twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫും മഡോണയും ക്ലൈമാക്സുമൊക്കെ ക്യൂട്ടായിട്ടുണ്ട്.. പക്ഷെ, കണ്ടിരിക്കാൻ പാടാ! ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

    Rating:
    2.0/5
    Star Cast: Asif Ali, Lal, Madonna Sebastian
    Director: Rohith V. S.

    അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത സിനിമയാണ് ഇബിലീസ്. സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് ഇബിലീസിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീല്ക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഡോണ സെബാസ്റ്റിയന്‍ നായികയായെത്തുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, എന്നിങ്ങനെ താരങ്ങളുമുണ്ട്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.

    അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ

    അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന എക്സ്പെരിമെന്റൽ സിനിമയിലൂടെ കഴിഞ്ഞ വർഷം ഏറെ പ്രതീക്ഷ തന്ന സംവിധായകൻ ആണ് രോഹിത് വി എസ്. അന്ന് ഓമനക്കുട്ടൻ ഇറങ്ങിയ സമയത്ത് റോഹിത് "പടമിതാ മാറ്റാൻ പോണേ" എന്നും പറഞ്ഞ് രോഹിത് ഇട്ട് എഫ്ബിപോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു. അതെത്തുടർന്ന് സോഷ്യൽ മീഡിയയിലെ ഞാനുൾപ്പടെയുള്ള നിസ്വാർത്ഥ സിനിമാപ്രേമികൾ രക്ഷാപ്രവർത്തനമേറ്റെടുക്കുകയും ഒട്ടനവധി തിയേറ്ററുകളിൽ വീണുകൊണ്ടിരുന്ന പടം പിക്കപ്പാവുകയും ചെയ്തു. ഒരു എക്സ്പെരിമെന്റ് എന്നതിൽ ഉപരി നല്ലൊരു എന്റർടൈനർ കൂടിയായിരുന്നു ഓമനക്കുട്ടന്റെ അഡ്വഞ്ചറുകൾ എന്നതായിരുന്നു അതിന് കാരണം.

    ഇബിലീസ്

    ഓമനക്കുട്ടൻ ഇറങ്ങി ഒരുവർഷത്തിന് ശേഷം രോഹിത് വീണ്ടും ആസിഫ് അലിയെ തന്നെ കേന്ദ്രകഥാപാത്രമാക്കി "ഇബിലീസ്" എന്ന കൗതുകമുള്ള പേരിട്ട് ഒരു സിനിമയുമായെത്തുമ്പോൾ നേരത്തെ പറഞ്ഞ സിനിമാപ്രേമികൾക്ക് ആകാംക്ഷയും കൗതുകവുമുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, അങ്ങനെ എന്തെങ്കിലും പ്രതീക്ഷയായി ചെന്നാൽ കനത്ത നിരാശയാവും ഫലം എന്നു മാത്രം. ഓമനക്കുട്ടൻ എക്സ്പെരിമെന്റലും എന്റർടൈനറുമായിരുന്നുവെങ്കിൽ ഇബിലീസ് രണ്ടുമല്ലാത്ത ബോറടിപ്പിക്കലാണ്.

    ഫാന്റസി, മാജിക്കൽ റിയലിസം

    ഫാന്റസി, മാജിക്കൽ റിയലിസം എന്നിവ പോലുള്ള യമണ്ടൻ ടേമുകളൊക്കെയാണ് അണിയറ പ്രവർത്തകർ ഇബിലീസുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിൽ പ്രധാനമായും മുന്നോട്ടു വച്ചിരിക്കുന്നത് എങ്കിലും പ്രയോഗതലത്തിൽ ഇത് രണ്ടും ഒട്ടും വർക്കൗട്ടായിട്ടില്ല എന്നതാണ് പടത്തെ സീറോ ആക്കിമാറ്റുന്നത്. എൺപതുകളുടെ പശ്ചാത്തലത്തിൽ പുഴക്കരയിലുള്ള ദ്വീപ് പോലൊരു ഗ്രാമമാണ് ഇബിലീസിന്റെ ലൊക്കേഷൻ. അവിടെ മരിച്ചവരും ജീവനുള്ളവരും ഒരുപോലെ ഇടതിങ്ങി ജീവിക്കുന്നു എന്നാണ് സിനിമ കാണിച്ചു തരുന്നത്. ജീവനുള്ളവർക്ക് മരിച്ചവരെ കാണാൻ സാധിക്കില്ല എന്നത് മാത്രമാണ് വ്യത്യാസം.

    വൈശാഖൻ

    ഒരു മരണവീട്ടിൽ നിന്നും തിരിച്ചു പോരുന്ന കുഞ്ഞായ വൈശാഖൻ അപ്പൂപ്പനോട് "ഈ മരിച്ചവരൊക്കെ എവിടെയാണപ്പൂപ്പാ ജീവിച്ചിരിക്കുന്നത് " എന്ന് ചോദിക്കുന്നതോടെ ആണ് ഇബിലിസ് ആരംഭിക്കുന്നത്. വൈശാഖനും അപ്പൂപ്പൻ ശ്രീധരനും തന്നെയാണ് ഇബിലീസിൽ പ്രധാന കഥാപാത്രങ്ങൾ. ബീവീന്റെ വീട്ടിലെ ഫിദ എന്ന നായികയുമുണ്ട്. അപ്പൂപ്പന്റെ സഹായത്തോടെ ഫിദയെ വളക്കാൻ വൈശാഖൻ പഠിച്ച പണികളെല്ലാം പയറ്റുന്നതും അതിനിടയിൽ അവർക്കിടയിൽ സംഭവിക്കുന്നതുമൊക്കെയാണ് പടം ഫാന്റസി കലർത്താൻ ശ്രമിച്ച് പറഞ്ഞു പോവുന്നത്..

    ഹോംവർക്ക്

    രസകരമായ ചിന്തകൾ പടത്തിലുട നീളമുണ്ട്. മരണാനന്തര ജീവിതവും മരിച്ചവർ അതേ പ്രായത്തിൽ അതേനാട്ടിൽ തുടരുന്നതുമൊക്കെ അതിൽ പെടും. മരിച്ചതിന് ശേഷമുള്ള പ്രണയം എന്ന എക്കാലത്തെയും അഡാറായ ഐറ്റത്തെ ഒക്കെ ചുമ്മാ എടുത്തിട്ട് വെറുതെ കളഞ്ഞു കുളിച്ചു എന്നു തന്നെ പറയാം. ഒന്ന് ഹോംവർക്ക് ചെയ്ത് ഇറങ്ങിയിരുന്നെങ്കിൽ ഒന്നൊന്നരയാകേണ്ടിയിരുന്ന സംഭവമാണ് കോട്ടുവായിട്ട് വാച്ചിൽ നോക്കി ഇതൊന്നു പണ്ടാരടങ്ങി തീർന്നുകിട്ടിയാൽ മതിയായിരുന്നു എന്ന് പറയിപ്പിച്ചു കൊണ്ട് രോഹിത് മുന്നോട്ടു കൊണ്ടു പോവുന്നത്.. രണ്ടുമണിക്കൂറിനൊക്കെ എത്രയാാ നീളമെന്ന് പലവട്ടം ആശ്ചര്യപ്പെടുകയും ചെയ്തു.

    ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും

    പടത്തിന്റെ പോസിറ്റീവ്സ് എന്നു പറയാവുന്നത് ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും സിദ്ദിഖും പിന്നെ ഒരു പരിധിവരെ ക്ലൈമാക്സുമാണ്. വൈശാഖൻ എന്ന കുസൃതിക്കണ്ണുള്ള കുമാരകനായി ആസിഫ് അലി പ്വൊളിച്ചു. വറൈറ്റിയുള്ള കഥാപാത്രങ്ങൾക്കായി ആസിഫ് നടത്തുന്ന ശ്രമങ്ങൾ മറ്റേത് നടനെക്കാളും മേലെ ആണ്. മഡോണയുടെതും നിറഞ്ഞു നിൽക്കുന്ന കഥാപാത്രം (ഫിദ) ആണ്. ഉയിരൊന്നുമില്ലെങ്കിലും ക്യൂട്ട്നെസ്സ് കൊണ്ട് ശ്രദ്ധേയം. മഡോണ ഒരു പാട്ടും ആലപിച്ചിട്ടുണ്ട്. മുത്തച്ഛനായി ലാലിന്റെയും ജിന്നിനെയും കൊണ്ടു നടക്കുന്ന ജബ്ബാറായി സിദ്ദിഖിന്റെയും ലുക്ക് ഹെവി. ആദിൽ പ്രവീൺ, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, പൗളി വിൽസൺ, അജു വർഗീസ് എന്നിവരുമുണ്ട്. വറൈറ്റി ആണ് ഉദ്ദേശിക്കുന്നത് എങ്കിലും ബിജിഎം അസഹനീയമാണ്. ഡോൺ വിൻസെന്റായിരിക്കില്ല സംവിധായകൻ തന്നെയാവും ഉത്തരവാദി. പാട്ടുകൾ ഭേദം.

    ഓൾ ദ് ബെസ്റ്റ്

    രോഹിതിന്റെ തോട്ടുകൾ തീർച്ചയായും വ്യത്യസ്തമാണ്. ഓമനക്കുട്ടനിൽ തിരക്കഥയുടെ ക്രെഡിറ്റിൽ രോഹിതിന്റെ പങ്കാളിത്തം ഉള്ളതായി കണ്ടിരുന്നു. ഇബിലീസിന്റെ ക്രെഡിറ്റിൽ അന്നത്തെ പങ്കാളി ആയിരുന്ന ഷമീർ അബ്ദുളിനെ ആണ് റൈറ്ററുടെ സ്ഥാനത്ത് കാണുന്നത്. സംവിധായകൻ ഉദ്ദേശിച്ചതിന്റെ മുപ്പതു ശതമാനം പോലും സ്ക്രിപ്റ്റിലൂടെ പ്രകടമാക്കാൻ കഴിയാതെ പോയത് അതു കൊണ്ടാണോ എന്തോ.. കാര്യമാക്കണ്ട.. ഇനിയും പരീക്ഷണങ്ങൾ തുടരുക.. ഓൾ ദ് ബെസ്റ്റ്

    ചുരുക്കം: അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എക്സ്പെരിമെന്റലും എന്റർടൈനറുമായിരുന്നുവെങ്കിൽ ഇബിലീസ് രണ്ടുമല്ലാത്ത ബോറടിപ്പിക്കൽ മാത്രമായി മാറുന്നു.

    English summary
    Asif Ali Iblis movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X