്‍ കഠിനപ്രയത്‌നവും സത്യവും ആത്മാര്‍ത്ഥതയുമുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, രണ്ടാമൂഴം എന്ന ശ്രീ. എം.ടി സാറിന്റെ മഹാകൃതി തിരശ്ശീലയില്‍ എത്തിക്കാനുള്ള യോഗവും ഭാഗ്യവും എനിക്കു തന്നെയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്- ദൈവം സാക്ഷി...!

English summary
va shrikumar menon says about randamoozham movie controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more