For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  അനുഗൃഹീതൻ സണ്ണി വെയിൻ, മനസ്സ് നിറച്ച് ആന്റണിയും കൂട്ടരും — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Sunny Wayne, Gouri Kishan, Shine Tom Chacko
  Director: Prince Joy

  ആയുഷ്കാലം, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ സിനിമകളുടെ പ്രമേയങ്ങളുമായൊക്കെ ഏകദേശം സാമ്യമുള്ള വിഷയമാണ് അനുഗൃഹീതൻ ആന്റണിയുടേത്. പക്ഷെ കൃതഹസ്തനായ ഒരു സംവിധായകന്റെയും എഴുത്തുകാരന്റെയും കയ്യിൽ കിട്ടിയാൽ പ്രമേയത്തിന്റെ ആവർത്തനം എന്നത് ഒരു പ്രശ്നമേ അല്ലെന്ന് അനുഗൃഹീതൻ ആന്റണി തെളിയിക്കുന്നു.

  എന്തുപറഞ്ഞാലും സ്പോയിലർ ആയി പോയേക്കാവുന്ന ഒരു ഉള്ളടക്കമാണ് തുടക്കം മുതലേ സിനിമയ്ക്കുള്ളത്. അതിനാൽ എഴുത്ത് ആ ഏരിയയിലേക്ക് കടക്കാതെ ശ്രദ്ധിക്കുന്നു. പക്ഷെ, ഉള്ളിൽ തട്ടുന്ന, മനസ് നിറയ്ക്കുന്ന ഒരു പ്രണയ കഥയെ പ്രിൻസ് ജോയ് എന്ന സംവിധായകൻ എക്കാലത്തും ഓർത്തു വെക്കാവുന്ന ഒരു അനുഭവമാക്കി മാറ്റിയിരിക്കുന്നു. സ്‌ക്രിപ്റ്റ് എഴുതിയ നവീൻ ടി മണിലാലിനെയും തുല്യപങ്കാളിത്തത്തോടെ സ്മരിക്കാം.

  വിഭാര്യനും വൃദ്ധനുമായ വർഗീസ് എന്ന പേപ്പനും അങ്ങേരുടെ മകൻ ആന്റണിയും അവർക്ക് ചുറ്റുമുള്ള ലോകവും ആണ് സിനിമ. മകൻ വെള്ളമടിച്ച് പഴുത്ത് ചീഞ്ഞ് പറയിപ്പിക്കാൻ തുടങ്ങിയതോടെ ആണ് പേപ്പൻ റാണി എന്നും റോണി എന്നും പേരായ രണ്ട് പട്ടികളെ വാങ്ങിച്ച് ഓമനിച്ച്‌ പരിപാലിക്കുന്നത്. തിരക്കഥയിലും സിനിമയെ ഒരു ഗംഭീര അനുഭവമാക്കുന്നതിലും ഈ ശ്വാനതാരങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണ്.

  മകനിൽ നിന്നും നന്ദിയും സ്നേഹവും കിട്ടാത്ത കാരണം പട്ടികളെ വാങ്ങിച്ചു എന്ന പേപ്പന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനവും നാട്ടുകാരുടെ അതുവച്ചുള്ള കുത്തുവാക്കുകളും കാരണം അവ രണ്ടും ആന്റണിയുടെ പ്രഖ്യാപിത ശത്രുക്കൾ ആണ്. നായകനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം കണ്ടുമാത്രം ശീലിച്ച സ്‌ക്രീനിൽ ആന്റണി വ്യത്യസ്തനാണ്. (പണ്ട്, ജോഷിയുടെ "സംഘ"ത്തിൽ തിലകൻ മമ്മൂട്ടിയോട് പറഞ്ഞ ഒരു ഡയലോഗ് ഇവിടെ തിരുകുന്നുണ്ട്) പക്ഷെ അതിനിടയിൽ യാദൃശ്ചികമായി പൊടിമില്ലിൽ വച്ച് കണ്ടുമുട്ടുന്ന ഒരു പെണ്‍കുട്ടി ആന്റണിയുടെ ജീവിതം മാറ്റിമറിക്കുന്നു..

  അരി പൊടിക്കുന്ന മില്ലിന്റെ പശ്ചാത്തലത്തിൽ ഒക്കെ ഒരു മലയാള സിനിമ ഇനിയുള്ള കാലത്ത് സംഭവിക്കും എന്ന് ഈ ഇൻസ്റ്റന്റ് പൗഡർ മിക്സുകളുടെ കാലത്ത് സംഭവിക്കുമെന്ന് ആരെങ്കിലും കരുത്തിയതാണോ. ആ ഒരു നാട്ടിൻപുറ മനോഹാരിതയും ഇപ്പോഴും ബാക്കി നിൽക്കുന്ന ഗ്രാമീണ തനിമകളും പശ്ചാത്തലത്തിൽ മാത്രമല്ല ക്യാരക്റ്ററുകളിലും ധാരാളമായി ഉണ്ട് എന്നത് അനുഗ്രഹീതൻ ആന്റണിയുടെ ഒരു പ്രത്യേകത ആണ്.

  ടൈറ്റിൽ റോളിൽ ആന്റണിയും അനുഗൃഹീതനുമായി സണ്ണി വെയിൻ നിറഞ്ഞ് തിളങ്ങുകയാണ്. നല്ല ക്യാരക്റ്ററിനേയും നല്ല സംവിധായകനേയും കിട്ടിയാൽ പരിമിതികളെയെല്ലാം മറികടക്കാൻ സണ്ണിക്ക് കഴിയും എന്നതിന് ആന്റണി തെളിവ്. സിദ്ദിഖ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ മൂന്നുപേരും ഒരേ പൊളി. ഇന്ദ്രൻസിനെ പോലെ ജാഫറും ഒരു നിയന്ത്രണവും ഇല്ലാതെ മുന്നോട്ട് പോവുകയാണ്. മണികണ്ഠൻ, മുത്തുമണി, സുരാജ്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ എന്നിവരും ഉണ്ട് അവശ്യനേരങ്ങളിൽ ക്യാരക്ടറുകളായി മാത്രം.

  96 ലെ രാമചന്ദ്രന്റെ സ്‌കൂൾകാല പ്രണയിനി ജാനു ആയി പ്രേക്ഷകരെ പ്രണയത്തിൽ നനച്ച ഗൗരി ജി കിഷൻ ഇവിടെ വീണ്ടും മറ്റൊരു മധുരമുള്ള പ്രണയത്തിലെ നായിക ആവുകയാണ്. ക്യാരക്റ്ററിന്റെ സ്വീറ്റ്‌നെസ് പൂർണ്ണമായും സ്‌ക്രീനിൽ പകരാൻ ഗൗരിയ്ക്ക് കഴിയുന്നു. പാട്ടുകളുടെ മാധുര്യം കൂടി പറയാതിരിക്കാൻ കഴിയില്ല. സിനിമയ്ക്ക് മികച്ച ഇനിഷ്യൽ സമ്മാനിക്കാൻ കഴിഞ്ഞതിൽ മനു മഞ്ജിത്തിന്റെയും അരുൺ മുരളീധരന്റെയും റോൾ ചില്ലറയല്ല.

  മേലോഡ്രാമയിൽ പിടിവിട്ടുപോവാനും സെന്റിയിൽ ആണ്ടുമുങ്ങാനും വൻ സാധ്യതയുള്ള ഒരു സബ്ജെക്റ്റിനെ കയ്യൊതുക്കത്തോടെ നൈസായി അവതരിപ്പിച്ചു എന്നത് തന്നെയാണ് സിനിമയുടെ പ്ലസ്പോയിന്റ്. എവിടെങ്കിലുമൊക്കെ കണ്ണൊന്ന് നനഞ്ഞ് പോവാതെ പടം കണ്ടുതീർക്കാൻ സാധ്യതയില്ല.. എന്നാൽ അതൊരു സുഖമുള്ള നോമ്പരമാണ് താനും. പ്രിൻസ് ജോയിക്കും ടീമിനും അഭിമാനിക്കാം..

  കുടുംബത്തോടൊപ്പം ഈ ഫീല്‍ഗുഡ് ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം..

  English summary
  Anugraheethan Antony Malayalam Movie review: Sunny Wayne, Gouri Kishan Starrer is a Feel Good Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X