For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  ബിജുമേനോന് അറിയില്ല, പാർവതിക്ക് അറിയില്ല, സംവിധായകനും അറിയില്ല, ആർക്കറിയാം — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5

  ആഷിഖ് അബുവിന്റെ ഓപിഎം സ്‌കൂളിൽ നിന്നും എത്തിയിരിക്കുന്ന പുതിയ സിനിമ ആണ് "ആർക്കറിയാം" . കഴിഞ്ഞ ആഴ്‌ച 'ആണും പെണ്ണും' പ്രദർശിപ്പിച്ച അതേ സ്‌ക്രീനിൽ തന്നെ ആണ് ആർക്കറിയാം കാണാൻ കയറിയത്. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമിച്ചിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോണ് വർഗ്ഗീസ് ആണ്.

  ഒരു ടിപ്പിക്കൽ ലോക്ക് ഡൗണ്‍ മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ആർക്കറിയാം എന്ന സിനിമയുടെ ഏക ഹൈലൈറ്റ് ബിജുമേനോൻ ഒരു വൃദ്ധന്റെ റോളിൽ അഭിനയിച്ചിരിക്കുന്നു എന്നതാണ്. എങ്ങനെ പോയാലും ഒരു അറുപത്തിയഞ്ചുവയസ് പ്രായമെങ്കിലുമെങ്കിലും കാണും ഇട്ടിഅവിര എന്ന ബിജുമേനോന്റെ ക്യാരക്റ്ററിന്.

  പാർവതി തിരുവോത്ത് ബിജുമേനോന്റെ മകൾ ആയും ഷറഫുദ്ദീൻ മരുമകൻ ആയും അഭിനയിച്ചിരിക്കുന്നു എന്നതാണ് അടുത്ത വിശേഷം. ഷേർളി എന്നും റോയി എന്നും ആണ് യഥാക്രമം പാർവതിയുടെയും ഷറഫുദ്ദീന്റെയും ക്യാരക്റ്ററുകളുടെ നാമധേയങ്ങൾ. ഈ രണ്ടുപേരിലൂടെ ആണ് ആർക്കറിയാം തുടങ്ങുന്നത്. സിനിമ തുടങ്ങുമ്പോൾ രണ്ടുപേരും മുംബൈയിൽ എങ്ങാണ്ട് താമസിക്കുകയാണ്..

  ഷേർലിയുടെ അപ്പൻ ഇട്ടിഅവിര റിട്ടയേർഡ് കണക്ക് മാഷാണ്.. വിഭാര്യനാണ്.. 1988 ലോ മറ്റോ ഭാര്യ മരിച്ച കാര്യം പുള്ളി പറയുന്നുണ്ട്. കോട്ടയത്ത് നിന്ന് കുറച്ച് ഉള്ളോട്ടുള്ള ഏതോ മലയോര മേഖലയിലെ കുഗ്രാമത്തിൽ ഗെയ്റ്റോക്കെ വച്ച് പൂട്ടിയിട്ട ഒരു വലിയ കൃഷിയിടത്തിന് നടുവിലെ പഴയ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ചിലയിനം വയസന്മാരുടെ ടിപ്പിക്കൽ മുരട്ടുസ്വഭാവമൊക്കെ അസ്സലായി ഉണ്ട് ഇട്ടിഅവിരമാസ്റ്റർക്ക്..

  ലോക്ക് ഡൗണ്‍ തുടങ്ങിയതും ഷെർളിയും റോയിയും അപ്പന്റെ അടുത്തേക്ക് വണ്ടിയോടിച്ച് വന്ന് അപ്പന്റെ കൂടെ താമസിക്കുകയാണ്. കുറെ ദൂരെയെവിടെയോ കോണ്‍വെന്റിൽ താമസിച്ച് പഠിക്കുന്ന മകളെ യാത്രനിരോധനം കാരണം പോയി കൊണ്ടു വരാനാവാത്ത വിഷമം ഷേർളിക്ക് ഉണ്ട്. സിനിമയുടെ ഒരു പശ്ചാത്തലം ഇതാണ്. ഇട്ടിഅവിര എന്ന ചാച്ചന്റെ കൂടെയുള്ള ഷെർലിയുടെയും റോയിയുടെയും അടച്ചിരുപ്പ് ദിനങ്ങൾ.

  രാജേഷ് രവി , അരുൺ ജനാർദ്ദനൻ, സാനു ജോണ് വർഗീസ് എന്നിവർ ചേർന്നാണ് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഇതിനും മാത്രം കഥയും തിരക്കഥയും എവിടെ ഇതിൽ എന്ന് ആരും സിനിമ കാണുമ്പോൾ ചിന്തിച്ച് പോവും. ഇട്ടിഅവിരയുടെ കൂടെയുള്ള ജീവിതത്തിൽ നിന്ന് റോയിച്ചൻ ചില രഹസ്യങ്ങൾ ഒക്കെ കണ്ടെത്തുന്നുണ്ട്. അഗസ്റ്റിൻ എന്നൊരു പുതിയ കഥാപാത്രത്തെ അന്വേഷണത്തിലൂടെ അനവരണം ചെയ്യുന്നുണ്ട്. പക്ഷെ ഇതൊന്നും അങ്ങോട്ട് പ്രേക്ഷകനിൽ എത്തും വിധം കൈകാര്യം ചെയ്തു ഫലിപ്പിക്കാൻ സ്ക്രിപ്റ്റിനും കഴിയുന്നില്ല സംവിധായകനും കഴിയുന്നില്ല.

  ബിജു മേനോൻ നന്നായി അഭിനയിച്ചിരിക്കുന്നു എന്നതാണ് സിനിമയുടെ ഒരു പോസിറ്റീവ്. അത് ഒരു വിസ്മയമൊന്നുമല്ല, എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യം തന്നെ. ഷംസുദ്ദീനും പാർവതിയും മനോഹരമായിട്ടുണ്ട്. അതും കരുതിയത് തന്നെ. മൂന്നുപേരും ഡയലോഗ് ഡെലിവറി ഒക്കെ പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അത് നന്നായിട്ടുമുണ്ട്.. അഗസ്റ്റിൻ എന്ന ക്യാരക്റ്ററിനെ കുറച്ച് ബിൽഡപ്പ് ഒക്കെ ഇട്ടു കൊണ്ടുവന്നെങ്കിലും അവസാനം ആള് സ്‌ക്രീനിൽ എത്തിയപ്പോൾ ശൂ.. ന്ന് ആയിപ്പോയി.. അവിരാ മാഷെ സഹായിക്കാൻ വരുന്ന അയലോക്കക്കാരിയും ഷെർലിയുടെ മകളായി വരുന്ന കൊച്ചും പക്കാ നാച്ചുറൽ കീറാണ്..

  സാനു ജോണ് വർഗ്ഗീസ് പുതുമുഖസംവിധായകൻ ആണെങ്കിലും പിന്നണിയിൽ ആഷിഖ് അബു(നിർമ്മാണം) മഹേഷ് നാരായണൻ(എഡിറ്റിങ്) രതീഷ് ബാലകൃഷ്ണ പൊതുവാൾ (പ്രൊഡക്ഷൻ ഡിസൈനിംഗ്) എന്നിങ്ങനെ ഉള്ള മറ്റ് സംവിധായകർ കൂടി സഹകരിച്ചിരിക്കുന്നത് പടത്തിന്റെ നിർമ്മിതിയെയും ഔട്ട്പുട്ടിനെയും പോസിറ്റീവ് ആയി തുണച്ചിട്ടുണ്ട്.

  ലോക്ക് ഡൗണ്‍ പ്രോജക്റ്റ് എന്ന നിലയിൽ ഡിസൈൻ ചെയ്ത ഒരു ഐറ്റം എന്നതിലുപരി ഈ സിനിമ കൊണ്ട് പ്രേക്ഷകരിലേക്ക് പകരാൻ ഉദ്ദേശിച്ച കാര്യം എന്തെന്ന് ചോദിച്ചാൽ സംവിധായകനോ നദിനടന്മാർക്കോ നിര്മാതാക്കൾക്കോ ആത്മാർഥമായി ഒരു ഉത്തരം പറയാൻ കാണില്ല. കണ്ടിറങ്ങുന്ന പ്രേക്ഷകരും ഇതേ വികാരം പങ്കുവെക്കുന്നത് കണ്ടു/കേട്ടു. പടം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്ന ചോദ്യത്തിന് കറക്റ്റ് ആയ ഒരു ഉത്തരമാണ് ആർക്കറിയാം എന്ന ശീർഷകം. ആ അർത്ഥത്തിൽ ഈ വർഷത്തെ ഏറ്റവും അന്വർത്ഥമായ സിനിമാപ്പേര് തന്നെ ഇത്..

  Aarkkariyam Theatre Response | Public Review | Biju Menon | Parvathy | Filmibeat Malayalam

  ചറപറാന്ന് കോവിഡുകാല പ്രോജക്റ്റുകൾ തട്ടിക്കൂട്ടി അതും തെളിച്ച് തിയേറ്ററിലേക്ക് വരുന്ന പ്രശസ്തരും പ്രമുഖരും ഒന്നുമാത്രം ചിന്തിക്കുക, തിയേറ്ററിലേക്ക് പതിയെ പതിയെ തിരിച്ചു വന്നു കൊണ്ടിരിക്കുന്ന പ്രേക്ഷകരെ വീണ്ടും അവിടെ നിന്ന് അകറ്റാൻ മാത്രമേ നിങ്ങളുടെ ഇത്തരം ഉദ്യമങ്ങൾ സഹായിക്കൂ.. നിങ്ങൾക്കുള്ളതാകുന്നു ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ..

  English summary
  Aarkkariyam Movie review: Biju Menon and Parvathy Thiruvothu Starrer is a Below Average Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X