twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടെപ്പോരുന്ന കൂടെ ഹൃദയത്തില്‍ ചേര്‍ത്ത് വെക്കാം! നസ്രിയയും പൃഥ്വിയും പൊളിച്ചടുക്കി!

    |

    ബന്ധങ്ങളുടെ തീവ്രത വരച്ചുകാണിക്കുന്നതില്‍ അസാമാന്യ മികവുള്ള കലാകാരിയാണ് താനെന്ന് അഞ്ജലി മേനോന്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. മറാത്തി ചിത്രമായ ഹാപ്പി ജേര്‍ണിയുടെ റീമേക്കുമായാണ് ഇത്തവണ ഈ സംവിധായിക എത്തിയിട്ടുള്ളത്. കാത്തിരിപ്പിന് വിരാമമിട്ട് കൂടെ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച സിനിമ ഹൃദ്യമായൊരനുഭവമായി മാറിയിരിക്കുകയാണ്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ജലി മേനോന്‍ ചിത്രങ്ങളുടെ നിറഞ്ഞ സ്വീകാര്യത ഈ സിനിമയ്ക്കും ലഭിച്ചതില്‍ ആരാധകരും സന്തോഷത്തിലാണ്.

    ആദ്യാവസാനം പ്രേക്ഷകരെ ത്രസിപ്പിച്ചിരുത്തുന്ന കൂടെ എന്നും ഹൃദയത്തിലേറ്റി നില്‍ക്കാവുന്ന ചിത്രമാണെന്ന് സിനിമാപ്രേമികളും ആവര്‍ത്തിച്ചുപറയുന്നു. കുടുംബബന്ധങ്ങള്‍ക്കിടയിലെ സങ്കീര്‍ണ്ണതകളെക്കുറിച്ചാണ് അഞ്ജലി മേനോന്‍ ചിത്രങ്ങള്‍ പറയാറുള്ളത്. അതേ പതിവ് തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചിട്ടുള്ളത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ കഥാപാത്രവും മുന്നേറിയത്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ കൂടെയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    തിരിച്ചുവരവ് മനോഹരമാക്കി നസ്രിയ

    തിരിച്ചുവരവ് മനോഹരമാക്കി നസ്രിയ

    നാല് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് നസ്രിയ തിരിച്ചെത്തിയിട്ടുള്ളത്. ബാലതാരമായി തുടക്കം കുറിച്ച ഈ താരം നായികയായെത്തിയപ്പോള്‍ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. ജീവിതത്തിലായാലും സിനിമയിലായാലും തനിക്ക് ചുറ്റുമുള്ളവരെ എനര്‍ജറ്റിക്കായി നിര്‍ത്താന്‍ പ്രത്യേക വൈഭവമുണ്ട് നസ്രിയയ്ക്ക്. തിരിച്ചുവരവിലും അതേ മാജിക്ക് തന്നെയാണ് താരം പുറത്തെടുത്തത്.

    ബന്ധങ്ങളുടെ സങ്കീര്‍ണ്ണത

    ബന്ധങ്ങളുടെ സങ്കീര്‍ണ്ണത

    അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ ഏറെ മികച്ച സ്വീകാര്യതയാണ് കൂടെയ്ക്ക് ലഭിച്ചത്. സങ്കീര്‍ണ്ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രത്തെ സൈക്കോളജിക്കല്‍-ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. ഇത്തരത്തിലുള്ള സിനിമകള്‍ മുന്‍പും നാം കണ്ടിട്ടുണ്ടെങ്കിലും അവയില്‍ ഹാസ്യവും ക്രൈമുമൊക്കെയായിരുന്നു പ്രാധാന്യം. കുടുംബബന്ധങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് കഥ പറയുന്ന കാര്യത്തില്‍ അസാമാന്യ മികവാണ് തനിക്കെന്ന് സംവിധായിക ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.

    സ്ഥിരം ഊട്ടിക്കാഴ്ചകളില്ല

    സ്ഥിരം ഊട്ടിക്കാഴ്ചകളില്ല

    നായകനായ ജോഷ്വായും സഹോദരിയായ ജെന്നിയും ബ്രൗണി എന്ന പട്ടിക്കുട്ടിയും നടത്തുന്ന ഊട്ടിയാത്രയാണ് സിനിമയെ നയിക്കുന്നത്. പഴയ വാനില്‍ ഊട്ടിയില്‍ കറങ്ങുന്നതിനിടയില്‍ ഇവരുടെ ജീവിതത്തിലേക്കും ഓര്‍മ്മകളിലേക്കും വന്നുപോകുന്നവരാണ് മറ്റ് കഥാപാത്രങ്ങളെല്ലാം. പതിവ് ഊട്ടിക്കാഴ്ചകളൊന്നും ചിത്രത്തിലില്ലെന്നതാണ് മറ്റൊരു കാര്യം. വൈകാരികമായാണ് ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്.

    സെല്‍ഫ് ട്രോളുമായി നസ്രിയ

    സെല്‍ഫ് ട്രോളുമായി നസ്രിയ

    ചെറുപ്പം മുതലേ രോഗിയായ സഹോദരിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായാണ് ജോഷ്വാ ചെറുപ്രായത്തില്‍ വിദേശത്തേക്ക് പോകുന്നത്. അപൂര്‍വ്വമായി മാത്രമാണ് അവന്‍ സഹോദരിയെ കാണുന്നത്. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ക്ക് ശേഷമാണ് അവന്‍ അവളെ അടുത്തറിയുന്നത്. ജോഷ്വ എന്ന കഥാപാത്രത്തിനോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട് പൃഥ്വിയെന്ന കാര്യം നിസംശയം പറയാം. സ്വതസിദ്ധമായ കുസൃതിയുമായി നസ്രിയ എത്തുന്നതോടെയാണ് സിനിമയുടെ ലെവല്‍ മാറുന്നത്. ഞാന്‍ കൂടി സംസാരിച്ചിരുന്നില്ലെങ്കില്‍ ഇതൊരവാര്‍ഡ് പടമായിപ്പോയെനെയെന്ന സെല്‍ഫ് ട്രോളും പാസ്സാക്കുന്നുണ്ട് ഈ താരം.

    പാര്‍വതിയുടെ എന്‍ട്രി

    പാര്‍വതിയുടെ എന്‍ട്രി

    മൈ സ്റ്റോറിക്ക് പിന്നാലെ വീണ്ടും പൃഥ്വിയും പാര്‍വതിയും എത്തിയിരിക്കുകയാണ്. ജോഷ്വായുടെ കളിക്കൂട്ടുകാരിയായാണ് സോഫി എന്ന പാര്‍വതി എത്തുന്നത്. ഇവര്‍ക്കിടയിലൊരു പ്രണയമുണ്ടെങ്കിലും അതല്ല ഈ ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. പാര്‍വതിക്കാണെങ്കില്‍ കാര്യമായ സ്‌ക്രീന്‍ പ്രസന്‍സുമില്ലെന്നതാണ് മറ്റൊരു കാര്യം. ചുരുക്കം ചില രംഗങ്ങളിലേ ഉള്ളൂവെങ്കിലും തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് പാര്‍വതി.

    രഞ്ജിത്തെന്ന അഭിനേതാവ്

    രഞ്ജിത്തെന്ന അഭിനേതാവ്

    തിരക്കഥാകൃത്തായും സംവിധായകനായും സിനിമയില്‍ നിറഞ്ഞുനിന്ന രഞ്ജിത്ത് തന്നിലെ അഭിനേതാവിനെയും ഇടയ്ക്ക് പുറത്തെടുത്തിരുന്നു. അഞ്ജലി മേനോന്റെയും പൃഥ്വിരാജിന്റെയും നിര്‍ബന്ധപ്രകാരമാണ് നായകന്റെ അച്ഛനെ അവതരിപ്പിക്കാന്‍ താരം തയ്യാറായത്. വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മാലാ പാര്‍വതി, റോഷന്‍ മാത്യു, പോളി വല്‍സണ്‍ തുടങ്ങിയവരും അവരവരുടെ വേഷം മനോഹരമാക്കിയിട്ടുണ്ട്.

    കൂടെപ്പോരും ഈ കൂടെ

    കൂടെപ്പോരും ഈ കൂടെ

    ആദ്യപ്രദര്‍ശനം മുതല്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നസ്രിയുടെ തിരിച്ചുവരവും പൃഥ്വിയുടെ നായകവേഷവും രഞ്ജിത്തിന്റെ അച്ഛന്‍ കഥാപാത്രവും പാര്‍വതിയുടെ വരവുമൊക്കെയായി കൂടെ പ്രേക്ഷകരുടെ കൂടെപ്പോരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അഞ്ജലി മേനോന്‍ എന്ന സംവിധായിക തന്നിലുള്ള വിശ്വാസം ഈ ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്. അധികമാലോചിക്കാതെ കൂടെയ്ക്ക് സധൈര്യം ടിക്കറ്റെടുത്തോളൂവെന്നാണ് സിനിമാപ്രേമികള്‍ ഒന്നടങ്കം പറയുന്നത്. അപ്പോ പിന്നെ ഇനി സ്‌ക്രീനില്‍ കാണാം...

    English summary
    anjali menon prithviraj film koode film review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X